TopTop
Begin typing your search above and press return to search.

ഇറാഖിന്റെ കുവൈറ്റ് അധിനിവേശം; ചില അമേരിക്കന്‍ ഇടപാടുകള്‍

ഇറാഖിന്റെ കുവൈറ്റ് അധിനിവേശം; ചില അമേരിക്കന്‍ ഇടപാടുകള്‍

(ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 26 വര്‍ഷം തികയുന്നു. 1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ നടക്കുന്ന യുദ്ധം എന്നതിലുപരി സ്വന്തം മണ്ണില്‍ നടക്കുന്ന അധിനിവേശമായാണ് മലയാളിക്കത് അനുഭവപ്പെട്ടത്. ഗള്‍ഫ് മലയാളികള്‍ ഇപ്പോള്‍ മറ്റൊരു അതിജീവന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, അന്ന് ഗള്‍ഫ് യുദ്ധം മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ജോയി ഏനാമാവ് തന്റെ അനുഭവങ്ങളും യുദ്ധത്തിന്റെ പിന്നിലെ രാഷ്ട്രീയവും മലയാളികള്‍ കടന്നുപോയ പ്രതിസന്ധികളും അവതരിപ്പിക്കുകയാണ് ഈ ലേഖന പരമ്പരയില്‍. ആദ്യ ലേഖനം ഇവിടെ വായിക്കാം- നമ്മള്‍ പോരാടാത്ത ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍)

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പാകിസ്ഥാനുമായും ചൈനയുമായും യുദ്ധങ്ങളുണ്ടായെങ്കിലും അതിന്റെ തിക്തഫലങ്ങളൊന്നും കേരളം നേര്‍ക്കു നേര്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. 4000 കിലോമീറ്ററുകള്‍ക്കപ്പുറത്തു നടന്നിരുന്ന യുദ്ധങ്ങള്‍ കേരളത്തിന്റെ ഉറക്കം കെടുത്തിയില്ല. എന്നാല്‍ ഇറാഖിന്റെ കുവെത്ത് അധിനിവേശവും തുടര്‍ന്നുണ്ടായ ഒന്നാം ഗള്‍ഫ് യുദ്ധവും മലയാളികള്‍ക്ക് ശരിക്കും ആശങ്കകളും ആധിയും സമ്മാനിച്ചു, സ്വന്തം നാടുമായുണ്ടായ യുദ്ധത്തേക്കാള്‍ കൂടുതലായി. 26 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ അധിനിവേശവും യുദ്ധവും ലോക ചരിത്രം തന്നെ തിരുത്തി എഴുതി.

ശാന്തിയോടും സമാധാനത്തോടും കഴിഞ്ഞിരുന്ന ലോകം ഇപ്പോള്‍ ഭീകരതയുടെ ഭയപ്പാടുകളാല്‍ പരിഭ്രാന്തി ഏറ്റു വാങ്ങുന്നു. സമ്പന്നതയിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഇറാഖി ജനതയ്ക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാന്‍ പറ്റാതായിരിക്കുന്നു. ഒരു ജനതയെ മുഴുവന്‍ പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിയിട്ടാണ് യുദ്ധം കടന്നു പോയത്. ഭീകരതയുടെ വിത്തുകള്‍ മുളച്ചു പൊങ്ങുന്ന രാജ്യമായിരിക്കുകയാണ് ഇന്നു ഇറാഖ്. ഭീകരരുടെ കാടത്ത നിയമങ്ങള്‍ നടപ്പാക്കുന്ന നവപരീക്ഷണങ്ങള്‍ക്കുള്ള വേദിയായിമാറി സമാധാനപ്രിയരുടെ സ്വന്തം രാജ്യം. കുവെത്താകട്ടെ, അധിനിവേശവും യുദ്ധവും അതിജീവിച്ച് വികസനത്തിന്റേയും പുരോഗതിയുടേയും പുതിയ ചരിത്രമെഴുതുന്നു.അധിനിവേശത്തിന്റെ പിന്‍കഥ
ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു പിന്നിലെ ചില വസ്തുതകള്‍ അറിഞ്ഞിരിക്കാതെ യുദ്ധത്തിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാകില്ല. ഇറാനും (യഥാര്‍ത്ഥ പേര്‍ഷ്യ) അറേബ്യയിലെ മറ്റു രാജ്യങ്ങളും എന്നും സ്വരചേര്‍ച്ചയില്ലാത്തവരാണ്. ഷിയ-സുന്നി വ്യത്യാസമാണ് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. പിന്നെ വംശീയതയും വേര്‍തിരിവിനുള്ള ഘടകമായി കണക്കാക്കുന്നു. ഇതിനിടയില്‍ അറബ് രാജ്യങ്ങളുടെ മൊത്തം നേതൃത്വത്തിനുള്ള സദ്ദാം ഹുസൈയിന്റെ ആശയും അമേരിക്കയ്ക്ക് ഗള്‍ഫ് നാടുകളിലെ എണ്ണയിലുള്ള താല്‍പ്പര്യവും ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ പ്രകടമായിരുന്നു. അറബികളുടെ മുഴുവന്‍ നേതാവാകാനുള്ള സദ്ദാം ഹുസൈന്റെ അഗ്രഹപ്രകടനം അറേബ്യയിലെ രാജാക്കന്മാരേയും സുല്‍ത്താന്മാരേയും ഭീതിയിലാഴ്ത്തുക സ്വാഭാവികം. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയേയും സദ്ദാമിനേയും എങ്ങനെയെങ്കിലും തന്ത്രപൂര്‍വ്വം ഒതുക്കാനുള്ള അവസരം കാത്തിരുന്നവര്‍ക്കു മുന്നില്‍ ഇറാഖിന്റെ ഭരണാധികാരി അറിയാതെ ചെന്നു വീഴുകയായിരുന്നു. അമേരിക്കയാകട്ടെ ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്താനും നേതൃത്വം നല്‍കി മുന്‍പില്‍ നിന്നു.

ഒന്നാം ഗള്‍ഫ് യുദ്ധ പശ്ചാത്തലം
ഇറാനുമായി 1980 മുതല്‍ 1988 വരെ നീണ്ട യുദ്ധം ഇറാഖിനെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. യുദ്ധത്തിനു അമേരിക്കയുടെ അകമഴിഞ്ഞ സാമ്പത്തിക - സൈനിക സഹായമുണ്ടായിരുന്നു. അറബ് രാജ്യങ്ങളും ഇറാഖിനെ സഹായിച്ചു. ഇറാന്‍ ഉയര്‍ത്തിയിരുന്ന ഭീഷണി കണക്കിലെടുത്ത് കുവൈത്ത് സാമ്പത്തികമായി ഇറാഖിനെ പിന്തുണച്ചിരുന്നു. യുദ്ധം മൂലം ഇറാഖിന്റെ അഭ്യന്തരകാര്യങ്ങള്‍ പോലും താറുമാറായി. എണ്ണ ഉത്പാദനം നേരാംവണ്ണം നടക്കാതെയായി. അറിവോടെ അല്ലാതെ ഇറാഖിന്റെ റുമെയ്‌ല എണ്ണപ്പാടത്തുനിന്നും ധാരാളം എണ്ണയെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിപണിയിലെത്തിച്ചിരുന്നതായി ആരോപണമുയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണക്കിണറാണിത്. ഇറാഖിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശത്തു സ്ഥിതി ചെയ്യുന്ന റുമെയ്‌ല എണ്ണപ്പാടം കുവൈത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധമാരംഭിച്ചപ്പോള്‍ കുവൈത്തിലെ 700റോളം എണ്ണക്കിണറുകള്‍ക്കൊപ്പം റുമെയ്‌ല എണ്ണപ്പാടം തീകൊളുത്തി ഇറാഖ് പകരം വീട്ടുകയായിരുന്നു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഇറാഖിന്റെ സ്ഥിതി അമ്പേ മോശമായി. ഇതിനിടയിലാണ് യുദ്ധകാലത്ത് സഹായിച്ച 1,400 കോടി അമേരിക്കന്‍ ഡോളര്‍ തിരിച്ചു വേണമെന്ന ആവശ്യവുമായി കുവൈത്ത് രംഗത്തു വന്നത്. ഇതിനു മാധ്യസ്ഥം വഹിക്കാനെത്തിയ സൗദി അറേബ്യയാകട്ടെ ഏകപക്ഷിയമായി കുവെത്തിന്റെ പക്ഷം ചേര്‍ന്നു. കൂടാതെ ഇറാഖിനു സൈനികമായും സാമ്പത്തികമായും നല്‍കിയ സഹായം സൗദി അറേബ്യയും തിരികെ ആവശ്യപ്പെട്ടു. കുവൈത്ത് യുദ്ധകാലത്ത് നല്‍കിയ സാമ്പത്തിക സഹായം എഴുതിത്തള്ളണമെന്ന ഇറാഖിന്റെ ആവശ്യം പുച്ഛിച്ചു തള്ളപ്പെട്ടപ്പോള്‍ സദ്ദാം ഹുസൈനും ഭരണകൂടത്തിനും ഗത്യന്തരമില്ലാതെയായി.ഇതിനിടയില്‍, 1990 ജൂലായ് 25 നു അന്നത്തെ ഇറാഖിലെ അമേരിക്കന്‍ നയതന്ത്രജ്ഞയായിരുന്ന ഏപ്രില്‍ ഗ്ലാസ്പിയുമായി സദ്ദാം ഹുസൈന്‍ നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. കുവൈത്തുമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോള്‍ നയതന്ത്രജ്ഞ ഇറാഖിന്റെ പരമാധികാരിയായിരുന്ന സദ്ദാം ഹുസൈയിനോടു പറഞ്ഞത് ഇങ്ങനെയായിരുന്നത്രെ- 'അറബ് രാജ്യങ്ങളുടെ പരസ്പര തര്‍ക്കങ്ങളില്‍ അമേരിക്ക ഇടപെടുന്ന പ്രശ്‌നമേയില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുന്നതാണ് നല്ലത്, അമേരിക്ക അതില്‍ കൈകടത്തില്ല.' ഏപ്രില്‍ ഗ്ലാസ്പിയുടെ ഈ നിലപാട് കുവൈത്ത് അധിനിവേശത്തിനു സദ്ദാം ഹുസൈനു പ്രേരണയായെന്നാണ് നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത്.

ഇക്കാലമത്രയും നല്ല സുഹൃത്തായി യുദ്ധത്തില്‍ പോലും അകമഴിഞ്ഞ് സഹായിച്ച അമേരിക്ക തന്റെ ശത്രു പക്ഷത്തെ നയിക്കുമെന്ന് സദ്ദാം ഹുസൈന്‍ കരുതിയില്ല. അദ്ദഹത്തിന്റെ കണക്കു കൂട്ടലുകളെല്ലാം തെറ്റി. കുവൈത്തില്‍ നിന്നും വെറും കൈയ്യോടെ തിരിച്ചു പോകേണ്ടി വന്ന സദ്ദാം ഹുസൈന്റെ ദുര്‍ഗതിക്ക് അത് തുടക്കവുമായി. പിന്നെയുണ്ടായത് ഇറാഖിന്റെ സര്‍വ്വാധിപന്റെ പതനത്തിന്റേയും ഒരു ജനതയുടെ ദുരിതങ്ങളുടേയും കഥ. അവസാനം സദ്ദാം ഹുസൈന് തൂക്കുകയര്‍. ഇറാഖ് എരിതീയില്‍ നിന്നും വറച്ചട്ടിയിലേക്ക് എറിയപ്പെട്ടു. അമേരിക്ക വീണ്ടും തന്ത്രപൂര്‍വ്വം കൈകഴുകി ഒഴിവായി. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭീകരപ്രവര്‍ത്തനം നടക്കുന്ന രാജ്യമായിരിക്കുന്നു ഇറാഖ്. ആര്‍ക്കും എന്തു ഭീകരപ്രവര്‍ത്തനവും പരീക്ഷിക്കാനും പ്രവര്‍ത്തിക്കാനും അനുയോജ്യമായൊരിടം. ഇതിനിടയില്‍ പ്രാണഭയത്താല്‍ ദിനങ്ങള്‍ എണ്ണിക്കഴിയുന്ന ഒരു ജനതയുണ്ടന്ന് ഓര്‍ക്കണം. ആരോടും ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് നിരപരാധികളായ ഇറാഖികള്‍.

(തുടരും)

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories