TopTop
Begin typing your search above and press return to search.

ഓട്ടോമൻ മുതൽ ഇറാഖ് വരെ: അതിർത്തികൾ തകരുമ്പോൾ

ഓട്ടോമൻ മുതൽ ഇറാഖ് വരെ: അതിർത്തികൾ തകരുമ്പോൾ

ടീം അഴിമുഖം

സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് ഇസ്ലാമിക രാഷ്ട്രം (ഖലീഫത്ത്) രൂപീകരിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവാന്റ് (ഐഎസ്‌ഐഎസ്) പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വീഡിയോകളിലൂടെ നടത്തിയ വിളംബരങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ട തീരുമാനം പ്രദേശത്തെ സംഘര്‍ഷാസ്ഥയെ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്. അതേ സമയം ഇറാഖിലുള്ള 900 ഇന്ത്യക്കാര്‍ അടുത്ത ആഴ്ചയോടെ നാട്ടിലേക്ക് മടങ്ങി എത്തും. ഇറാഖില്‍ മൊത്തത്തില്‍ 10000 ഇന്ത്യക്കാരാണുള്ളത്.

അധികവും ഇംഗ്ലീഷ് സംസാരിക്കുന്ന, നിലവാരം കുറഞ്ഞ ഒരു വീഡിയോയില്‍ താടി വച്ച്, എകെ-47 തോളില്‍ തൂക്കിയ ഒരു പോരാളി ഖലീഫത്തിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു: 'ഇത് ഞങ്ങള്‍ തകര്‍ക്കുന്ന ആദ്യത്തെ അതിര്‍ത്തിയല്ല, ഞങ്ങള്‍ എല്ലാ അതിര്‍ത്തികളും തകര്‍ക്കും,' ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടനും ഫ്രാന്‍സും തമ്മിലുള്ള ഉടമ്പടി പ്രകാരം ഒട്ടോമാന്‍ സാമ്രാജ്യത്തെ വിഭജിച്ച കരാറിനെ സൂചിപ്പിച്ചുകൊണ്ട് ഇത് സൈകെസ്-പികോട്ടിന്റെ അന്ത്യമാണെന്ന് ഒരു ഐഎസ്‌ഐഎല്‍ ജിഹാദി വീഡിയോയില്‍ അവകാശപ്പെടുന്നു. ജിഹാദികള്‍ പാലസ്തീനെ സ്വതന്ത്രമാക്കുമെന്നും പിന്നീട് ആ പോരാളി പ്രതിജ്ഞ ചെയ്യുന്നുണ്ട്. 'ഒരു അറബ് ഗൂഢാലോചനയ്ക്ക് പകരം പാശ്ചാത്യ ഗൂഢാലോചന നടപ്പിലാക്കാനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. മറിച്ച് ഞങ്ങളുടെ ജിഹാദ് കൂടുതല്‍ വിശാലവും ഉന്നതവുമാണ്. പരമോന്നതനായ അല്ലാഹുവിന്റെ ലോകം സൃഷ്ടിക്കാനുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍,' ആ വക്താവ് പറയുന്നു.

രക്ഷപ്പെടുന്നതിനിടയില്‍ ഇറാഖി പട്ടാളക്കാര്‍ ഉപേക്ഷിച്ച വാഹനങ്ങളും ആയുധങ്ങളും നോക്കി അയാള്‍ പറയുന്നു, 'ഇസ്ലാമിന്റെ പോരാളികളെ തടുക്കാന്‍ ലോകത്തിലെ ഒരു സേനയ്ക്കും സാധിക്കില്ല.'പിടികൂടപ്പെട്ട സൈനികരും അതിര്‍ത്തി പോലീസും എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു ഡസന്‍ മനുഷ്യരെയെങ്കിലും സെല്ലില്‍ അടച്ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. അതിര്‍ത്തി സേനയില്‍ നിന്നും പിടികൂടപ്പെട്ട അമേരിക്കന്‍ നിര്‍മ്മിത ഹംവീസുകളും (ഏത് ഭൂവിഭാഗത്തിലും സഞ്ചരിക്കാന്‍ ശേഷിയുള്ള സൈനിക വാഹനം) പോലീസ് സ്‌റ്റേഷന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കെട്ടിടവും അഗ്നിക്കിരയാക്കുന്നതും കാണിക്കുന്നുണ്ട്. ' ഇസ്ലാമിനെതിരായ പോരാട്ടത്തില്‍ എത്ര പണമാണ് അമേരിക്ക ചിലവഴിക്കുന്നതെന്ന് നോക്കു. പക്ഷെ അതെല്ലാം ഞങ്ങളുടെ പോക്കറ്റില്‍ അവസാനിക്കും,' വക്താവ് ആവേശഭരിതനാവുന്നു.

ഷിയാ വിരുദ്ധ തീവ്രവാദത്തിന് പേരുകേട്ട ഐഎസ്‌ഐഎസ്, അല്‍-ക്വയ്ദയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ വിഭാഗമാണ്. ഷിയ വിഭാഗത്തില്‍ പെട്ടവര്‍ ശത്രുക്കളും മതവിരുദ്ധരാണെന്നും അതിനാല്‍ അവര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമാണ് ഇവരുടെ പ്രധാന വാദം. ഇപ്പോള്‍ ഐഎസ്‌ഐഎസ് നിയന്ത്രിണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ അടങ്ങുന്ന വടക്കന്‍ സിറിയ മുതല്‍ ബാഗ്ദാദിന് വടക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്ന ഇറാഖി പ്രവിശ്യയായ ദിയാല വരെയുള്ള വിശാലമായ പ്രദേശമാണ് ഇസ്ലാമിക് സ്റ്റേറ്റെന്ന് ഐഎസ്‌ഐഎസ് വക്താവ് അബു മുഹമ്മദ് അല്‍-അഡ്‌നാനി വിശദീകരിക്കുന്നു. ഖലീഫത്തിന്റെ രൂപീകരണത്തോടെ, ഇറാഖ്, ലവാന്റ് എന്നീ സൂചകങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട്, സംഘടനയുടെ പേര് ഇനി ഇസ്ലാമിക് സ്റ്റേറ്റ് എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഖലീഫയുടെ അധികാരം വിപുലപ്പെടുത്തുകയും അദ്ദേഹത്തിന്റെ സേന അവരുടെ പ്രദേശങ്ങളില്‍ എത്തുകയും ചെയ്തതോടെ എല്ലാ എമിറേറ്റുകളുടെയും സംഘങ്ങളുടെയും സംസ്ഥാനങ്ങളുടെയും സംഘടനകളുടെയും നിയമപരമായ നിലനില്‍പ് അവസാനിച്ചിരിക്കുകയാണ്,' ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു ശബ്ദ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'നിങ്ങളുടെ ഖലീഫ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുകയും അത് അനുസരിക്കുകയും ചെയ്യുക. ദിനം തോറും വളര്‍ന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ രാജ്യത്തെ പിന്തുണയ്ക്കുക.'

സംഘത്തിന്റെ തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദാദിയാണ് പുതിയ ഖലീഫയെന്നും പ്രദേശത്തുള്ളവര്‍ മാത്രമല്ല, ലോകത്തുള്ള എല്ലാ മുസ്ലിങ്ങളും അദ്ദേഹത്തോട് കൂറ് പ്രഖ്യാപിക്കാനും വക്താവ് ആവശ്യപ്പെട്ടു.ഇസ്ലാമിക രാജ്യത്തില്‍ സിറിയയെ ഉള്‍ക്കൊള്ളിക്കരുതെന്ന അല്‍ക്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയുടെ ആവശ്യം അല്‍-ബാഗ്ദാദി തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് ബാഗ്ദാദിയെ അല്‍ക്വയ്ദ തള്ളിപ്പറഞ്ഞിരുന്നു.

ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് സുന്നികള്‍ക്ക് വൈദിക തലത്തിലുള്ള അന്താരാഷ്ട്ര അംഗീകാരം നഷ്ടമായിരുന്നു. അവരുടെ പ്രധാന ആത്മീയ നേതാക്കളുടെയെല്ലാം അധികാരം അതത് രാജ്യങ്ങളുടെ അതിര്‍ത്തിയ്ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇവരില്‍ പ്രമുഖനെന്ന് വിളിക്കാവുന്ന ഒരാളാണ് സിറിയയിലെ ഗ്രാന്റ് മുഫ്തി. പുതിയ ഖലീഫത്തിനെ ഒരു വ്യാമോഹം മാത്രമാണ് എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞിരിക്കുകയാണ് ഗ്രാന്റ് മുഫ്തിയുടെ വക്താവ്.

'പ്രദേശത്ത് നിലനിന്നിരുന്ന വിഭാഗീയത മൂര്‍ച്ഛിച്ചതിന്റെ ഭാഗമായി ഇറാഖില്‍ സംഭവിച്ച അരക്ഷിതാവസ്ഥയോടുള്ള താല്‍കാലിക പ്രതികരണത്തിനെയാണ് അവര്‍ ഇസ്ലാമിക രാഷ്ട്രം എന്ന് വിശേഷിപ്പിക്കുന്നത്,' ഇബ്രാഹിം നെഗം കെയ്‌റോയില്‍ പറഞ്ഞു.

അതിര്‍ത്തികള്‍ തകര്‍ക്കുമ്പോള്‍ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു വീഡിയോയില്‍ ഇറാഖി അതിര്‍ത്തി സേനാംഗങ്ങളെ കൊലപ്പെടുത്തുന്ന ഐഎസ്‌ഐഎസ് പോരാളികളുടെ ദൃശ്യങ്ങളാണുള്ളതെന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയില്‍, സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ ഡയര്‍ ഹാഫറില്‍, മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ വിമത പോരാളികള്‍ എന്ന് ആരോപിച്ച് എട്ട് പേരെ ശനിയാഴ്ച നഗരമധ്യത്തില്‍ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ തൂക്കിലേറ്റിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടന പറയുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഇറാനെതിരെ സദ്ദാമിന്റെ രാസായുധ പ്രയോഗത്തിന് പിന്നില്‍ അമേരിക്ക - റിപ്പോര്‍ട്ട്
സിറിയന്‍ യുദ്ധത്തിന്റെ തിരനാടകം ഇറാഖില്‍ എഴുതിക്കഴിഞ്ഞു
അമേരിക്കയുടെ സിറിയന്‍ പേടിയും ഇറാന്‍ ചര്‍ച്ചകളെ അട്ടിമറിക്കുമോ?
പ്രശ്നം ജൂത രാഷ്ട്രത്തെ അംഗീകരിക്കാത്തതെന്ന് നെതന്യാഹൂ – അഭിമുഖം
ഈജിപ്തില്‍ നിന്ന്‍ അമേരിക്ക പിന്‍മാറേണ്ടതിന്റെ കാരണങ്ങള്‍


ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖലീഫത്ത് പ്രഖ്യാപനം അല്‍ക്വയ്ദയ്ക്ക് ഒരു വലിയ വെല്ലുവിളി ആകുമെന്നാണ് ഒരു നിരീക്ഷകന്റെ അഭിപ്രായം. 'ലളിതമായി പറഞ്ഞാല്‍ അബുബക്കര്‍ അല്‍-ബാഗ്ദാദി അല്‍ക്വയ്ദയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്,' ബ്രൂക്കിംഗ്‌സ് ദോഹ സെന്ററിലെ വിസിറ്റിംഗ് ഫെലോ ആയ ചാള്‍സ് ലിസ്റ്റര്‍ പറയുന്നു. 'ഇപ്പോള്‍ അല്‍ക്വയ്ദയുടെ അംഗങ്ങളും അവരെ പിന്തുണയ്ക്കുന്ന പ്രമുഖരും പോഷക സംഘടനകളും ബാഗ്ദാദിയെയും അയാളുടെ പ്രസ്താവനയെയും തള്ളിക്കളയുന്നതിനായി മുന്നോട്ട് വരുമെങ്കിലും, ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ക്ഷണിക ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് തെളിയിച്ചിട്ടുള്ള ഐഎസ്‌ഐഎസിനോടുള്ള ആകര്‍ഷണം നിമിത്തം, അന്താരാഷ്ട്ര തലത്തില്‍ ജിഹാദ് സമൂഹത്തിന്റെ പുതിയ തലമുറ അവരെ കൂടുതല്‍ പിന്തുണയ്ക്കുന്നതായാണ് കണ്ടുവരുന്നത്.'

ജിഹാദികള്‍ കൈയടക്കിയ ചില പ്രദേശങ്ങളുടെ നിയന്ത്രണം തിരികെ പിടിക്കാന്‍ ഇറാഖി സേന ശ്രമിക്കുന്നതിനിടയിലാണ് ഇസ്ലാമിക രാഷ്ട്ര പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സുന്നികള്‍ക്ക് മേധാവിത്തമുള്ള മുന്‍ ഏകാധിപതി സദ്ദാം ഹുസൈന്റെ നാടായ തിക്രിത്തില്‍, നുഴഞ്ഞു കയറ്റക്കാരുടെ കേന്ദ്രങ്ങള്‍ എന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായ രണ്ടാം ദിവസവും ഇറാഖി വ്യോമസേന ആക്രമണം നടത്തി. എന്നാല്‍ പട്ടാളത്തിന്റെ ആദ്യ ആക്രമണങ്ങളെ അതിജീവിച്ച നുഴഞ്ഞുകയറ്റക്കാരുടെ കൈയില്‍ തന്നെയാണ് ഇപ്പോഴും നഗരത്തിന്റെ നിയന്ത്രണം.

പ്രദേശത്തുള്ള മധ്യവര്‍ത്തി വിഭാഗങ്ങളുടെ വിശാല ഐക്യമെന്ന നിലയില്‍ പ്രത്യേക ഖുര്‍ദ്ദിസ്ഥാന്‍ രൂപീകരിക്കുന്നതിന് പിന്തുണയ്ക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യനാഹ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഐഎസ്‌ഐഎസിനെയും മറ്റ് ജിഹാദികളെയും നേരിടുന്നതിനായി ഇറാഖി ജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് യുഎസ് ആഹ്വാനം.


Next Story

Related Stories