TopTop
Begin typing your search above and press return to search.

അപായസൂചനയുമായി ഇറാഖ്; വസ്തുതകള്‍- വിശകലനം

അപായസൂചനയുമായി ഇറാഖ്; വസ്തുതകള്‍- വിശകലനം

ടീം അഴിമുഖം

ഇറാഖ് അക്ഷരാര്‍ത്ഥത്തില്‍ കടുത്ത നിലനില്‍പ്പ് പ്രതിസന്ധി നേരിടുകയാണ്. Islamic Insurgents of Iraq and Syria (ISIS) ഇറാഖ് സര്‍ക്കാരിനെതിരെ രൂക്ഷമായ സായുധാക്രമണം അഴിച്ചുവിട്ടിരിക്കുന്നു. 2011-ല്‍ അമേരിക്കന്‍ സേന പിന്‍മാറിയതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളി എന്നുതന്നെ പറയാം. അല്‍-ക്വെയ്ദയുടെ അനുബന്ധസംഘടന എന്നു വിളിക്കാവുന്ന ISIS തങ്ങളുടെ കറുത്ത കൊടിക്കു കീഴില്‍ ആയിരക്കണക്കിന് വിദേശ പോരാളികളെയാണ് അണിനിരത്തിയിരിക്കുന്നത്. പശ്ചിമേഷ്യയുടെ അതിര്‍ത്തികള്‍ മാറ്റിവരച്ച് കര്‍ശനമായ ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഇസ്ളാമിക ഭരണകൂടം അഥവാ ഒരു ഖിലാഫത് സൃഷ്ടിക്കാനാണ് അവരുടെ ശ്രമം.

ബാഗ്ദാദിന് തെക്കുള്ള നിരവധി നഗരങ്ങളും ചെറുപട്ടണങ്ങളും തങ്ങളുടെ മിന്നല്‍ ആക്രമണങ്ങളിലൂടെ തീവ്രവാദികള്‍ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞു. ആയിരക്കണക്കിനാളുകള്‍ സംഘര്‍ഷമേഖലകളില്‍ നിന്നും പലായനം ചെയ്യുന്നു. എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുകയാണ്. അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി അവിടേക്ക് സൈന്യത്തെ അയച്ചു കഴിഞ്ഞു. ഇതുവരെ 1,700 സൈനികരെ കൊന്നതായി തീവ്രവാദികള്‍ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രങ്ങളിലൊന്ന് വീണ്ടും ഒരു വിനാശകാരിയായ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണോ എന്നു ആശങ്കകള്‍ ഉയരുന്നു. ഈ സംഘര്‍ഷത്തെക്കുറിച്ച് നിങ്ങളറിയേണ്ട ചില വസ്തുതകളാണ് ചുവടെ കൊടുക്കുന്നത്:

സിറിയക്കും ഇറാഖിനുമിടയില്‍ ആയിരക്കണക്കിന് മതതീവ്രവാദികളെ ആട്ടിത്തെളിക്കുന്ന നേതാവിനെക്കുറിച്ച് വളരെ കുറച്ചേ ലോകത്തിനറിയൂ; അയാളാണ് അബു ദുവു. ISIS-ന്റെ അതിക്രൂരമായ രീതികളെച്ചൊല്ലി ഇരുവരും പിരിയുംമുമ്പ് അല്‍-ക്വെയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ അടുത്ത ആളായിരുന്നു അബു ദുവ എന്നും അറിയപ്പെടുന്ന ഇയാള്‍.

ഒബാമ ബിന്‍ ലാദന് ശേഷം വന്ന ഏറ്റവും ശക്തനായ ഇസ്ളാമിക തീവ്രവാദി നേതാവാണ് ബാഗ്ദാദി. ഒരുപക്ഷേ ലാദനെക്കാള്‍ ഒരുപടി മുന്നില്‍. കാരണം ലാദന് അറബ് മേഖലയില്‍ ഇത്രയധികം ഭൂപ്രദേശത്തിന്റെ നിയന്ത്രണം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളെ പിടികൂടാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് 10 ദശലക്ഷം ഡോളര്‍ ഇനാമായി പ്രഖ്യാപിച്ചിരിക്കുന്നു.

ഇറാഖിന്റെ സുന്നി ഹൃദയഭാഗത്തുകൂടെ ISIS-നു അതിന്റെ ജൈത്രയാത്ര ഇത്ര എളുപ്പത്തിലാകാനുള്ള രണ്ടു പ്രധാന കാരണങ്ങള്‍- ISIS ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ എത്തിയപ്പോള്‍ സൈനികര്‍ ഓടിപ്പോവുകയായിരുന്നു- മാലികിയുമായി ബന്ധപ്പെട്ടതാണ്. ബില്ല്യണ്‍ കണക്കിന് അമേരിക്കന്‍ ഡോളര്‍ പരിശീലനത്തിനായി ചെലവഴിച്ചിട്ടും, ഇറാഖിന്റെ സുരക്ഷാ സൈന്യം ഇപ്പൊഴും തീര്‍ത്തും ദുര്‍ബ്ബലമാണ്. ദേശീയൈക്യത്തിന്റെ അഭാവം രാജ്യത്തെ രാഷ്ട്രീയഭൂമികയെ ആഴത്തില്‍ ധ്രുവീകരിച്ചിരിക്കുന്നു. തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും പിന്തുണയും നിഷേധിക്കുന്നു എന്നു കരുതുന്ന മിക്ക സുന്നികളും കുര്‍ദുകളും മാലികിക്കും അയാളുടെ ഷിയാ ആധിപത്യ സര്‍ക്കാറിനും എതിരാണ്.

“മാലികി തന്റെ സര്‍ക്കാരില്‍ നിന്നും സുന്നികളെ ഒഴിവാക്കി, ഒരു ദേശീയ സര്‍ക്കാരുണ്ടാക്കാമെന്ന ധാരണ അട്ടിമറിച്ച്, കൂര്‍ദുകളെ അന്യവത്ക്കരിച്ചു, നിയമാനുസൃതമായ സുന്നി പ്രതിപക്ഷത്തെപ്പോലും അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇതൊക്കെ നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും സാധാരണക്കാരുടെ മരണത്തിനും കാരണമായിട്ടുണ്ട്,” എന്നു Center for Strategic and International Studies-ലെ ആന്റണി എച്ച് കോര്‍ദേസ്മാനും, സാം കസായിയും എഴുതുന്നു. നീതിന്യായ സംവിധാനത്തെ വകവെക്കാതിരുന്നതും തന്റെ സ്വന്തം നേട്ടങ്ങള്‍ക്കായി പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ചതുമെല്ലാം രാജ്യത്തെ ഇത്തരം അധികാര പോരാട്ടങ്ങളിലേക്ക് തള്ളിവിടുന്നതിന് ഇടയാക്കിയിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. “മറ്റെവിടെയും പോകാനില്ലാത്തതുകൊണ്ട് ഇറാഖിലെ സുന്നികള്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ രക്ഷക്കായി തീവ്രവാദികളെ അഭയം പ്രാപിക്കുകയാണ്,” എന്നാണ് ന്യൂയോര്‍ക്കറില്‍ ഡെക്സ്ടര്‍ ഫീല്‍കിന്‍സ് നിരീക്ഷിക്കുന്നത്.

ഇറാഖില്‍ പടരുന്ന സംഘര്‍ഷങ്ങളില്‍ നിന്നും ഒരുപരിധിവരെ ഒഴിഞ്ഞുനില്‍ക്കുന്ന ഒന്നായിരുന്നു കുര്‍ദ് ന്യൂനപക്ഷം പാതി സ്വയഭരണാവകാശം നേടിയ വടക്കുകിഴക്കന്‍ പ്രദേശം. പക്ഷേ പുതിയ ഏറ്റുമുട്ടലുകള്‍ ഇതിനെയും ഒഴിച്ചുനിര്‍ത്തുന്നില്ല. കുര്‍ദുകളും സുന്നികളും ഷിയാകളും തമ്മിലുള്ള സംഘര്‍ഷം കനക്കുകയാണ്. ഇറാഖി സൈനികര്‍ ഒഴിഞ്ഞുപോയ കിര്‍കുക്കില്‍ കൂര്‍ദുകളുടെ സുരക്ഷാ സൈന്യമായ പെഷ്മെര്‍ഗ നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തങ്ങളുടെ ചരിത്രാതീത തലസ്ഥാനം എന്നു കൂര്‍ദുകള്‍ കരുതുന്ന ഈ എണ്ണസമൃദ്ധമായ നഗരത്തിനുമേല്‍ അവര്‍ എന്നും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങള്‍ ഇറാഖിനെ വിഭാഗീയ വഴികളില്‍ പലതായി മുറിച്ചേക്കാം. “ഇത് ഇറാഖിന്റെ വിഭജനത്തിനുള്ള ഒരു ആമുഖമായേക്കാം,” കുര്‍ദിസ്ഥാന്‍ ദേശീയ സര്‍ക്കാരിന്റെ വക്താവ് ബ്രിഗേഡിയര്‍ ഹല്‍ഗൊര്ഡ് ഹിക്‍മത് വാള്‍സ്ട്രീറ്റ് ജേണലിനോടു പറഞ്ഞു. “ഒരു ഐക്യ ഇറാഖ് ഇപ്പോഴുള്ള പ്രശ്നത്തിന് പരിഹാരമല്ല.” വിഭജനം മറ്റൊരുപാട് പ്രശ്നങ്ങള്‍ക്ക് കാരണമാകും. പക്ഷേ, ഷിയാ പുരോഹിതര്‍ സുന്നി കലാപകാരികള്‍ക്കെതിരെ ആയുധമെടുക്കാന്‍ തങ്ങളുടെ ആയിരക്കണക്കിന് അനുയായികളോട് ആഹ്വാനം ചെയ്യുന്ന ഈ സമയത്ത്, ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഇറാഖിന്റെ രാഷ്ട്രീയനയ ഭൂപടത്തില്‍ ഇടംകിട്ടാതിരുന്ന, സ്വന്തം രാഷ്ട്രം ആവശ്യപ്പെടുന്ന കുര്‍ദുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കും.

സിറിയയിലെ ആഭ്യന്തരയുദ്ധം മേഖലയെ ആകെ തിരിച്ചുപോക്കില്ലാത്തവിധം സ്വാധീനിച്ചിട്ടുമുണ്ട്. ലക്ഷക്കണക്കിനു സിറിയന്‍ അഭയാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജോര്‍ദാനും, ലെബനനും, തുര്‍ക്കിയും. ഇറാഖാണ് ഇതേറ്റവും കൂടുതല്‍ അനുഭവിച്ചത്. സിറിയയുമായുള്ള ഇറാഖിന്റെ ചില അതിര്‍ത്തികള്‍ ISIS മായ്ച്ചുകളഞ്ഞിരിക്കുന്നു. ജനുവരിയില്‍ അവര്‍ ഫലൂജയും റമാദിയും പിടിച്ചെടുത്തു. നിരവധി പ്രവിശ്യകളുടെ വിശാലമായ പ്രദേശങ്ങള്‍ അവരാണ് നിയന്ത്രിക്കുന്നത്. ബാഗ്ദാദ് നിരന്തരമായ ബോംബ് സ്ഫോടനങ്ങളില്‍ കുലുങ്ങുകയാണ്.

വിമതസേനയ്ക്ക് വേണ്ടരീതിയില്‍ കൊണ്ടുനടക്കാന്‍ കഴിയാഞ്ഞ സിറിയന്‍ പ്രദേശങ്ങളിലാണ് ഈ കൊടുംതീവ്രവാദികള്‍ നിലയുറപ്പിച്ച് തഴച്ചുവളര്‍ന്നത്. കണ്ണില്‍ ചോരയില്ലാത്ത കീഴടക്കലിനുശേഷം,’മൃദു-ശക്തി നീക്കങ്ങള്‍’ എന്ന് Washington Institute for Near East Policy-യിലെ ആരന്‍ സെലിന്‍ വിശേഷിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നു. ജനങ്ങളുടെ പിന്തുണ കിട്ടാനായി അയല്‍പക്കക്കൂട്ടങ്ങളില്‍ ഭരണകൂടത്തിനെതിരായ സഭകളും, കുട്ടികള്‍ക്കുള്ള കളികളും ISIS നടത്തുന്നു. സഹായങ്ങള്‍ നല്കാനും മുന്‍കൈ എടുക്കുന്നു: “സിറിയക്കാരെ ക്രമേണ ആ ആശയവുമായി പരിചിതരാക്കി ഒരു ഭാവി ഇസ്ളാമിക ഭരണകൂടത്തിനുള്ള അടിത്തറ ഒരുക്കുകയാണ് ISIS,” എന്ന് സെലിന്‍ പറയുന്നു.

ശക്തി പ്രാപിച്ച ISIS അസദിന് അത്ര സുഖമുള്ള വാര്‍ത്തയല്ല. രണ്ടു യുദ്ധങ്ങള്‍- ഒന്നു ഭൂപ്രദേശം വീണ്ടെടുക്കാന്‍, മറ്റൊന്നു മനസുകളും ഹൃദയങ്ങളും തിരിച്ചുപിടിക്കാന്‍- നടത്തുമ്പോള്‍ കലാപത്തെ ചെറുക്കാന്‍ ബാഹ്യസഹായം അയാള്‍ക്ക് ഗുണം ചെയ്യും. കലാപബാധിതമായ പ്രദേശങ്ങളില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ദമാസ്കസും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ധാരണയിലെത്തണമെന്നും ഭൂപ്രദേശം തിരിച്ചു പിടിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അസാദിനെ അനുവദിക്കണമെന്നുമാണ് RAND കോര്‍പ്പറേഷനിലെ ഒരു മുതിര്‍ന്ന നയവിശകലന വിദഗ്ധന്‍ നിര്‍ദ്ദേശിച്ചത്. “പശ്ചിമേഷ്യക്കും അമേരിക്കയ്ക്കും യൂറോപ്പിനും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ISIS-നെതിരെ കേന്ദ്രീകരിക്കാന്‍ നാറ്റോയെ സഹായിക്കുന്നതിന് അസദിന് കഴിയും.”

അസദ് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതിന് ഇറാന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ ആണവ പ്രതിസന്ധി മറികടക്കാന്‍ ഇറാനും പടിഞ്ഞാറന്‍ രാജ്യങ്ങളും ശ്രമിക്കവേ അതൊരു ഇടങ്കോലായി വന്നില്ല. ആ ചര്‍ച്ചകളിലെ ഇരുവിഭാഗവും ISIS-നെ ഒരു ഭീഷണിയായാണ് കാണുന്നത് എന്നതുകൊണ്ടു അതിനെ അടിച്ചമര്‍ത്താന്‍ ഇരുകൂട്ടരും സഹകരിക്കും എന്ന് സൂചനയുണ്ട്.

“വിഭാഗീയതയ്ക്കും ഭീകരവാദത്തിനും അക്രമത്തിനും എതിരായി ഞങ്ങള്‍ പോരാടും,” എന്നാണ് ജൂണ്‍ 12-നു ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൌഹാനി പ്രഖ്യാപിച്ചത്. ഇറാന്റെ പ്രത്യേക സേനയെ ബാഗ്ദാദിലെ സഖ്യകക്ഷികളെയും നജഫിലെയും കാര്‍ബലയിലെയും ഷിയാ പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാന്‍ വിന്യസിച്ചു എന്ന വാര്‍ത്ത വന്നു ദിവസങ്ങള്‍ക്കകമാണ്, ആവശ്യപ്പെട്ടാല്‍ ഇറാഖിനെ സഹായിക്കാന്‍ ഏത് അമേരിക്കന്‍ ശ്രമവുമായും ‘സഹകരിക്കാന്‍’ തയ്യാറാണെന്ന് റൌഹാനി പ്രഖ്യാപിച്ചത്. സൈനിക തീരുമാനങ്ങള്‍ പരമ്മോന്നത നേതാവ് അയതൊള്ള അലി ഖമേനിയില്‍ നിക്ഷിപ്തമാണെന്നത് മറക്കുകയും വേണ്ട.

കലാപകാരികളെ നേരിടാന്‍ ഇറാഖിനെ സഹായിക്കുന്നതിന് എന്തെങ്കിലും ഉറപ്പ് നല്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. സേനാ പിന്‍മാറ്റത്തിന് മുമ്പ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടത്ര കാര്യങ്ങള്‍ ചെയ്യാത്തത്തിന് അമേരിക്ക വിമര്‍ശിക്കപ്പെട്ടിരുന്നു. സുന്നി കലാപകാരികള്‍ക്കെതിരായ നീക്കങ്ങള്‍ക്കും, സേനാ പരിശീലനത്തിനും വേണ്ട രീതിയില്‍ അമേരിക്ക സഹായിച്ചില്ല. കുറച്ചു സൈനികരെ അവിടെ നിലനിര്‍ത്തുന്നതിനുവേണ്ട ധാരണയിലെത്താനും അമേരിക്കയ്ക്കും ഇറാഖിനുമായില്ല. സൈനികരെ തിരികെ നാട്ടിലെത്തിക്കാന്‍ ഒബാമ ആഗ്രഹിച്ചു. എന്നാല്‍ മാലികിയുടെ കടുംപിടുത്തമാണ് ധാരണയിലെത്താന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണം.

ഇറാഖിന് സ്വന്തം കാലില്‍ നില്‍ക്കാനാവുന്നില്ല എന്നതിന്‍റെ അനന്തരഫലമാണ് ഇപ്പോള്‍ കാണുന്നത്. “ഈ ജിഹാദികള്‍ക്ക് സിറിയയിലും ഇറാഖിലും കാലുറപ്പിക്കാന്‍ അവസരം നല്‍കരുതെന്ന് നമുക്ക് നിര്‍ബന്ധമുള്ളതിനാല്‍ ഒരു മാര്‍ഗവും തള്ളിക്കളയാനാകില്ല,” എന്ന് പറയുമ്പോള്‍ ഒബാമക്കിത് മനസ്സിലാകുന്നു എന്ന് കരുതാം. സൈനികരെ ഇറാഖിന്റെ മണ്ണിലിറക്കാതെയുള്ള വഴികളാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ ആരായുന്നത്. പക്ഷേ,“നമ്മുടെ പങ്ക് നമ്മള്‍ ചെയ്യും” എന്ന് ജൂണ്‍ 13-നു പറഞ്ഞ ഒബാമ, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ വൈരം ആളിക്കത്തിച്ചത് മാലികിയുടെ സ്വേച്ഛാ നടപടികളാണെന്ന് സൂചിപ്പിച്ചപ്പോള്‍, ഇറാഖില്‍ സംഭവിക്കുന്നത് ഇനിയും അമേരിക്കയുടെ തലവേദന ആയിരിക്കില്ലെന്ന വ്യക്തമായ സന്ദേശം അതിലുണ്ട്. പക്ഷേ അതിന്റെ അര്‍ത്ഥം പ്രശ്നപരിഹാരത്തിന് ചില എതിരാളികളുമായി ചേര്‍ന്ന് ഒബാമ പ്രവര്‍ത്തിക്കില്ല എന്നുമല്ല.


Next Story

Related Stories