TopTop
Begin typing your search above and press return to search.

ഇറോം ഷർമിളയുടെ കൂടെ നമ്മള്‍ നില്‍ക്കേണ്ടതുണ്ട്

ഇറോം ഷർമിളയുടെ കൂടെ നമ്മള്‍ നില്‍ക്കേണ്ടതുണ്ട്

ഇറോം ഷർമിളയുടെ ഏറ്റവും പുതിയ നിവേദനം ഇന്ത്യയിലെ സ്ത്രീകളോടാണ്. സബ്രങ്ങ് ഇന്ത്യയുടെ സ്റ്റാഫ്‌ പകർത്തിയ കുറിപ്പിൽ AFSPA -ക്കെതിരെയുള്ള തന്റെ പോരാട്ടത്തിൽ സ്ത്രീകളുടെയും മറ്റു സംഘടനകളുടെയും പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ് പതിനഞ്ചു കൊല്ലമായി നിരാഹാര സമരം തുടരുന്ന ഇറോം ഷർമിള.

സൈന്യത്തിന് പ്രത്യേക അവകാശങ്ങളും സംരക്ഷണങ്ങളും നല്കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്സ് ആക്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചതാണ് ഇറോം ഷർമിള. അത് ഇന്നും തുടരുന്നു. കൊളോണിയൽ സ്വഭാവമുള്ള ഈ ആക്റ്റ് മണിപ്പൂരിന് അകത്തും പുറത്തുമുള്ള, രാഷ്ട്രത്തിന്റെ ശത്രുക്കളെ നേരിടാനെന്ന പേരിലാണ് ഉപയോഗിക്കപ്പെടുന്നതെങ്കിലും, അത്യന്തം ജനവിരുദ്ധമായ നിരവധി സംഭവങ്ങള്‍ക്കാണ് ഇത് വകവെച്ചത്. പൌരാവകാശങ്ങൾ പൂർണമായും തകര്‍ത്തെറിയുന്ന ഈ നിയമം മണിപ്പൂരിൽ 1958ല്‍ നിലവില്‍ വന്നു. പാർലമെന്റിൽ ഏതാനും ചില മണിക്കൂറുകൾ മാത്രം ചര്‍ച്ച ചെയ്തു നടപ്പിലാക്കിയ ആക്റ്റ് 58 കൊല്ലങ്ങളായി തുടരുകയാണ് എന്നത് ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളോടുള്ള വലിയ ചോദ്യം തന്നെയാണ്. കശ്മീരിലും ഇതേ നിയമം നിലവിലുണ്ട്.

മണിപ്പൂരിലെ മാലോം എന്ന പ്രദേശത്ത് പത്തു പ്രദേശവാസികള്‍ ബസ് സ്റ്റോപ്പിൽ വെച്ച് വെടിയേറ്റു മരിക്കുകയുണ്ടായി. അതിനുത്തരവാദി ഇന്ത്യൻ പാരാമിലിട്ടറിയുടെ ആസാം റൈഫിള്‍സ് വിഭാഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇറോം ഷർമിള അതേ സ്ഥലത്ത് വെച്ച് തന്റെ നിരാഹാരം ആരംഭിച്ചത്. 2004-ല്‍ മനോരമ എന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവം ഈ നിയമത്തിന്റെ നിരന്തരമായ പീഡനങ്ങളെ പുറം ലോകത്തെത്തിച്ചു.മാർച്ച്‌ 1-നു പുറത്തുവിട്ട തന്റെ പൊതുനിവേദനത്തിൽ, ഇറോം ഷർമിള രണ്ടു കാര്യങ്ങളാണ് സ്ത്രീ സാമൂഹ്യ പ്രവർത്തകരോട് ചോദിക്കുന്നത്. ഒന്ന്, AFSPAയുടെ ഉന്മൂലനത്തിനായി എല്ലാവരുടെയും സജീവമായ പിന്തുണ. രണ്ട്, താൻ നിരാഹാരം തുടരണമോ എന്നതിനെക്കുറിച്ച് ഒരു തുറന്ന ചർച്ചക്കുള്ള പങ്കുചേരൽ.

ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു എന്ന കുറ്റത്തിന്റെ പേരില് നിരന്തരം പോലീസ് കസ്റ്റഡിയിലാകാറുണ്ട് ഇറോം ശര്‍മ്മിള. ഫെബ്രുവരി 29-നു ഇംഫാലിലെ കോടതി അവരെ വിട്ടയച്ചപ്പോൾ ഇറോം ശര്‍മ്മിള മാധ്യമങ്ങളോട് പറഞ്ഞത് ഈ നിയമം നിരോധിക്കുന്നതുവരെ തന്റെ നിരാഹാരം തുടരുമെന്നു തന്നെയാണ്. എന്നാല്‍ തന്റെ ആവശ്യത്തിനു സംഘടനകളുടെയും പ്രത്യേകിച്ച് സ്ത്രീ പ്രവർത്തകരുടെ പിന്തുണ കുറയുന്നതിൽ അവർ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. "എന്നിൽ നിന്നും, എന്റെ ആവശ്യത്തിൽ നിന്നും സ്ത്രീകളും സംഘടനകളും അകലം പാലിക്കുന്നതിൽ ദുഃഖമുണ്ട്. അവരൊക്കെ ഇതിനു പിന്തുണ നൽകിയിരുന്നെങ്കിൽ സെക്യൂരിറ്റി ഫോഴ്സിന് കണ്ണടച്ച് സംരക്ഷണം കൊടുക്കുന്ന AFSPA എന്നേ പിൻവലിച്ചേനെ." ഇതുകൊണ്ടൊന്നും താന്‍ നിരുത്സാഹപ്പെടില്ലെന്നും, ഒടുവിൽ വിജയം നേടുമെന്നും അവർ പറഞ്ഞു.തുടർന്ന് നിവേദനത്തിൽ ഇത്രയും കാര്യങ്ങള്‍ കൂടി പറയുന്നു.

*സ്ത്രീകളും മറ്റു സംഘടനകളും പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മറ്റു അധികാരികള്‍ക്കും ഒരു കൂട്ടായ നിലപാട് വ്യക്തമാക്കുന്ന കുറിപ്പ് സമർപ്പിക്കുക.

*വിദ്യാർത്ഥികൾക്കിടയിൽ "Save Sharmilla" ക്യാംപയിന്‍ ആരംഭിക്കുക.

* വിരമിച്ച സൈനിക ഉദ്യോഗസ്ഥർ അധികാരികളുടെ മുന്‍പില്‍ തങ്ങളുടെ നിലപാട് അറിയിക്കുക.

*ഒരു ദിവസം നീണ്ടു നില്ക്കുന്ന, ഐകമത്യം പ്രഖ്യാപിക്കുന്ന നിരാഹാരവും അതിനോടൊപ്പം ഇറോം ഷർമിളയ്ക്ക് ഒരു സന്ദേശവും അയക്കുക.

ഈ നിവേദനത്തിനു അർഹിക്കുന്ന പ്രതികരണം നൽകിയില്ലെങ്കിൽ സ്ത്രീ സംഘടനകളും പൊതു സമൂഹവും അവർ മുറുകെ പിടിക്കുന്നു എന്ന് പറയപ്പെടുന്ന രാഷ്ട്രീയം പുനഃപരിശോധിക്കേണ്ടി വരും. തൊട്ടാൽ പൊള്ളുന്നത് എന്ന് മനസിലാക്കിയ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടുതന്നെയാണ് പുതിയ രാഷ്ട്രീയവും വ്യവഹാരങ്ങളും രൂപപ്പെടുന്നത്. രോഹിത് വെമുലയുടെ മരണം വേണ്ടി വന്നു നമ്മളിൽ പലർക്കും ദളിത്‌ രാഷ്ട്രീയവും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ചര്‍ച്ച ചെയ്യാൻ. മരണത്തിനു മുന്‍പേയുള്ള പോരാട്ടങ്ങളും കാണാൻ നമ്മൾ നമ്മളെ തന്നെ ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories