UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറോം ശര്‍മിളയെ അപഹസിക്കരുത്

Avatar

ടീം അഴിമുഖം 

നീണ്ട പതിനാറ് വര്‍ഷങ്ങള്‍. ആഹാരത്തിന്റെയോ വെള്ളത്തിന്റെയോ പോലും രുചിയറിയാതെ, സാധാരണ മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രാപ്യമായ ഒന്നുമില്ലാതെ സദാ, പോലീസ് ബന്തവസിലും ആശുപത്രിയിലുമായി കഴിയേണ്ടി വന്ന ഒരു ജീവിതം – ഇറോം ശര്‍മിള. 16 വര്‍ഷം നീണ്ട സമരം അവസാനിപ്പിച്ചതിന്റെ പേരില്‍, തന്റെ പോരാട്ടം പുതിയ തലങ്ങളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍, താനും ഒരു മനുഷ്യസ്ത്രീയാണ്, തനിക്കും സ്വപ്നങ്ങളും ജീവിതവുമുണ്ട് എന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരിപ്പോള്‍ സ്വന്തം കൂട്ടര്‍ക്ക് തന്നെ തൊട്ടുകൂടാത്തവളാണ്. അവര്‍ക്കിപ്പോള്‍ ആരുമില്ല, കുടുംബം, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍… അതെ, ശര്‍മിളയ്ക്ക് കഴിയാന്‍ ഒരു സ്ഥലം വേണം.

 

44 വയസായി ശര്‍മിളയ്ക്ക് ഇപ്പോള്‍. 2000 നവംബര്‍ രണ്ടിന് ആരംഭിച്ച നിരാഹാര സമരം കഴിഞ്ഞ ചൊവ്വാഴ്ച അവസാനിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ നിന്ന് വിലപ്പെട്ട 16 വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിരുന്നു. എങ്കിലും അവരൊരിക്കലും ലോകത്തെ കുറ്റപ്പെടുത്തിയില്ല. ആരേയും വാറണ്ട് പോലുമില്ലാതെ അറസ്റ്റ് ചെയ്യാനും വെടിവച്ച് കൊലപ്പെടുത്താനുമൊക്കെ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന AFSPA പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ ഈ രീതിയില്‍ ഇനി സമരം പറ്റില്ല, അതുകൊണ്ടു തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങും. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകും. AFSPA പിന്‍വലിക്കും എന്നാണ് അവര്‍ പറഞ്ഞത്.

 

പക്ഷേ ശര്‍മിളയ്ക്ക് ഒപ്പം നിന്ന ആരും ഇപ്പോള്‍ അവരുടെ കൂടെയില്ല. AFSPA പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തെ ഒറ്റുകൊടുത്തവളായാണ് അവരിപ്പോള്‍ ശര്‍മിളയെ കാണുന്നത്. ശര്‍മിളയെ സ്വീകരിക്കാന്‍ തയാറായ സുഹൃത്തുക്കളുടെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ പോലും നാട്ടുകാര്‍ തയാറായില്ല. സ്ഥലത്തെ ഇസ്‌കോണ്‍ ക്ഷേത്രവും അവര്‍ക്ക് മുന്നില്‍ പടികൊട്ടിയടച്ചു. ഒടുവില്‍ 16 വര്‍ഷം ജയില്‍ ജീവിതം നയിച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രത്യേക വാര്‍ഡിലേക്ക് ശര്‍മിളയുടെ ജീവിതം ചുരുങ്ങിയിരിക്കുന്നു. ഈ കാലത്തിനിടയിലൊന്നും ശര്‍മിള സ്വന്തം അമ്മയെ കണ്ടിട്ടില്ല. 

 

16 വര്‍ഷങ്ങള്‍ക്കു ശേഷം നാവില്‍ തേനിന്റെ രുചിയറിഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞത് നാം കണ്ടതാണ്. എങ്കിലും ശര്‍മിളയ്ക്ക് ശരിയായ രീതിയില്‍ ആഹാരം കഴിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 


സമരം അവസാനിപ്പിക്കാനുള്ള ശര്‍മിളയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍

 

ആരാണ് ശര്‍മിളയുടെ ഈ ജീവിതത്തിന് ഉത്തരവാദി? 2000 നവംബര്‍ രണ്ടിന് ഇംഫാലിലെ മാലോം സ്ഥലത്ത് ബസ് കാത്തു നിന്ന 10 പേരെ അസം റൈഫിള്‍സിലെ സൈനികര്‍ വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അവര്‍ തന്റെ ഐതിഹാസിക സമരം ആരംഭിച്ചത്. കൊല്ലപ്പെട്ടവരില്‍ 62 വയസുള്ള ലീസാംഗ്ബാം ഇബേടോംബി എന്ന 62 വയസുള്ള വൃദ്ധയും സിനം ചന്ദ്രമണി എന്ന 18 വയസുകാരനും ഉണ്ടായിരുന്നു, ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം നേടിയ ചെറുപ്പക്കാരന്‍. അന്നുമുതല്‍ ആരംഭിച്ച സമരത്തില്‍ ഇറോം ശര്‍മിള ഉറച്ചുനിന്നു; അവരുടെ നിശ്ചയദാര്‍ഡ്യത്തെ ലോകം വിലമതിച്ചു; നമ്മുടെ ഭരണാധികാരികള്‍ ഒഴിച്ച്. 

 

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ശര്‍മിളയുമായി ചര്‍ച്ചകളെങ്കിലും നടത്താന്‍ തയാറായിരുന്നെങ്കില്‍ ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാര്‍ അതിനു പോലും തയാറല്ല. കഴിഞ്ഞ 16 വര്‍ഷമായി സ്വന്തം ജീവിതം തന്നെ വിലയായി നല്‍കിക്കൊണ്ട് നടത്തിവരുന്ന സമരത്തെ പൊതുസമൂഹം ഏറ്റെടുക്കാത്തതിലും സമരത്തിന് ഫലം കാണാത്തതിലും ശര്‍മിള അടുത്തിടെ നിരാശ പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമൊക്കെയുള്ള തീരുമാനം അവര്‍ പ്രഖ്യാപിക്കുന്നത്.

 

എന്നാല്‍ AFSPA പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള ശര്‍മിള കന്‍ബ ലുപ് എന്ന സംഘടന പൂര്‍ണമായി അവരെ കൈയൊഴിഞ്ഞു. ശര്‍മിളയുടെ ചിത്രമുള്ള ഓഫീസിലെ ബോര്‍ഡ് പോലും എടുത്തുമാറ്റി. സമരം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ അവരുടെ വഴി തടയുക വരെ ചെയ്തു മണിപ്പൂരിലെ സ്ത്രീകള്‍. എന്തുകൊണ്ടായിരിക്കും അവര്‍ ശര്‍മിളയെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്? 

 

 

മണിപ്പൂരിലെ സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലോ ഇന്ത്യന്‍ രാഷ്ട്രീയക്കാരിലോ വിശ്വാസമില്ല; കാരണം അവരുടെ ജീവിതത്തില്‍ ക്രൂരതകളല്ലാതെ മറ്റൊന്നും അവര്‍ കണ്ടിട്ടില്ല.  ശര്‍മിളയും ഇപ്പോഴത്തെ സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നാല്‍ ഇതുപോലെ മറ്റൊരു ഇന്ത്യന്‍ രാഷ്ട്രീയക്കാരിയാകും എന്നാണ് അവരുടെ ഭയം. എന്നാല്‍ അവരാരും ശര്‍മിളയുടെ ജീവിതത്തെ കുറിച്ച് ആലോചിക്കുന്നില്ല. അവര്‍ക്ക് ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടു പോയ 16 വര്‍ഷങ്ങളെ കുറിച്ച് ആലോചിക്കുന്നില്ല. ശര്‍മിളയുടെ തന്നെ വാക്കുകളില്‍ “ഞാന്‍ വളരെയധികം നിരാശയാണ്. അവര്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്നെ തല്ലിക്കൊല്ലുകയാണ്. തല്ലിക്കൊല്ലുന്നതും നിരാഹാരം നടത്തി മരിക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം. അവര്‍ക്ക് ഞാന്‍ എല്ലാക്കാലത്തേക്കുമായുള്ള രക്തസാക്ഷിയാവണം. പക്ഷേ എപ്പോഴും അതിന് എനിക്ക് കഴിയില്ല”. ഇവരാരും എന്തുകൊണ്ട് ശര്‍മിള അവസാനിപ്പിച്ചിടത്ത് നിന്ന് സമരം മുന്നോട്ട് കൊണ്ടുപോകുന്നില്ല. മണിപ്പൂരിലെ വംശീയ ഗ്രൂപ്പുകള്‍ക്കും അവിടുത്തെ തീവ്ര ഇടതു സംഘടനകള്‍ക്കുമൊക്കെ ശര്‍മിള തന്നെ സമരം മുന്നോട്ട് കൊണ്ടുപോകണം. സമരം അവസാനിപ്പിച്ചതിന്റെ പേരില്‍ വധഭീഷണി പോലും അവര്‍ ഇപ്പോള്‍ നേരിടുന്നു. ആര്‍ക്കാണ് ആ സ്ത്രീയെ എല്ലാക്കാലത്തേക്കുമായി ആശുപത്രിയിലും ജയിലിലും തളച്ചിടേണ്ടത്? 

 

ശര്‍മിള എന്തായാലും പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഒപ്പമുണ്ടായിരുന്നവരൊന്നും ഇപ്പോഴില്ല. പുതിയ യാഥാര്‍ഥ്യങ്ങള്‍, വെല്ലുവിളികള്‍ ഒക്കെ അവര്‍ നേരിടേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും മുഖ്യമന്ത്രിയാകാനുമുള്ള ആലോചനകളിലൊക്കെ മാറ്റം വന്നേക്കാം.  താന്‍ പുതിയ സ്ട്രാറ്റജി നോക്കുകയാണ്, ഈ രീതിയില്‍ സമരം തുടരാന്‍ വയ്യ, ഇതെന്തുകൊണ്ടാണ് അവര്‍ക്ക് മനസിലാകാത്തത് എന്നാണ് ശര്‍മിള ചോദിക്കുന്നത്. ഈ ചോദ്യം നമ്മള്‍ ഓരോരുത്തരോടുമാണ്. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവിലുള്ള AFSPA-യുടെ പേരില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു? ഈ അസ്വസ്ഥതാ പ്രദേശങ്ങളെ നേരിടാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പക്കല്‍ എന്താണുള്ളത്? പെല്ലെറ്റ് തോക്കുകളും AFSPA-യും മാത്രമാണോ ഇതിനുള്ള പോംവഴി? എന്നാണ് ഈ പ്രദേശങ്ങളിലെ മനുഷ്യര്‍ക്കൊക്കെ സമാധാനത്തോടെ കഴിയാന്‍ പറ്റുക?

 

ശര്‍മിളയുടെ സമരത്തെ പരാജയമെന്ന് വിശേഷിപ്പിക്കുന്നവരും പരിഹസിക്കുന്നവരും ഇപ്പോള്‍ മാറ്റി നിര്‍ത്തുന്നവരും ഒക്കെ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. അവരൊരു സ്ത്രീയാണ്. മനുഷ്യര്‍ മനുഷ്യര്‍ കൊല്ലുന്നതിനെതിരെ, അതിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ സ്വന്തം ജീവിതം നല്‍കിയ, എല്ലും മജ്ജയും മാംസവും സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയുള്ള ഒരു സ്ത്രീ. അവരുടെ പോരാട്ടത്തെ ഒരിക്കലും വില കുറച്ചു കാണരുത്. നാളെ നാമോരോരുത്തരേയും തേടി വരുന്ന തോക്കിന്‍ മുനകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ ഇങ്ങനെയൊരു സ്ത്രീ ഇല്ലല്ലോ എന്ന് ഓര്‍ക്കുന്ന ഒരു ദിവസം വരും. ഇറോം ശര്‍മിള ഒരു ചരിത്രമാണ്, പോരാട്ടത്തിന്റെ, കരുത്തിന്റെ, ഉരുക്ക് വനിത.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍