UPDATES

ഇറോം ശര്‍മിള: മണിപ്പൂരിന്റെ പോരാട്ടത്തിൽ നിരാർദ്രമായി തീർന്ന ഒരു പെണ്ണുടൽ

മണിപ്പൂരിലെ മനുഷ്യരുടെ മൗലികാവകാശങ്ങളും അന്തസ്സും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ ഒന്നര പതിറ്റാണ്ടിന്റെ മുഖമാണ് ഇറോം ശർമ്മിള.

ഷിജു ആര്‍

ഷിജു ആര്‍

പൊതുജനത്തെ നമ്മൾ എങ്ങനെയാണ്  നിർവ്വചിക്കുക? ഒരു നിർവ്വചനത്തിനും പൂർണ്ണമായി വഴങ്ങാത്ത, പരസ്പര വിരുദ്ധമായ പ്രവണതകൾ  പലപ്പോഴും കാണിക്കുന്ന ഒരു സവിശേഷ പ്രതിഭാസമാണത്.

ഒരു വാഹനാപകടം നടന്ന സ്ഥലത്ത് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ജീവൻ പണയം വച്ച് അത് നിൽക്കും. ഒരു മോഷണത്തിലോ അവിഹിത ബന്ധത്തിലോ സംശയിക്കപ്പെട്ട് പിടിക്കപ്പെടുന്നൊരാളെ ക്രൂരമായികെട്ടിയിട്ട്  തല്ലിക്കൊല്ലും. തങ്ങളുടെ സഹജീവിയായൊരു പെൺകുട്ടി ആക്രമിക്കപ്പെടുമ്പോഴും ചിലപ്പോൾ നിസ്സംഗമായി നോക്കി നിന്നേക്കും.

എങ്കിലും മൂല്യബോധങ്ങളിൽ യാഥാസ്ഥിതികത്വത്തോട് ചേർന്നു നിൽക്കുന്നതാണ്  പൊതുജനത്തിന് പൊതുവേ ഇഷ്ടം.

ജാതി/ലിംഗം/പണം/അധികാരം എന്നിവയെ  മുൻനിർത്തിയുള്ള ഏറ്റവും ദൃശ്യവും  ഹിംസാത്മകവുമായ വിവേചനങ്ങളെ എതിർക്കുമെങ്കിലും അതിലേക്ക്  നയിക്കുന്ന സൂക്ഷ്മ വിവേചനങ്ങളെ ബഹുജനം സാമാന്യമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അവയെ ‘സാമാന്യബോധം’ എന്നു നാം വിളിക്കുന്നത്.

പൊതുപ്രവർത്തകരെയും പൊതുപ്രസ്ഥാനങ്ങളെയും മേല്പറഞ്ഞ സാമാന്യബോധം കാണുന്നതെങ്ങനെയാണ്?

ത്യാഗം, ലാളിത്യം തുടങ്ങിയ ക്രിയാത്മക ഗുണങ്ങൾക്ക് പുറമെ (ചിലപ്പോൾ  അവയേക്കാൾ തീവ്രമായി) വിക്ടോറിയൻ സദാചാര മൂല്യബോധങ്ങളുടെ ശക്തമായ വക്താക്കളും നടത്തിപ്പുകാരും ആവണം പൊതുരംഗത്തുള്ളവർ എന്ന നിർബന്ധബുദ്ധി നമുക്കുണ്ട്.  സാമ്പത്തിക അഴിമതിയേക്കാൾ ഗുരുതരമാണ് നേതാക്കളുടെ കിടപ്പറമര്യാദകൾ എന്ന നില ഇതിന്റെ സൃഷ്ടിയാണ്.

ഗാന്ധിജി തുടങ്ങിയവരൊക്കെ സൃഷ്ടിച്ചെടുത്ത ത്യാഗവും ലാളിത്യവുമൊക്കെ ഒരു പ്രതീതിയായെങ്കിലും കൊണ്ടുനടക്കേണ്ടി വരുന്നുണ്ട് ഇന്ത്യൻ പൊതു പ്രവർത്തനത്തിന്. ഏറ്റവും വില കൂടിയ ധാക്കാ മസ്ലിനും ഖാദിസിൽക്കും അതുപോലുള്ള തുണിത്തരങ്ങളും കൊണ്ടാണ് ഈ ലാളിത്യ പ്രതീതി ഉളവാക്കുക. 500 രൂപയുടെ ടീ ഷർട്ടും 1000 രൂപയുടെ ജീൻസുമിട്ട് നിങ്ങൾക്കൊരു എംഎല്‍എ ആയി നടക്കാനാവില്ല. വിചിത്രമെങ്കിലും സത്യമാണത്.

നമ്മുടെ രാഷ്ട്രീയവും മിത്തുവൽക്കരണത്തിൽ നിന്ന് ഒട്ടും മുക്തവുമല്ല. തനിക്ക് സാധ്യമല്ലാത്ത സത്യസന്ധതയും ധീരതയും ത്യാഗമനോഭാവവുമുള്ള വിപ്ലവകാരികളെയും പോരാളികളെയും  എല്ലാവർക്കും ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ അത്തരം ആളുകൾ ഉയർന്നു വന്നാൽ അവരെ ചുറ്റിപ്പറ്റി ഇത്തരത്തിലുള്ള മിത്ത്  നിർമ്മിതി വ്യാപകമാവും. അതിൽ പിന്നെ ആ സാമൂഹ്യ പ്രവർത്തകയുടെ /ന്റെ വസ്തുനിഷ്ഠ സംഭാവനകളല്ല, മറിച്ച് മിത്തുകൾക്കാണ് മേൽക്കൈ ഉണ്ടാവുക.

(ത്യാഗികളും ധീരരുമായ പൊതുപ്രവർത്തകരെ അപമാനിക്കാൻ അല്ല ഈ പറഞ്ഞത്. മറിച്ച് അവർ പോലും ഉദ്ദേശിക്കാത്ത മിത്തുകളും പ്രതീതികളും അവരെപ്പോലും എത്രമേൽ ബാധിക്കും എന്ന് പറയാനാണ് )

സമൂഹം അതിന്റെ സാമാന്യബോധത്തിനും സദാചാര സങ്കല്പത്തിനും അനുസരിച്ചാണ് ഇത്തരം പ്രതീതി നിർമ്മിതികൾ നടത്തുക. രൂപീകരിക്കപ്പെട്ട ആശയങ്ങൾ പിന്നീട് ഭൗതിക യാഥാർത്ഥ്യങ്ങൾ പോലെയാണ് പ്രവർത്തിക്കുക.

ഇറോം ശർമ്മിളയും മണിപ്പൂർ രാഷ്ട്രീയവും
മണിപ്പൂരിലെ മനുഷ്യരുടെ മൗലികാവകാശങ്ങളും അന്തസ്സും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ ഒന്നര പതിറ്റാണ്ടിന്റെ മുഖമാണ് ഇറോം ശർമ്മിള. തുടർച്ചയായ നിരാഹാര സമരത്തിൽ ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങളെല്ലാം ചോർന്നുപോയി, ആർത്തവം നിലച്ച ശരീരവുമായാണ് ഇറോം ശർമ്മിള ലോകശ്രദ്ധയാകർഷിച്ചത്.

ഉടൽ രാഷ്ട്രീയത്തിൽ ഇറോം ശർമ്മിള എന്ത് പ്രതിനിധാനം ചെയ്യുന്നുവെന്ന് ഇതിനോടകം പല തരത്തിൽ പഠിക്കപ്പെട്ടിട്ടുണ്ട്. അതിനൊന്നുമല്ല ഇവിടെ മുതിരുന്നത്. ഒരു ദേശത്തിന്റെ (ഭൂമി) സമരത്തിൽ നിരാർദ്രമായി തീർന്ന ഒരു പെണ്ണുടൽ.

ഇറോം… മണിപ്പൂര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല

ഭൂമി/സ്ത്രീ, ഉർവ്വരത/ആർത്തവം, ശരീരം/രാഷ്ട്രം, സ്വാതന്ത്ര്യം/അധിനിവേശം തുടങ്ങിയ ആദിബോധവും കൂടിച്ചേർന്നാണ് മണിപ്പൂർ സമരത്തിന്റെ ഏറ്റവും വൈകാരിക മുഖമായി  ഇറോം ശർമ്മിളയെ മാറ്റുന്നത്.

മനോരമ ദേവി ബലാൽക്കാരം ചെയ്ത് കൊല്ലപ്പെടുന്നതാണല്ലോ ആ പ്രക്ഷോഭത്തിന്റെ മറ്റൊരു  ഊർജ്ജം.

ഒരു സ്ത്രീയുടെ പരമസായൂജ്യമായി ഒരു പാട്രിയാർക്കൽ സമൂഹം സ്വയം കരുതുന്ന വിവാഹവും ഗർഭധാരണവുമൊക്കെ  വേണ്ടെന്നു വച്ച ഒരു ത്യാഗം ആ സമരത്തിന്റെ വൈകാരിക  ഇന്ധനം തന്നെയാണ്. എന്നാൽ അതിൽ നിന്ന് പുളകം കൊള്ളുന്ന ആരും അതിന് തയാറുമായിരിക്കില്ല!

വഞ്ചിക്കപ്പെട്ട പോലെ, മണിപ്പൂര്‍ വിടുന്നു, ഇനി കേരളത്തിലേക്ക്

പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള തീരുമാനത്തിലൂടെ ഇറോം ശർമ്മിള റദ്ദ് ചെയ്യുന്നത് ഈ മിത്തിക്കലായ ഒരു ഇന്ധന വിതരണമാണ്. അതോടെ അതുവരെ ഭക്ത്യാദരങ്ങളോടെ അവരെ കണ്ടിരുന്ന മണിപ്പൂരിലെ സാമാന്യജനത്തിൽ വലിയൊരു ഭാഗം അവരെ ‘ഒറ്റുകാരി’യോ പ്രഹരശേഷി നഷ്ടപ്പെട്ട ആയുധമോ ആയി കാണുന്നുണ്ട്. ആധുനിക പൗരസമൂഹം ഒരു യഥാർത്ഥ്യമല്ലാത്ത, വീരപരിവേഷങ്ങളുടെ മതാത്മക യുക്തികൾ സൃഷ്ടിച്ച വിപരീത ഭക്തി കൂടിയാണ് ഇറോം തനു ശർമ്മിള എന്ന ധീരയായ പോരാളിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. ഇതിനോടകം വിലയിരുത്തിക്കഴിഞ്ഞ മറ്റെല്ലാ കാരണങ്ങൾക്കുമൊപ്പം.

ജനപ്രിയ സാമാന്യബോധത്തിനനുസരിച്ച് വേഷം കെട്ടി വിജയിക്കുന്ന തെരെഞ്ഞെടുപ്പുകളാണ് രാഷ്ട്രീയമെന്ന് കരുതുന്നവർക്ക് അവരെ നിരാകരിക്കാൻ സ്വാതന്ത്ര്യമുണ്ട്.

ജനതയുടെ ചിന്താലോകത്തെ നവീകരിക്കലാണ് രാഷ്ട്രീയമെന്ന് തിരിച്ചറിഞ്ഞാൽ അവർ ഇനിയും പ്രാധാന്യമുള്ള പ്രതിരോധമാണെന്നു മനസ്സിലാവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഷിജു ആര്‍

ഷിജു ആര്‍

കോഴിക്കോട് സ്വദേശി. അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍