TopTop
Begin typing your search above and press return to search.

പണം നോക്കി സിനിമ ചെയ്യില്ല; ഇന്നും ഇടതുപക്ഷ സഹയാത്രികനാണ്: ഇർഷാദ് /അഭിമുഖം

പണം നോക്കി സിനിമ ചെയ്യില്ല; ഇന്നും ഇടതുപക്ഷ സഹയാത്രികനാണ്: ഇർഷാദ് /അഭിമുഖം

വ്യത്യസ്തമായ അഭിനയം കൊണ്ട് മലയാള സിനിമയിൽ ഒരിടമുണ്ടാക്കിയെടുത്ത നടനാണ് ഇർഷാദ്. കുറേ കാലങ്ങളായി, നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടി ഈ കേച്ചേരിക്കാരൻ. സിനിമ മാത്രം സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച ഒരാൾ; ചെറിയ വലിയ വേഷങ്ങളിലൂടെ കടന്നു വന്ന്‍ ഇപ്പോള്‍ നാഗചൈതന്യ നായകനായ ബിഗ് ബഡ്ജറ്റ് തെലുങ്ക് സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാകുന്നു. 'ജോമോന്റെ സുവിശേഷങ്ങളാ'ണ് ഒടുവിലായി പ്രദര്‍ശനത്തിനെത്തിയ സിനിമ. നല്ല സിനിമകളോടുള്ള പ്രണയം കാത്തു സൂക്ഷിക്കുന്ന, വായനയെ ഏറെ ഇഷ്ടപ്പെടുന്ന ഇര്‍ഷാദ് അലിയുമായി അരുണ സംസാരിക്കുന്നു.

അരുണ: കുറേക്കാലമായി ഇവിടെയുണ്ട്, പക്ഷേ ഇപ്പോഴാണ് സിനിമ ഇർഷാദ് എന്ന നടനെ ഉപയോഗിക്കുന്നത്. എന്ത് തോന്നുന്നു?

ഇര്‍ഷാദ്: ഇപ്പോ ഉപയോഗിച്ച് തുടങ്ങിയോ? എനിക്കറിയില്ല. ചിലർ പറയും എനിക്ക് അർഹിക്കുന്നത് കിട്ടുന്നില്ലെന്ന്. ഞാൻ ഹാപ്പിയാണ്. അതല്ലേ പ്രധാനം. 'പാർവതീപരിണയം' ആണ് ആദ്യ സിനിമ. സിനിമ സ്വപ്നം കണ്ട് കുറേ അലഞ്ഞിട്ടുണ്ട്. ആ അലച്ചിൽ പോലും എനിക്ക് ലഹരിയായിരുന്നു. എന്നെങ്കിലും നടനായി തീരുമെന്ന എന്റെ ആത്മവിശ്വാസം മാത്രമാണ് കൂട്ട്. സ്വപ്നം കണ്ടു നടന്നു. ഷൂട്ടിങ്ങ് കാണാൻ പോയി, ചാൻസ് ചോദിച്ചപ്പോൾ ക്യാമറയുടെ മുന്നിൽ നിർത്തുന്നു. പിന്നെ കിട്ടിയ സിനിമ 'കുടമാറ്റം'. അതിൽ വില്ലന്റെ അസിസ്റ്റന്റ്. 'പ്രണയ വർണ്ണങ്ങളി'ലെ കോളേജ് ചെയർമാൻ ശ്രദ്ധിക്കപ്പെട്ടു. നടനാകാനുള്ള തീവ്രമായ ആഗ്രഹം, അതിലും തീവ്രമായ ശ്രമങ്ങൾ ഒക്കെ എന്നെ ഇവിടെ ഇരുത്തി ഇങ്ങനെ സംസാരിപ്പിക്കുന്നു. എനിക്കൊപ്പം ചാൻസ് ചോദിച്ച് നടന്നവരെ ഇപ്പോഴും ചാൻസ് തേടി ഓരോ സെറ്റിൽ കാണാം. സിനിമ അങ്ങനെയാണ്, എത്ര തകർക്കപ്പെട്ടാലും സ്വപ്നം കാണാൻ കൊതിപ്പിച്ച് കൊണ്ട് വീണ്ടും വീണ്ടും ഉണർത്തും.

അരുണ:സീരിയലിലേക്കുള്ള ചുവടുമാറ്റം?

ഇര്‍ഷാദ്: അറിയുന്ന, ആഗ്രഹിക്കുന്ന ജോലി ചെയ്യണമെന്ന് മാത്രമാണ്. സീരിയൽ എനിക്ക് കുറേ നാൾ ചോറു തന്നിട്ടുണ്ട്. ഇപ്പോഴും വിളിക്കാറുണ്ട് .സമയത്തിന്റെ പ്രശ്നം കാരണമാണ് ചെയ്യാത്തത്. സിനിമ ഇല്ലാതെയായാൽ എനിക്ക് സീരിയലിൽ ഒരു സ്ഥാനമുണ്ടെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. ആദ്യത്തെ സീരിയൽ സണ്ണി ജോസഫിന്റെ 'നിനവുകൾ നോവുകൾ' ആണ്. പിന്നെ ടി.വി ചന്ദ്രന്റെ 'വരുംവരായ്കകൾ' എന്ന ടെലി ഫിലിം. അത് എനിക്കൊരു വഴിത്തിരിവായിരുന്നു. ഏറെ ജനസ്വീകാര്യതയുള്ള ഒന്നാണ് സീരിയല്‍. നമ്മൾ ഒരിക്കലും അപരിചിതരാകില്ല.

അരുണ: പാഠം ഒന്ന് ഒരു വിലാപമാണ് നടനെന്ന നിലയിൽ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്?

ഇര്‍ഷാദ്: ഞാൻ പറഞ്ഞില്ലേ , ടി.വി ചന്ദ്രന്റെ ടെലി ഫിലിം 'വരുംവരായ്കകൾ' കൈരളി ചാനലിനു വേണ്ടിയാണ് ചെയ്തത്. ആ സമയം ഞാൻ ഇലക്ഷനു മത്സരിച്ചിരുന്നു. സിപിഎമ്മിനു വേണ്ടി പാർട്ടി ചിഹ്നത്തിൽ ബ്ലോക്കിലേക്ക്. തോറ്റു പോയി. സെറ്റിൽ ഇരിക്കുമ്പോഴാണ് റിസൽറ്റ് അറിയുന്നത്. സത്യത്തിൽ വലിയ സന്തോഷം തോന്നി. ഇലക്ഷനു ജയിച്ചിരുന്നെങ്കിൽ എന്റെ വഴി ഞാൻ മാറ്റി നടക്കേണ്ടി വന്നേനെ. ചന്ദ്രേട്ടൻ പറഞ്ഞു 'ഇലക്ഷനു തോറ്റെന്ന് സന്തോഷത്തോടെ ഒരാൾ ആദ്യമായിട്ടാ പറഞ്ഞു കേൾക്കുന്നത് എന്ന്'. അതിന് ശേഷമാണ് പാഠം ഒന്ന് ഒരു വിലാപം ചെയ്യുന്നത്. സിനിമ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം ഒരു വർഷം ഞാൻ വെറുതേ ഇരുന്നു. ഒരാളും വിളിച്ചില്ല. സിനിമ ഒരിക്കലും എന്നെ തേടി വരില്ലന്ന് ഞാൻ തിരിച്ചറിഞ്ഞു. നിരന്തരമായ ശ്രമത്തിലൂടെ, ബന്ധങ്ങളിലൂടെ മാത്രമേ സിനിമ കിട്ടൂ. ചന്ദ്രേട്ടൻ തന്നെ പറഞ്ഞു 'സീരിയലു കളയരുതെ'ന്ന്.

അരുണ: സൗഹൃദങ്ങൾ നന്നായി സഹായിച്ചു?

ഇര്‍ഷാദ്: സ്നേഹ ബന്ധങ്ങളാണ് എന്നും കൂടെയുള്ളത്. പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. സൗഹൃദങ്ങളാണ് എന്നെ നിലനിർത്തുന്നത്; ഒരിക്കലും അഴിഞ്ഞ് പോകാതെ കോർത്തുപിടിക്കുന്നത്. ഒരു സംവിധായകനൊപ്പം ഒരു സിനിമയിൽ ഞാൻ വർക്ക് ചെയ്താൽ പിന്നെ അവരെന്നെ ഒഴിവാക്കില്ല. എന്റെ പെരുമാറ്റം ഒരിക്കലും, ആർക്കും ഒരു അതൃപ്തി ഉണ്ടാക്കില്ല. ഒരാളിലേക്ക് എത്താനുള്ള താമസം മാത്രമാണ് ഞങ്ങൾക്കിടയിലെ അകലം. ആ ബന്ധം ഹൃദയത്തോട് ചേർന്നു നിൽക്കും. പിന്നെ ഒരു പക്ഷപാതവുമില്ലാതെയാണ് ഞാൻ സിനിമ ചെയ്യുന്നത്. എല്ലാത്തരം സിനിമകളും ചെയ്യും. മാനസികമായി എനിക്ക് പെരുത്തപ്പെടാൻ കഴിയുന്ന സിനിമകളാണ് ഇഷ്ടം. എനിക്ക് ഡൈജസ്റ്റാകുന്ന സിനിമകൾ. നല്ല കൂട്ടുകാരനാവണം. സ്നേഹം കൊണ്ട് വിനിമയം ചെയ്യുമ്പൊഴേ നല്ല മനുഷ്യനാകാൻ കഴിയൂ. പണം നോക്കി സിനിമ ചെയ്യില്ല. ഇതു വരെ എത്ര സിനിമ ചെയ്തു എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ജീവിതത്തിൽ ഒരു കാര്യത്തിലും കണക്ക് സൂക്ഷിക്കാത്ത ഒരാളാണ് ഞാൻ. സിനിമയുടെ എണ്ണവും തിട്ടപ്പെടുത്തി സൂക്ഷിച്ചിട്ടില്ല. സിനിമയുടെ പിന്നാലെ പായുമ്പോഴും സിനിമ തരുന്ന സുഖങ്ങൾ എന്നെ ഭ്രമിപ്പിച്ചിട്ടില്ല.

അരുണ: 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ' എന്ന സിനിമയിൽ നായകനായിരുന്നു?

ഇര്‍ഷാദ്: പ്രിയനന്ദൻ വളരെ അടുപ്പമുള്ള സുഹൃത്താണ്. പിന്നെ ആ സിനിമയിൽ സബ്ജക്ട് ആയിരുന്നു 'ഹീറോ'. കാവ്യയ്ക്കായിരുന്നു കൂടുതലും ചെയ്യാനുണ്ടായിരുന്നത്. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയുടെ ഭാഗമാകുന്നത് തന്നെ വലിയ ഭാഗ്യമാണ്. എനിക്ക് നന്നായി അറിയുന്ന സിനിമയായിരുന്നു അത്. ആ വർക്കിന്റെ തുടക്കം മുതൽ ഞാൻ ഉണ്ടായിരുന്നു. നായകനാകാൻ എളുപ്പമാണ്. എന്റെ ഉള്ളിലെ ഭയം എനിക്ക് പ്രേക്ഷകരെ തീയേറ്ററിൽ എത്തിക്കാൻ കഴിയുമോ എന്നായിരുന്നു. ഞാൻ പ്രധാന വേഷം ചെയ്ത രണ്ടു സിനിമകളും സ്ത്രീ പ്രാധാന്യമുള്ളതായിരുന്നു. നല്ല സിനിമകളായിരുന്നു. മികച്ച സംവിധായകരുടേതായിരുന്നു. നായകനാവുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. നടനാവുക എന്നതു തന്നെയാണ്.

അരുണ: 'അനുരാഗ കരിക്കിൻ വെള്ള'ത്തിലെ പോലീസുകാരൻ ശ്രദ്ധിക്കപ്പെട്ടു?

ഇര്‍ഷാദ്: 'അനുരാഗ കരിക്കിൻ വെള്ളം' സത്യത്തിൽ എന്റെ കരിയറിന്റെ ഒരു ടേണിങ് പോയിന്റായിരുന്നു. അതിന്റെ ക്രെഡിറ്റ് സംവിധായകൻ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് നവീൻ ഭാസ്ക്കറിനുമാണ്. നവീന്റെ എഴുത്ത് അത്ര രസമാണ്. ഖാലിദ് നമ്മളെ വളരെ സൂക്ഷ്മമായി ശ്രദ്ധിക്കും. ചെറിയ ചെറിയ കാര്യങ്ങളിലും അഭിപ്രായമുണ്ട്. നമ്മളെ ഒരുക്കിയെടുക്കാൻ നന്നായി മെനക്കെടും. ഒരിക്കലും അസ്വസ്ഥത തോന്നില്ല. വർക്കിൽ അത്രത്തോളം നമ്മൾ ആഴ്ന്ന് പോകും. പുതിയ തലമുറയിൽ മികച്ച എഴുത്തുകാരും സംവിധായകരും ധാരാളമുണ്ട്. ഞാൻ മുൻപ് ചെയ്ത പല സിനിമകളിലേയും എന്റെ കഥാപാത്രമേതാണ് എന്ന് ഓർക്കാത്തവരെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും എന്റെ പേര് അറിയാത്തവർ ഉണ്ട്. ഇർഷാദ് എന്ന് പറയുമ്പോൾ അങ്ങനെ ഒരു നടനുണ്ടോ എന്ന് ചോദിക്കുന്നവർ ഇവിടെ സിനിമാ മേഖലയിൽ തന്നെയുണ്ടായിരുന്നു.

പ്രേക്ഷകർ അനുരാഗ കരിക്കിൻ വെള്ളത്തിലെ എന്റെ 'പഞ്ചാര പോലീസി'നെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തു. അതിലെ ഇർഫാൻ ഖാൻ പറയുന്ന ഡയലോഗ് ഫെയ്സ് ബുക്കിലൊക്കെ ഒരു പാട് തവണ ട്രോളായി വരുന്നുണ്ട്. ഒരു പാട് കാലത്തെ സ്വപ്നമായ സത്യൻ അന്തിക്കാടിന്റെ സിനിമയിലേക്ക് ഒരു അവസരം കിട്ടുന്നതും കരിക്കിൻ വെള്ളം തന്ന മറ്റൊരു മധുരമാണ്. മുൻപ് പ്രിയനന്ദനന്‍റെ ഒരു സിനിമ അനൗൺസ് ചെയ്താൽ ആളുകൾ ചോദിക്കുമായിരുന്നു 'ഇർഷാദും പിന്നെ ആരൊക്കെയാ അഭിനയിക്കുക' എന്ന്. അവാർഡ് സിനിമയിലെ മാത്രം നായകൻ എന്ന പേരുദോഷം മാറ്റിയത് ജിത്തു ജോസഫ് ദൃശ്യത്തിലെ പോലീസ് വേഷം എനിക്ക് തന്നപ്പോൾ മുതലാണ്. ലാൽ ജോസ് 'പുള്ളിപുലിയും ആട്ടിൻകുട്ടി'യിലും ഒരു മുഴുനീളൻ വേഷം തന്നു. എന്റെ കരിയറിലെ മറ്റൊരു വലിയ ഭാഗ്യമായിരുന്നു ആ സിനിമ. 'മറിയം മുക്കും' നല്ല വേഷം കിട്ടിയ സിനിമയായിരുന്നു.

അരുണ: ഇപ്പോള്‍ സ്വപ്നങ്ങൾ ഒക്കെ സത്യമായോ?

ഇര്‍ഷാദ്: അങ്ങനെ പറയാൻ പറ്റുമോ...? ചെയ്യാൻ ധാരാളം സിനിമകൾ വരുന്നുണ്ട്. ഞാൻ പറഞ്ഞല്ലോ എത്രയോ കാലത്തെ സ്വപ്നമായിരുന്നു സത്യേട്ടന്റെ സിനിമ. 'ജോമോന്റെ സുവിശേഷ 'മാണ് അത് സത്യമാക്കി തന്നത്. ആദ്യകാലത്ത് ചാൻസ് ചോദിച്ച് ഞാൻ ചെന്നിട്ടുള്ള സംവിധായകരിൽ ഒരാളാണ് സത്യേട്ടൻ. അദ്ദേഹത്തിന്റെ മകൻ അഖിലും ഞാനുമായി വളരെ അടുപ്പമുണ്ട്. ഫാമിലി സ്വീക്വൻസിലേക്ക് ഇർഷാദ് വന്നപ്പോൾ കൂടുതൽ നന്നായി എന്ന് പറഞ്ഞു. സിനിമ കഴിഞ്ഞ് പോരുമ്പോൾ 'നമ്മൾ പരിചയപ്പെടാൻ വൈകിപ്പോയി'എന്ന് സത്യേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇത്രയൊക്കെ ഞാൻ സ്വപ്നം കണ്ടിരുന്നോ. പുതിയ മറ്റൊരു സന്തോഷം രതീഷ് കുമാർ സംവിധാനം ചെയ്യുന്ന 'തൃശിവപേരൂർ ക്ലിപ്തം' ആണ്. നല്ല പ്രതീക്ഷയുള്ള സിനിമയാണ്. വലിയ ക്യാരക്ടർ ആണ്. 'കാർഗിൽ ബാഹുലേയൻ' എന്നാണ് കഥാപാത്രത്തിന്റെ പേര്. ഹ്യൂമർ ടച്ചുള്ള നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാണ്. പിന്നെയുള്ള വലിയ സന്തോഷം ഒരു തെലുങ്ക് സിനിമ ചെയ്യുന്നു. 'ദൃശ്യം' കണ്ടാണ് അവർ എന്നെ വിളിച്ചത്. നാഗർജ്ജുനയുടെ അന്നപൂർണ്ണ ഫിലിം കമ്പനിയുടെ സിനിമ. നാഗചൈതന്യയാണ് നായകന്‍. കല്യാൺ കൃഷ്ണയാണ് സംവിധായകൻ. നല്ല പ്രാധാന്യമുള്ള വേഷമാണ്; വില്ലനാണ്.

അരുണ: നല്ല നടനെന്ന ആത്മവിശ്വാസം കൂടിയോ?

ഇര്‍ഷാദ്: ഇപ്പോഴും എനിക്ക് പൂർണ്ണമായും വിശ്വാസമില്ല; ഞാനൊരു മികച്ച നടനാണ് എന്ന്. ധാരാളം പരിമിതികളുണ്ട്. ചിലപ്പോൾ ആശങ്കകൾ തോന്നും; നല്ലത് എന്ന അവസ്ഥയിൽ ഞാൻ എത്തിയോ എന്ന്. ഇപ്പോഴും പാകമായി കൊണ്ടിരിക്കുന്ന നടനാണ് ഞാൻ. മികച്ച നടനായി കഴിഞ്ഞിട്ടില്ല. എന്തും ചെയ്യാൻ എനിക്ക് കഴിയുമോ? ഇല്ല. എന്തും അനായാസം ചെയ്യുന്നവരേയല്ലേ നമ്മൾ താരങ്ങൾ എന്ന് വിളിക്കുത്. എന്റെ ഉള്ളിലെ സിനിമ എന്നെ മുന്നോട്ട് നയിക്കുകയാണ്.

അരുണ: കുട്ടിക്കാലത്തേ അഭിനയമോഹം ഉണ്ടായിരുന്നോ?

ഇര്‍ഷാദ്: 9-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ ഉപ്പ മരിക്കുന്നത്. അതു വരെ ഞാനൊരു കുഞ്ഞായിരുന്നു. 150 പേർ പണിയെടുത്ത പ്ലാസ്റ്റിക് ഫാക്ടറി ഉണ്ടായിരുന്നു ഞങ്ങൾക്ക്. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരു ആക്സിഡന്റിൽ പെട്ട് എന്റെ മൂത്ത ചേട്ടൻ മരിക്കുന്നത്. അത് ഉപ്പയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. ആ ഷോക്കിൽ ഉപ്പയുടെ കാഴ്ച പോയി. തറവാട് കൂട്ടുകുടുബമായിരുന്നു. സാമ്പത്തിക പ്രശ്നം രൂക്ഷമായി. ഓരോരുത്തരായി തറവാട്ടിൽ നിന്നും മാറി മറ്റ് ജോലികൾ തേടി പോയി. സ്വപ്നം കാണാൻ കഴിയാത്ത അവസ്ഥയിൽ നിന്നുമാണ് ഞാൻ സിനിമയിൽ എത്തിയത്. എന്റെ ഉമ്മയുടെ പ്രാർത്ഥനയായിരുന്നു ആകെയുള്ള വെളിച്ചം.

കുട്ടിക്കാലം മുഴുവൻ വായനയുടേതായിരുന്നു. നാടകം, വായന, എഴുത്ത്. തറവാട്ടിൽ ലൈബ്രറി ഉണ്ടായിരുന്നു. 'സാന്ധ്യ താരകം' എന്ന കൈയെഴുത്ത് മാഗസിൻ തറവാട്ടിൽ നിന്നും ഇറക്കുമായിരുന്നു. നാസർ എന്ന ചേട്ടനാണ് മാഗസിനിൽ ചിത്രം വരയ്ക്കുന്നത്. നോമ്പുകാലത്ത് സ്കൂൾ കഴിഞ്ഞു വന്നാൽ കളിക്കാൻ വിടില്ല, പുസ്തകം വായിക്കണം. എസ്.കെ പൊറ്റക്കാടിന്റെ പുസ്തകമൊക്കെ ഞാൻ ആ കാലത്താണ് വായിക്കുന്നത്. സാദിഖ്, ഷാഹുൽ ഏട്ടൻമാരാണ്. ഇവരാണ് വായനയുടെ ലീഡേഴ്സ്. പെരുന്നാളിന് കിട്ടുന്ന കാശൊക്കെ സൂക്ഷിച്ച് വെച്ച് സാദിഖ് ചേട്ടൻ പുസ്തകങ്ങൾ വാങ്ങും. അന്ന് മാതൃഭൂമി, കലാകൗമുദിയൊക്കെ വീട്ടിൽ വരും. കലാകൗമുദിയുടെ ഒരു ഫിലിം മാഗസിനുണ്ട്, നല്ല നിലവാരമുള്ള പ്രസിദ്ധീകരണമായിരുന്നു. അതൊക്കെ വായിച്ചാവാം സിനിമ എന്റെ മനസ്സിൽ ഒട്ടിപ്പിടിച്ചത്. നാടക അഭിനയം അന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു. പാർട്ടിക്ക് വേണ്ടി തെരുവു നാടകത്തിൽ അഭിനയിക്കും. ഇലക്ഷനു നിൽക്കാൻ പാർട്ടി പറഞ്ഞപ്പോൾ അനുസരിച്ചു. അന്ന് തോറ്റപ്പോൾ പാർട്ടി തോറ്റ സങ്കടമുണ്ടായിരുന്നെങ്കിലും, ഞാൻ തോറ്റതിൽ സന്തോഷമാ തോന്നിയത്. ജയിച്ചാൽ നാട്ടിൽ തന്നെ നിൽക്കണം. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കണം. ഹൃദയം നിറയെ സിനിമ സ്വപ്നം കാണുന്നവൻ എങ്ങനെയാ അവിടെ നിൽക്കുക. ഇന്നും ഇടതുപക്ഷ സഹയാത്രികനാണ്. ഇലക്ഷൻ സമയത്ത് പാർട്ടിക്ക് വേണ്ടി വർക്ക് ചെയ്യാറുണ്ട്. ഇപ്പോഴും വായനയുണ്ട്. കഥകളും കവിതകളും ഇഷ്ടമാണ്. എല്ലാത്തിനും മുകളിൽ സിനിമ തന്നെയാണ് എന്റെ ജീവിതം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് അരുണ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories