TopTop
Begin typing your search above and press return to search.

എന്റെ രാത്രികള്‍ തിരിച്ചു ചോദിക്കുമ്പോള്‍

എന്റെ രാത്രികള്‍ തിരിച്ചു ചോദിക്കുമ്പോള്‍

രാത്രികള്‍ എന്റെതല്ലാതായത് എപ്പോള്‍ മുതല്ക്കാണ്? ആദ്യത്തെ ഓര്‍മ ഇരുട്ടില്‍ നിന്നും കയറി വരുന്ന ഭൂതപ്രേതങ്ങളുടെ കുട്ടിക്കാലപ്പേടികളാണ്. അന്നതിനു ലിംഗവ്യത്യാസം ഇല്ലായിരുന്നു. എന്നെയും അനിയനെയും അവ ഒരുപോലെ പേടിപ്പിച്ചു നിര്‍ത്തി, വെളിച്ചത്തിന്റെ അകത്തളങ്ങളില്‍ തളച്ചിട്ടു. വളരെ സ്‌നേഹമുണ്ടായിരുന്ന ഒരു ബന്ധുവിന്റെ മരണം കൌമാരത്തില്‍ തന്നെ പ്രേതപിശാച് പേടികളെ ഇല്ലാതെയാക്കിയപ്പോള്‍ പിന്നെ ആ കാരണത്താല്‍ എന്നില്‍ നിന്നും ഇരുട്ട് തട്ടിപ്പറിക്കാന്‍ വയ്യാതെയായി. അപ്പോള്‍ മുതല്ക്കാണ് 'നല്ല പെണ്ണുങ്ങളും' 'ചീത്ത പെണ്ണുങ്ങളും' എന്ന ആഖ്യാനങ്ങള്‍ ചുറ്റും നിറഞ്ഞു തുടങ്ങിയത്. 'സമയത്തിന്' (സന്ധ്യയ്ക്ക് മുന്നേ)വീട്ടില്‍ കയറാത്തവര്‍ 'ചീത്ത പെണ്ണുങ്ങള്‍' ആണെന്ന വിധി പ്രസ്താവങ്ങള്‍ അല്പം സംശയത്തോടെയെങ്കിലും വിഴുങ്ങേണ്ടി വന്നു; 'അതെന്തേ അങ്ങനെ' എന്ന ചോദ്യത്തിന് അന്ന് ഉത്തരം കിട്ടിയില്ലെങ്കിലുംചില ചോദ്യങ്ങള്‍ വിഴുങ്ങാന്‍ പതിയെ പരിശീലിക്കപ്പെട്ടു.അത് ഒരു തുടക്കമായിരുന്നു. 'പെണ്ണ്' എന്ന ഓര്‍മ്മപ്പെടുത്തല്‍ നിര്‍ബന്ധമായും നഷ്ടപ്പെടുത്തിയ പലതിന്റെയും തുടക്കം. ആദ്യമേ ഇരുട്ട് പടിയിറങ്ങിപ്പോയി. കുടുംബത്തിലെ പുരുഷന്മാര്‍ക്ക് മാത്രം ബാധകമല്ലാത്ത രാപ്പേടികള്‍ ചുറ്റും വളര്‍ന്നു വന്നു. അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെട്ടു. ചില ദൂരങ്ങള്‍ അപ്രാപ്യമായി. കളിസ്ഥലങ്ങള്‍ വീട്ടുമുറ്റം മാത്രമായി ചുരുക്കപ്പെട്ടു. മഴ ഇറയത്തിരുന്നു കാണാന്‍ മാത്രം ഉള്ളതായി. പുഴയിലെ കുളിയും നിന്നു. പൊതു ഇടങ്ങളും സ്വകാര്യതയും പെട്ടെന്ന് രൂപപ്പെട്ടു. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കണ്ണുരുട്ടി അകത്തു കയറ്റി. അകം വളര്‍ന്നു വളര്‍ന്നു ചുറ്റും മറച്ചു. മഴയും പുഴയും വഴിയും ഇരുട്ടും നിലാവും നക്ഷത്രവും കാറ്റും കടലും പുറത്തു തരിശായി കിടന്നു.

കലാപക്കൊടികള്‍ ചീത്തക്കുട്ടികളുടെ ലക്ഷണം ആയതുകൊണ്ട് പത്തു വയസു മുതല്‍ തുടങ്ങിയ ബോര്‍ഡിംഗ് സ്‌കൂള്‍ ജീവിതം അനുസരിക്കാന്‍ മാത്രം പഠിപ്പിച്ചു. എങ്കിലും പകലത്തെ അനുസരണാഭാരം കഴിയുമ്പോള്‍, ഒട്ടേറെ നിബന്ധനകള്‍ നിറഞ്ഞതെങ്കിലും പെണ്‍കുട്ടികള്‍ മാത്രം നിറഞ്ഞ ഹോസ്റ്റല്‍ മുറികളിലെ രാത്രികള്‍ കലാപഭൂമികള്‍ ആയിരുന്നു. പതിനൊന്നു മണിയുടെ വിസില്‍ ശബ്ദം ഡോര്‍മിറ്ററിയിലെ വിളക്കുകള്‍ അണയ്ക്കുന്ന നിമിഷം തെളിക്കപ്പെടുന്ന മെഴുകുതിരി വെട്ടത്തില്‍ ഓജോ ബോര്‍ഡും, ഹാരി പോട്ടറും നൂറായിരം പ്രേതകഥകളും, കുഞ്ഞി കുഞ്ഞി പ്രണയങ്ങളും, 'നിരോധിക്കപ്പെട്ട' മറ്റു പല ചിന്തകളും സംസാരിച്ചു തുടങ്ങും. പിന്നെ ജനാല വഴി കാണുന്ന ഇത്തിരി ആകാശത്തിലേക്ക് നോക്കി 'മന്ത്രച്ചൂലില്‍' പറക്കുന്നത് സങ്കല്പിക്കും. സ്വാതന്ത്ര്യത്തിന്റെ വിലക്കപ്പെട്ട ആകാശങ്ങള്‍!സ്‌കൂള്‍ കാലത്തെ പ്രതീക്ഷകളെ വെറുതെയാക്കിക്കൊണ്ട് കോളേജ് കാലത്ത് ഞങ്ങളുടെ ആകാശങ്ങള്‍ ആറു മണിക്ക് തന്നെ അവസാനിച്ചു തുടങ്ങി. ആറുമണി കഴിഞ്ഞു ഹോസ്റ്റല്‍ ഗേറ്റ് കടന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് കാമുകന്മാര്‍ ഉണ്ടെന്നും 'വഴിതെറ്റി' നടപ്പാണെന്നും ഹോസ്റ്റല്‍ ചുവരുകളും, കോളേജും, നാട്ടുമ്പുറം മുഴുവനും അടക്കം പറഞ്ഞു!


'വഴിതെറ്റിയ' പെണ്‍കുട്ടികള്‍ നിറഞ്ഞ കോളേജ് ഹോസ്റ്റലിന് നാട്ടിലെമ്പാടും ഉള്ള 'നല്ലപേര്' കാരണമാക്കി അടുത്ത സുഹൃത്തിന്റെ വീട്ടില്‍ തുടങ്ങിയ പേയിംഗ് ഗസ്റ്റ് ജീവിതം സ്വാതന്ത്ര്യത്തിന്റെ ആകാശം കുറച്ചൊക്കെ പ്രാപ്യമാക്കി. കര്‍ഫ്യൂവിന് അല്പം ഇളവുണ്ടായിരുന്നു. അവളുടെ അച്ഛന്‍ വീട്ടില്‍ മടങ്ങിയെത്തും മുന്നേ, മാത്രം! ആവര്‍ത്തിച്ചുള്ള ആവലാതിപ്പെട്ടുള്ള ഫോണ്‍ വിളികള്‍ക്കുശേഷം സമയം തെറ്റിച്ചു മടങ്ങിയെത്തുന്ന രാത്രികളില്‍ അവളുടെ അമ്മയുടെ മുഖത്ത് നോക്കാതെ പറയുന്ന നുണകള്‍ തരുന്ന കുറ്റബോധത്തോടെ, മുറിയിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഓരോ തവണയും 'ഇനിയില്ല' എന്ന് സ്വയം ശപഥം ചെയ്താലും ബീച്ചുകളുടെ സന്ധ്യാനേരത്തിന്റെ ഭംഗി ഞങ്ങളെ വീണ്ടും കൊതിപ്പിച്ചുകൊണ്ടിരുന്നു. ചെരുപ്പില്‍ പുരണ്ട നനഞ്ഞ മണല്‍ ഞങ്ങളുടെ വൈകുന്നേരത്തെ കള്ളത്തരങ്ങള്‍ പലപ്പോഴും പൊളിച്ചു കൊടുത്തിരുന്നു.

ചെറിയ കാര്യങ്ങളേ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നുള്ളൂ. ഇത്തിരി കടല്‍ കാറ്റ്, അസ്തമയ സൂര്യന്റെ ഭംഗി, ചെരുപ്പിടാതെ നനഞ്ഞ മണലിലൂടെ നടക്കുമ്പോള്‍ കിട്ടുന്ന സുഖം, കോലൈസ് പിന്നെ തലശ്ശേരി എം.ആര്‍.എ ബേക്കറിയിലെ കാപ്പിയും ഷവര്‍മയും. ഞങ്ങള്‍ ആരെയും വേദനിപ്പിച്ചില്ല, ആരെയും തുറിച്ചു നോക്കിയില്ല, മര്യാദ കെട്ടൊരു വാക്കുപോലും ആരോടും പറഞ്ഞുമില്ല. തികഞ്ഞ ഉല്ലാസത്തോടെ സന്തോഷത്തോടെ ഞങ്ങളുടെ കാര്യം മാത്രം നോക്കി നടന്നിട്ടും അതില്‍ അസ്വസ്ഥപ്പെടുന്ന ആണ്‍കൂട്ടം ഞങ്ങള്‍ക്ക് ചുറ്റും ഉണ്ടാകും എന്ന ഭയം വീടിന്റെ രൂപത്തില്‍ അകത്തേക്ക് ഞങ്ങളെ തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.പിജി പഠന കാലത്ത് യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്ന സമാന്തര ലോകം തന്ന ആകാശം അന്നോളം പരിചയമില്ലാത്ത ചില സ്വാതന്ത്ര്യങ്ങളുടെതായിരുന്നു! ചിന്തകളുടെ, ആശയങ്ങളുടെ ക്രിയാത്മകമായ സ്വാതന്ത്ര്യങ്ങള്‍! പുതിയ ചിന്തകളും ആശയങ്ങളും തന്ന ഊര്‍ജത്തില്‍ 'പെണ്ണായി' വളരുന്നതിനിടെ എപ്പോഴോ നഷ്ടപ്പെട്ടു പോയ, അത്ര ചെറുതല്ലാത്ത ചിലതൊക്കെ അല്പം പകയോടെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചിരുന്നു. കോട്ടയം നഗരത്തിലെ രാക്കാറ്റും, നിലാവും, തട്ടുകട ദോശയും ഒക്കേം കൌതുകത്തോടെ അറിയാന്‍ ശ്രമിച്ചു. ആകാശം എന്റെതും കൂടെയാണ് എന്ന ബോധ്യത്തില്‍ നക്ഷത്രങ്ങളും നിലാവും ചിലപ്പോഴൊക്കെ മഴനിഴല്‍ വീണ ആകാശവും ആസ്വദിച്ച് ഹോസ്റ്റല്‍ ടെറസിലും ക്യംപസിലും ചുറ്റി.അത്തരം ഒരുരാത്രിയില്‍ നക്ഷത്രങ്ങള്‍ ചിമ്മുന്ന മാനംനോക്കി ഹോസ്റ്റല്‍ ടെറസില്‍ കിടക്കുമ്പോള്‍ ഫോണിന്റെ മറ്റേ അറ്റത്തുള്ള പട്ടാളക്കാരന്‍ കൂടിയായ സുഹൃത്ത്, രാജസ്ഥാനിലെ അവന്റെ ക്യാമ്പില്‍ നിന്നും നക്ഷത്ര കൂട്ടങ്ങള്‍ വിവരിച്ചു തന്നപ്പോള്‍ ഞങ്ങള്‍ ഒരേ ആകാശം പങ്കിടുന്നു എന്ന തിരിച്ചറിവ് ഉണ്ടാക്കിയ ആഹ്ലാദം വിവരിക്കാനാവില്ല!ഹോസ്റ്റല്‍ ഗേറ്റ് അടയ്ക്കുന്ന സമയപരിധി സാധാരണയിലും ഉദാരമായിരുന്നു അവിടെ. എന്നിട്ടും പെണ്‍കുട്ടികള്‍ എന്നും നേരത്തെ തന്നെ കൂടുപറ്റി. കാരണം ചിലതൊക്കെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്വതന്ത്ര, രാഷ്ട്രീയചിന്തകള്‍, ക്ലാസ്മുറികളില്‍ അക്കാദമിക ചര്‍ച്ചകള്‍ക്ക് ശേഷം അവിടെത്തന്നെ ഉപേക്ഷിക്കേണ്ടതുണ്ട് എന്ന അലിഖിത നിയമം അവിടെ ഉണ്ടായിരുന്നു. ആ വിലക്കുകള്‍ പൊട്ടിച്ചതിന് 'പെഴ' എന്ന് രഹസ്യമായി ക്യാമ്പസ് ചുവരുകള്‍ പിന്നില്‍ നിന്ന് അടക്കം പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ ഹിപ്പോക്രസി പുറത്തായതിന്റെ ജാള്യതയോടെ ഇളിച്ചു കാട്ടി.
കേരളം വിടുമ്പോള്‍ അല്‍പമെങ്കിലും ഇല്ലാതെയാവുന്ന ആ വിലക്കിന്റെ മാജിക്കാണ് പിജി കാലത്ത് വെറുതെ നടത്തിയ ഡല്‍ഹി യാത്രയില്‍, കൊടും തണുപ്പിന്റെ ജനുവരിയില്‍ ആയിരുന്നെങ്കിലും ആദ്യമായി ചെന്നപ്പോള്‍ ജെ‌എന്‍‌യു ക്യാമ്പസ് മുഴുവനും രാത്രികളില്‍ വെറുതെ നടക്കാന്‍ പ്രേരിപ്പിച്ചത്. ഡല്‍ഹിയുടെ തെരുവുകളിലും സമയം അനുവദിക്കുവോളം രാത്രികളില്‍ തനിച്ച് അലഞ്ഞു നടന്നു. അവസാനത്തെ ബസ് പിടിച്ച് ക്യാമ്പസില്‍ ചെന്നു. തോന്നിയപ്പോള്‍ മാത്രം ഹോസ്റ്റലില്‍ കയറിച്ചെന്നു. ആ രാത്രികള്‍ ആവുന്നത്ര നുണഞ്ഞു!

രാത്രി പൂര്‍ണമായും പെണ്‍കുട്ടികള്‍ക്ക് വിട്ടുതന്ന ഹൈദരാബാദ് ക്യാമ്പസ് ജീവിതം തുടങ്ങിയ ആദ്യ വര്‍ഷത്തില്‍ ഞങ്ങള്‍ അഞ്ചു പെണ്ണുങ്ങള്‍ ഒന്നിച്ച് ഇവിടെ ഹൈദരാബാദ് ക്യാമ്പസിലെ തടാകക്കരയില്‍ തീക്കൂനയ്ക്ക് ചുറ്റും പാട്ടും കളി ചിരികളുമായി പങ്കിട്ട ഒരു രാവ്. ഒടുക്കം ആഘോഷം കഴിഞ്ഞ് എപ്പോഴോ പുല്ലില്‍ തന്നെ അല്‍പ നേരം ഉറങ്ങി. പക്ഷികളുടെ ചിലപ്പാണ് ഉറക്കം മുറിച്ചത്. കണ്ണ് തുറന്നപ്പോള്‍ കണ്ട കാഴ്ച, ജീവിതത്തിലേക്കും വച്ച് മനോഹരമായ ഒന്നായിരുന്നു! തടാകത്തിന്റെ മറുകരയില്‍ നിന്നും പലജാതി പേരറിയാപക്ഷികള്‍ കൂട്ടമായി പറന്നു വരുന്നു. മറ്റൊരുഭാഗത്ത് ഉദയസൂര്യന്‍ ചാലിച്ച ചായം ആകാശത്ത് പടര്‍ന്നു തുടങ്ങിയിരുന്നു!ഇവിടുത്തെ രാക്കാറ്റിലും ചിലപ്പോഴൊക്കെ നല്ല ചീഞ്ഞ 'സദാചാര-ആകുലതാ മണം' വീശാറുണ്ട്. ചിലരാത്രികള്‍ സമരങ്ങളായി മാറുന്നതും അതുകൊണ്ടാണ്. എ.ബി.വി.പി കഴിഞ്ഞയാഴ്ച ഇറക്കിയ സദാചാര തിട്ടൂരം ലംഘിക്കാനായി ഒരു രാവ് മുഴുവനും കക്ഷിരാഷ്ട്രീയഭേദമില്ലാതെ, ഭാഷാ-ലിംഗ വ്യത്യാസമില്ലാതെ, രാത്രി തിരിച്ചു പിടിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി കൂട്ടായ്മ തീര്‍ത്ത, രാത്രി 12.30 മണിക്ക് തുടങ്ങി തീക്കൂനയ്ക്ക് ചുറ്റും വെളുപ്പിനെ അഞ്ചുമണി വരെ പല ഭാഷയിലെ പാട്ടുകളുടെ ലഹരിതീര്‍ത്ത മനോഹര പ്രതിഷേധത്തിന്റെ ഉന്മാദം നിറഞ്ഞ ഒരു രാവും അങ്ങനെ കിട്ടിയതാണ്.ദൃശ്യവും അദൃശ്യവുമായ വിലക്കുകള്‍ ചുറ്റും ഉള്ളപ്പോള്‍ ഓരോ രാത്രി നടത്തവും എനിക്ക് സമരങ്ങളായി മാറുന്നു. ക്രിയാത്മകമായ സമരങ്ങള്‍! നുണയാന്‍ ഇരുട്ട് ഇനിയും കാത്തു കിടക്കുന്നു. രാത്രികള്‍ ഇനിയും സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് പരന്നൊഴുകുന്നു.Next Story

Related Stories