TopTop
Begin typing your search above and press return to search.

ശ്രീലങ്കയിലേക്കെന്നു പറഞ്ഞുപോയ അബ്ദുള്‍ റാഷിദ് എവിടെ?

ശ്രീലങ്കയിലേക്കെന്നു പറഞ്ഞുപോയ അബ്ദുള്‍ റാഷിദ് എവിടെ?

അഴിമുഖം പ്രതിനിധി

കേരളം ഐ എസ് ബന്ധത്തിന്റെ മുനയില്‍ നില്‍ക്കുമ്പോള്‍ മലബാറില്‍ നിന്ന് ഐ എസിലേക്ക് ആളുകളെ കൊണ്ടുപോയെന്ന് ആരോപണമുയര്‍ന്നതോടെ അന്വേഷണ ഏജന്‍സികള്‍ അബ്ദൂള്‍ റാഷിദിനു പിന്നാലെ. സംസ്ഥാന പോലീസ് അന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഉത്തരമേഖല എഡിജിപിയും സംഘവും അബ്ദുള്‍ റാഷിദിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കോഴിക്കോട്ടും കാസര്‍ഗോട്ടുമായി ഊര്‍ജ്ജിത തെരച്ചിലിലാണ്. തലങ്ങും വിലങ്ങും അന്വേഷണം നടക്കുമ്പോള്‍ അബ്ദുള്‍ റാഷിദിനെക്കുറിച്ച് ദുരൂഹത ഉയര്‍ത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കേരളത്തില്‍ അബ്ദുള്‍ റഷീദ് അവസാനമായി തൊഴിലെടുത്ത പീസ് ഫൗണ്ടേഷനിലും അവരുടെ കീഴിലുള്ള സ്‌കൂളുകളുകളിലുമെത്തിയപ്പോള്‍ ആറുമാസം മുമ്പ് അദ്ദേഹം രാജിവെച്ച് പോയെന്ന വിവരമാണ് ലഭിച്ചത്. കേരളത്തിലുടനീളം 13 സ്‌കൂളുകള്‍ നടത്തുന്ന പീസ് ഫൗണ്ടേഷന്റെ എഡുക്കേഷണല്‍ ട്രസ്റ്റിലെ പര്‍ച്ചേസ് മാനേജറായിരുന്നു ആറു മാസം മുമ്പുവരെ 30-കാരനായ തൃക്കരിപ്പൂര്‍ ഉടുമ്പന്തല സ്വദേശി അബ്ദൂള്‍ റാഷിദ്. ആറുമാസം മുമ്പ് ഉന്നത പഠനത്തിന് ശ്രീലങ്കയിലേക്ക് പോകുന്നെന്നു പറഞ്ഞാണ് ഇയാള്‍ പീസ് ഫൗണ്ടേഷന്‍ വിട്ടതെന്ന് ഇവരുടെ കോഴിക്കോട് മൂഴിക്കലില്‍ പ്രവര്‍ത്തിക്കുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ അക്ബര്‍ ചെറയക്കാട് പറഞ്ഞു. പീസ് ഫൗണ്ടേഷന് മലപ്പുറത്ത് രണ്ടും കോഴിക്കോട്ട് ഒന്നും കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ഒന്നുമായി കേരളത്തിലുടനീളം 13 സ്‌കൂളുകളുണ്ട്. ഒരോസ്ഥലത്തും പ്രാദേശിക സംഘങ്ങളാണ് സ്‌കൂളുകള്‍ നടത്തുന്നത്.

പീസ് ഫൗേണ്ടഷന്റെ കോഴിക്കോട് മാവൂര്‍ റോഡിലുള്ള ഓഫീസിലായിരുന്നു അബ്ദുള്‍ റാഷിദ് ജോലി ചെയ്തിരുന്നത്. റാഷിദ് അബ്ദുള്ള എന്നുപറഞ്ഞാണ് അയാളെ അഭിസംബോധന ചെയ്തിരുന്നത്. വളരെ ശാന്തസ്വഭാവക്കാരനും പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്ന ആളുമായിരുന്നു. എല്ലാവരോടും വലിയ സ്‌നേഹത്തോടെയാണ് ഇടപെട്ടത്. മതപരമായ വിഷയങ്ങളൊന്നും സംസാരിക്കാറില്ല. നീണ്ട താടിവെച്ച നിലയിലാണ് ഇവിടെ ജോലിചെയ്തത്. റാഷിദിനെപോലുള്ളൊരാള്‍ക്ക് ഐഎസ് ബന്ധം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞെട്ടലോടെയാണ് തങ്ങള്‍ ഈ വാര്‍ത്ത ശ്രവിച്ചതെന്നും അക്ബര്‍ പറഞ്ഞു.


പീസ് ഫൌണ്ടേഷന്‍ സ്കൂള്‍

തൃക്കരിപ്പൂരിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരെത്തിയപ്പോള്‍ അങ്ങേയറ്റം വികാരപരമായാണ് റാഷിദിന്റെ ഉപ്പയും ഉമ്മയും പ്രതികരിച്ചത്. നിങ്ങള്‍ ഞങ്ങളെക്കൂടി ഒന്നുകൊന്നുതാ, ന്റെ മോനെ ഇനി തിരിച്ചറിയാനെങ്കിലും പറ്റുമോയെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച പിതാവ് മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. ഭാര്യ ആയിഷയോടൊപ്പമാണ് ഇയാളെ കാണാതായതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. പോകുന്നതിന് മുമ്പുവരെ തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് റാഷിദ് ഖുര്‍ആന്‍ ക്ലാസുകളെടുത്തിരുന്നതായി പ്രദേശവാസി പറഞ്ഞു. കുട്ടികള്‍ക്ക് മാത്രമായിരുന്നു ക്‌ളാസുകളില്‍ പ്രവേശനമുണ്ടായിരുന്നത്. കാസര്‍ഗോട് നിന്നുള്ള 11പേര്‍ ഇയാള്‍വഴിയാണ് കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയതെന്നും ആറ്റുകാല്‍ സ്വദേശിനി നിമിഷയെ മതംമാറാന്‍ സഹായിച്ചതും മതബോധവത്കരണം നടത്തിയതും റാഷിദാണെന്നും അന്വേഷണസംഘങ്ങള്‍ സുചന നല്‍കുന്നു. എന്‍ജിനിയറിംങ് ബിരുദധാരിയായ റാഷിദിന് മനഃശാസ്ത്രത്തിലും ബിരുദമുണ്ട്.

അതിനിടെ വടകര സ്വദേശി കുടുംബ സമേതം ഐ എസില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. താഴെ അങ്ങാടി മുകച്ചേരി ഭാഗത്തെ യുവാവാണ് ഐഎസില്‍ ചേര്‍ന്നതായി ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. വര്‍ഷങ്ങളായി ബഹറിനില്‍ ജോലി ചെയ്യുന്ന ഇയാളെ കുറിച്ച് ആറു മാസത്തിലേറെയായി ഒരു വിവരവുമില്ല. ഭാര്യയും മക്കളുമൊത്ത് ബഹറിനില്‍ കഴിഞ്ഞിരുന്ന ഐഎസിനെ പ്രകീര്‍ത്തിച്ച് ബന്ധുക്കള്‍ക്ക് സന്ദേശം കൈമാറിയിട്ടുണ്ട്. ബഹറിനിലെ ബന്ധം വഴിയാണ് ഇയാള്‍ ഐഎസില്‍ എത്തിപ്പെട്ടതെന്നാണ് വിവരം. കുടുംബ സമേതം തുര്‍ക്കി വഴി സിറിയയില്‍ എത്തിയെന്ന് പറയുന്നു. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് അന്വേഷണം നടത്തുകയാണ്.

വടകര തിരുവള്ളൂരിലെ ഡിസ്പന്‍സറിയില്‍ ജോലി ചെയ്ത ഡോ. ഇജാസ് അഹമ്മദിന്റെ വിവരങ്ങളും പൊലീസ് കൂടുതലായി ശേഖരിച്ച് വരുന്നുണ്ട്. ഇജാസ് അഹമ്മദ് രണ്ടു വര്‍ഷത്തോളം തിരുവള്ളൂരിലെ ആശുപത്രിയില്‍ ജോലി ചെയ്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന വേളയില്‍ നല്ല അഭിപ്രായമാണ് ഡോക്ടറെ കുറിച്ചുണ്ടായിരുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായവരുമായി ഇജാസിന് ബന്ധമുണ്ടായിരുന്നോ എന്നാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. അതോടൊപ്പം ഇയാള്‍ മറ്റെവിടെയെങ്കിലും ആണോ, എന്തുകൊണ്ട് അപ്രത്യക്ഷനായി തുടങ്ങിയ കാര്യങ്ങളുമാണ് അന്വേഷിക്കുന്നത്.


Next Story

Related Stories