UPDATES

പുതിയവിളയ്ക്ക് പിണഞ്ഞത് രാഷ്ട്രീയ പരിചയക്കുറവ്; ഐസക്കിനെ പിണറായി അതൃപ്തി അറിയിച്ചു

പ്രതിപക്ഷം കളം നിറഞ്ഞാടിയപ്പോള്‍ ഐസക് ഉഷ്ണിച്ചു വിഷമിച്ചു. നിയമസഭയിലെ എസിക്ക് അദ്ദേഹത്തെ തണുപ്പിക്കാനായില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ മാന്യരായവരില്‍ ഒരാളാണ് മനോജ് പുതിയവിള. എഴുത്തുകാരന്‍, വാഗ്മി, പരിസ്ഥിതിസ്‌നേഹി, ഏത് കാര്യത്തിലും സ്വന്തമായി അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തിത്വം. ഡോ. തോമസ്‌ ഐസക്കിനെ പോലെ നീണ്ട കുര്‍ത്ത ഇഷ്ടവേഷമായി ധരിക്കുന്നയാള്‍, വായനയും പാട്ടും ഇഷ്ട്ടപ്പെടുന്ന ഈ മനുഷ്യന് ആകെ ഒരു കുറവേയുള്ളു, രാഷ്ട്രീയം പറ്റില്ല. വിശാലമായ രാഷ്ട്രീയം അല്ല, പാര്‍ലമെന്ററി രാഷ്ട്രീയം. ‘തിന്നാന്‍ വേണ്ടിയും കൊല്ലും, കൊല്ലാന്‍ വേണ്ടിയും കൊല്ലും’ എന്ന മട്ടിലുള്ള രാഷ്ട്രീയക്കാര്‍ക്കിടയില്‍ നിന്ന് പിഴച്ചു പോകാന്‍ ഐസക് തന്നെ പാടുപെടുമ്പോള്‍ പാവം പുതിയവിള കഷ്ടപ്പെടുകയായിരുന്നു. ജൈവ കൃഷിയും, മാലിന്യ സംസ്‌കാരണവും, കുടുംബശ്രീയും ഇഷ്ടപ്പെടുന്ന തോമസ് ഐസക്കുമായി ചേര്‍ന്ന് പോകാന്‍ മാത്രമേ പുതിയവിളക്ക് കഴിയു. ഐസക്കിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന മന്‍മോഹനും ഗോപകുമാറുമൊക്കെ ചെറിയ ഐസക്കാണ്. ഇവരാരും അഴിമതിക്കാരല്ല. പക്ഷെ ഇവരെല്ലാം ബുദ്ധിജീവികളും പ്രായോഗികത കുറഞ്ഞ സുന്ദര സോഷ്യലിസ്‌റ് ലോകത്ത് ജീവിക്കുന്നവരുമാണ്.

ധനമന്ത്രി തോമസ് ഐസക് തയാറാക്കുന്ന ബജറ്റ് രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ച് കേള്‍പ്പിച്ചു. രാത്രി അച്ചടിക്കാന്‍ പ്രസിലേക്ക് കൊടുത്തു. രാവിലെ സീല്‍ ചെയ്ത കവറില്‍ ബജറ്റ് ധനകാര്യമന്ത്രിയുടെ കൈകളില്‍ എത്തുമ്പോഴും ബജറ്റ് രഹസ്യം ചോരാതിരിക്കാന്‍ ജീവനക്കാരെ പ്രസില്‍ തന്നെ കരുതലില്‍ വയ്ക്കുകയാണ് പതിവ്. അത്ര രഹസ്യാത്മകവും നിയമസഭയുടെ ഉത്തമ വിശ്വാസത്തിന് അനുസൃതവുമായി സൂക്ഷിക്കേണ്ടതുമായ ബജറ്റിന്റെ കാതല്‍ ആണ് ബജറ്റ് പ്രസംഗം ആരംഭിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ മാത്രം എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

വായിച്ചത് ഇത്, വായിക്കാത്തത് ഏത് എന്ന് തിരിച്ചറിയാതെ വാര്‍ത്താ ചാനലുകള്‍ ഹൈലൈറ്റുകള്‍ ഫ്‌ളാഷ് നല്‍കികൊണ്ടേയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ഒരു ഉദാഹരണം പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 2000 രൂപ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ഫ്ലാഷ് വന്നു കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞാണ് നിയമസഭയില്‍ ഐസക് വായിച്ചത് എന്ന്. ഡല്‍ഹിയില്‍ പാര്‍ലമെന്റിലും ഹൈലൈറ്റ് പത്രക്കാര്‍ക്ക് നല്‍കാറുണ്ട് എന്നാണ് ഐസക് ഇപ്പോള്‍ ന്യായീകരിക്കുന്നത്. പാര്‍ലമെന്റില്‍ നിന്ന് കിട്ടുന്നത് ബജറ്റ് പ്രസംഗം കഴിഞ്ഞ്, ബജറ്റ് കോപ്പിയോടൊപ്പം ആണ്. അല്ലാതെ ബജറ്റ് പ്രസംഗം ആരംഭിച്ച് ഒരുമണിക്കൂറിനുള്ളില്‍ എടുത്തു വിതരണം ചെയ്യാറില്ല. ശുദ്ധഗതിക്കാരനായ പുതിയവിള എന്തിനാണ് 9.40-ന് തന്നെ ബജറ്റ് പ്രസക്ത ഭാഗം വിതരണം ചെയ്തത്? രണ്ട് മണിക്കൂര് കൂടി കാത്തിരിക്കാന്‍ പാടില്ലായിരുന്നോ? അതോ അത്രയേറെ വിശ്വാസമായിരുന്നോ മാധ്യമങ്ങളെ?

ബജറ്റ് മാധ്യമങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ, സഭയിലല്ലേ ആദ്യം അവതരിപ്പിക്കേണ്ടത്? ബജറ്റ് പ്രസംഗത്തില്‍ പറയുന്ന വസ്തുതകള്‍ പ്രസംഗത്തിന് തൊട്ടുപിന്നാലെ തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പേജിളും വന്നു കൊണ്ടിരുന്നു. എല്ലാം നേരത്തെ ഡിസൈന്‍ ചെയ്ത് വച്ച കാര്‍ഡുകളുടെ അകമ്പടിയോടെ ആണ്, ഐസക് പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേജില്‍ നിന്ന് പബ്ലിഷ് ചെയ്തു കൊണ്ടിരുന്നത്. അതായത് ബജറ്റ് പലര്‍ക്കും അറിയാം. അറിയാവുന്ന സ്റ്റാഫുകള്‍ നന്മ നിറഞ്ഞവരായതിനാല്‍ അവര്‍ വിറ്റ് കാശാക്കിയില്ലെന്ന് നമുക്ക് ആശ്വസിക്കാം.

ബജറ്റില്‍ പകുതി എംടിയുടെ ഭാവനയും പകുതി ഐസക്കിന്റെ ഭാവനയുമായിരുന്നു. ആരുടെയൊക്കെയോ പോക്കറ്റില്‍ കിടക്കുന്ന കാശ് കിഫ്ബിയുടെ പെട്ടിയില്‍ എത്തിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാം എന്നാണ് ഐസക്കിന്റെ കണക്കുകൂട്ടല്‍. പദ്ധതി പാളിയാല്‍ എങ്ങനെ തിരിച്ച് നല്‍കും എന്ന് ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ അവതാരകനായ വിനു വി ജോണ്‍ ചോദിച്ചപ്പോള്‍ തന്നെ ഐസക് പമ്പ കടന്നു. ചോദ്യം ചെയ്യുന്നവരെ ഇത്തരം ബുദ്ധിജീവികള്‍ക്ക് ഇഷ്ട്ടമല്ല. ഇത്തരം തന്നിഷ്ട പ്രവൃത്തിയാണ് (മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത്) പുതിയവിളയെയും വെട്ടിലാക്കിയത്.

വാട്‌സ്ആപ്പില്‍ ഹൈലൈറ് എത്തിയാല്‍ അത് പിന്നെ ഫോര്‍വേര്‍ഡ് ചെയ്യലാണ് എല്ലാവരും ചെയ്യുന്നത്. ഇത് ആരുടെ ഒക്കെ കൈകളില്‍ എത്തുമെന്ന് പറയാനാകില്ല. അത് പ്രതിപക്ഷത്തിന്റെ കൈകളിലും എത്തും. എന്നിട്ടും രമേശ് ചെന്നിത്തല ബഹളമുണ്ടാക്കിയില്ലെങ്കില്‍ അദ്ദേഹം ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയുള്ള ആളല്ല. തെറ്റ് പറ്റിയ ഐസക്കിനെ ന്യായീകരിക്കാന്‍ സൈബര്‍പട ഇറങ്ങിയപ്പോഴാണ് പുതിയവിളയുടെ കസേര തെറിക്കുന്നത്. തെറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ് നടപടി എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ല. ഉത്തരവാദിത്തമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന് മുഖ്യമന്ത്രി പിണറായി ശക്തമായ അതൃപ്തി ഐസക്കിനെ അറിയിക്കുകയും ചെയ്തു. ചോര്‍ത്തിയ പത്രക്കാരെ തിരയുന്ന തിരക്കിലാണ് ചിലര്‍. പുതിയവിളയ്ക്ക് സംഭവിച്ചത് വലിയ പിഴവായിരുന്നു. തിരുത്താന്‍ കസേരയില്‍ ആളില്ലാത്ത പിഴവ്. പ്രതിപക്ഷം കളം നിറഞ്ഞാടിയപ്പോള്‍ ഐസക് ഉഷ്ണിച്ചു വിഷമിച്ചു. നിയമസഭയിലെ എസിക്ക് അദ്ദേഹത്തെ തണുപ്പിക്കാനായില്ല.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍