TopTop

ദൈവം മാന്ത്രികനല്ലെന്ന് പോപ്പിന്‍റെ തുറന്നു പറച്ചില്‍

ദൈവം മാന്ത്രികനല്ലെന്ന് പോപ്പിന്‍റെ തുറന്നു പറച്ചില്‍

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പോണ്ടിഫിഷ്യല്‍ അക്കാദമി ഓഫ് സയന്‍സസില്‍ നടത്തിയ അഭിസംബോധനയിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രകോപനപരവും എന്നാല്‍ പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്നതുമായ പ്രഖ്യാപനങ്ങള്‍ നടത്തുന്ന തന്റെ ശൈലി തുടരുകയാണ്. മഹാവിസ്‌ഫോടന സിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ച മാര്‍പ്പാപ്പ, ദൈവത്തോടൊപ്പം പ്രപഞ്ചത്തിന്റെ വ്യാപനം സംബന്ധിച്ച് നിലവിലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങളിലും വിശ്വസിക്കുന്നതില്‍ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് വത്തിക്കാനില്‍ തടിച്ചുകൂടിയ വിശ്വാസികളോട് അദ്ദേഹം തുറന്നടിച്ചു.

'സൃഷ്ടിയെ കുറിച്ച് ഉല്‍പത്തി പുസ്തകത്തില്‍ നമ്മള്‍ വായിക്കുമ്പോള്‍, ഒരു മാന്ത്രികവടി വീശി എന്തു ചെയ്യാന്‍ സാധിക്കുന്ന ഒരു മാന്ത്രികനാണ് ദൈവം എന്ന ഒരു ധാരണ നമ്മില്‍ ഉടലെടുക്കാനുള്ള ഒരു അപകടം കൂടി പതിയിരിക്കുന്നുണ്ട്. എന്നാല്‍ ദൈവം ഒരു മാന്ത്രികനല്ല,' അദ്ദേഹം പറഞ്ഞു. 'ദൈവം മനുഷ്യരെ സൃഷ്ടിക്കുകയും ഓരോരുത്തര്‍ക്കും അദ്ദേഹം നല്‍കിയിരിക്കുന്ന ആത്മചോദനയ്ക്ക് അനുസരിച്ച് വികസിക്കുക വഴി അവരുടെ പൂര്‍ണതയില്‍ എത്താന്‍ അനുവദിക്കുകയുമാണ് ചെയ്തത്.'

കുരങ്ങന്മാരില്‍ നിന്നാണോ മനുഷ്യര്‍ പരിണമിച്ചതെന്ന മുറിവേല്‍പ്പിക്കുന്ന പ്രശ്‌നത്തെ (ചില ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളമെങ്കിലും) അദ്ദേഹം പരാമര്‍ശിക്കാതെ വിട്ടു. മഹാവിസ്‌ഫോടന സിദ്ധാന്തവും അതുവഴിയുണ്ടായ പ്രാപഞ്ചിക ചലനവും മനസിലാക്കുക വഴി ഒരു അതീന്ദ്രിയ ശക്തിയില്‍ വിശ്വസിക്കണം എന്ന ആവശ്യകത തന്നെ ഇല്ലാതാവുകയാണെന്നാണ് യുക്തിവാദികളുടെ സിദ്ധാന്തം. എന്നാല്‍ ഈ വാദത്തോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തീര്‍ച്ചയായും വിയോജിക്കുന്നു. എന്നാല്‍ ദൈവം ഒരു മാന്ത്രികനല്ലെന്നും ഒരു മാന്ത്രിക വടി വീശി അദ്ദേഹം ജീവജാലങ്ങളെ സൃഷ്ടിക്കുകയല്ലായിരുന്നു എന്നുമുള്ള ആശയം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു.'ദൈവം ഒരു അമാനുഷിക ശക്തിയോ മാന്ത്രികനോ അല്ല, മറിച്ച് ജീവിതത്തിലേക്ക് എല്ലാം കൊണ്ടുവന്ന സൃഷ്ടാവാണ്,' ഫ്രാന്‍സിസ് പറയുന്നു. 'പ്രപഞ്ചത്തിലുണ്ടാവുന്ന പരിണാമവും സൃഷ്ടിയെ കുറിച്ചുള്ള സങ്കല്‍പവും തമ്മില്‍ വൈരുദ്ധ്യം ഒന്നുമില്ല. കാരണം, പരിണാമം സംഭവിക്കുമ്പോള്‍ പരിണമിക്കപ്പെടുന്നത് സൃഷ്ടിക്കപ്പെടണം.'

മറ്റൊരു രീതിയില്‍ പഴയ ഒരു ജ്ഞാനോദയ ആശയം കടമെടുത്ത് പറഞ്ഞാല്‍, അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികനേക്കാള്‍ ദൈവം ഒരു ഘടികാരനിര്‍മ്മാതാവാണ്.

ആറു പതിറ്റാണ്ടായി -പയസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പരിഷ്‌കരണങ്ങള്‍ മുതല്‍- ദൈവീക പരിണാമത്തെ വരിച്ചിരിക്കുന്ന കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഈ ആശയത്തിന് പുതുമയില്ല. അത് തീര്‍ച്ചയായും അത്യുന്നത ശക്തിയുടെ അടിസ്ഥാന അംഗീകാരത്തില്‍ അധിഷ്ടിതമാണ്.

2006 ല്‍ വത്തിക്കാന്റെ പ്രധാന പത്രത്തില്‍ വന്ന ഒരു ലേഖനം 'ബൗദ്ധിക രൂപകല്‍പന' (Intelligent design)എന്ന ആശയത്തില്‍ നിന്നും കത്തോലിക്ക സഭയെ അകറ്റി നിറുത്തി എന്ന് മാത്രമല്ല, അത് ഒരു ശാസ്ത്രം എന്ന നിലയില്‍ സ്‌കൂളുകളിലും മറ്റും പഠിപ്പിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പരിണാമത്തെ കുറിച്ചുള്ള കൂടുതല്‍ മതേതരമായ മനസിലാക്കലുകളില്‍ നിന്നും വത്തിക്കാന്‍ ചിന്തകള്‍ എങ്ങനെ വേര്‍പ്പെട്ട് നില്‍ക്കുന്നുവെന്ന് കാത്തലിക് ന്യൂസ് സര്‍വീസ് വിശദീകരിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം


പോപ് ഫ്രാന്‍സിസ് എത്രത്തോളം ശരിയാണ്?
പോപ്പ് ഫ്രാന്‍സിസ് എന്ന ഫ്രാന്‍സിസ് പുണ്യവാളന്‍
പ്രകൃതിവിരുദ്ധ ലൈംഗികത- ഒരു പുനര്‍വായന
സ്വവര്‍ഗാനുരാഗികള്‍, വിവാഹമോചിതര്‍; സഭ നിലപാട് മാറ്റി, വീണ്ടും പഴയ ട്രാക്കിൽ
ദൈവത്തിന്റെ ബോധപൂര്‍വമായ ഒരു പ്രവര്‍ത്തിയിലൂടെയാണ് മനുഷ്യന്‍ ഉണ്ടായതെന്നും പരിണാമ പ്രക്രിയയുടെ ഒരു ഉല്‍പന്നം മാത്രമായി മനുഷ്യനെ കാണാനാവില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സഭയെന്നും ആ ലേഖനം വിശദീകരിക്കുന്നു. മനുഷ്യരിലെ ആത്മീയാംശം വെറും പ്രകൃതിനിര്‍ദ്ധാരണം(natural selection) വഴി മാത്രം വികസിക്കാവുന്ന ഒന്നല്ലെന്നും അതിന് ഒരു 'ജീവതത്വശാസ്ത്രപരമായ കുതിച്ചുചാട്ടം' (ontological leap) ആവശ്യമാണെന്നും സഭ വിശ്വസിക്കുന്നു.

ഫ്രാന്‍സിസിനെക്കാള്‍ യഥാസ്തികനായിരുന്ന അദ്ദേഹത്തിന്റെ മുന്‍ഗാമി ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പ ഈ ആശയത്തില്‍ വിശ്വസിക്കുകയും സൃഷ്ടി വാദികളും പരിണാമത്തെ പിന്തുണയ്ക്കുന്നവരും തമ്മില്‍ അമേരിക്കയില്‍ നടന്ന സംവാദത്തെ 'യുക്തിഹീനം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 'സൃഷ്ടാവില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിണാമ സിദ്ധാന്തം മനസിലാക്കാന്‍ സാധിക്കാത്തതും, പകരം പരിണാമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ദൈവത്തെ ഒഴിവാക്കേണ്ടി വരികയും ചെയ്യുന്നത് എന്തുകൊണ്ടാണ്.' 2007ല്‍ അദ്ദേഹം ചോദിച്ചു.

അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: 'ഒരു വശത്ത് പരിണാമത്തെ പിന്തുണയ്ക്കുന്ന നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് മാത്രമല്ല അത് ജീവിതത്തെയും അസ്തിത്വത്തെയും സംബന്ധിച്ചുള്ള നമ്മുടെ അറിവുകളെ പരിപോഷിപ്പിയ്ക്കുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതിനാല്‍ ഈ സിദ്ധാന്ത വൈരുദ്ധ്യം(antithesis) യുക്തിഹീനമാണ്. എന്നാല്‍ മറുവശത്ത് എല്ലാ സംശയങ്ങള്‍ക്കും, വിശിഷ്യ ആ വലിയ തത്വശാസ്ത്ര പ്രശ്‌നത്തിന് ഉത്തരം നല്‍ക്കുന്നില്ല: എവിടെ നിന്നാണ് എല്ലാം ഉത്ഭവിക്കുന്നത്? അത്യന്തികമായി മനുഷ്യനില്‍ എത്തി നില്‍ക്കുന്ന എല്ലാം എങ്ങനെയാണ് ആരംഭിച്ചത്? ഇത് വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

സംശയാലുക്കളും അവിശ്വാസികളും ഈ ചോദ്യങ്ങളുടെ പ്രാധാന്യം അംഗീകരിച്ചേക്കും. പക്ഷെ വളരെ വ്യത്യസ്ത ഉത്തരങ്ങളാണ് അവര്‍ തേടുന്നത്.


Next Story

Related Stories