UPDATES

വിദേശം

പേടിപ്പിച്ച് കീഴടക്കാമെന്ന് കരുതരുത് ഈ നഗരത്തെ: ലണ്ടനില്‍ നിന്ന് രാജേഷ് കെ എഴുതുന്നു

ലണ്ടൻ എനിക്കേറ്റവും പ്രിയപ്പെട്ട നഗരമാണ്, ഞാൻ പഠിച്ചു വളർന്ന എന്റെ പത്തനംതിട്ട കഴിഞ്ഞാൽ എനിക്കേറ്റവും സുരക്ഷിതത്വം തരുന്ന നഗരം.

രാജേഷ് കെ

രാജേഷ് കെ

ലണ്ടൻ എനിക്കേറ്റവും പ്രിയപ്പെട്ട നഗരമാണ്, ഞാൻ പഠിച്ചു വളർന്ന എന്റെ പത്തനംതിട്ട കഴിഞ്ഞാൽ എനിക്കേറ്റവും സുരക്ഷിതത്വം തരുന്ന നഗരം. ഒന്നര ദശാബ്ദത്തോളമായി എന്റെ ജീവിതത്തിന്റെ താളക്രമങ്ങൾ രൂപപ്പെടുത്തുന്ന, ഊടുവഴികൾ പോലും വളരെ പരിചിതമായ എന്റെ സ്വന്തം ലണ്ടൻ ഇന്ന് ഒരു ദിവസത്തേക്ക് എന്നെപ്പോലും സംശയത്തോടെ തുറിച്ചു നോക്കുന്നു.

യൂറോപ്പിലെ പല നഗരങ്ങളിലും കഴിഞ്ഞ കുറെക്കാലമായി ഭീതിതമായ പൊട്ടലുകൾ ഉണ്ടായിക്കൊണ്ടിരുന്നപ്പോഴും എന്റെ പല ഇംഗ്ലീഷ് സുഹൃത്തുക്കളും അകത്തുള്ള ഭയം പുറത്തു കാട്ടാതെ അമിത ആത്മവിശ്വാസത്തിലായിരുന്നു, ഇവിടെ ഒന്നും സംഭവിക്കില്ല എന്ന്. അതിനവർ നിരത്തുന്ന വാദങ്ങളും ബലമുള്ളതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി കൾച്ചറൽ സിറ്റിയാണ് ലണ്ടൻ.

ഇംഗ്ലണ്ടിന്റെ വടക്കൻ പ്രദേശങ്ങളിൽ ചിലപ്പോഴെങ്കിലും ഉണ്ടാകാറുള്ള വംശീയ അധിക്ഷേപങ്ങൾ ലണ്ടൻ നഗരത്തിന് അന്യമാണ്. ഇംഗ്ലിഷുകാർ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന നഗരം. ‘ഈക്വൽ ഓപ്പർച്ചുണിറ്റി’ക്ക് പ്രതിജ്ഞാബദ്ധമായ തൊഴിലിടങ്ങൾ. എല്ലാ ദിവസവും ആഘോഷമാക്കുന്ന ജനത. അടുത്ത കാലം വരെ, അഭയം തേടുന്നവർക്ക് എല്ലാ സഹായവും ചെയ്തുവന്ന വിശാലഹൃദയർ. 1984ലെ സിഖ് കൂട്ടക്കൊലയുടെ പേരിൽ കടന്നു കൂടിയ സിഖ് അഭയാർത്ഥികളും ശ്രീലങ്കൻ കൂട്ടക്കൊലയുടെ പേരിൽ വന്ന തമിഴ് അഭയാർത്ഥിയും മുതൽ, പാലസ്തീൻ, ഇറാഖ്, ഇറാൻ തുടങ്ങി എല്ലാ നാട്ടുകാരേയും രണ്ടു കയ്യും നീട്ടി സ്വീകരിച്ച് വീടും തൊഴിലും തൊഴിലില്ലാത്തവർക്ക് വേതനവും വരെ നൽകി വന്നവർ. ന്യൂനപക്ഷങ്ങളുടെ എല്ലാ അവകാശവും സംരക്ഷിക്കുന്ന ഭരണകൂടം. അവരിന്ന് പുനർചിന്തനം നടത്തിയാൽ തെറ്റുപറയാനാവില്ല.

Also Read: ലണ്ടന്‍ ഭീകരാക്രണം: അക്രമി ബ്രിട്ടീഷ് വംശജന്‍, പിന്നില്‍ ഐഎസ്, എട്ടു പേര്‍ അറസ്റ്റില്‍

2005 ജൂലൈ 7 ന് നാല് ചാവേറുകളടക്കം 56 പേരുടെ മരണത്തിനിടയാക്കിയ, 700 ഓളം പേർക്കു പരിക്കുപറ്റിയ ആക്രമണത്തിനുശേഷം പുറത്തറിഞ്ഞതും അറിയാത്തതുമായ ഒരു ഡസനോളം ശ്രമങ്ങളും, അതിൽ നിന്ന് ഉടലെടുത്ത അരക്ഷിതബോധവും യൂറോപ്പിന്റെ സാമ്പത്തിക ന്യൂക്ലിയസ്സായ ഇംഗ്ലണ്ടിലേക്കുള്ള അഭയാർത്ഥികളുടെ ഉന്നവുമാണ് ഇപ്പോഴും ഫലത്തെക്കുറിച്ച് ആശങ്കയുള്ള ബ്രക്സിറ്റി’ൽ ‘ യുകെ-യെ എത്തിച്ചത്. ഒരു വർഷം കൊണ്ട് പൗണ്ടിന്റെ വില 20 ശതമാനമാണിടിഞ്ഞത്, അത് ഇനിയും തുടരുമെന്ന് ആശങ്കപ്പെടുന്നു.

ലണ്ടന്റെ ഹൃദയഭാഗമാണ് ഇന്നലെ മൂന്നരയോടെ ആക്രമണം നടന്ന തെംസ് നദിക്കു കുറുകെയുള്ള വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജ്. ഇന്ത്യയുടെ ഐക്കണിക്ക് ചിത്രമായി താജ്മഹലും അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബേർട്ടിയും പോലെ ഏത് ലണ്ടൻ നഗര ചിത്രം എടുത്താലും കാണുന്ന ബിഗ് ബെന്നും പാർലമെന്റും ലണ്ടൻ ഐയും ഒക്കെ ഉൾപ്പെടുന്ന, ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രം.

നാട്ടിൽ നിന്ന് ആരു വന്നാലും ഗൈഡായി പോകാൻ വിധിക്കപ്പെട്ടിട്ടുള്ള എനിക്ക് കണ്ണടച്ച് നടക്കാൻ മാത്രം പരിചയമുള്ള സ്ഥലം. ഇന്നലെ അക്രമി വണ്ടി ഇടിച്ചു കയറ്റിയ ആ സ്ഥലമാണ് എല്ലാ ടൂറിസ്റ്റുകളും ഒരു ചിത്രം എടുക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം. അതു കൊണ്ടു തന്നെയാണ് ഈ നടപ്പാത അക്രമി തിരഞ്ഞെടുത്തതും.

നമ്മളറിയാതെ, നമ്മുടെ സ്വകാര്യതയെ ഹനിക്കാതെ നമ്മളെ നിരീക്ഷിക്കുന്ന പോലീസ് സംവിധാനമാണ് ലണ്ടൻ പോലീസ് സംരക്ഷണത്തിന്റെ സവിശേഷത. ഇന്ത്യൻ പാർലമെന്റിൽ കയറുന്നതിന്റെ പത്തിലൊന്നു കടമ്പയേ ഉള്ളൂ ബ്രിട്ടീഷ് പാർലമെന്റിൽ കയറാൻ. പക്ഷെ അത് കുറ്റമറ്റതാണ് ഒപ്പം ഭീതി ജനിപ്പിക്കുന്നതല്ല. കൊല്ലപ്പെട്ട പോലീസ് ഓഫീസർ നിരായുധനായിരുന്നു എന്നത് വിരൽ ചൂണ്ടുന്നത് ജനങ്ങളിലേക്ക് ഈ ഭീതി പകരാതിരിക്കാൻ അവരെടുക്കുന്ന മുൻകരുതലിലേക്കു തന്നെയാണ്. ഇന്നു മുതൽ ലണ്ടൻ നഗരവും അതിലെ ജനതയും സ്വച്ഛമായൊഴുകുന്ന തെംസ് പോലെ ശാന്തമായ ഒരു തിരിച്ചു പോക്കിലേക്ക് വളരെ വേഗം എത്തുന്നതിനും കാരണം ‘ബോബി’ (ബ്രിട്ടീഷ് പോലീസിന്റെ സൗഹാർദ്ദപൂർവ്വമായ വിളിപ്പേരാണത്) മാരുടെ ഈ ഇൻഡയറക്ട് നീരീക്ഷണമാണ്.

ലണ്ടന്റെ സദാ പ്രവഹിക്കുന്ന, നിലയ്ക്കാത്ത രക്തധമനികളാണ് ‘ലണ്ടൻ ട്യൂബ് ‘ എന്നു വിളിപ്പേരുള്ള ഒന്നര നൂറ്റാണ്ട് മുൻപ് നിർമ്മിക്കപ്പെട്ട 270-ലേറെ സ്റ്റേഷനുകളും ഒമ്പത് ലൈനുകളുള്ള ഭൂഗർഭ റെയിൽവേ സംവിധാനം. ജനങ്ങളിൽ ഒഴിയാത്ത ഭീതി ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2005-ൽ അക്രമികൾ ഈ റെയിൽ സംവിധാനത്തിലെ പ്രധാന സ്റ്റേഷനുകൾ ഉന്നംവച്ചത്. പക്ഷെ ലോകത്തെത്തന്നെ അതിശയിപ്പിച്ച് തലേന്ന് ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന രീതിയിൽ അടുത്ത ദിവസം മുതൽ ലണ്ടൻ അതിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു.

ഭീതി വിതയ്ക്കുക എന്നതാണ് ഏതൊരു അക്രമ പ്രവർത്തിയുടെയും പ്രാഥമിക ലക്ഷ്യം. ഇക്കഴിഞ്ഞ പാരീസ് ആക്രമണത്തിന് അടുത്ത ദിവസത്തെ ഒരു ട്രെയിൻ യാത്രയിൽ എന്റെ കമ്പാർട്ടുമെന്റിലെ ഒരു കുട്ടിയുടെ കയ്യിലിരുന്ന ബലൂൺ വലിയ ശബ്ദത്തോടെ പൊട്ടിയപ്പോൾ ആളുകൾ സീറ്റുകൾക്കിടയിൽ അഭയം പ്രാപിക്കുകയും അടുത്ത നിമിഷം ആശ്വാസത്തോടെ തമാശ ഉതിർക്കുകയും ചെയ്തത് ഞാൻ കണ്ടതാണ്. ഇന്നും അതുപോലെ ഒരു സംഭവമുണ്ടായി. നാട്ടിലേക്ക് വരാൻ ലണ്ടൻ ഹീത്രൂ എയർപോട്ടിലെത്തിയ എന്നെ അദ്ഭുതപ്പെടുത്തിയത് ഇന്നലെ ഈ സംഭവം ഉണ്ടായിട്ടുപോലും ഒട്ടും കൂടുതലില്ലാത്ത സെക്യൂരിറ്റി സംവിധാനമാണ്.

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് എമിറേറ്റ്സ് വിമാനത്തിന്റെ പ്രീ ബോർഡിങ്ങ് ലോഞ്ചിലിരിക്കുമ്പോൾ രണ്ടു പേർ വന്ന് ബോർഡുചെയ്യാൻ കാത്തിരിക്കുന്ന നമ്മുടെ അയൽരാജ്യക്കാരെന്നു തോന്നുന്ന രണ്ട് ചെറുപ്പക്കാരെ കൂട്ടിക്കൊണ്ടു പോകുകയും അവരുടെ ബാഗുകൾ തിരിച്ചിറക്കുകയും ചെയ്യുന്നത് പതിവിലേറെ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. എന്റെ അടുത്തിരുന്ന ഇംഗ്ലിഷുകാരി പറഞ്ഞത് പ്രസക്തമാണ്. ‘ആ കുട്ടികൾ നിരപരാധികളാവും, അങ്ങനെ ആവട്ടേ. എന്തെങ്കിലും സംഭവിച്ചിട്ട് ‘സോറി’ എന്നു പറയുന്നതിലും നല്ലതല്ലേ സംശയ നിവാരണം വരുത്തി അവരോട് മാന്യമായി ക്ഷമ പറഞ്ഞു വിടുന്നത്”. ഇതാണ് ഇംഗ്ലിഷുകാരുടെ മനോഭാവം.

ലോകമഹായുദ്ധത്തെയും ഏറ്റവും രൂക്ഷമായ വറുതിയെയും മോശം കാലാവസ്ഥയെയും അതിജീവിച്ച ജനതയാണവർ. നിമിഷങ്ങൾക്കുള്ളിൽ മന:സാന്നിദ്ധ്യം വീണ്ടെടുക്കുന്നവർ. ഭൂതകാലത്തിന്റെ പ്രൗഢിയിൽ അഭിരമിക്കാതെ, ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതെ, വർത്തമാനകാലത്തിൽ ജീവിക്കുന്ന ജനത.

 

രാജേഷ് കെ

രാജേഷ് കെ

ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍