TopTop
Begin typing your search above and press return to search.

ഐ എസ് റിക്രൂട്ടിംഗ്; സത്യം പുറത്തുവരട്ടെ, പക്ഷേ ഇസ്ലാമോഫോബിയ പടര്‍ത്തുന്നവരെ ചെറുക്കുക തന്നെ വേണം

ഐ എസ് റിക്രൂട്ടിംഗ്; സത്യം പുറത്തുവരട്ടെ, പക്ഷേ ഇസ്ലാമോഫോബിയ പടര്‍ത്തുന്നവരെ ചെറുക്കുക തന്നെ വേണം

കെ എ ആന്റണി

കേരളത്തില്‍ നിന്നും അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ അപ്രത്യക്ഷരായി ഐ എസില്‍ ചേരുന്നൂവെന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത് അസംബന്ധനാടകവേദിക്കാലത്തെ ഒരു നാടകമാണ്. യൂജിന്‍ യോന്‍സ്‌കോയുടെ ഏറെ പ്രശസ്തമായ റൈനോസസ് അഥവ കാണ്ടാമൃഗങ്ങള്‍ എന്ന നാടകമാണത്. ഫ്രാന്‍സിലെ ഒരു നഗരത്തില്‍ ഒരാളൊഴികെ മുഴുവന്‍ ആളുകളും പൊടുന്നനെ കാണ്ടാമൃഗങ്ങളായി മാറുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. കഴിഞ്ഞ ആറുമാസത്തിനിടയില്‍ കേരളത്തില്‍ നിന്നും യുവതികളും കുട്ടികളുമടക്കം 21 പേര്‍ അപ്രത്യക്ഷമായെന്നും ഇവരൊക്കെ ഐ എസ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം ആയിരിക്കാമെന്നുമുള്ള ബന്ധുക്കളുടെ ആശങ്കയാണ് വാര്‍ത്തകള്‍ക്ക് ആധാരം. കാണാതായവരില്‍ ചിലര്‍ അയച്ച മൊബൈല്‍- ഈമെയില്‍ സന്ദേശങ്ങള്‍ ഈ ആശങ്കയെ ബലപ്പെടുത്താന്‍ പോന്നതാണ്. 'തങ്ങള്‍ ഒടുവില്‍ അള്ളാഹുവിന്റെ രാജ്യത്ത്' എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നല്‍കുന്ന സൂചന അപ്രത്യക്ഷരായവര്‍ സിറിയയിലേക്ക് ഐ എസ് ഭീകരര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളായ റോയും ഐ ബിയും എന്‍ ഐ എ യുമൊക്കെ ഇവരെ കുറിച്ച് തകൃതിയായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണ ഏജന്‍സികളൊന്നും ഇതുവരെ കാണാതായവര്‍ക്ക് ഐ എസ് ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇസ്ലാം മതവിശ്വാസികളെ അടിക്കാന്‍ കിട്ടിയ വടിയായി സംഘപരിവാര്‍ സംഘടനകള്‍ ഈ പ്രശ്‌നത്തെ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കാണാതായവരില്‍ ഒരാള്‍ പഠിച്ചിരുന്ന കാസര്‍ഗോഡ് പൊയ്‌നാച്ചിയിലെ ഡെന്റല്‍ കോളേജിലേക്കും തൃക്കരിപ്പൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും വടകരയിലെ ഒരു മെഡിക്കല്‍ ഷോപ്പിലേക്കും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഇന്നു നടത്തിയ മാര്‍ച്ച് നല്‍കുന്ന സൂചന ഇസ്ലാമോഫോബിയ കേരളത്തില്‍ പടര്‍ന്നുപിടിക്കുന്നു എന്നതാണ്. ഹൈന്ദവ സംഘടനകള്‍ ഒരു ഭാഗത്ത് പ്രക്ഷോഭ പരിപാടികളുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ തന്നെ അപ്രത്യക്ഷരായ യുവതിയുവാക്കളുടെ സംശയിക്കപ്പെടുന്ന ഐ എസ് ബന്ധം കേരളസമൂഹത്തിലാകെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.

കാണാതായവരില്‍ ചിലരെങ്കിലും അടുത്തകാലത്തായി ക്രൈസ്തവ, ഹിന്ദു മതങ്ങളില്‍ നിന്നും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാകയാല്‍ അടുത്തകാലത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങളില്‍ ഏതോ കറുത്ത ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തിനും ബലമേറുന്നു.

ബന്ധുക്കള്‍ നല്‍കുന്ന മൊഴിയനുസരിച്ച് അപ്രത്യക്ഷരായ യുവതിയുവാക്കളുടെ പെരുമാറ്റത്തിലും വസ്ത്രധാരണ രീതിയിലും ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നുവത്രേ. പുരുഷന്‍മാര്‍ താടി നീട്ടി വളര്‍ത്താന്‍ ആരംഭിക്കുകയും സ്ത്രീകള്‍ യെമനിലെ വസ്ത്രധാരണരീതി പുലര്‍ത്തുകയും ചെയ്തതിനു പുറമെ വീട്ടില്‍ ടി വി കാണുന്ന കുടുംബാംഗങ്ങളെ അതില്‍ നിന്നും വിലക്കിയിരുന്നതായും അവര്‍ പറയുന്നു.

അപ്രത്യക്ഷരായ ഇവരൊക്കെ സത്യത്തില്‍ എവിടേക്കാണു പോയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ലെങ്കിലും ഒരുകാര്യം ശ്രദ്ധേയമാണ്, അഭ്യസ്തവിദ്യരായ ഇവര്‍ (ഇവരില്‍ പലരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാണ്) പൊതുസമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കാനും വേറിട്ട രീതിയില്‍ ചിന്തിക്കാനും ജീവിക്കാനും വല്ലാത്തൊരു വ്യഗ്രത കാണിച്ചിരുന്നു. ഇവരുടെ മതപഠന രീതി തികച്ചും വ്യത്യസ്തമായിരുന്നുവെന്നാണ് കുടുംബാംഗങ്ങളും പഴയകാല സുഹൃത്തുക്കളും നല്‍കുന്ന സൂചന. എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ പോള്‍ സക്കറിയ പണ്ട് ഉന്നയിച്ച 'ബുദ്ധിജീവികളെ കൊണ്ട് എന്തു പ്രയോജനം' എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. തികച്ചും ബുദ്ധിജീവകളല്ലെങ്കിലും അഭ്യസ്തരവിദ്യരാകയാല്‍ ഇവരേയും അര ബുദ്ധിജീവികളെന്ന് കരുതേണ്ടി വരും.

എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നതുപോലെ ഏതെങ്കിലും മതപണ്ഡിതന്മാരില്‍ നിന്നും മതബോധനം നേടിയവരല്ല ഇക്കൂട്ടര്‍. മറിച്ച് ഇന്റര്‍നെറ്റില്‍ നിന്നും ചില ഭ്രാന്തന്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളില്‍ നിന്നും ഇസ്ലാമിനെ കുറിച്ചും പ്രവാചകനെ കുറിച്ചും തെറ്റായ കാര്യങ്ങള്‍ ഗ്രഹിച്ചവരാണിവര്‍.മതതീവ്രവാദത്തെ ചെറുക്കുമ്പോള്‍ തന്നെ ഇസ്ലാമോഫോബിയയേയും എതിര്‍ക്കേണ്ടതുണ്ടെന്ന വാദമാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും, എഴുത്തുകാരന്‍ പോള്‍ സക്കറിയയും സമൂഹ്യനിരീക്ഷന്‍ ബിആര്‍പി ഭാസ്‌കറുമൊക്കെ മുന്നോട്ടുവയ്ക്കുന്നത്. അവരുടെ വാദത്തോട് ഇതെഴുതുന്നയാളും ഒരു വലിയ പരിധിവരെ യോജിക്കുന്നു. വളര്‍ന്നുവരുന്ന ഇസ്ലാമികഭീതി അത്യന്തം അപകടകരം തന്നെയാണ്. ഒരു പ്രത്യേകമതവിഭാഗത്തെ ഒന്നടങ്കം ശത്രുപക്ഷത്ത് നിര്‍ത്തി വെറുപ്പിന്റെ പ്രത്യയശാസ്ത്രം രചിക്കുന്ന ഈ രീതി നമ്മെ അപകടത്തിലേക്കെ കൊണ്ടെത്തിക്കുകയുള്ളൂ.

ഇതേസമയം അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കിടയില്‍, അവരേതു മതവിഭാഗത്തില്‍ പെട്ടവരാകട്ടെ, വളര്‍ന്നുവരുന്ന അസ്വസ്ഥത കാണാതിരിക്കുന്നതും ബുദ്ധിയല്ല. ഡോ. ഫസല്‍ ഗഫൂര്‍ തന്നെ ചൂണ്ടിക്കാട്ടുന്നതുപോലെ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരിലും അഞ്ച് ശതമാനത്തോളം പേര്‍ മാനസിക വിഭ്രാന്തിയുള്ളവരാണ്. ഈ ഭ്രാന്ത് തന്നെയാണ് അവരെ മതതീവ്രവാദത്തിലേക്കും വിധ്വംസകപ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നത്. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുക തന്നെവേണം. ചികിത്സ കുടുംബത്തില്‍ നിന്നുതന്നെ ആരംഭിക്കണമെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നു. ഗവേഷകനായ അഷറഫ് കടയ്ക്കലും ഇതേ ആശയം തന്നെ പങ്കുവയ്ക്കുന്നു.

ആദ്യമായല്ല കേരളത്തില്‍ മതതീവ്രവാദം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. സിമിയുടെ നിരോധനത്തിനുള്ള പ്രധാന കാരണം തന്നെ ആ സംഘടന ഉയര്‍ത്തിയ മതതീവ്രവാദ നിലപാടുകളായിരുന്നു. 1921 ലെ മലബാര്‍ ലഹള ഒരു കാര്‍ഷിക കലാപം ആയിരുന്നുവെങ്കിലും ഒരുസംഘം ആളുകള്‍ വ്യാപകമായ തോതില്‍ അക്രമണം അഴിച്ചുവിട്ട് ന്യായമായ ഒരു സമരത്തിന് വര്‍ഗീയമുഖം നല്‍കുകയുണ്ടായി. 1947 ല്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറത്ത് അരങ്ങേറിയ കുപ്രസിദ്ധമായ രാമസിംഹന്‍ വധക്കേസിനു പിന്നിലും വര്‍ഗീയത ആരോപിക്കപ്പെട്ടു. ഇസ്ലാം വെടിഞ്ഞ് ഹിന്ദുമതം സ്വീകരിച്ച ഉണ്ണീന്‍ സാഹിബ് എന്ന രാമസിംഹന്‍, സഹോദരന്‍ ആലിപ്പു എന്ന നരസിംഹന്‍ അയാളുടെ ഭാര്യ കമല അന്തര്‍ജനം പാചകക്കാരന്‍ രാജു അയ്യര്‍ എന്നിവര്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുകയായിരുന്നു. രക്ഷപ്പെട്ട രാമസിംഹന്റെ ഭാര്യയും രണ്ടു കുട്ടികളും കോഴിക്കോട്ടെ ആര്യസമാജത്തില്‍ അഭയം തേടി. ഇവരെ പിന്നീട് ഉത്തരേന്ത്യയിലേക്ക് അയച്ചു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1992 ല്‍ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിന്നും മത പണ്ഡിതനായ ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി വധിച്ചതിനു പിന്നിലും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് ഒരു മുസ്ലിം സിദ്ധനെ വധിച്ചതിനു പിന്നിലും തീവ്ര ഇസ്ലാമിന്റെ പ്രചാരകരായിരുന്നു. 2008 ല്‍ നടന്ന തടിയന്റവിട നസീര്‍ പ്രതിയായ കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസും വിരല്‍ ചൂണ്ടിയത് വര്‍ദ്ധിച്ചുവരുന്ന ഇസ്ലാം മത തീവ്രവാദത്തിലേക്കു തന്നെയാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും കശ്മീരിലേക്ക് ലക്ഷ്‌റെ ഇ തോയ്ബ റിക്രൂട്ട് ചെയ്ത അഞ്ചു യുവാക്കളാണ് പട്ടാളത്തിന്റെ തോക്കിന് ഇരയായത്.

ചെറിയൊരു വിഭാഗം ആളുകള്‍ അന്ധമായ മതതീവ്രവാദം പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ മതസമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അത്രകണ്ട് ശരിയാണെന്നു തോന്നുന്നില്ല. ഇതേ രീതിയിലുള്ള പ്രകടനങ്ങള്‍ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മതസംഘടനകള്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടാല്‍ ഒരു വലിയ പരിധിവരെ മതതീവ്രവാദ ഭീഷണിക്ക് തടയിടാനാവും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories