TopTop
Begin typing your search above and press return to search.

ഐ എസ് എല്‍ മൂന്നാം സീസണ്‍ ഒരുങ്ങുന്നു

ഐ എസ് എല്‍ മൂന്നാം സീസണ്‍ ഒരുങ്ങുന്നു

അഴിമുഖം പ്രതിനിധി

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റേതൊരു ടൂര്‍ണമെന്റിനേക്കാളും വേഗത്തില്‍ ആരാധക മനസ്സില്‍ ഇടംപിടിച്ച ടൂര്‍ണമെന്റാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ക്രിക്കറ്റ് ജ്വരം ബാധിച്ച, മറ്റ് കായിക ഇനങ്ങള്‍ക്ക് കാര്യമാത്ര പ്രസക്തി മാത്രമുള്ള ഇന്ത്യയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായാണ് ഐഎസ്എല്‍ അവതരിച്ചത്. എട്ട് ടീമുകളുമായി തുടങ്ങിയ ഐഎസ്എല്‍ കാണികളുടെ പങ്കാളിത്തം കൊണ്ടും മല്‍സര ആവേശം കൊണ്ടും മികച്ച ക്ലബ് ഫുട്‌ബോള്‍ ലീഗായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. എത്രത്തോളം വിജയകരമായി ഒരു ക്രിക്കറ്റ് ഇതര ടൂര്‍ണമെന്റ് സംഘടിപ്പിക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായ ഐഎസ്എല്ലിന്റെ വിജയം പിന്നീട് ഇന്ത്യന്‍ കബഡി ലീഗിനും ബാഡ്മിന്റണ്‍ ലീഗിനുമെല്ലാം വഴി തുറക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരത്തിളക്കത്തിനിടയിലും നിരവധി ആരാധക മനസ്സ് കീഴടക്കിയ ഐഎസ്എല്‍ മൂന്നാം സീസണിന് അടുത്ത മാസം ഒന്നിന് തുടക്കം കുറിക്കും.

ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് സിനിമാ, ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കി വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങ് നടക്കുക. ഫുട്‌ബോളില്‍ വളര്‍ന്ന് വരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രോല്‍സാഹനമെന്ന നിലയിലാണ് ഇത്തവണ ഉദ്ഘാടനം ഗുവാഹത്തിയില്‍ നടത്തുന്നത്. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 3-1 ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. മറ്റ് മല്‍സരങ്ങളുടെ ക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചു. ആദ്യ പാദ സെമി ഡിസംബര്‍ 10, 11 തീയതികളിലും രണ്ടാം പാദ സെമി 13, 14 തീയതികളിലും നടക്കും. ഡിസംബര്‍ 18 നാണ് ഫൈനല്‍. സെമിയുടെയും ഫൈനലിന്റെയും വേദികള്‍ തീരുമാനമായിട്ടില്ല. 79 ദിവസങ്ങളിലായി 69 മല്‍സരങ്ങളാണ് മൂന്നാം സീസണില്‍ അരങ്ങേറുക. ഓരോ ടീമും തമ്മില്‍ ഏഴു വീ ഹോം എവേ മല്‍സരങ്ങളില്‍ ഏറ്റുമുട്ടും. സെമി ഫൈനലില്‍ ഇടം നേടുന്നവരും ഓരോന്ന് വീതം ഹോം എവേ മല്‍സരങ്ങള്‍ കളിക്കും. എല്ലാ മല്‍സരങ്ങളും വൈകിട്ട് ഏഴിനാണ്.

രാജ്യത്തെ എട്ടു നഗരങ്ങളിലാണ് മല്‍സരം നടക്കുക. ടീമുകളെല്ലാം വിദേശ പരിശീലനത്തിനുള്ള തയ്യാറെടുപ്പിലാണ്. വിദേശ ക്ലബുകളുമായി പ്രദര്‍ശന മല്‍സരങ്ങളില്‍ മാറ്റുരച്ച് തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് ടീമുകളുടെ ലക്ഷ്യം. നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലനം മുഖ്യ പരിശീലകന്‍ മാര്‍ക്കോ മറ്റെരാസിയുടെ നേതൃത്വത്തില്‍ ഇറ്റലിയിലാണ്. റണ്ണറപ്പായ എഫ്‌സി ഗോവ കോച്ച് സീക്കോയുടെ നാടായ ബ്രസീലില്‍ പരിശീലനം നടത്തും. മുംബൈ എഫ്‌സി സ്ഥിരം ഗ്രൗണ്ടായ ദുബായിലും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും പൂനെ എഫ്‌സിയും സ്‌പെയിനിലുമാണ് പരിശീലിക്കുക. ഡല്‍ഹി ഡൈനാമോസ് സ്വീഡന്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ തെരെഞ്ഞെടുത്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ദക്ഷിണാഫ്രിക്കയിലേക്ക് പോകും. കഴിഞ്ഞ തവണ വിദേശ പരിശീലനം ഒഴിവാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ആ കുറവ് നികത്താന്‍ തായ്‌ലന്റിലേക്ക് പറക്കും.കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് കഴുകിക്കളഞ്ഞ് ശക്തമായി തിരിച്ചു വരികയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. പുതിയ ഉടമകളും പുതിയ പരിശീലകനും മാര്‍ക്വീ താരവും വിദേശ താരനിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാം സീസണിനെത്തുന്നത്. മുന്‍ ആഴ്‌സണല്‍ താരം ഗ്രഹാം സ്റ്റാക്ക് ഗോള്‍ കീപ്പര്‍ സ്ഥാനത്തെത്തിയിട്ടുണ്ട്. അന്റോണിയോ ജര്‍മന്‍, ജോസു എന്നിവരെ ടീം നിലനിര്‍ത്തി. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച മുന്‍ ന്യൂകാസില്‍ യുണൈറ്റഡ് താരം മൈക്കിള്‍ ചോപ്ര ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് പുതുമുഖത്തെ കണ്ടെത്താന്‍ സെലക്ഷന്‍ ട്രെയല്‍സും ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കോച്ച് സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തില്‍ ഉടന്‍ പരിശീലനം ആരംഭിക്കുന്ന ബ്ലാസ്റ്റേഴ്‌സ് കേരളത്തിനകത്തും പുറത്തും പരിശീലന മല്‍സരങ്ങള്‍ കളിക്കും. ഒക്‌ടോബര്‍ അഞ്ചിന് ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ ആദ്യ ഹോം മല്‍സരം കളിക്കും. ഒക്‌ടോബര്‍ 9, 14, നവംബര്‍ 8, 12, 25, ഡിസംബര്‍ 4 തീയതികളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ മറ്റു മല്‍സരങ്ങള്‍.

കേരളത്തിന്റെ മനസ്സ് കീഴടക്കിയ ഇയാന്‍ ഹ്യൂമുള്‍പ്പെടെയുള്ളവര്‍ വാണ കളത്തിലേക്ക് വന്‍ വിദേശ താരനിരയാണ് ഇത്തവണയും പറന്നിറങ്ങുന്നത്. മുംബൈയുടെ മാര്‍ക്വീ താരം ഉറുഗ്വേയുടെ ഡീഗോ ഫോര്‍ലാനാണ്. മുന്‍ റയല്‍ മാഡ്രിഡ് താരം റൂബന്‍ ഗോണ്‍സാലസ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം സമീര്‍നബി, മുന്‍ ചെല്‍സി താരം ഫ്‌ലോറന്റ് മലൗഡ എന്നിവരെ ഡല്‍ഹി ഡൈനാമോസും ഡുഡു ഓഗ്മി ചെന്നൈയിന്‍ എഫ്‌സിയും സ്വന്തമാക്കി. അതേസമയം കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോററായ സ്റ്റീവന്‍ മെന്‍ഡോസയുടെ അഭാവം നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിക്കും ഐഎസ്എല്ലിനും കനത്ത നഷ്ടമാണ്.

ഐഎസ്എല്‍ ഫൈനല്‍ കൊച്ചിയില്‍ നടക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. അണ്ടര്‍- 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ കൊല്‍ക്കത്തയ്ക്ക് ഹോം ഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം ലഭിക്കാത്തതാണ് കൊച്ചിക്ക് വഴി തുറന്നത്. കൊച്ചിക്ക് ലഭിച്ചില്ലെങ്കില്‍ അടുത്ത സാധ്യത ചെന്നൈയ്ക്കാണ്. രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനമോസ് മല്‍സരത്തില്‍ കാണികളുടെ എണ്ണത്തില്‍ 68,000 മെന്ന റെക്കോര്‍ഡിനും കൊച്ചി സാക്ഷിയായി. ടിക്കറ്റ് വില്‍പ്പനയിലും കൊച്ചിയാണ് മികച്ച വേദി.

രണ്ടാം സീസണിലെ ഫൈനലിനു പിന്നാലെ എഫ്‌സി ഗോവ സഹ ഉടമ ദത്തരാജിനെ ആക്രമിച്ചതിന് ചെന്നൈയിന്‍ എഫ്‌സിയുടെ മാര്‍ക്വീ താരം എലാനോ ബ്ലൂമര്‍ അറസ്റ്റിലായ സംഭവമൊഴിച്ചാല്‍ രണ്ട് സീസണുകളും കാര്യമായ പ്രശ്‌നങ്ങളില്ലാതെയാണ് കടന്നു പോയത്. ഗ്ലാമര്‍ ലീഗായ ഐപിഎല്ലില്‍ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ നിറഞ്ഞപ്പോഴും കളി മികവുമായി ഐഎസ്എല്‍ മുന്നേറുകയാണ്.


Next Story

Related Stories