TopTop

ബിജെപി നിയന്ത്രിത സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കിയെന്ന് സാക്കിര്‍ നായ്ക്കിന്റെ വെളിപ്പെടുത്തല്‍; രാജീവ് ഗാന്ധി ട്രസ്റ്റ് സംഭാവന മടക്കി

ബിജെപി നിയന്ത്രിത സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കിയെന്ന് സാക്കിര്‍ നായ്ക്കിന്റെ വെളിപ്പെടുത്തല്‍; രാജീവ് ഗാന്ധി ട്രസ്റ്റ് സംഭാവന മടക്കി
കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്ന ആളാണ് താനെന്നത് വ്യാജ പ്രചാരണമാണെന്ന് ഇസ്ലാമിക പ്രവര്‍ത്തകനും വിവാദ പ്രഭാഷകനുമായ സാക്കിര്‍ നായിക്ക്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധമില്ല, എന്നാല്‍ രാഷട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് സാക്കിര്‍ നായിക്കിന്റെ വെളിപ്പെടുത്തല്‍.

രാജീവ്ഗാന്ധി ചാരിറ്റി ട്രസ്റ്റിന് 50 ലക്ഷം രൂപ സംഭാവന നല്‍കിയെങ്കിലും കാരണം പറയാതെ അവര്‍ അത് തിരിച്ചുനല്‍കുകയായിരുന്നുവെന്ന് സാക്കിര്‍ നായിക്ക് പറഞ്ഞു. ഇതിന്റെ അഞ്ചിരിട്ടി ബിജെപി നിയന്ത്രിക്കുന്ന വിവിധ സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. സോമയ്യ ട്രസ്റ്റിന് ലക്ഷക്കണക്കിന് രൂപയാണ് നല്‍കയിത്. 2007 മുതല്‍ 2011 വരെ അവരുടെ ഹാളിലാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പരിപാടികള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നിയന്ത്രിത സര്‍ക്കാരുകള്‍ക്ക് കീഴില്‍ മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും താന്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സാക്കിര്‍ നായിക്ക് ക്ലാസ് എടുത്തത് ബിജെപി വിവാദമാക്കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. നിരവധി തവണ പൊലീസ അക്കാദമിയില്‍ ഭീകരവിരുദ്ധ ക്ലാസ് എടുത്തിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സമാധാനത്തിന്റെ അപോസ്തലനായാണ് സാക്കിര്‍ നായിക്കിനെ കാണുന്നതെന്നായിരുന്നു നരേന്ദ്ര മോദിയുടെ വിമര്‍ശനം. ഇതിനെ രൂക്ഷമായാണ് സാക്കിര്‍ നായിക്ക് നേരിട്ടത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ താന്‍ ഇത്തരത്തില്‍ പ്രഭാഷണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സൗദിയിലെ സല്‍മാന്‍ രാജാവ് തനിക്ക് ഇസ്ലാമിക രാജ്യങ്ങളിലെ ഏറ്റവും വലിയ അവാര്‍ഡ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സല്‍മാന്‍ രാജാവിനെ തീവ്രവാദിയാക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ദുബായ് സര്‍ക്കാര്‍ തനിക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. മോദി ഉന്നയിച്ച ആരോപണം സത്യസന്ധമാണെങ്കില്‍ ഈ രാഷട്രനേതാക്കളെയും തീവ്രവാദികളെന്ന് വിളിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയിലെ തീവ്രവാദ ആക്രമണത്തിന് പിന്നില്‍ തന്റെ അനുയായികളാണെന്ന മോദിയുടെ ആരോപണവും അദ്ദേഹം തള്ളികളഞ്ഞു. തന്റെ പ്രഭാഷണത്തിന്റെ സി ഡി കൈവശമുള്ള ആളുകള്‍ ഭീകര പ്രവര്‍ത്തനം നടത്തിയെങ്കില്‍ താന്‍ എങ്ങനെ കുറ്റക്കാരനാവുമെന്ന് അദ്ദേഹം ചോദിച്ചു. പല രാഷ്ട്ര നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും പക്കല്‍ തന്റെ പ്രഭാഷണത്തിന്റെ സിഡി ഉണ്ടെന്നും അവരെ ഭീകരരായി ചിത്രീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയിലേക്ക് വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് തിരിച്ചുവന്ന് തനിക്കെതിരായ നിയമ നടപടികള്‍ നേരിടുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയില്ല. ഇക്കാര്യത്തില്‍ ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കുമെ്ന്ന് അദ്ദേഹം വിശദീകരിച്ചു.

താന്‍ വിമര്‍ശിക്കപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജനപ്രിയതയാണ് ഒരു കാരണം. ലോകത്തെ ഏറ്റവും ജനപ്രിയനായ മത പ്രഭാഷകന്‍ താന്‍ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്ലാമിന്റെ സത്യത്തിലേക്ക് തന്റെ പ്രഭാഷണം കേട്ട് ആളുകള്‍ എത്തുന്നതാണ് വിമര്‍ശിക്കപ്പെടാന്‍ മറ്റൊരു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്‌ഐഎസ് ഇസ്ലാമിക വിരുദ്ധമായ ഭീകര സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും പീസ് ടിവിയുടെയും സ്ഥാപകനാണ് സാക്കിര്‍ നായിക്ക്. മത പ്രചാരകന്‍ ആകുന്നതിന് മു്മ്പ് ഡോക്ടറായി സേവനം അനുഷ്ടിച്ചിരുന്നു. താരതമ്യ മത പഠനമാണ് തന്റെ മുഖ്യഅന്വേഷണ വിഷയമെന്ന് പറയുന്ന സാ്ക്കീര്‍ നായിക്കിന്റെ നിരവധി പ്രഭാഷണങ്ങള്‍ വിവാദമായിട്ടുണ്ട്. ഏറ്റവും സത്യമുള്ള മതം ഇസ്ലാം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബംഗ്ലാദേശില്‍ ഭീകരാക്രമണം നടത്തിയവര്‍ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ പ്രചോദിതരായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

Read More: മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു

Next Story

Related Stories