TopTop
Begin typing your search above and press return to search.

ട്രംപ് എന്തെങ്കിലും പറഞ്ഞോട്ടെ; ഇസ്ലാമിക് സ്റ്റേറ്റ് പിന്‍വലിയുകയാണ്

ട്രംപ് എന്തെങ്കിലും പറഞ്ഞോട്ടെ; ഇസ്ലാമിക് സ്റ്റേറ്റ് പിന്‍വലിയുകയാണ്

ഡാനിയല്‍ ബിമാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യു.എസിനെ ശക്തമായ പിന്തുണയോടെ ഇറാഖി സേന മൊസൂളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ സാവധാനം പുറന്തള്ളുകയാണ്. ഇറാഖിലെ ഐ എസിന്റെ തലസ്ഥാനവും അവര്‍ കൈവശം വെക്കുന്ന ഏറ്റവും വലിയ നഗരവുമാണത്. നഗരത്തിനടുത്തുള്ള ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കൈവിട്ടുപോയതോടെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ഓടിപ്പോകാന്‍ തുടങ്ങി. മൊസൂള്‍ നഷ്ടപ്പെടുന്നത് അവര്‍ നേരിടുന്ന വലിയ നഷ്ടങ്ങളില്‍ ഒന്നാണ്. 2008-ല്‍ മരണത്തിനോടടുത്ത അവസ്ഥയില്‍ നിന്നും നാം തിരിച്ചുവന്നിട്ടുണ്ടെന്ന വാക്കുകളുമായി നേതാക്കള്‍ പോരാളികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് എല്ലായിടത്തും വലിയ നഷ്ടം നേരിടുകയാണ്, യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒഴികെ.

ഡൊണാള്‍ഡ് ട്രംപ് പ്രത്യേകിച്ചും തീവ്രവാദ ഇസ്ളാമിക ഭീകരതയുടെ വലിയ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയെ ഡെമോക്രാറ്റുകളുമായി കൂട്ടിക്കെട്ടാനും അയാള്‍ മറന്നില്ല. തോല്‍ക്കുമെന്ന് ഉറപ്പുള്ള തന്ത്രത്തില്‍ ഒബാമ സൈനിക ജനറല്‍മാരെ കുരുക്കിയിട്ടു എന്നാണ് ആക്ഷേപം. മൊസൂള്‍ ആക്രമണം തുടങ്ങി കുറച്ചു ദിവസത്തിനുള്ളില്‍ ട്രംപ് ട്വീറ്റ് ചെയ്തു,“മൊസൂള്‍ ആക്രമണം തീര്‍ത്തൂം ദുരന്തമാകാന്‍ പോകുന്നു. നമ്മളവര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പേ വിവരം നല്കി. യു.എസ് മണ്ടന്മാരെപ്പോലെയാണ് കാണപ്പെടുന്നത്. ട്രംപിന് വോട്ട് ചെയ്യൂ വീണ്ടും വിജയിക്കൂ.” ഹിലാരി ക്ലിന്റനും ഇടക്കിടെ ഇസ്ലാമിക് സ്റ്റേറ്റിനെ പരാമര്‍ശിക്കും, വാചകമടിയില്‍ അവര്‍ ട്രംപിനെ അപേക്ഷിച്ച് വകതിരിവ് കാണിക്കാറുണ്ടെങ്കിലും.

ട്രംപ് ഈ സംഘത്തെക്കുറിച്ചുള്ള കെട്ടിപ്പൊക്കിയ ഭീതിയില്‍ കുരുങ്ങിയിരിക്കുകയാണ്. 2016 ആദ്യസമയത്തെ അഭിപ്രായ കണക്കെടുപ്പുകള്‍ കാണിക്കുന്നത് 73% അമേരിക്കക്കാരും ഇസ്ലാമിക് സ്റ്റേറ്റിനെ ഗുരുതരമായ ഭീഷണിയായാണ് കാണുന്നത് എന്നാണ്. മറ്റൊരു 17% താരതമ്യേന ഗൌരവമായ ഭീഷണിയായും. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറമുള്ള ഒരു അപൂര്‍വ വിഷയം. 80%-വും കരുതുന്നത് ഇസ്ലാമിക് സ്റ്റേറ്റിന് യു.എസില്‍ ആസ്തികളുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും യു.എസിനെതിരെ വലിയൊരു ഭീകരാക്രമണം നടത്താന്‍ കഴിയുമെന്നുമാണ്.ഇസ്ലാമിക് സ്റ്റേറ്റ് തകരുന്നു എന്ന നല്ല വാര്‍ത്ത അമേരിക്കക്കാരെ വിശ്വസിപ്പിക്കാന്‍ വിഷമമാണ്. തങ്ങളുടെ പക്കലുണ്ടായിരുന്ന ഇറാഖിലെ പകുതിയോളവും സിറിയയിലെ കാല്‍ഭാഗവും സ്ഥലങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. വിദേശ പോരാളികളുടെ ഒഴുക്കിന് സഹായിച്ച തുര്‍ക്കിയുമായുള്ള അതിര്‍ത്തിയിലെ നിര്‍ണായക പ്രദേശവും ഇതില്‍പ്പെടും-30,000ത്തിലേറെ പേരാണ് സിറിയയിലേക്ക് യുദ്ധം ചെയ്യാനായി സംഘത്തോടൊപ്പം പോയത്. എണ്ണ ശേഖരങ്ങളുടെ മേല്‍ സഖ്യസേനയുടെ ബോംബാക്രമണവും വിവിധ നഗരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ തകരുന്ന നികുതി വരുമാനവും ഒരിക്കല്‍ ധനികമായിരുന്ന സംഘത്തെ ദരിദ്രമാക്കുകയാണ്. വിദേശ പോരാളികളുടെ വരവും ശുഷ്കമായിരിക്കുന്നു; 2015-ല്‍ പ്രതിമാസം 2000 പേരെങ്കിലും തുര്‍ക്കിയിലെ അതിര്‍ത്തികടന്നു വന്നിരുന്നു. 2016-ല്‍ ഇത് 50-ആയി ചുരുങ്ങി.

ഇറാഖിനും സിറിയക്കും പുറത്തു ഐ എസിന്റെ വ്യാപനവും പിറകോട്ടടിച്ചു. അവര്‍ക്ക് ഏറ്റവും സ്വാധീനം നേടാന്‍ കഴിഞ്ഞ ലിബിയയിലെ സിര്‍ത്ത് ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല സേനയുടെ പക്കലാണ്. പ്രദേശങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് സംഘം തന്നെ സമ്മതിക്കുന്നു. പുതിയ പോരാളികളെ ആകര്‍ഷിക്കുന്നതിന് ഒരു യഥാര്‍ത്ഥ ഇസ്ളാമിക സര്‍ക്കാരിന് കീഴില്‍ ജീവിക്കാനുള്ള വാഗ്ദാനമാണ് അവര്‍ മുന്നോട്ടുവെച്ചിരുന്നത്. അതുകൊണ്ടുതന്നെ സൈനിക പരാജയം ഇരട്ടി നഷ്ടമാണ്; ഭൂപ്രദേശവും വിഭവസ്രോതസുകളും അവര്‍ക്ക് നഷ്ടപ്പെടുന്നു. ഒപ്പം പോരാളികളെ ആകര്‍ഷിക്കാനുള്ള പ്രധാന ശേഷിയും.

ഒബാമ സര്‍ക്കാരിന് മുഴുവനായോ ഭാഗികമായോ ഉള്ള നേട്ടമൊന്നും ഇതില്‍ അവകാശപ്പെടാനില്ല. വീഴ്ച്ചക്ക് വലിയ ഉത്തരവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ്. അത് റഷ്യ, ഇറാന്‍, ലേബനനിലെ ഹെസ്ബോള്ള, സിറിയ, ഇറാഖ്, ഫ്രാന്‍സ്, യു.എസ്, പിന്നെ മറ്റ് ശത്രുക്കള്‍ അങ്ങനെ ഏതാണ്ട് എല്ലാവര്‍ക്കുമെതിരെ യുദ്ധം ചെയ്തു. സിറിയയിലെ അല്‍-ക്വെയ്ദ ശാഖയായ ജബാത്ത് ഫത്താ അല്‍ ഷെമീല്‍ നിന്നും വിഭിന്നമായി ഇസ്ലാമിക് സ്റ്റേറ്റ് മറ്റ് സിറിയന്‍ പ്രതിപക്ഷ കക്ഷികളുമായി യുദ്ധം ചെയ്തു. തങ്ങളോടു വിധേയത്വം ആവശ്യപ്പെട്ടുകൊണ്ട് ഇസ്ളാമിക തീവ്രവാദികളുമായടക്കം. നടന്നുപോകുമ്പോള്‍ ‘നമ്മള്‍ ലോകത്തിന് മുഴുവന്‍ എതിരെ’ എന്നത് തീവ്രവാദികളെ ഉത്തേജിപ്പിക്കുമെങ്കിലും സാധാരണയായി ഇത്തരം പോരാട്ടങ്ങളില്‍ ലോകം തന്നെയാണ് ജയിക്കാറ്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ചരമക്കുറിപ്പെഴുതാന്‍ സമയമായിട്ടില്ല. പക്ഷേ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ കടുത്ത ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്; ഇസ്ലാമിക് സ്റ്റേറ്റിനെ അവസാനിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടത്, ചുരുങ്ങിയത് മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനെങ്കിലും? 2010-ല്‍ അത് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ആയിരുന്ന സമയത്ത് അവര്‍ പരാജയത്തിന്റെ വക്കിലായിരുന്നു. സാധാരണക്കാരായ ഇറാഖുകാര്‍ അവര്‍ക്കെതിരായി. യു.എസ്- ഇറാഖി സേനകള്‍ അവരുടെ സന്നാഹങ്ങളെ തകര്‍ത്തു. തങ്ങളുടെ ഭൂനിയന്ത്രണം ഉപേക്ഷിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഒളിപ്പോരിലേക്കും ഭീകരാക്രമണങ്ങളിലേക്കും തിരിഞ്ഞു. യു.എസ് അടക്കമുള്ള എതിരാളികള്‍ ഒരു പിഴവുവരുത്താനായി അവര്‍ കാത്തിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഈ നഷ്ടങ്ങളും പിന്നെ തിരിച്ചുവന്നതും പോരാളികളെ ഉത്തേജിപ്പിക്കാന്‍ ഐ എസ് ആവര്‍ത്തിച്ചു പറയുന്നു. സംഘത്തിന്റെ നേതാക്കള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ജബാത്ത് ഫത്താ അല്‍-ഷെം പോലുള്ള സംഘങ്ങളും ഈ ഒഴിവിലേക്ക് വരും.യു.എസും ദീര്‍ഘകാലത്തേക്ക് ചിന്തിക്കണം. പ്രാദേശിക പങ്കാളികള്‍ക്കൊത്ത് പ്രവര്‍ത്തിക്കുകയും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടങ്ങള്‍ക്ക് തയ്യാറെടുത്ത് സഖ്യക്ഷികളെ വീണ്ടെടുത്ത ഭൂപ്രദേശങ്ങള്‍ ഭരിക്കാന്‍ സഹായിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന രാജ്യങ്ങളും സംഘങ്ങളുമെല്ലാം പരസ്പരം അവിശ്വാസം വെച്ചുപുലര്‍ത്തുന്നു. ചിലര്‍ ഇപ്പോള്‍ത്തന്നെ മറ്റുചിലരെ വെടിവെക്കുന്നു. ലെബനനിലെ ഹെസ്ബോള്ളയോ റഷ്യയോ പോലുള്ളവരാകട്ടെ യു.എസിന്റെ സുഹൃത്തുക്കളെയല്ല.

കൂടുതല്‍ അന്താരാഷ്ട്ര ഭീകരവാദം പരാജയപ്പെടാനാണ് സാധ്യത, പക്ഷേ അതിനെ പ്രതീക്ഷിക്കുക തന്നെവേണം. ഇസ്ലാമിക് സ്റ്റേറ്റ് അതിനെ അന്താരാഷ്ട്രവത്കരിക്കാനാണ് ശ്രമിക്കുക. വലിയ ശ്രദ്ധ പിടിച്ചുപറ്റുന്ന നീക്കങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടത്തി ഈ നഷ്ടത്തെ മറച്ചുപിടിക്കാന്‍ അവര്‍ ശ്രമിക്കും. ഈ വര്‍ഷം ആദ്യം വിദേശ ദൌത്യങ്ങളുടെ നേതാവ് അബു മുഹമ്മദ് അല്‍-അദ്നാനി (അടുത്തിടെ യു.എസ് വ്യോമാക്രമണത്തില്‍കൊല്ലപ്പെട്ടു) ഇങ്ങനെ പ്രഖ്യാപിച്ചു,“അവരുടെ മണ്ണില്‍ നിങ്ങള്‍ നടത്തുന്ന ചെറിയ ദൌത്യമാണ് ഞങ്ങളുടെ വലിയ ദൌത്യത്തെക്കാള്‍ പ്രധാനവും അവര്‍ക്ക് കൂടുതല്‍ നാശം വരുത്തുന്നതും.” വിദേശ പോരാളികള്‍ ഖിലാഫത്തില്‍ നിന്നും ലെബനനിലെക്കൊ അയല്‍രാഷ്ട്രങ്ങളിലെക്കൊ ഓടിപ്പോവുകയും അവിടെ അക്രമം വിതയ്ക്കുകയും ചെയ്യാം.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യു.എസിന്റെ വലിയ വിജയങ്ങള്‍ക്കൊപ്പവും അതിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിലെ വലിയ പരാജയം പിന്‍വലിയലാണ്. 9/11 മുതല്‍ താരതമ്യേന കുറവ് മരണങ്ങളെ നേരിട്ടിട്ടുള്ളൂവെങ്കിലും അമേരിക്കക്കാരുടെ ഭീകരവാദപ്പേടി കുറഞ്ഞിട്ടില്ല. നിര്‍ഭാഗ്യവശാല്‍, ട്രംപിനെ പോലുള്ള രാഷ്ട്രീയക്കാര്‍ ചെറിയ ആക്രമണങ്ങളുടെ ആഘാതത്തെപ്പോലും പര്‍വ്വതീകരിക്കുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിന് ഉള്ളതിനെക്കാള്‍ കൂടുതല്‍ ശക്തി തോന്നിക്കും.


Next Story

Related Stories