TopTop
Begin typing your search above and press return to search.

ഇസ്ലാമിക് സ്റ്റേറ്റിന് യസീദി സ്ത്രീകളെന്നാല്‍ കൊള്ളമുതല്‍

ഇസ്ലാമിക് സ്റ്റേറ്റിന് യസീദി സ്ത്രീകളെന്നാല്‍ കൊള്ളമുതല്‍

ലവ്ഡേ മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാഖിലെ ന്യൂനപക്ഷമായ യസീദി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ വെപ്പാട്ടികളാക്കുന്നതിനായി അടിമകളാക്കുകയായിരുന്നു തങ്ങളെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കഴിഞ്ഞ ഞായറാഴ്ച വീമ്പിളക്കിയിരുന്നു. മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതനുസരിച്ച് കൗമാരപ്രായക്കാരികളെ ആയിരവും അതിലധികമോ ഡോളറിനു വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍.

ഇംഗ്ലീഷിലുള്ള ഒരു ഇസ്ളാമിക്‌ സ്റ്റേറ്റ് പ്രചാരണ മാസിക പറയുന്നത്‌ നഗരങ്ങളും ഗ്രാമങ്ങളും പിടിച്ചടക്കിയശേഷം കീഴടക്കപ്പെട്ട യസീദി സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികള്‍ കണക്കാക്കുന്നത്‌ യുദ്ധത്തിനു ശേഷം കൈവന്ന കൊള്ളമുതലായാണെന്നാണ്‌. യസീദി സ്ത്രീകള്‍ തടഞ്ഞുവയ്ക്കപ്പെടുന്നുവെന്നും ലൈംഗികമായി ആക്രമിക്കപ്പെടുന്നുവെന്നും ഉള്ള വ്യാപകമായ ആരോപണങ്ങള്‍ പുറത്തു വന്നതിനുശേഷം ഇതാദ്യമായാണ്‌ അവരുടെ ഭാഗത്തുനിന്നുതന്നെ ഇത്തരമൊരു സ്ഥിരീകരണം ലഭിക്കുന്നത്‌.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ വടക്കേ ഇറാഖിലെ സിഞ്ചാര്‍ മേഖലയില്‍ ഇസ്ളാമിക ഭരണകൂടം നടത്തിയ തേര്‍വാഴ്ചയില്‍ പതിനായിരക്കണക്കിന്‌ യസീദികള്‍ക്കാണ്‌ കിടപ്പാടം വിട്ടോടി പോകേണ്ടിവന്നത്‌. ഇത് വംശഹത്യാ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്‌ ഒബാമയെ പ്രേരിപ്പിച്ചു.ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞത്‌ പുരുഷന്‍മാരെ കൂട്ടക്കൊല നടത്തുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും ഐ എസ് തടവിലാക്കുന്നു എന്നാണ്‌.

തടഞ്ഞുവെയ്ക്കപ്പെട്ട യസീദി കുടുംബങ്ങളില്‍ നിന്നും ചെറുപ്പക്കാരായ സ്ത്രീകളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും വേര്‍പിരിക്കുന്നതായി ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ച്‌ (HRW) ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

"യസീദികള്‍ക്കെതിരെയുള്ള ഇസ്ളാമിക ഭരണകൂടത്തിന്‍റെ കുറ്റകൃത്യങ്ങളുടെ പട്ടിക വലുതായിക്കൊണ്ടിരിക്കുകയാണ്," HRW യുടെ ഉപദേശകനായ ഫ്രെഡ്‌ അബ്രഹാംസ്‌ പറയുന്നു. തടവിലക്കപ്പെട്ട 366 യസീദികളുടെ വിവരങ്ങളടങ്ങിയ പട്ടിക ഈ സംഘം തയ്യാറാക്കിയിട്ടുണ്ട്‌. പക്ഷേം തടവിലാക്കപ്പെട്ട ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതനുസരിച്ച്‌ ആയിരത്തിലധികം പേര്‍ അവിടെ അകപ്പെട്ടിട്ടുണ്ട്‌. യസീദികള്‍ക്കു പുറമേ ക്രിസ്ത്യാനികളും ഷിയ ന്യൂനപക്ഷവും പാര്‍ക്കുന്ന സിഞ്ചാര്‍ മേഖലയില്‍ നിന്നും മുന്നേറ്റസമയത്ത്‌ 1500 ഓളം സ്ത്രീകള്‍ പിടിച്ചുവയ്ക്കപ്പെട്ടതായാണ്.ഇറാഖി ഗവണ്‍മെന്‍റ് പറയുന്നത്.

അവരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട ഒരു പതിനഞ്ചുകാരി പറഞ്ഞത്‌ ഒരു പലസ്തീനിയന്‍ ഇസ്ളാമിക്‌ സ്റ്റേറ്റ്‌ പോരാളി അവളെ വാങ്ങിയത്‌ ആയിരം ഡോളറിനാണെന്നാണ്‌.

സ്ത്രീകളെയും കുട്ടികളെയും പോരാളികള്‍ക്കിടയില്‍ വിതരണം ചെയ്യത്‌ ഇസ്ളാം മത നിയമം അനുശാസിക്കുന്ന വിധത്തിലാണെന്നാണ്‌ ഇസ്ളാമിക സ്റ്റേറ്റ്‌ മാസികയായ ദാബിഖ്‌ പറയുന്നത്‌.

"അടിമകളാക്കപ്പെട്ട യസീദി കുടുംബങ്ങളെ ഇപ്പോള്‍ വില്‍ക്കുന്നത്‌ ഇസ്ളാമിക സ്റ്റേറ്റിന്റെ പട്ടാളക്കാരാണ്‌," മാസിക തുടരുന്നു. യഹൂദന്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും യുദ്ധത്തില്‍ പിടികൂടപ്പെട്ടാല്‍ പിഴയൊടുക്കിയോ മതം മാറിയോ രക്ഷപ്പെടാമെന്നിരിക്കെ ബഹുദേവതാ വിശ്വാസികളായ യസീദികളെ യുദ്ധത്തില്‍ പിടികൂടപ്പെട്ടാല്‍ അടിമകളാക്കാമെന്നാണ്‌ലേഖനം വാദിക്കുന്നത്‌.

തുടര്‍ന്ന് ഇസ്ളാം മതത്തെ അങ്ങേയറ്റം തീവ്രവാദപരമായ തരത്തില്‍ വ്യാഖ്യാനിച്ച്‌ ഈ അന്യായതടങ്കലിനെ ന്യായീകരിക്കുന്ന ലേഖനം മതസ്ഥാപനത്തിനുശേഷം നടന്ന ഏറ്റവും വലിയ അടിമവല്‍ക്കരണമായി പൊങ്ങച്ചം വിളമ്പുകയും ചെയ്യുന്നു."അവിശ്വാസികളുടെ കുടുംബങ്ങളെ അടിമകളാക്കുന്നതും അവരുടെ സ്ത്രീകളെ വെപ്പാട്ടികളാക്കുന്നതും ഇസ്ളാം മതത്തിലെ അംഗീകൃതമായ കാര്യമാണെന്ന് ഓരോരുത്തരും ഓര്‍ക്കേണ്ടതാണ്‌," മാസിക പറയുന്നു. "അവരുടെ വംശം സത്യത്തില്‍ നിന്നും ഏറെ വ്യതിചലിച്ചവരാണ്‌. കാലാകാലങ്ങളായി കുരിശിനെ ആരാധിക്കുന്ന ക്രിസ്ത്യാനികള്‍ പോലും അവരെ ചെകുത്താനെ ഉപാസിക്കുന്നവരും ദുര്‍മന്ത്രവാദികളുമായിട്ടാണ്‌ കണക്കാക്കുന്നത്‌."

അടിമത്ത നിരോധനം വലിയ തോതിലുള്ള വ്യഭിചാരത്തിനും പരസ്ത്രീഗമനത്തിനും ഇടയാക്കിയതായി ലേഖനം ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാന്‍ സാധിക്കാത്ത പുരുഷന്‍മാര്‍ക്ക്‌ വീട്ടുജോലിക്കാരെക്കാണുമ്പോള്‍ പ്രലോഭനം ഉണ്ടാകുന്നു. "അവള്‍ അവന്റെ വെപ്പാട്ടിയാണെങ്കില്‍ ആ ബന്ധം നിയമവിധേയമാകുമായിരുന്നു." ലേഖനത്തില്‍ പറയുന്നു.

HRW ഇന്റർവ്യൂ ചെയ്ത യസീദി സ്ത്രീകളാരുംതന്നെ തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പറഞ്ഞിട്ടില്ല എങ്കിലും ലൈംഗികാതിക്രമം കാട്ടുന്നുവെന്ന ദുഷ്പേര്‌ യാഥാസ്ഥിതിക വിഭാഗത്തിന്മേല്‍ ആഴത്തില്‍ പതിഞ്ഞുകഴിഞ്ഞു.

HRW ഇന്റർവ്യൂ ചെയ്ത ഒരു സ്ത്രീ പറഞ്ഞത്‌ അവരെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ നിന്നും ഒരു സ്കൂളില്‍ നിന്നും "വധുക്കളെ" കൊണ്ടുപോകുന്നത്‌ അവര്‍ കണ്ടുവെന്നാണ്‌.


"അതില്‍ 12 ഉം 13 ഉം 20 വയസ്സുവരെ ഉള്ളവരുണ്ടായിരുന്നു," അവര്‍ പറഞ്ഞു. "ചിലരെ ബലം പ്രയോഗിച്ചാണ്‌ കൊണ്ടുപോയത്‌. ചില ചെറുപ്പക്കാരികള്‍ വിവാഹം കഴിഞ്ഞുവെങ്കിലും കുട്ടികളില്ലാത്തവരായിരുന്നു. അതുകൊണ്ട്‌ ഇസ്ലാമിക് സ്റ്റേറ്റ് പട്ടാളക്കാര്‍ അവരെ വിവാഹം കഴിഞ്ഞവരെന്ന് വിശ്വസിച്ചില്ല."


Next Story

Related Stories