TopTop
Begin typing your search above and press return to search.

പൈതൃക സ്വത്തില്‍ നിന്നും ലാഭം കൊയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌

പൈതൃക സ്വത്തില്‍ നിന്നും ലാഭം കൊയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌

എറിന്‍ എല്‍ തോംസണ്‍

ഒരു കാലത്ത് റോമന്‍ ചക്രവര്‍ത്തിമാരുടെ അധിനിവേശത്തെപ്പോലും ചെറുത്തു നില്‍ക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ഇറാഖിലെ ഹത്‌റ നഗരം ഒടുവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്നില്‍ കീഴടങ്ങി. ഈ വിജയം കൊണ്ടാടാന്‍ വേണ്ടി ജിഹാദികള്‍ വിശദമായൊരു വീഡിയോതന്നെ പുറത്തു വിട്ടിട്ടുണ്ട്. ചരിത്രപ്രധാനമായ നഗരത്തിന്റെ ആകാശ ചിത്രത്തില്‍ നിന്നും തുടങ്ങുന്ന വീഡിയോ ചില കെട്ടിടങ്ങളെ ചുവപ്പില്‍ അടയാളപ്പെടുത്തുകയും 'വിഗ്രഹങ്ങളും പ്രതിമകളും' എന്ന് നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പിക്കാസുകളും വലിയ ചുറ്റികകളുമായും കലാവാസന കൂടിയ പോരാളികള്‍ എ.കെ 47 നുമായും പുരാതനമായ ശില്‍പങ്ങളെ ആക്രമിക്കുന്നതാണ് പിന്നെ കാണാന്‍ സാധിക്കുന്നത്. ഭീകരവാദത്തിന്റെ മുഖമുദ്ര യെന്നോണം ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത കൊടി മിക്ക ഫ്രെയിമുകളിലും സൂപ്പര്‍ ഇമ്പോസ് ചെയ്തിരിക്കുന്നു.

ഇതിനു പുറമേ പുരാതന നിംറുദ് നഗരത്തിന്റെ ഭാഗങ്ങളും മൊസ്യൂള്‍ മ്യൂസിയത്തിലെ ശില്‍പ്പങ്ങളും തകര്‍ക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഭീകരവാദികള്‍ പുറത്തുവിട്ടിട്ടുണ്ട്. 'വിഗ്രഹങ്ങളും ശില്‍പ്പങ്ങളും തകര്‍ക്കണമെന്ന മുഹമ്മദിന്റെ ഉത്തരവ് കോടികള്‍ ചെലവഴിച്ചായാലും ജീവന്‍ ബലി കൊടുത്തായാലും ഞങ്ങള്‍ പ്രവര്‍ത്തികമാക്കും ' എന്ന സന്ദേശമാണ് വീഡിയോയിലെ വോയിസ് ഓവര്‍ നല്‍കുന്നത്. ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്യ മാധ്യമങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വാക്കുകളെ അതേ പടി വിശ്വസിക്കുകയാണ് ചെയ്തത്. വിഗ്രഹങ്ങളേയും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കെതിരായ പുരാതന കലാ സൃഷ്ടികളേയും നശിപ്പിക്കുന്നതിലുപരി സങ്കീര്‍ണ്ണവും കണിശവുമായ ലക്ഷ്യങ്ങളാണ് ഈ സംഘടനക്കുള്ളത്.

ഒരു ലക്ഷ്യം സാമ്പത്തിക ലാഭമാണ് ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും പുറത്തേക്ക് കടത്താന്‍ സാധിക്കാത്തതും പ്രസിദ്ധവും മോഷ്ടിക്കപ്പെട്ട വസ്തുവെന്ന് കണ്ടെത്താന്‍ സാധിക്കുന്നതു കൊണ്ട് വാങ്ങാനും ആളില്ലാത്ത പുരാതന വസ്തുക്കളെ മാത്രം തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോവില്‍ കാണാന്‍ സാധിക്കുന്നത്. മൊസ്യൂള്‍ മ്യൂസിയത്തിലുണ്ടായിരുന്ന ചെറുതും, ക്രയവിക്രയം നടത്താന്‍ സാധിക്കുന്നതുമായ പ്രസിദ്ധമല്ലാത്ത പുരാതന വസ്തുക്കളുടെ അവസ്ഥ എന്താണ്? ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികള്‍ ഉരുപ്പടികള്‍ കടത്തുന്നത് തദ്ദേശ വാസികള്‍ കണ്ടിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇറാഖ് പുരാവസ്തു ഗവേഷകനായ അബ്ദുല്‍അമീര്‍അല്‍ഹംദാനി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ജിഹാദിസ്റ്റുകളുടെ അധീനതയിലുള്ള പ്രദേശങ്ങളിലുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങളില്‍ നിന്നും മ്യൂസിയങ്ങളില്‍ നിന്നും പുറത്തേക്കൊഴുകുന്ന പുരാവസ്തുക്കളുടെ കൂട്ടത്തിലേക്ക് ഇവയും ചെന്നു ചേരും.പുരാവസ്തുക്കളെ സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ വൈതരണികള്‍ ബാക്കി വെച്ചാണ് 2003-ല്‍ സദ്ദാം ഹുസൈന്‍ ഭരണകൂടം നിലം പതിച്ചത്. ചരിത്രപ്രധാനമായ ആയിരക്കണക്കിന് സ്ഥലങ്ങളുള്ള രാജ്യത്ത് പുരാവസ്തു മോഷണം പതിവാണ്. സിറിയയിലെ അവസ്ഥയും ഇതു തന്നെയാണ് 2012-ല്‍ കലാപം തുടങ്ങിയതിനു തൊട്ടു പിറകെ തന്നെ കൊള്ളയടിയും തുടങ്ങിയെന്ന നിഗമനത്തിലാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ച ഗവേഷകര്‍ എത്തിയത്. ഇതില്‍ അപ്രതീക്ഷിതമായതൊന്നുമില്ല. ജീവിതത്തിലുടനീളം ചെയ്തുവന്നിരുന്ന ജോലിയും വരുമാന മാര്‍ഗങ്ങളും യുദ്ധത്തിന്റെ കെടുതിയില്‍ ഇല്ലാതായതോടെ തദ്ദേശ വാസികള്‍ കുടുംബത്തെ പോറ്റാന്‍ വേണ്ടി ഈ മാര്‍ഗം തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ ഖനന വിദഗ്ദ്ധരുമായും വലിയ യന്ത്രങ്ങളുമായും രംഗത്തെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഈ നശീകരണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു.

ഇറാഖി അതിര്‍ത്തിയിലൂടെ തുര്‍ക്കിയിലേക്കും മറ്റുള്ള അയല്‍ രാജ്യങ്ങളിലേക്കും കടത്തപ്പെടുന്ന കൊള്ള മുതലുകള്‍ ഒടുവില്‍ വീഡിയോ ചാറ്റ് വഴിയും ചിത്രങ്ങള്‍ കണ്ടും വിലയുറപ്പിക്കുന്ന യൂറോപ്പിലെയോ അറേബ്യന്‍ രാഷ്ട്രങ്ങളിലെയോ പുരാവസ്തു ഭ്രമക്കാരുടെ കൈയിലെത്തും. ലെബനോണിലേയും തുര്‍ക്കിയിലേയും അധികൃതര്‍ നൂറുകണക്കിന് ഉരുപ്പടികള്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കണ്ണുവെട്ടിച്ച് കടത്തപ്പെടുന്നവ ലണ്ടനിലെയും മറ്റുള്ള പ്രധാന നഗരങ്ങളിലേയും പല ഗാലറികളിലും മോഹവിലക്ക് വില്‍പ്പനക്ക് വെച്ചിരിക്കുന്നുണ്ടെന്നാണ് വിദഗ്ദര്‍ സമര്‍ഥിക്കുന്നത്.

ചില പുരാവസ്തുക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് നേരിട്ടാണ് കൊള്ളയടിക്കുന്നതും വില്‍പ്പന നടത്തുന്നതും. ഇതില്‍ നിന്നുള്ള ലാഭം കേന്ദ്ര ഖജനാവിലേക്ക് പോകും. പക്ഷെ കക്കാതെ പണമുണ്ടാക്കേണ്ട വിദ്യയും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. പട്ടിണിയില്‍ കഴിയുന്ന ഇറാഖി-സിറിയന്‍ പൗരന്മാര്‍ ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ കുഴിച്ചു തുടങ്ങിയതോടെ അവര്‍ കണ്ടെത്തുന്നത്തിന്റെ 20 ശതമാനം നികുതിയിനത്തില്‍ ഈടാക്കുകയാണ് അവര്‍.

വിഗ്രഹങ്ങള്‍ തച്ചുടക്കാനുള്ള പ്രവാചകന്‍ മുഹമ്മദിന്റെ കല്‍പനക്കെതിരായതുകൊണ്ട്തന്നെ ഈ കച്ചവടത്തിലുള്ള തങ്ങളുടെ പങ്ക് ഇസ്ലാമിക് സ്റ്റേറ്റ് സമ്മതിച്ച് തരില്ല. ഇസ്ലാമിന്റെ ഉദയത്തിനു മുമ്പുള്ള പുരാവസ്തുക്കള്‍ നശിപ്പിക്കുന്നതിലേക്ക് മാധ്യമ ശ്രദ്ധ തിരിച്ചുവിടാന്‍ സാധിച്ച ഇവര്‍ ശിയാ, സൂഫി, യെസീദി, ക്രിസ്ത്യന്‍ ദേവാലയങ്ങളും,പള്ളികളും,ശവ കുടീരങ്ങളും ബോംബും ബുള്‍ഡോസറുകളും ഉപയോഗിച്ച് നശിപ്പിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടി ദൂരെനിന്നും കാണുന്നതോടെ തദ്ദേശ വാസികളില്‍ ചിലര്‍ പലായനം ചെയ്യുകയും മറ്റുള്ളവര്‍ തോല്‍വി സമ്മതിച്ച് മാമൂല്‍ പണം കൊടുക്കുകയും ചെയ്യും.ക്രൂരമായ യുദ്ധത്തിനെ അടിക്കുറിപ്പുകളല്ല ഇസ്ലാമിക് സ്റ്റേറ്റിന്റെ കലയോടുള്ള കൊലവെറി, മറിച്ച് സംഘത്തിലേക്ക് ആളെക്കൂട്ടാന്‍ വേണ്ടിയും പണം സ്വരൂപിക്കാന്‍ വേണ്ടിയുമുള്ള തന്ത്രങ്ങളാണ്. യുദ്ധകാലത്ത് കലാസാംസ്‌കാരിക വസ്തുവകകള്‍ക്ക് കോട്ടം തട്ടിക്കില്ലെന്ന ഉറപ്പുമായ് 1954 ലില്‍ ഒപ്പുവെച്ച അന്താരാഷ്ട്ര യുദ്ധ ഉടമ്പടിയുടെ ലംഘനം കൂടിയാണ് ഈ പ്രവര്‍ത്തികള്‍. ആഭ്യന്തര യുദ്ധത്തിനു കൂടി ബാധകമാവുന്ന ഈ കരാര്‍ പ്രകാരം 'സാംസ്‌കാരിക ശേഷിപ്പുകളുടെ,മോഷണം, നശീകരണം, ആക്രമണം എന്നിവ കുറ്റകരമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണ്ണമായാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാനുള്ള ബാധ്യത ഇറാഖിനും സിറിയക്കുമുണ്ട്. അതിലുപരി ഐക്യരാഷ്ട്ര സഭയുടെ കോടതിയെ ഈ രണ്ടു രാഷ്ട്രങ്ങളും സമീപിക്കുകയാണെങ്കില്‍ ഈ നശീകരണത്തെ മുഴുവന്‍ മനുഷ്യവംശത്തിനെതിരെയും നടന്ന ആക്രമണമായ് കണക്കാക്കി നടപടികളെടുക്കാന്‍ കോടതിക്ക് സാധിക്കും.

പക്ഷെ, യുദ്ധത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അടിയറവ് പറയുകയാണെങ്കില്‍ അവര്‍ ചെയ്ത മനുഷ്യ ഹത്യക്കെതിരേയും അക്രമങ്ങള്‍ക്കെതിരേയും കേസെടുക്കുന്നതിനു പകരം പണവും അധ്വാനവും ചെലവഴിച്ച് കലയുടെ നശീകരണത്തിനെതിരേയും പ്രത്യേകം കോടതിയില്‍ പോകേണ്ടതുണ്ടോ എന്ന ന്യായമായ ചോദ്യം ഇവിടെ ഉയര്‍ന്നു വരാം.

രണ്ടു പ്രധാന കാരണങ്ങളാണ് ഈ ചോദ്യത്തിന്റെ ഉത്തരമായ് അന്താരാഷ്ട്ര സമൂഹം നല്‍കുന്നത്.

1) മനുഷ്യവംശത്തിന്റെ മുഴുവന്‍ സ്വത്തായ പുരാവസ്തുക്കളും ചരിത്ര പ്രധാനമായ സ്ഥലങ്ങളും കൊള്ളയടിക്കുന്നതും നശിപ്പിക്കുന്നതും അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്നു നടിക്കുകയില്ലെന്നും, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദ സംഘടനകള്‍ നടത്തുന്ന മനുഷ്യക്കുരുതി മാത്രമല്ല ഇത്തരത്തിലുള്ള വസ്തുവകകള്‍ വിറ്റ് സംഘത്തിലേക്ക് ആളെ കൂട്ടുന്നതും പണം സമ്പാദിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന സന്ദേശം നല്‍കാന്‍ ഈ നടപടിക്ക് സാധിക്കും.

2) യുദ്ധത്തില്‍ കൊല്ലപ്പെട്ട മനുഷ്യ ജീവനുകളെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കില്ലെങ്കിലും അനേകം പേര്‍ തങ്ങളുടെ ജീവന്‍ പോലും ബലി നല്‍കി സംരക്ഷിക്കാന്‍ തയ്യാറായ രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന വസ്തുവകകള്‍ കണ്ടെത്തുവാനും തിരികെ കൊണ്ടുവരുവാനും ഈ കേസിലൂടെ സാധിക്കും.

' എല്ലാത്തിനുമൊടുവില്‍, യുദ്ധകാഹളത്തിന്റെ അലയടങ്ങുമ്പോള്‍ മതത്തിനും,ജാതിക്കുമപ്പുറം നമ്മെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ചരിത്ര സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളും കലാ രൂപങ്ങളുമില്ലെങ്കില്‍ ചിന്നിച്ചിതറിയവരായ് നമ്മള്‍ മാറും ' സിറിയന്‍ പുരാവസ്തു ഗവേഷകനായ അമര്‍ അല്‍അസ്ലത്തിന്റെ വാക്കുകളില്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും വറ്റിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories