TopTop
Begin typing your search above and press return to search.

നിയമം പണത്തിന്റെ വഴിയേ പോകുമ്പോള്‍

നിയമം പണത്തിന്റെ വഴിയേ പോകുമ്പോള്‍

വി ഉണ്ണികൃഷ്ണന്‍

പടിഞ്ഞാറു ഭാഗത്ത് വൈപ്പിനും വല്ലാര്‍പാടവും, കിഴക്കു ഭാഗത്ത് വടുതല, കൊച്ചിയിലെത്തണമെങ്കില്‍ ഗോശ്രീ പാലം. ഇതാണ് 2011-ലെ സെന്‍സസ് പ്രകാരം 22,845 മനുഷ്യര്‍ വസിക്കുന്ന മുളവുകാട് ഗ്രാമ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം. വല്ലാര്‍പാടം, മുളവുകാട് എന്നീ ദ്വീപുകള്‍ ചേരുന്നതാണ് മുളവുകാട് പഞ്ചായത്ത്. തീരദേശ പരിപാലന നിയമത്തിലെ കുരുക്കുകളില്‍ കുടുങ്ങി കിടക്കുന്ന ജീവിതമാണ് മുളവുകാടുകാരുടെത്. തല ചായ്ക്കാന്‍ ഒരു വീട് വയ്ക്കണമെങ്കില്‍ അവര്‍ക്കു ചാടിക്കടക്കേണ്ട കടമ്പകള്‍ ഏറെയാണ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ അവിടെ ഒരു കക്കൂസിന് കുഴി കുത്താന്‍ പോലും പറ്റില്ല.

എന്നാല്‍ സ്വാധീനവും ആവശ്യത്തിനു സാമ്പത്തികവും കൈയ്യിലുണ്ടെങ്കില്‍ ഈ നിയമങ്ങള്‍ ഒന്നും ബാധകമല്ല. ബഹുനില കെട്ടിടങ്ങള്‍ വയ്ക്കാം, റിസോര്‍ട്ട് നടത്താം, വീടും വയ്ക്കാം. അത് ചോദ്യം ചെയ്യാന്‍ പോയാല്‍ ഭീഷണിയും. സാധാരണക്കാരന് വീടുവയ്ക്കാന്‍ നൂലാമാലകള്‍ ഏറെയുള്ള മുളവുകാട് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഐലന്‍ഡ് ഡി കൊച്ചിന്‍ എന്ന റിസോര്‍ട്ടിന്റെ വിവരങ്ങള്‍ അറിയാനായി വിവരാവകാശ നിയമപ്രകാരം ശ്രമിച്ച നാട്ടുകാരനായ ഡിക്‌സണ്‍ ഡിസില്‍വയ്ക്ക് റിസോര്‍ട്ടുകാരുടെ ഭീഷണിയുണ്ടായി. സ്വന്തമായുള്ള സ്ഥലത്ത് ഒരു നല്ല വീട് വയ്ക്കാന്‍ പറ്റാതെ കഷ്ട്ടപ്പെടുന്ന നാട്ടുകാരുടെ ദുരിതം കണ്ടിട്ടാണ് വിവരാവകാശികള്‍ എന്ന ഫേസ്ഡിബുക്ക്ക്‌ കൂട്ടായ്മയുടെ പിന്തുണയോടെ ഡിക്‌സണ്‍ ഇതേക്കുറിച്ചന്വേഷണം നടത്തിയത്.

വടുതല സ്വദേശിയായ പി.ടി.ജോണി അലക്‌സ് എന്ന ഡെന്നിസിന്റേതാണ് ഈ റിസോര്‍ട്ട്. മുളവുകാട് പഞ്ചായത്തിലെ ചന്ദനക്കാട് ദ്വീപില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താറാവിനേയും പന്നിയേയും വളര്‍ത്താന്‍ ഉള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോള്‍ അവിടെ ഉയര്‍ന്നു നില്‍ക്കുന്നത് നക്ഷത്ര സൗകര്യങ്ങളോട് കൂടിയ ഒരു റിസോര്‍ട്ട് ആണ്. 250 ആളുകളെ ഉള്‍ക്കൊള്ളാവുന്ന എസി ഹാള്‍, 60 പേര്‍ക്ക് ഒരേസമയം ആടി തിമിര്‍ക്കാവുന്ന ഡിജെ ഫ്‌ളോര്‍, 50 പേരെ ഉള്‍ക്കൊള്ളുന്ന ഒഴുകുന്ന ഡിജെ ഫ്‌ളോര്‍, ആയുര്‍വേദിക് മസ്സാജ്, യോഗ, ധ്യാനം, വൈദ്യ സഹായം, ഭക്ഷണശാല എന്നിങ്ങനെ കണ്ണഞ്ചിക്കുന്ന സൗകര്യങ്ങളുള്ള ഈ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണ്. നാല് ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഈ റിസോര്‍ട്ടില്‍ ബീച്ച് വോളി, പക്ഷി നിരീക്ഷണം എന്നിവയൊക്കെ ലഭ്യമാണ്. കൂടാതെ ഈ സൗകര്യങ്ങള്‍ എല്ലാമുള്ള മൂന്നു തട്ടുള്ള ഒരു ബോട്ടും.മുളവുകാട് പൊന്നാരിമംഗലം റെയില്‍വേ പാലത്തിനു സമീപമാണ് ഈ റിസോര്‍ട്ടിന്റെ ഓഫീസ്. റിസോര്‍ട്ടിലെത്താന്‍ ഉടമയുടെ ബോട്ട് മാത്രമാണ് ഏക മാര്‍ഗ്ഗം. സാധാരണ നിലയില്‍ ഒരു റിസോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് ആഡംബര നികുതി നല്‍കേണ്ടതാണ്. എന്നാല്‍ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവര്‍ വര്‍ഷം തോറും പഞ്ചായത്തിനും കേരളാ സര്‍ക്കാരിനും നല്‍കേണ്ട പണമാണ് വെട്ടിക്കുന്നത്. ഈ നികുതിവെട്ടിപ്പും റിസോര്‍ട്ട് അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന വിവരവും പുറത്തു കൊണ്ട് വന്ന ഡിക്‌സണ്‍ ഡിസില്‍വയും വിവരാവകാശികള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് കൂട്ടായ്മയും ഇതിനെതിരെ അധികൃതരെ സമീപിച്ചിരിക്കുകയാണ്.

ഡിക്‌സണ്‍ പറയുന്നത് ഇതാണ്: '177 അപേക്ഷകളാണ് പഞ്ചായത്ത് നിസ്സാരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിച്ചത്. അതൊന്നും രണ്ടു നിലക്കെട്ടിടങ്ങളോ പഞ്ചനക്ഷത്ര റിസോര്‍ട്ടുകളോ നിര്‍മ്മിക്കാന്‍ ആയിരുന്നില്ല. മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഒരു വീട് വയ്ക്കാന്‍ ആയിരുന്നു. ഈ റിസോര്‍ട്ട് അനുമതിയില്ലാതെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. എന്നിട്ടും ഒരു നടപടിയും പഞ്ചായത്ത് എടുത്തിട്ടില്ല. പക്ഷേ മുളവുകാട് കാട്ടാത്ത് കണ്ടൈനര്‍ റോഡിനു സമീപം പോലീസ് സ്റ്റേഷന് കെട്ടിടം അനുവദിച്ചതാണ്.ആഭ്യന്തര മന്ത്രിയാണ് അതിന്‍റെ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്‌ , തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ ചട്ടലംഘനം എന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസ്തുത കെട്ടിടത്തിനു നമ്പര്‍ നല്‍കുകയുണ്ടായില്ല. ഇതു വിവാദമായതിനെ തുടര്‍ന്ന് ഇപ്പോള്‍ താല്‍ക്കാലിക നമ്പര്‍ ആണ് സ്റ്റേഷന് നല്‍കിയിരിക്കുന്നത്.

അതു പോരാഞ്ഞിട്ട് ഇവിടത്തെ ഒരു ചായക്കടയില്‍ പഞ്ചായത്തും ആരോഗ്യവകുപ്പും പന്ത്രണ്ടോളം പ്രാവശ്യം പരിശോധന നടത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഭക്ഷണശാല നിര്‍മ്മിച്ചതെന്നും പ്രവര്‍ത്തിക്കുന്നതും എന്നും നോക്കാനായിരുന്നു പരിശോധന. പക്ഷേ ഈ റിസോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയുടെ കാര്യത്തില്‍ ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.അനുമതികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ സ്വന്തം ബോട്ടില്‍ ഉടമ തന്നെ വന്നു സ്വീകരിച്ചു കൊണ്ടുപോയി ആണ് അവര്‍ പരിശോധന നടത്തി യത്. അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുമില്ല. അതു മാത്രമല്ല ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളും രഹസ്യ സ്വഭാവമുള്ളതാണ്'

ഡിജെ പാര്‍ട്ടികള്‍ ഒക്കെ ഇന്ന് വളരെ കൂടുതല്‍ വീക്ഷിക്കപ്പെടുന്ന ഒന്നാണ്. പക്ഷേ ഇവര്‍ ഒരു പ്രശ്‌നവുമില്ലാതെ ഇതൊക്കെ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നു നടന്ന ഡിജെയ്ക്കും പാര്‍ട്ടിക്കും മറ്റും സംസ്ഥാനത്തെ മികച്ച ഡിജെകള്‍ ആണ് വന്നത്.വലിയരീതിയില്‍ പരസ്യങ്ങള്‍ നല്‍കി കൊട്ടിഘോഷിച്ചാണ് അന്നത് നടത്തിയത്.

ഈ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി ഞാന്‍ വിവരാവകാശ രേഖ പ്രകാരം ചോദിച്ചത് നാല് ചോദ്യങ്ങളായിരുന്നു.

1. ഐലന്‍ഡ് ഡി കൊച്ചിന്‍ എന്ന പേരില്‍ കേരളം മുഴുവന്‍ വ്യാപകമായ പരസ്യം നല്‍കി പൊന്നാരിമംഗലത്ത് ഓഫീസും മുളവുകാട് പഞ്ചായത്തിന്റെ ഭാഗവുമായ ചന്ദനക്കാട് എന്ന് ഐലന്‍ഡ് ഡി കൊച്ചിന്‍ റിസോര്‍ട്ടുകാര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന റിസോര്‍ട്ടിന് പഞ്ചായത്തിന്റെ അനുമതി ഉണ്ടോ?

2. ഈ സ്ഥാപനത്തിന് നിര്‍മ്മാണ അനുമതി നല്‍കിയത് ഏതു വര്‍ഷം?, അനുമതി നല്‍കാന്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ ആര്?, ഉദ്യോഗസ്ഥന്റെ പേരും വഹിക്കുന്ന സ്ഥാനവും?

3. ഈ സ്ഥാപനത്തിനു ലൈസന്‍സ് നല്‍കിയിട്ടുണ്ടോ?, ഉണ്ടെങ്കില്‍ അതിന്റെ കോപ്പി, ഈ സ്ഥാപനം പഞ്ചായത്തിനു നല്‍കുന്ന നികുതി എത്ര? അതിന്റെ വിവരങ്ങള്‍?

4. റിസോര്‍ട്ടിന്റെ ഭാഗമായി നടത്തുന്ന ഭക്ഷണശാലയ്ക്ക് ലൈസന്‍സ് ഉണ്ടോ?

ഈ നാല് ചോദ്യങ്ങള്‍ക്കും ഇല്ല എന്നാണ് എ 32415/15 എന്ന നമ്പറില്‍ മുളവുകാട് പഞ്ചായത്ത് നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നത്. അനധികൃതമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നതിന് വ്യക്തമായ തെളിവുകള്‍ വേറെ വേണ്ടല്ലോ. ഇവര്‍ക്ക് സ്വന്തമായി രണ്ടു ബോട്ട് ജെട്ടികള്‍ ഉണ്ട്. അതിനും ലൈസന്‍സ് നല്‍കേണ്ടത് കൊച്ചിന്‍ പോര്ട്ടാണ്.അത് അവര്‍ക്ക് ലഭ്യമായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അടുത്തിടെ ഒരു പ്രദേശവാസിക്ക് വീട് വയ്ക്കാന്‍ പഞ്ചായത്ത് അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും പ്രത്യേക അനുമതി വാങ്ങേണ്ടി വന്നു.ചട്ടം പാലിക്കുവാനുള്ള പഞ്ചായത്തിന്‍റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ അടുത്തിടെ ഗായകന്‍ എംജി ശ്രീകുമാര്‍ വച്ച വീടിനും കിട്ടി നമ്പര്‍. അവര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായില്ല. ഇവര്‍ക്കൊക്കെ ആകാമെങ്കില്‍ എന്തു കൊണ്ട് സാധാരണക്കാര്‍ക്ക് പറ്റുന്നില്ല.

ഞാനില്ലാത്ത സമയത്ത് വീട്ടില്‍ ഡെന്നീസ് വരുകയും,എന്‍റെ ഭാര്യയോടെ സംസാരിക്കുകയും,പ്രതികരിക്കും ശക്തമായി എന്ന ഭീഷണി പ്രയോഗിക്കുകയും ചെയ്തതാണ്. എന്‍റെ നാട്ടില്‍ പലരോടും ഇയാള്‍ എന്നെ ശരിയാക്കി കളയും എന്ന് പറഞ്ഞിട്ടുണ്ട്. വാടക കൊട്ടേഷന്‍ സംഘത്തിന് ഇക്കാര്യം ഏല്‍പ്പിച്ചു എന്നും പ്രചാരണമുണ്ട്.റിസോര്‍ട്ടിന്റെ പ്രതിനിധിയായ മാനേജര്‍ ജോമോന്‍ പറയുന്നത് മറ്റൊന്നാണ്. 'ഞങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ട്. പുതുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. പെര്‍ഫോമന്‍സ് ആര്‍ട്ട്‌സ് എന്ന വകുപ്പിലാണ് അത് ഉള്ളത്. റിസോര്‍ട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പണ്ട് കുറുങ്ങോട്ട് എന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഇപ്പൊ അതും പ്രവര്‍ത്തിക്കുന്നില്ല. വെബ്‌സൈറ്റില്‍ കിടക്കുന്നത് പഴയ റിസോര്‍ട്ടിന്റെ വിവരങ്ങളാവും.'

പക്ഷേ ഒരു മാസം മുമ്പ് റിസോര്‍ട്ട് സന്ദര്‍ശിച്ച ജഗദീഷ് പറയുന്നത് റിസോര്‍ട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. 'ഒരു മാസം മുമ്പാണ് ഞാന്‍ അവിടെ പോയത്. ഞങ്ങള്‍ 62 പേരുണ്ടായിരുന്നു. ഫുഡ് മാത്രം 24,000 രൂപ ആയി. അവിടിരുന്നു മദ്യം കഴിക്കുന്നതിനൊന്നും കുഴപ്പമില്ല. അലമ്പുണ്ടാക്കാതിരുന്നാല്‍ മതി. ദ്വീപല്ലേ പെട്ടു പോകും. ജോമോനെ ഏല്‍പ്പിച്ചാല്‍ മതി. അയാള്‍ എല്ലാം നീറ്റായി സ്മൂത്തായി കൈകാര്യം ചെയ്യും.'

മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ സ്ഥാനമേറ്റിട്ട് അഞ്ചു മാസമേ ആയുള്ളൂ. പഞ്ചായത്ത് ലൈസന്‍സ് കൊടുത്തതായി അന്‍സാറിനും അറിയില്ല. അടുത്തിടെ ഈ വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലും പഞ്ചായത്തില്‍ നിന്ന് ഇതേപ്പറ്റിയുള്ള രേഖകള്‍ ഒന്നും കിട്ടിയതായി അറിവില്ല എന്ന് അന്‍സാര്‍ പറയുന്നു. എങ്കില്‍ ലൈസന്‍സ് സംബന്ധമായ രേഖകള്‍ ഇല്ലാത്ത ഒരു സ്ഥാപനത്തിനെ എന്തുകൊണ്ടാണ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി തരാന്‍ അന്‍സാറിനു കഴിഞ്ഞതുമില്ല. പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് കിട്ടേണ്ട ലൈസന്‍സോ പോലീസ് നല്‍കേണ്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ഈ സ്ഥാപനത്തിന് ഇല്ല എന്നതാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

വിവരാവകാശികള്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്കും ഡിക്‌സണ്‍ ഡിസില്‍വയ്ക്കും നിയമസഹായം നല്‍കുന്നത് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ആണ്. ഹരീഷ് പറയുന്നത് പെര്‍ഫോമന്‍സ് ആര്‍ട്ട്‌സ് എന്ന പേരില്‍ ലഭിച്ച അല്ലെങ്കില്‍ ഉണ്ടെന്നും പുതുക്കാന്‍ അപേക്ഷ നല്‍കിയെന്നും പറയപ്പെടുന്ന ലൈസന്‍സിനു നിയമസാധുത ഇല്ലെന്നാണ്.'പഞ്ചായത്തില്‍ അങ്ങനെയുള്ള ആക്റ്റിവിറ്റി നടത്തണമെങ്കില്‍ ഡെയ്ജറസ് ആന്റ് ഒഫന്‍സീവ് ട്രേഡ് ആക്ട് അനുസരിച്ച് ഒരു പെര്‍മിറ്റ് അഥവാ ലൈസന്‍സ് നല്‍കണം. അത് അവര്‍ക്ക് നല്‍കിയിട്ടില്ല. അവിടെ നടക്കുന്നത് കൊമേഴ്‌സ്യല്‍ ഹോട്ടല്‍ ആണ്. അത് നടത്താന്‍ അവര്‍ക്ക് ലൈസന്‍സ് ഇല്ല. അവര്‍ക്ക് അവിടെ കലാപരിപാടികള്‍ നടത്താനുള്ള ലൈസന്‍സ് മാത്രമേ ഉള്ളൂ.ഇത് പുറത്ത് കൊണ്ടു വന്ന ഡിക്‌സണ്‍ ഡിസില്‍വയെ റിസോര്‍ട്ട് ഉടമ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഇതിനെക്കുറിച്ച് വിവരാവകാശികള്‍ ഗ്രൂപ്പ് അംഗമായ സൂരജ് പറയുന്നതിതാണ്. 'കേരളത്തിനു പുറത്തെ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള ഭീഷണികള്‍ നേരിടേണ്ടി വന്നത് കേട്ടിട്ടുണ്ട്. കേരളത്തില്‍ ഇത് ആദ്യമാണ്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ട് കൂടി അവരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. അതിനെതിരെ മുന്‍പോട്ടു പോവാനുള്ള നടപടികള്‍ ഗ്രൂപ്പ് നടത്തിക്കഴിഞ്ഞു. സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ കീഴിലുള്ള സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വമേധയാ പരസ്യപ്പെടുത്തുകയാണെങ്കില്‍ വ്യക്തികള്‍ക്ക് നേരെയുള്ള ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. അങ്ങനെയൊരു മാറ്റത്തിനായി സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഗ്രൂപ്പ് ഇപ്പോള്‍'.

രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക പിന്തുണയും ഉള്ള ഡെന്നിസ് എന്ന റിസോര്‍ട്ട് ഉടമ തന്റെ ജീവനും കുടുംബത്തിനും ഭീഷണി ഉയര്‍ത്തിയത് കൊണ്ടോന്നും ഈ ഉദ്യമം താന്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല എന്നാണ് ഡിക്‌സണ്‍ പറയുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി വിവരാവകാശി കൂട്ടായ്മയും കൂടെയുണ്ട്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ വി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories