TopTop
Begin typing your search above and press return to search.

നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമാണെന്നും അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിന്റേതാണ് വിധി. ഈ പശ്ചാത്തലത്തില്‍ 2013 സെപ്റ്റംബര്‍ 16-നു അഴിമുഖം പ്രസിദ്ധീകരിച്ച നമ്പി നാരായണയനുമായി അഴിമുഖം നടത്തിയ അഭിമുഖം എന്തുകൊണ്ടും പ്രസക്തമാണ്. അഭിമുഖം വീണ്ടും വായിക്കാം:

“ഒരിക്കലും പുറത്തു കടക്കാന്‍ പറ്റാത്ത വിധത്തിലുള്ള കടുത്ത ആഘാതമാണ് ചാരക്കേസ് എനിക്ക് നല്കിയത്. ഒന്നും ആഘോഷിക്കാവുന്ന മാനസികാവസ്ഥയിലല്ല ഞാന്‍. ഒന്നിലും ആവേശം തോന്നില്ല. ഇപ്പോള്‍ ഓണമെന്നത് ഏതൊരു ദിവസത്തെയും പോലെ തന്നെയാണ് എനിക്ക്”. നമ്പി നാരായണന്‍ പറഞ്ഞു തുടങ്ങി. നമ്പി നാരായണനെക്കുറിച്ച് മലയാളിക്ക് ഒരാമുഖത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 1994 നവംബര്‍ 30 മുതല്‍ – അന്നാണല്ലോ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുടുക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒരു കൈപ്പിഴപോലെ നമ്പി നാരായണന്‍ നമ്മുടെ മുന്‍പിലുണ്ട്. അദ്ദേഹത്തിന്റെ അറസ്‌റ്റോടെ ഇന്ത്യ സ്വപ്നം കണ്ട ബഹിരാകാശ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു. ക്രയോജെനിക് സാങ്കേതിക വിദ്യ കൈവരിക്കുന്ന ആറാമത്തെ രാജ്യമെന്ന ലക്ഷ്യം അസാധാരണമാംവിധം വൈകിക്കപ്പെട്ടു. ഉന്നത തലത്തില്‍ നടന്ന ഒരു ഗൂഡാലോചനയില്‍ ഇവിടുത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അറിഞ്ഞും അറിയാതെയും പങ്കെടുക്കുകയായിരുന്നു. ചാരക്കേസ് അതിന്റെ 19 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നീതിക്കു വേണ്ടിയുള്ള തന്റെ നിരന്തര പോരാട്ടം തുടരുകയാണ് ഈ ബഹിരാകാശ ശാസ്ത്രജ്ഞന്‍.

അദ്ദേഹത്തിന്റെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കേള്‍ക്കാനാണ് തിരുവനന്തപുരം പെരുന്താന്നിയിലെ സംഗീത എന്ന വീട്ടില്‍ ഞാനെത്തിയത്. രാവിലെ എത്താനായിരുന്നു ആദ്യം പറഞ്ഞത്. പറഞ്ഞതുപ്രകാരം അങ്ങോട്ടേക്ക് പുറപ്പെടാന്‍ നില്‍ക്കുമ്പോള്‍ നമ്പി നാരായണന്റെ ഫോണ്‍ വന്നു. ‘ഇന്നലെ നിങ്ങള്‍ പറഞ്ഞതുപോലെ ഉച്ചക്കുശേഷം വന്നാല്‍ മതി. ആ കേസു മാറ്റിവച്ചു’.

നമ്പി നാരയണന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്. ഓരോ നിമിഷവും ചാര കേസുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങളെക്കുറിച്ച് മാത്രമാണ് ചിന്ത. 1966 മുതല്‍1994 വരെയുള്ള 28 വര്‍ഷക്കാലം തന്റെ തലച്ചോറിന്റെ ഓരോ അണുവും ഇന്ത്യയെ ബഹിരാകാശ ശക്തിയാക്കി മാറുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിച്ച ഈ ശാസ്ത്രജ്ഞന്‍ ഇന്നൊരു തിരക്കുപിടിച്ച വ്യവഹാരിയായി മാറിയിരിക്കുന്നു.

ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന ഒരു കേസ് നഷ്ടപരിഹാര കേസാണ്. അതിന്റെ ഇടക്കാല വിധി 2001ല്‍ വന്നിരുന്നു. അടിയന്തിര സഹായമായി10 ലക്ഷം രൂപ എനിക്ക് തരാനാണ് കോടതി വിധിച്ചത്. എന്നാല്‍ 2012ലാണ് എനിക്ക് നഷ്ടപരിഹാരം കിട്ടിയത്. 11 വര്‍ഷം കഴിഞ്ഞിട്ട്. ഇതൊരു ആക്ഷേപ നാടകമല്ലാതെ മറ്റെന്താണ്? ഇപ്പോള്‍ ഗവണ്മെന്റ് പറയുന്നത് 15 വര്‍ഷം കഴിഞ്ഞതുകൊണ്ട് കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ സാധിക്കില്ല എന്നാണ്. ആരാണ് ഇത് വൈകിപ്പിച്ചത്. ഞാനാണോ? ഒരു തെറ്റും ചെയ്യാത്ത എനിക്ക് ശിക്ഷ. തെറ്റ് ചെയ്തവര്‍ക്ക് പ്രമോഷെനും ഉന്നത പദവിയും അംഗീകാരങ്ങളും. സര്‍ക്കാരിന്റെ ഈ നിലപാടിനെയാണ് ഞാന്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത്.

1966 സെപ്റ്റംബര്‍ 12നാണ് ഐ എസ് ആര്‍ ഓയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് ഐ എസ് ആര്‍ ഓയില്‍ ആകെ ഉണ്ടായിരുന്നത് ഒരു ചര്‍ച്ച് ബില്‍ഡിങ്ങും ബിഷപ് ഹൗസും സ്‌കൂള്‍ കെട്ടിടവും ആയിരുന്നു. എല്ലാം അതിന്റെ ശൈശവ ദശയിലായിരുന്നു. ഞാന്‍ അബ്ദുള്‍ കലാമിന്റെ ടീമിലായിരുന്നു. അന്ന് ഞാന്‍ മാത്രമായിരുന്നു അവിടത്തെ എഞ്ചിനീയറിംഗ് ബിരുദധാരി. കൂടുതല്‍ പഠിക്കണമെന്നും ക്വാളിഫൈഡ് ആകണമെന്നുമുള്ള ചിന്ത എനിക്കുണ്ടായി. അങ്ങനെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പോസ്റ്റ് ഗ്രാജ്വേഷന് ചേരാന്‍ തിരുമാനിച്ചു. എന്നാല്‍ വിക്രം സാരാഭായ് ആണ് പുറത്തു പോയി പഠിക്കണമെന്ന ചിന്ത എന്നിലുണ്ടാക്കിയത്. അങ്ങനെയാണ് അമേരിക്കയിലെ പ്രിന്‍സ്‌റ്റെന്‍ സര്‍വകലാശാലയില്‍ എറോസ്പേസ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പ്രവേശനം നേടുന്നത്. 200 വര്‍ഷം പഴക്കമുള്ള സര്‍വ്വകലശാല. ആല്‍ബര്‍ട് ഐന്‍സ്റ്റീനൊക്കെ പഠിപ്പിച്ച സര്‍വകലാശാല. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു അവിടെ പഠിക്കുക എന്നത്. നിരവധി മഹന്മാരായ അധ്യാപകരുടെ ശിക്ഷണത്തില്‍ റിക്കോര്‍ഡ് വേഗത്തിലാണ് ഞാന്‍ പഠനം പൂര്‍ത്തിയാക്കിയത്. പത്തര മാസം. ഒരു വര്‍ഷത്തില്‍ കുറവ് കാലം കൊണ്ട് അതുവരെ ആര്‍ക്കും തന്നെ സര്‍വ്വകലശാല ഡിഗ്രി അവാര്‍ഡ് ചെയ്തിരുന്നില്ല. എന്നെ വെറുതെയിരുത്തുന്നത് ശരിയല്ല എന്നതുകൊണ്ട് സര്‍വ്വകലാശാല തന്നെ റോക്കറ്റ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട വിവിധ കമ്പനികള്‍ സന്ദര്‍ശിക്കാനും കാര്യങ്ങള്‍ നേരിട്ടു കണ്ടു പഠിക്കുന്നതിനും എനിക്ക് അവസരം ഒരുക്കിത്തന്നു. ഇത് എനിക്ക് ഏറെ ഗുണം ചെയ്തു. എന്ത് നമ്മള്‍ ചെയ്യണം, എന്ത് ചെയ്യരുത് എന്ന തിരിച്ചറിവ് എനിക്ക് തന്നത് ഈ യാത്രകളാണ്.

പി.എസ്.എല്‍.വി വിക്ഷേപണ വേളയില്‍ നരസിംഹ റാവുവിനൊപ്പം

ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്ന് അധികം താമസിയാതെയാണ് സാരാഭായിയുടെ മരണം സംഭവിച്ചത്. ഇതെനിക്ക് വലിയ ആഘാതമായിരുന്നു. സാരാഭായിയോട് അടുത്തിടപഴകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ കഴിവുകളെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എന്നോട് ഒരു പ്രത്യേക ഇഷ്ടം അദ്ദേഹം കാണിച്ചിരുന്നതായി എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.

വിക്രം സാരാഭായി, സതിഷ് ധവാന്‍, യു ആര്‍ റാവു. ഇവര്‍ മൂന്നുപേരാണ് ഐ എസ് അര്‍ ഓയുടെ ശില്‍പികള്‍. ഐ എസ് അര്‍ ഒ എങ്ങനെയായിരിക്കണം എന്നതിന്റെ അടിസ്ഥാനം വരയ്ക്കുന്നത് സാരാഭായി ആണ്. ധവാന്‍ അതിന്റെ മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കി. എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് ധവാന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇത് വിജയകരമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നത് പ്രൊഫെസര്‍ റാവുവാണ്. ഈ മൂന്നു പേരുടെയും ഒപ്പം 30 വര്‍ഷക്കാലം ജോലി ചെയ്യാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി.

അബ്ദുല്‍ കലാമിന് ഖര ഇന്ധന സങ്കേതികവിദ്യയിലായിരുന്നു താത്പര്യം. എന്റെ മേഖല ദ്രവ ഇന്ധനമായിരുന്നു. അങ്ങനെയാണ് ഫ്രാന്‍സിന്റെ സഹകരണത്തോടെ ദ്രവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു റോക്കറ്റ് എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഞാന്‍ ഏര്‍പ്പെട്ടത്. അതാണ് വികാസ് എഞ്ചിന്‍. പിന്നീട് പി എസ് എല്‍ വിയില്‍ ഈ എഞ്ചിന്‍ ഒരു പ്രധാന ഘടകമായി മാറി. 22 വിക്ഷേപണങ്ങളില്‍ ഇത് വിജയകരമായി ഉപയോഗിച്ചു. പിന്നീട് ക്രയോജെനിക്കിലായി എന്റെ ശ്രദ്ധ. ക്രയോജെനിക് സങ്കേതിക വിദ്യ കൈവരിച്ചാല്‍ മാത്രമേ ഭൂതല ഉപഗ്രഹം വിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയ്ക്ക് ബഹിരാകാശ ശക്തിയാകണമെങ്കില്‍ അത് വേണം. അത് സാധിച്ചിരുന്നെങ്കില്‍ രാജ്യത്തിന് വലിയ വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞേനെ. 1994ല്‍ എസ്റ്റിമേറ്റ് ചെയ്ത വരുമാനം 300 ബില്ല്യന്‍ ഡോളറായിരുന്നു. ഇതാണ് ചാരക്കേസോടെ തകര്‍ക്കപ്പെട്ടത്.

ഇപ്പോള്‍ നമ്മള്‍ ക്രയോജെനിക് സങ്കേതിക വിദ്യയില്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. ഒരു കാലതാമസം ഉണ്ടായിരിക്കുന്നു. ഒരു അസാധാരണമായ കാലതാമസം.10 വര്‍ഷം കൊണ്ട് നേടിയെടുക്കേണ്ട സാങ്കേതിക വിദ്യയാണ് 15 വര്‍ഷം അധികമായി വൈകിയിരിക്കുന്നത്. ഈയൊരു കാര്യം എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടാത്തത്. ഇതെന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.

എന്താണ് ചാര കേസ്? നിലവിലില്ലാത്ത ഒരു സാങ്കേതിക വിദ്യ ചോര്‍ത്തിക്കൊടുത്തു എന്നതാണ് എന്റെ പേരിലുള്ള കുറ്റം. ഇത് ഒരേ സമയം വലിയൊരു തമാശയും ദുരന്തവുമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ. ക്രയോജെനിക് എന്ന് നേരാംവണ്ണം ഉച്ചരിക്കാന്‍ സാധിക്കാനറിയാത്തവരാണ് ഈ കേസ് അന്വേഷിച്ചത്.

ഐ എസ് ആര്‍ ഒയിലെ ഡോകുമെന്റേഷന്‍ സെക്ഷനില്‍ നിന്ന് രേഖകള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഞങ്ങള്‍ പലരും ഒരുപാടു സമയം ഡോകുമെന്റേഷന്‍ സെക്ഷനില്‍ ചിലവഴിക്കുമായിരുന്നു. അവിടെ നിന്ന് നോക്കി തീര്‍ക്കാന്‍ സാധിക്കാത്ത ഡോക്കുമെന്റുകള്‍ ഐ എസ് ആര്‍ ഒയില്‍ നിന്നു തിരിച്ചുള്ള യാത്രയിലാണ് ഞങ്ങള്‍ വായിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 8 മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കാന്‍ സാധിക്കുന്ന ജോലിയല്ല ഐ എസ് ആര്‍ ഒയിലേത്. അങ്ങനെയാണെങ്കില്‍ ഈ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ല. ചാര കേസോടെ എന്താ സംഭവിച്ചത്? ആരും തന്നെ ഡോകുമെന്റേഷന്‍ സെക്ഷനില്‍ പോകാതെയായി. പുതിയ അറിവ് നേടാനുള്ള, സ്വയംനവീകരിക്കാനുള്ള ആഗ്രഹമാണ് ചാര കേസോടെ പൂര്‍ണ്ണമായും ഇല്ലാതായത്. ഇതിന് ശേഷം പുതിയ സങ്കേതികവിദ്യയൊന്നും ഐ എസ് ആര്‍ ഒയുടെ പട്ടികയില്‍ ഇടം പിടിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സി ബി ഐ പറഞ്ഞു ഇതൊരു കള്ളക്കേസാണെന്ന്. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും എനിക്കനുകൂലമായി വിധിച്ചു. എല്ലാ ജുഡീഷ്യല്‍ ഫോറങ്ങളിലും പരാജയപ്പെട്ടപ്പോഴും, ഇപ്പോഴും അവര്‍ ചെയ്ത തെറ്റ് ശരിയെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവണ്‍മെന്‍റ് എടുക്കേണ്ട നിലപാടുകളല്ല കേരള സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്നതും.

ഈയിടെ ബാംഗ്ലൂരില്‍ നിന്നുള്ള ഒരു ഡോക്ടെറെ ഭീകരനെന്നു തെറ്റിദ്ധരിച്ചു ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അറസ്റ്റ് തെറ്റായ വിവരത്തിന്റെയടിസ്ഥാനത്തിലാണെന്നു മനസിലായതോടെ പ്രധാനമന്ത്രി മാപ്പ് പറയുകയായിരുന്നു. നഷ്ടപരിഹാരവും നല്‍കി. നമ്മുടെ സര്‍ക്കാരിന് ഇങ്ങനെ തോന്നാത്തതെന്താണെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ഞാനും ഈ രാജ്യത്തിലെ ഒരു പൗരനല്ലെ? വ്യക്തികള്‍ക്ക് വാശിയാകാം. ദുരഭിമാനമാകാം. പക്ഷെ ഒരു ഓര്‍ഗനൈസേഷന്‍ ഒരിക്കലും ദുരഭിമാനിയകാന്‍ പാടില്ല. തെറ്റ് പറ്റി എന്ന് സമ്മതിക്കുമ്പോഴാണ് അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക.

വിക്രം സാരാഭായി നമ്പി നാരായണനെ ഇന്ദിരാ ഗാന്ധിക്ക് പരിചയപ്പെടുത്തുന്നു

ചാര കേസിന്റെ കാലത്ത് ആരും എന്റെ കൂടെയുണ്ടായിരുന്നില്ല. സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ടികള്‍ – ഇടതും വലതും, മാധ്യമങ്ങള്‍, എല്ലാവരും എതിരായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളായിരുന്നു. ഒരു പത്രത്തിന് രമണ്‍ ശ്രീവാസ്തവയോടുള്ള വിരോധം. സര്‍കുലേഷനില്‍ മുന്‍പില്‍ നില്ക്കുന്ന ഒരു പത്രത്തിന് നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ മറ്റു പത്രങ്ങളെ സംബന്ധിച്ചിടത്തോളം, സെന്‍സേഷണലായ ഒരു വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ ആഘോഷിക്കാതിരിക്കുമോ? പ്രത്യേകിച്ചും വിശ്വാസ്യതയുള്ള ഒരു പോലീസുകാരന്‍ പറയുമ്പോള്‍. ഏറ്റവും രസകരമായ കാര്യം അന്വേഷണം സി ബി ഐ ഏറ്റെടുത്തപ്പോള്‍ പത്രങ്ങളില്‍ വരുന്ന കഥകള്‍ അവസാനിച്ചു എന്നതാണ്. അവിടെ കഥ കൊടുക്കാന്‍ ആളില്ലായിരുന്നല്ലോ. പക്ഷെ ഇന്ന് എല്ലാവരുടെയും പിന്തുണ എനിക്കുണ്ട്. ചിലപ്പോള്‍ സത്യം മനസിലാക്കിയത് കൊണ്ടാകാം. അല്ലെങ്കില്‍ കുറ്റബോധം കൊണ്ടാകാം.

വലിയൊരു ദുരന്തം സംഭവിച്ചു കഴിഞ്ഞാല്‍ അതിനു ശേഷം വരുന്ന ഒരു വേദനയും നിങ്ങളെ ബാധിക്കില്ല. ഇതിനിടയില്‍ ഞാനൊരിക്കല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുകപോലും ഉണ്ടായി. രഹസ്യമായിട്ടല്ല. മക്കളോട് പറഞ്ഞപ്പോള്‍ അവരെന്നോടു ചോദിച്ചത് ചാരനായിട്ടാണോ അച്ഛന്‍ മരിക്കാന്‍ പോകുന്നത് എന്നാണ്. അച്ഛന്‍ നിരപരാധിത്വം തെളിയിക്കണം. അല്ലാതെ അച്ഛന്‍ മരിച്ചാല്‍ ഞങ്ങളും ചാരന്റെ മക്കളായി മാറും. അതു ശരിയാണെന്നെനിക്കു തോന്നി.

ഇനി ഓണത്തിലേക്കു വരാം. എല്ലാവരെയും പോലെ ഓണവും ഞങ്ങള്‍ ആഘോഷിച്ചിരുന്നു. ഓണം പോലുള്ള വിശേഷവേളകളില്‍ യാത്രചെയ്യാനായിരുന്നു ഞങ്ങള്‍ക്കിഷ്ടം. 1994 ല്‍ ആയിരുന്നു അവസാനമായി ഓണം ആഘോഷിച്ചത്. അന്നെനിക്ക് ചെറുമകള്‍ പിറന്നതുകൊണ്ടായിരിക്കാം, കൂടുതല്‍ സന്തോഷമുണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരാഘോഷവുമുണ്ടായിട്ടില്ല.

ഇന്നിപ്പോള്‍ ബഹിരാകാശ ശാസ്ത്രത്തെ കുറിച്ചൊന്നുംതന്നെ എന്റെ ചിന്തയിലില്ല. കുറേ പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ടുഴലുമ്പോള്‍ മസ്തിഷ്‌കം വല്ലാത്തൊരവസ്ഥയിലാകും. കൈകാലുകള്‍ മുറിച്ചുമാറ്റി കട്ടിലില്‍ കിടക്കുന്ന ഓട്ടക്കാരനോട് എഴുന്നേറ്റ് ഓടാന്‍ പറയുന്നത് പോലെയാണ് എന്റെ അവസ്ഥ. ഇപ്പോള്‍ എന്റെ ചിന്ത മുഴുവന്‍ കേസില്‍ എങ്ങനെ വിജയിക്കാം എന്നാണ്. രാജ്യത്തെ ഒറ്റുകൊടുത്തവര്‍ക്ക് ശിക്ഷ കിട്ടണം. അതാണെന്നെ മുന്നോട്ടു നയിക്കുന്ന ശക്തി. എങ്ങനെ കേസ് എടുക്കരുത്, എങ്ങനെ പത്രപ്രവര്‍ത്തനം നടത്തരുത് എന്നൊക്കെ പഠിക്കാനുള്ള പാഠപുസ്തകമായിരിക്കും ഈ കേസ്. നമ്പി നാരായണന്‍ പറഞ്ഞു നിര്‍ത്തുന്നു.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories