TopTop
Begin typing your search above and press return to search.

പ്രതിരോധമോ ആക്രമണമോ? ഇന്നറിയാം- എന്‍.പി പ്രദീപ് എഴുതുന്നു

പ്രതിരോധമോ ആക്രമണമോ? ഇന്നറിയാം- എന്‍.പി പ്രദീപ് എഴുതുന്നു

എന്‍.പി പ്രദീപ്

ഏറ്റുമുട്ടുന്നവര്‍ തുല്യശക്തികളാകുമ്പോള്‍ അവിടെ വിജയത്തിന്‍മേലുള്ള പ്രവചനത്തിന് പ്രസക്തിയില്ല. മരണഗ്രൂപ്പ് എന്നറിയപ്പടുന്ന ഡി ഗ്രൂപ്പില്‍ ഇംഗ്ലണ്ടും ഇറ്റലിയും മൈതാനത്ത് ഇറങ്ങുമ്പോള്‍ അതുകൊണ്ട് തന്നെ ആരു ജയിക്കും എന്ന് പറയുന്നില്ല. മത്സരം കടുത്തതാകുമെന്നതില്‍ സംശയമില്ല. ഫുട്‌ബോളിന്റെ വാശിയും സൗന്ദര്യവും മുറ്റി നില്‍ക്കുന്നൊരു മത്സരത്തിന് ലോകത്തിന് സാക്ഷിയാവുക കൂടി ചെയ്യാം.

ഇംഗ്ലണ്ടും ഇറ്റലിയും ഇത്തവണ കാല്‍പന്ത് യുദ്ധത്തിന് ബ്രസീലില്‍ എത്തിയിരിക്കുന്നത് ഒരുപിടി യുവതാരങ്ങളുമായിട്ടാണ്. ഇംഗ്ലണ്ട് നിരയില്‍ ജെറാഡ്, ലംപാര്‍ഡ്, റൂണി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ക്ക് വേണ്ടി കാല്‍യുദ്ധം നയിക്കുന്നവര്‍ ഏറെയും ലോകകപ്പിലെ പുതുമുഖങ്ങളാണ്. പതിനെട്ടും ഇരുപതുമൊക്കെ പ്രായമുള്ളവര്‍. എന്നാല്‍ പ്രതിഭയ്ക്ക് കുറവില്ലാത്തവരും. ക്ലബ് ഫുട്‌ബോളില്‍ അവര്‍ കാണിച്ച മിടുക്ക് തന്നെയാണ് കോച്ച് റോയ് ഹോഡ്‌സന്റെ ആത്മവിശ്വാസവും. മുന്നേറ്റനിരയില്‍ റൂണിക്കൊപ്പം ഇറക്കി വിടാന്‍ ഹോഡ്‌സന്‍ കണ്ടെത്തിയ പത്തൊമ്പതുകാരന്‍ റഹിം സ്‌റ്റെര്‍ലിങ് ആ ആത്മവിശ്വാസം എത്രത്തോളം സംരക്ഷിക്കുമെന്നും നമുക്കു നോക്കാം.

കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീല്‍ സ്വീകരിച്ചതും ഇതേ രീതിയാണ്. പുതുപ്രതിഭകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ടീം. ആ പരീക്ഷണത്തില്‍ അവര്‍ ഫലം കൊയ്തു. എന്നാല്‍ ഇംഗ്ലണ്ടിന് ബ്രസീല്‍ ആകാന്‍ കഴിയുമോ എന്നതാണ് ചോദ്യം. ഇറ്റലിയും ആന്ദ്രേ പിര്‍ലോ, ബെലോട്ടല്ലി എന്നിവരെ മുന്‍നിര്‍ത്തികൊണ്ട് കളത്തില്‍ യുവനിരയെ ഇറക്കുകയാണ്. ഒരു തലത്തില്‍ നോക്കുകയാണെങ്കില്‍ രണ്ടുടീമിലേയും യുവകളിക്കാര്‍ തമ്മിലുള്ള പോരാട്ടമായും ഈ മത്സരം കാണാം. എന്നിരുന്നാലും ഈ മത്സരത്തിലെ പ്രധാനികള്‍ റൂണിയും പിര്‍ലോയും തന്നെയായിരിക്കും. മുപ്പത്തിയാറില്‍ എത്തിയ പിര്‍ലോ ഇത് തന്റെ അവസാന ലോകകപ്പ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കൈയ്യില്‍ ഒരു ലോകകീരീടവുമായി അരങ്ങൊഴിയുക എന്നത് പിര്‍ലോയുടെ സ്വപ്‌നമാവും; തീര്‍ച്ച. നല്ല ഫോമിലുമാണ് പിര്‍ലോ. ഈ മത്സരത്തിന്റ ഗതി നിശ്ചയിക്കാന്‍ പിര്‍ലയുടെ കാലുകള്‍ക്ക് കഴിയും. ഫോഗ്ബയായിരിക്കും ഇറ്റലിയുടെ മറ്റൊരു പ്രധാന ആയുധം. ബലൊട്ടല്ലിയെ പിന്നിലാക്കിയതല്ല, അയാളുടെ ഗോള്‍വേട്ട എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. എന്നാല്‍ സമീപകാലത്ത് അല്പ്പം മങ്ങിയ ഫോമിലാണ് ബലൊട്ടല്ലി. പക്ഷേ അയാളുടെ കാലുകളെ തെല്ലും അവിശ്വസിക്കേണ്ട കാര്യമില്ല. ഇംഗ്ലണ്ട് ഗോള്‍ വലയ്ക്ക് അയാളൊരു ഭീഷണി തന്നെയാണ്.

ഇംഗ്ലണ്ടിനും കരുത്തിന് കുറവൊന്നുമില്ല. റൂണി തന്നെ അവരുടെ പ്രധാന ആയുധം. കഴിഞ്ഞ രണ്ടു ലോകകപ്പിലും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടില്ല എന്ന വസ്തുത നമുക്ക് മറക്കാം. യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ റൂണിയാണ്. ഇത്തവണ റൂണിയുടെ ബൂട്ട് എതിരാളികളുടെ വല കുലുക്കുമെന്നു തന്നെ ലോകത്താകമാനമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്കൊപ്പം ഞാനും ആഗ്രഹിക്കുന്നു. റൂണി ഫോം ആവുകയാണെങ്കില്‍ 1966 നുശേഷം ഇംഗ്ലണ്ടിന് ഒരിക്കല്‍ കൂടി കപ്പുയര്‍ത്താം. റൂണിയെ കൂടാതെ ഇംഗ്ലണ്ടിനുള്ള പ്രധാന കൈമുതലുകള്‍ ക്യാപ്റ്റന്‍ ജെറാഡും ലംപാര്‍ഡുമാണ്. ലോംഗ്‌റേഞ്ച് ഷോട്ടുകള്‍ ഗോളാക്കി മാറ്റുന്നതില്‍ അസാമാന്യ കഴിവുള്ളവര്‍. ജെറാഡിന്റെ ക്യാപ്റ്റന്‍സിയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. സഹകളിക്കാരില്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും പകരാന്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കാണ്.


ഈ കളിയുടെ ഒരു വിലയിരുത്തലില്‍ പ്രത്യേകം പരാമര്‍ശിക്കുന്നൊരു കാര്യം മിഡ്ഫീല്‍ഡര്‍മാരുടെ ഫോമിനെ ആശ്രയിച്ചായിരിക്കും റിസല്‍ട്ട് എന്നതാണ്. അതുപോലെ തുല്യശക്തര്‍ തമ്മിലുള്ള മത്സരമായതുകൊണ്ട് തന്നെ ഫ്രീ കിക്ക്, കോര്‍ണര്‍ എന്നിവയൊക്കെ ഗോള്‍ ആക്കി മാറ്റുന്നതില്‍ മിടുക്കു കാണിക്കുന്നവര്‍ക്ക് തന്നെ വിജയം. അര്‍ദ്ധാവസരം പോലും ഗോളാക്കുക എന്നതു തന്നെയാണ് വിജയത്തിന് വേണ്ടത്. കഴിഞ്ഞ ലോകകപ്പിലൊക്കെ നാം കണ്ടതാണ് ഒരു ഗോള്‍ നേടിയാല്‍ പിന്നീട് സ്വന്തം പകുതിയിലേക്ക് വലിഞ്ഞ് പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ. ഇറ്റലിയോടും അവര്‍ ആ രീതിയാണോ പിന്തുടരാന്‍ പോകുന്നതെന്നാണ് ഞാന്‍ നോക്കുന്നത്.

ഇറ്റലി ശക്തരാണ്. ശക്തരെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ സര്‍വ്വശക്തിയുമപയോഗിച്ച് ആക്രമിക്കും. ഇംഗ്ലീഷ് വലകുലുങ്ങാന്‍ അത് കാരണമായേക്കാം. എല്ലാ ലോകകപ്പിലും ഇംഗ്ലണ്ട് പുറത്താകുമ്പോള്‍ നിര്‍ഭാഗ്യം എന്ന് പറഞ്ഞ് അവരെ സ്വാന്തനപ്പെടുത്താന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അങ്ങനെയൊരു ഒഴിവുകഴിവ് കൊണ്ട് രക്ഷപ്പെടാന്‍ ഇംഗ്ലണ്ട് ശ്രമിക്കാതിരിക്കട്ടെ.

സെറ്റ്പീസുകള്‍ മുതലാക്കാന്‍ കഴിവുള്ള രണ്ട് ടീമുകളാണ് ഇറ്റലിയും ഇംഗ്ലണ്ടും. ഈ കളിയെ മനോഹരമാക്കുന്നൊരു കാര്യവും അതുതന്നെ. എന്നാല്‍ സെറ്റ്പീസുകള്‍ പ്രതിരോധിക്കുമ്പോള്‍ പിഴവു വരുത്തുന്നതിലും രണ്ടുപേരും യോജിപ്പിലെത്തുന്നു. അറിയാമല്ലോ, പിഴവുകള്‍ക്ക് ഫുട്ബോളിലുള്ള ശിക്ഷ തോല്‍വിയാണ്. അതുകൊണ്ട് പ്ലസിലും മൈനസിലും എതാണ്ട് സമം നില്‍ക്കുന്ന ഈ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അവര്‍ വരുത്തുന്ന ചെറിയ തെറ്റുപോലും എതിരാളിയുടെ ആഹ്ലാദത്തിന് വഴിതെളിക്കും.


ഒരു കാര്യം വിട്ടുപോയി; ഇംഗ്ലണ്ട് - ഇറ്റലി മത്സരം ലോകത്തിലെ രണ്ടു മികച്ച് ഗോള്‍ കീപ്പര്‍മാര്‍ തമ്മിലുള്ള മത്സസരം കൂടിയാണ്. ഇറ്റലിയുടെ ബഫണും ഇംഗ്ലണ്ടിന്റെ ഹാര്‍ട്ടും മിന്നും താരങ്ങളാണ്. കാല്‍വേഗത്തിന് കൈത്തടയിടാന്‍ കെല്‍പ്പുള്ള ഇവരില്‍ ആ രാജ്യങ്ങള്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകള്‍ ഏറെയായിരിക്കും.


പറഞ്ഞു തുടങ്ങിതുപോലെ പ്രവചനത്തിന് ഞാന്‍ ഇല്ല. എന്നാലും ഇറ്റലിക്ക് ചെറിയൊരു മുന്‍തൂക്കം ഉണ്ടെന്ന് സമ്മതിക്കാം. എങ്കിലും അത് കളത്തിനു പുറത്തിരുന്ന് നാം പറയുന്നതാണ്. കളിക്കളത്തില്‍ നടക്കുന്നതെന്തെന്ന് നാം എങ്ങനെ മുന്‍കൂട്ടി കാണും. അവസാന വിസില്‍ തരുന്ന ഉത്തരത്തിന് വേണ്ടി കാത്തിരിക്കാം.


ഇംഗ്ലണ്ട് - ഇറ്റലി മത്സരത്തെ സംബന്ധിച്ച് കുറച്ച് വാചാലനായിപ്പോയി. അതിനര്‍ത്ഥം മറ്റു മത്സരങ്ങള്‍ ആവേശകരമല്ല എന്നല്ല. കൊളംബിയ- ഗ്രീസ്, യുറഗ്വായ്-കോസ്റ്ററിക്ക, ജപ്പാന്‍- ഐവറികോസ്റ്റ് മത്സരങ്ങളെല്ലാം ആവേശം തീര്‍ക്കുമെന്ന് ഉറപ്പ്. നീണ്ടകാത്തിരിപ്പിനുശേഷമാണ് കൊളംബിയ ലോകകപ്പിന് എത്തുന്നത്. അതിന്റെയൊരു ആവേശമുണ്ട്. എന്നാല്‍ അവരുടെ യാത്രയെക്കുറിച്ച് ആശങ്കയുണ്ട്. അവരുടെ പ്രധാനതാരം ഫല്‍ക്കോവയുടെ അസാന്നിധ്യം കൊളമ്പിയ വല്ലാതെ അനുഭവിക്കുമെന്ന് നിശ്ചയം. കുറെക്കാലം പുറത്ത് നിന്ന് വന്നതിന്റെ സമ്മര്‍ദ്ദവും അവരില്‍ കാണാം. എന്നാല്‍ മറുവശത്ത് ഗ്രീസ് തയ്യാറെടുപ്പോടെ തന്നെയാണ്. ആ മേല്‍ക്കോയ്മ അവര്‍ക്ക് ഉണ്ടാകും. മുന്‍ ചാമ്പ്യന്‍മാരായ യുറഗ്വായ് നല്ല മത്സരം തന്നെ കാഴ്ച്ചവയ്ക്കുമെന്ന് വിശ്വസിക്കാം. കോസ്റ്ററിക്ക അവര്‍ക്ക് ചേര്‍ന്ന എതിരാാളികള്‍ തന്നെ. ഈ ഗ്രൂപ്പ് കടുത്തതാണ്. ആദ്യമത്സരം ജയിക്കുന്നവര്‍ക്ക് രണ്ടാം റൗണ്ടിലേക്കുള്ള യാത്ര സുഗമമായിരിക്കുമെന്നുള്ളതുകൊണ്ട് ആരും തോല്‍ക്കാല്‍ തയ്യാറാകില്ല, അതു തന്നെ ഈ മത്സരങ്ങളുടെ രസവും.

ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഏഷ്യന്‍ പ്രതിനിധിയായി ബ്രസീലില്‍ പോരാട്ടത്തെിനെത്തിയ ജപ്പാന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി. നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)


Next Story

Related Stories