ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക പോലും അത്ര എളുപ്പമല്ല

Print Friendly, PDF & Email

കഴിഞ്ഞ നാലു വര്‍ഷമായി റേപ്പ് കേസുകള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ജനശ്രദ്ധ കിട്ടിത്തുടങ്ങിയതോടെ സാക്ഷിമൊഴികള്‍ മാറാനും അതില്‍ അതിശയോക്തി കലരാനും സാദ്ധ്യത കൂടി

A A A

Print Friendly, PDF & Email

ആനി ഗാവന്‍

ഒരു മണിക്കൂറോളം ആ സ്ത്രീ കരഞ്ഞു.

ശൈത്യ കാലത്ത് ഒരു ദിവസം വയല്‍ ഉഴുതു കൊണ്ടിരിക്കുമ്പോള്‍ മേലധികാരി അവിടെയെത്തി തന്നെ താഴെ തള്ളിയിട്ടു ബലാല്‍സംഗം ചെയ്തതു… ഞങ്ങളോട് വിവരിക്കേ അവര്‍ വീണ്ടും കരഞ്ഞു. ഇതേ കുറിച്ച് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവരത് വിശ്വസിക്കാന്‍ തയ്യാറായില്ല എന്നു പറഞ്ഞപ്പോഴും അവര്‍ക്ക് കരച്ചിലടക്കാനായില്ല. ഒരു ഗ്രാമം മുഴുവന്‍ തനിക്കെതിരെ തിരിഞ്ഞതെങ്ങനെ എന്നു പറഞ്ഞപ്പോഴും ആ കണ്ണുനീര്‍ തോര്‍ന്നില്ല.

സംസാരത്തിനിടെ മാമ്പഴ നിറമുള്ള തന്റെ സാരിയുടെ തുമ്പു കൊണ്ട് അവര്‍ കണ്ണും മുഖവും തുടച്ചു കൊണ്ടിരുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നു കിഴക്കു ദിശയിലേയ്ക്ക് നാലു മണിക്കൂര്‍ സഞ്ചരിച്ചാല്‍ അവരുടെ ഗ്രാമത്തിലെത്തും. അവിടെ വീടിനു മുന്നിലിട്ട ഒരു കയറ്റു കട്ടിലില്‍ ഇരുന്നാണ് അവര്‍ സംസാരിക്കുന്നത്. കുറച്ചു ദൂരെ കൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ അവരെ ബലാല്‍സംഗം ചെയ്‌തെന്നു കരുതപ്പെടുന്നയാളിന്റെ പിതാവുമുണ്ട്. അയാള്‍ അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

‘ഗ്രാമവാസികള്‍ എന്നോടു വളരെ മോശമായാണ് പെരുമാറുന്നത്. ആരും ഞാന്‍ പറയുന്നത് വിശ്വസിക്കുന്നില്ല. ഞാന്‍ പറഞ്ഞതെല്ലാം പിന്‍വലിച്ചില്ലെങ്കില്‍ എന്നെയവര്‍ കൊല്ലുമെന്നാണ് പറയുന്നത്. ഞാന്‍ നിസ്സഹായയാണ്,’ അവര്‍ പറയുന്നു.

ഫെബ്രുവരിയിലെ ഒളിച്ചു കളിക്കുന്ന വെയിലത്ത് അവര്‍ക്കരികിലിരുന്ന് ഞാനാ സ്ത്രീയെ ശ്രദ്ധിച്ചു നോക്കി. മൂന്നു വര്‍ഷങ്ങളോളം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പരിചയത്തില്‍ ആ കണ്ണീര്‍ സത്യമാണോ എന്നെനിക്കു മനസിലാകും. ‘കണ്ണീര്‍ യഥാര്‍ത്ഥമാണോ എന്നു പരിശോധിച്ചു, ഞാനൊരു ദോഷൈകദൃക്കാണല്ലോ’ എന്നു നോട്ട്ബുക്കില്‍ കുറിച്ചു.

ആത്മഗതമായി അന്ന് ഞാനെഴുതുന്ന അവസാന കുറിപ്പായില്ല അത്. പിന്നീട് ആ സ്ത്രീയുടെ കുടുംബം, പോലീസ്, ഗ്രാമത്തിലെ മറ്റാളുകള്‍ ഇവരോടൊക്കെ സംസാരിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് കിട്ടിയത്. ഓരോ തവണയും ‘എല്ലാവരും നുണ പറയുകയാണോ?’ എന്നു ഞാന്‍ നിസ്സഹായതയോടെ കുത്തിക്കുറിച്ചു.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എളുപ്പമല്ല. ലൈംഗിക പീഢനത്തിലെ അപമാനത്തിന്റെ തീവ്രത മൂലം ആദ്യത്തെ പ്രതികരണം സംഭവം നിശബ്ദമാക്കി വയ്ക്കുക എന്നതാവും, അല്ലെങ്കില്‍ ഇരയെ അപമാനിക്കല്‍. പണ്ടുകാലം മുതലുള്ള ജാതി, കുടുംബ വ്യവസ്ഥകള്‍ക്കാണ് ഇക്കാര്യത്തില്‍ മേല്‍ക്കൈ. അവര്‍ ഉടമ്പടികള്‍ ഉണ്ടാക്കും, പണം കൊടുത്ത് ഒതുക്കും.

2012ല്‍ നടന്ന ക്രൂരമായ കൂട്ടബലാത്സംഗം രാജ്യമൊട്ടുക്ക് വന്‍ പ്രതിഷേധമുയര്‍ത്തിയതോടെ തെരുവുകളിലും സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളുടെ സുരക്ഷ ചര്‍ച്ചാവിഷയമായി. അത്തരം കുറ്റകൃത്യങ്ങള്‍ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി.

കഴിഞ്ഞ നാലു വര്‍ഷമായി റേപ്പ് കേസുകള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ജനശ്രദ്ധ കിട്ടിത്തുടങ്ങിയതോടെ സാക്ഷിമൊഴികള്‍ മാറാനും അതില്‍ അതിശയോക്തി കലരാനും സാദ്ധ്യത കൂടി. അച്ചടി മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് എന്നോടു പറഞ്ഞതാണ്, ബലാല്‍സംഗത്തിന് ഇരയായ ഒരു യുവതിയുടെ വീട്ടുകാര്‍ അയാളോട് ശാന്തമായി നടന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. അല്‍പ്പം കഴിഞ്ഞു ടിവി ക്യാമറകള്‍ എത്തിയതോടെ അവര്‍ നാടകീയമായി പൊട്ടിക്കരയാന്‍ തുടങ്ങി എന്ന്.

നാലിലൊന്നു റേപ്പ് കേസുകളില്‍ മാത്രമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. അതേ സമയം പ്രേമിച്ചു വഞ്ചിക്കപ്പെട്ട സ്ത്രീകള്‍ ഉഭയസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്ക്കാരമായി ആരോപിക്കുന്നതും വ്യത്യസ്ഥ ജാതികളില്‍ പെട്ട യുവതീയുവാക്കള്‍ പ്രേമിക്കുന്നതിന് തടയിടാന്‍ രക്ഷിതാക്കള്‍ കൊടുക്കുന്നതുമൊക്കെയായ കേസുകള്‍ ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുമുണ്ട്.

പോലീസിനു ബദലായി അനൗദ്യോഗിക ഗ്രാമസഭകള്‍ ലൈംഗിക അതിക്രമമുള്‍പ്പടെയുള്ള കേസുകളില്‍ ഇടപെടുന്നതിനെ കുറിച്ചും പലപ്പോഴും കഠിന ശിക്ഷകള്‍ കൊടുത്ത് അവ ഒതുക്കിത്തീര്‍ക്കുന്നതിനെ കുറിച്ചും എഴുതാന്‍ ഞാന്‍ പല മാസങ്ങളായി ശ്രമിക്കുന്നു. ഒരു വര്‍ഷം നീളുന്ന ‘India’s Divide’ എന്ന പരമ്പരയില്‍ ആദ്യത്തേതാവേണ്ടതായിരുന്നു ആ ലേഖനം. കാലങ്ങളായി നിലനിന്നു പോരുന്ന പുരുഷാധിപത്യ സമൂഹവും അതിനെതിരെ ഉയര്‍ന്നു വരുന്ന സ്ത്രീകളുടെ തലമുറയും തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളുമാണ് മനസിലാക്കാന്‍ ഉദ്ദേശിച്ചത്. അതിനായി ആദ്യം തന്നെ വിശദാംശങ്ങള്‍ പരിശോധിക്കാനാകുന്ന ഒരു കേസ് കണ്ടുപിടിക്കേണ്ടിയിരുന്നു. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വലിയ വെല്ലുവിളിയായിരുന്നു അത്.

ബീനയുടെ കേസ് അതുപോലെ ഒന്നാണെന്ന് എനിക്കു തോന്നി. 35കാരിയായ ആ വിധവയെ ബലാത്സംഗം ചെയ്ത വ്യക്തിയോട് ബീനയുടെ കാല്‍ തൊട്ടു തൊഴുത് (ബഹുമാനസൂചകമായി) മാപ്പു പറയാനാണ് ഗ്രാമത്തലവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്, പോലീസ് കേസ് ഒഴിവാക്കണമെന്നും. അതിനെതിരായി പരാതിയുമായി അവര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി. ദിവസങ്ങള്‍ക്കു ശേഷം അവര്‍ റീജ്യണല്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തി പരാതിപ്പെട്ടപ്പോഴാണ് അധികാരികള്‍ കേസ് ഗൗരവമായെടുത്തത്.

rape-case-3

ആഴ്ചകള്‍ക്കു ശേഷം അവരുടെ ഗ്രാമത്തില്‍ ചെന്ന ഞാന്‍ ആദ്യം പോയത് ഗ്രാമമുഖ്യന്റെ വീട്ടിലേയ്ക്കാണ്.

ചുറ്റുമുള്ള തകര ഷീറ്റ് മേഞ്ഞ ചെറിയ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ നീലയും ചുവപ്പും ചായം തേച്ചു വര്‍ണ്ണാഭമാക്കിയ ആ മൂന്നു നില വീട് ഒരു സര്‍ക്കസ് ടെന്റു പോലെ തലയുയര്‍ത്തി നിന്നു.

പൊക്കം കുറഞ്ഞു ബലിഷ്ഠനായ ഒരു കര്‍ഷകനാണ് മുഖ്യന്‍. ഹിന്ദു മത വിശ്വാസിയാണെന്നു സൂചിപ്പിക്കുന്ന ചുവന്ന തിലകം നെറ്റിയില്‍. ഞങ്ങളെ അകത്തെ വരാന്തയിലേയ്ക്ക് ആനയിച്ചു മധുരമുള്ള പാല്‍ച്ചായ നല്‍കി സത്കരിച്ചു. നഗരങ്ങളിലെ മേയറിനു തുല്യമായ ‘പ്രധാന്‍’ പദവിയിലേയ്ക്ക് അടുത്തിടെയാണ് അയാള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ആ മനുഷ്യന്റെ വരാന്തയിലിരുന്ന്, അയാളുടെ കുടുംബവും മറ്റ് അയല്‍ക്കാരും നോക്കി നില്‍ക്കേയാണ് അന്നത്തെ ദിവസത്തെ ആദ്യത്തെ നുണ ഞങ്ങള്‍ കേട്ടത്.

‘ഈ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും പോലീസ് പ്രശ്‌നം പരിഹരിക്കട്ടെ എന്നും ഞാന്‍ പറഞ്ഞതാണ്,’ പ്രധാന്‍ പറഞ്ഞു.

ഗമയോടെ പ്രധാന്‍ കൂടിനില്‍ക്കുന്ന ആള്‍ക്കാരെ ചൂണ്ടിക്കാണിച്ചു.

‘അവള്‍ പറഞ്ഞതു സത്യമാണെങ്കില്‍ ഗ്രാമം മുഴുവന്‍ അവളോടൊപ്പം നിന്നേനെ. ഇവരോടു ചോദിക്കൂ, എത്ര പേര്‍ അവളെ പിന്തുണയ്ക്കുന്നുണ്ടെന്ന്,’ അയാള്‍ പറഞ്ഞു.

ആരും ബീനയെ അനുകൂലിച്ചില്ല. ഏതാണ്ട് 70 വയസ്സു വരുന്ന ഒരാള്‍ മുന്നോട്ടു വന്ന് ‘ഞാന്‍ പണിക്കാരില്‍ നിന്നു കേട്ടത് മേലധികാരിയും അവളും തമ്മില്‍ എന്തോ തര്‍ക്കമുണ്ടായി എന്നാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവള്‍ അനുസരിച്ചില്ല. അവളെ ശകാരിച്ച ശേഷം അദ്ദേഹം ‘ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകുകയാണ്,’ എന്നു പറഞ്ഞപ്പോള്‍ അവള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറി ബലാത്കാരം ചെയ്യപ്പെട്ട പോലെ അഭിനയിച്ചുവെന്നാണ്,’ എന്നു പറഞ്ഞു.

ബീന ആ പ്രദേശത്തുകാരിയായിരുന്നില്ല. ദരിദ്രമായ ബിഹാറില്‍ നിന്ന് 14 വയസ്സില്‍ ബാലവധുവായി അവിടെയെത്തിയതാണ്. മരിച്ചു പോയ തന്റെ ഭര്‍ത്താവ് തനിക്ക് പ്രായപൂര്‍ത്തിയാവുന്നതു വരെ തൊടുക പോലും ചെയ്തില്ല എന്നാണ് ബീന അഭിമാനത്തോടെ എന്നോടു പറഞ്ഞത്. പിന്നീട് അവര്‍ക്ക് ഏഴു മക്കളുണ്ടായി.

അവര്‍ കരയുമ്പോള്‍ ആരും സമാധാനിപ്പിക്കാന്‍ മുന്നോട്ടു വന്നില്ല. മുടന്തുള്ള ഒരു ആട്ടിന്‍കുട്ടിയോടൊപ്പം അവരുടെ ഇളയ മകന്‍ ഉത്കണ്ഠയോടെ അവിടെയൊക്കെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു.

അന്ന് ഗവണ്‍മെന്റിന്റെ ഗ്രാമീണ തൊഴില്‍ പദ്ധതി പ്രകാരം പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നും ഉച്ചഭക്ഷണ സമയത്ത് വയലില്‍ ഒറ്റയ്ക്ക് വിശ്രമിക്കുമ്പോഴാണ് അധികാരി അടുത്തെത്തിയത് എന്നും ബീന പറയുന്നു.

അയാള്‍ കടന്നു പിടിച്ചപ്പോള്‍ എന്താണീ ചെയ്യുന്നതെന്ന് കടുപ്പിച്ച് ചോദിച്ചത് അവര്‍ ഇന്നും ഓര്‍ക്കുന്നു.

‘ഞാന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ്. നിന്നേക്കാള്‍ അധികാരം എനിക്കുണ്ട്, നിനക്കെന്നോട് പറ്റില്ലെന്നു പറയാനാകില്ല,’ എന്നയാള്‍ പറഞ്ഞതായും ബീന ഓര്‍ക്കുന്നു. ‘എന്റെ ഭാര്യ വീട്ടിലില്ല, അവള്‍ സ്വന്തം അമ്മയുടെ വീട്ടില്‍ പോയിരിക്കുകയാണ്. അതാണ് ഞാന്‍ നിന്നെ ഇങ്ങനെ ചെയ്യുന്നത്,’ എന്നും അയാള്‍ പറഞ്ഞു.

ഭാര്യ വീട്ടില്‍ പോയി എന്നു പറഞ്ഞതായുള്ള ഭാഗം സത്യമാകണം എന്നെനിക്കു തോന്നി. എന്നാല്‍ ഗ്രാമത്തിലെ മറ്റുള്ളവരോടു സംസാരിച്ചപ്പോള്‍ എനിക്ക് പിന്നെയും സംശയമായി.

പ്രതിയെന്നു കരുതപ്പെടുന്ന വ്യക്തി ഒളിവിലായിരുന്നു ആ സമയത്ത്. എന്നാല്‍ ഞങ്ങള്‍ അയാളുടെ വീട്ടില്‍ പോയപ്പോള്‍ വീട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും അയാളെ അനുകൂലിച്ചു ധാരാളം പറയാനുണ്ടായിരുന്നു.

രോഷാകുലരായ ബന്ധുക്കളും ബീനയോടൊപ്പം വയലില്‍ പണിയെടുത്തിരുന്ന സ്ത്രീകളുമെല്ലാം അവിടെ ഒത്തുകൂടി. വയല്‍ പ്രദേശം വളരെ തുറസ്സായതാണെന്നും അതിനാല്‍ ബാലാത്കാരം നടക്കാന്‍ സാധ്യതയില്ലെന്നും സ്ത്രീകള്‍ പറഞ്ഞു. മാത്രമല്ല അവളെ ഒറ്റയ്ക്കാക്കി തങ്ങള്‍ ഉച്ചഭക്ഷണത്തിന് പോയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ബീന ഒരു ‘നല്ല സ്വഭാവക്കാരി’ അല്ലെന്നും ‘ഗ്രാമത്തിലെ എല്ലാവരോടും വഴക്കടിക്കാറുണ്ടെ’ന്നും സ്ത്രീകള്‍ ആരോപിക്കുന്നു.

മാനാഭിമാന ചിന്തകള്‍ ശക്തമായ ഗ്രാമീണ ഇന്ത്യയില്‍ ഇരകളുടെ മേല്‍ പഴി ചാരല്‍ സാധാരണമാണ്.

പണം മോഹിച്ച് കളവു പറയുന്നതും ആ സ്ത്രീകളുടെ കാര്യത്തില്‍ ഒരു സാധ്യതയാണ്. തൊഴില്‍ പദ്ധതി പ്രകാരം അവിടങ്ങളില്‍ ജോലി കൊടുത്തിരുന്നയാളാണ് ആരോപണം നേരിടുന്നത്. അയാള്‍ ഒളിവില്‍ പോയതിനാല്‍ ‘ഞങ്ങള്‍ക്കാര്‍ക്കും ദിവസങ്ങളായി പണിയില്ല,’ എന്നും അവര്‍ പരാതി പറഞ്ഞു.

വെള്ള പൂശിയ ഒറ്റനില കോണ്‍ക്രീറ്റ് കെട്ടിടമാണ് അവിടത്തെ പോലീസ് സ്‌റ്റേഷന്‍, ഞങ്ങള്‍ ചെല്ലുമ്പോള്‍ ഓഫീസര്‍മാര്‍ പുറത്ത് ഉച്ചവെയില്‍ കായുകയായിരുന്നു. അവിടെ ചെന്നപ്പോള്‍ കാര്യങ്ങള്‍ ഒന്നുകൂടെ കുഴഞ്ഞു മറിയുന്നതു പോലെ തോന്നി. കുറ്റം ആരോപിക്കപ്പെട്ട ആളോടൊപ്പം പ്രധാന്‍ ബീനയെ പോലീസ് സ്‌റ്റേഷനില്‍ സന്ദര്‍ശിച്ചിരുന്നുവത്രെ. പക്ഷേ എന്തു തരം ഉടമ്പടിയാണ് അവര്‍ തമ്മിലെന്നു വ്യക്തമായില്ലെന്ന് പോലീസുകാര്‍ പറയുന്നു.

അതുപോലെ, ആദ്യം പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം ബീന പറഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു.

പോലീസുമായി പിന്നീടു നടന്ന ബീനയുടെ സംഭാഷണത്തിന്റെ സെല്‍ഫോണ്‍ വീഡിയോ അവര്‍ എനിക്കു കാണിച്ചു തന്നു. ‘ഞാന്‍ ആദ്യം ഇവിടെ വന്നപ്പോള്‍ ബലാത്കാരം ചെയ്യപ്പെട്ടുവെന്നോ പീഢനം നടന്നുവെന്നോ പറഞ്ഞില്ല. എനിക്കത് ആരോടും പറയാനാകുമായിരുന്നില്ല,‘ അതില്‍ അവര്‍ പറയുന്നു.

എന്നാല്‍ ഇതിനും ഒരു വിശദീകരണമുണ്ട്. സമൂഹത്തിലെ അപമാനം ഭയന്ന് പല സ്ത്രീകളും ലൈംഗിക അതിക്രമങ്ങള്‍ ആദ്യം തുറന്നു പറയാറില്ല, ചിലര്‍ ഒരിക്കലും പറയുന്നില്ല.

ഈ ഓഫീസര്‍മാര്‍ക്കും നുണ പറയാന്‍ കാരണമുണ്ട്. ബലാത്സംഗക്കേസുകളിലെ നിയമത്തിന്റെ പുതിയ ഭേദഗതിയനുസരിച്ച് ഓരോ കേസും അധികാരികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്. അല്ലെങ്കില്‍ രണ്ടു വര്‍ഷം വരെ ജയില്‍ വാസമാണ് ശിക്ഷ. ബീന പറഞ്ഞത് പോലീസ് ഗൗരവമായെടുത്തില്ല എന്നു തെളിഞ്ഞാല്‍ അവര്‍ കുഴപ്പത്തിലാകും.

വീഡിയോ കാണിച്ച ശേഷം ഓഫീസര്‍മാരില്‍ ഒരാളായ പ്രമോദ് കുമാര്‍ യാദവ് എന്നെ ചോദ്യരൂപേണ നോക്കി.

‘നിങ്ങള്‍ക്കെന്തു തോന്നുന്നു? പല കേസുകളിലും റേപ്പ് എന്നത് ദുരുപയോഗം ചെയ്യപ്പെടുകയാണ്. അവര്‍ ആ വയലില്‍ തനിച്ചാവാന്‍ ഒരു സാധ്യതയുമില്ല, മറയായി ഒരു മരം പോലും അവിടെയില്ല,’ യാദവ് പറഞ്ഞു.

ഒരു ഗ്രാമം മുഴുവന്‍ പറയുന്നത് ബീന കളവു പറയുകയാണെന്നാണ്. പക്ഷേ എനിക്ക് ഉറപ്പിക്കാനായില്ല. ഗ്രാമം മുഴുവന്‍ ഒറ്റപ്പെടുത്തുമ്പോഴും പോലീസിനെ തന്റെ പരാതി കേള്‍പ്പിക്കാനായി പൊരുതാന്‍ തക്ക എന്തു ലക്ഷ്യമാണ് അവര്‍ക്കിതില്‍ ഉണ്ടാവുക? എന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞ പോലെ അവരുടേത് ശരിക്കുമൊരു ‘ഒറ്റയാള്‍ പോരാട്ട’മാണ്.

‘എനിക്കു പണം ആവശ്യമില്ല. നഷ്ടപ്പെട്ട സമാധാനം തിരിച്ചു കിട്ടിയാല്‍ മതി. എന്റെ പെണ്‍മക്കള്‍ക്ക് ഇതു സംഭവിച്ചാലോ എന്നാണു ഭയം, ഇവിടെ ഒരു സുരക്ഷയുമില്ല, ബീന പറയുന്നു.

അതു കഴിഞ്ഞ് മാസങ്ങളോളം അവര്‍ പറഞ്ഞത് എന്നെ വേട്ടയാടി, ‘അയാള്‍ പറഞ്ഞു: ‘എന്റെ ഭാര്യ വീട്ടിലില്ല, അവള്‍ സ്വന്തം അമ്മയുടെ വീട്ടില്‍ പോയിരിക്കുകയാണ്. അതാണ് ഞാന്‍ നിന്നെ ഇങ്ങനെ ചെയ്യുന്നത്,‘ ‘ എന്ന ഭാഗം.

പക്ഷേ സ്ഥിരം രീതികളില്‍ നോക്കിയാല്‍ ഈ കേസില്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ് എന്നും എനിക്കറിയാം. കുഴഞ്ഞു മറിഞ്ഞ ഈ കാര്യം പോലീസുകാര്‍ക്ക് പരിഹരിക്കാന്‍ വിട്ടു കൊടുത്ത് ഞങ്ങള്‍ യാത്ര പറഞ്ഞു.

ആ ദൗത്യം ആലോചിച്ചപ്പോള്‍ എനിക്കവരോട് ഒട്ടും അസൂയ തോന്നിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍