TopTop
Begin typing your search above and press return to search.

യു ഡി എഫില്‍ ലീഗ് സ്വേച്ഛാധിപത്യം; വാമൂടി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും

യു ഡി എഫില്‍ ലീഗ് സ്വേച്ഛാധിപത്യം; വാമൂടി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും

കെ എ ആന്റണി

സത്യത്തില്‍ ആരാണ് കേരളത്തില്‍ വലതു പക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്നതെന്ന് ചോദിച്ചാല്‍ സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് എന്ന ഉത്തരമാണ് ലഭിക്കുക. എന്നാല്‍ അടുത്തകാലത്തായി കോണ്‍ഗ്രസ് അല്ല മുസ്ലിംലീഗാണ് മുന്നണിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ഇന്നലെ മലപ്പുറത്ത് നടന്ന മുസ്ലിംലീഗിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കോഴിക്കോട് ജില്ലയിലെ ബാലുശേരിയും കുന്ദമംഗലവും വച്ചുമാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിന് ഇടയിലാണ് ബാലുശേരിയില്‍ ഇന്നലെ ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മത്സരിച്ചു വരുന്ന ഈ മണ്ഡലത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഏകപക്ഷീയമായി മുന്‍എംഎല്‍എയും ദളിത് ലീഗ് നേതാവുമായ യു സി രാമനെ ബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിയായി അവരോധിച്ചത്. ഈ പ്രഖ്യാപനം പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നായതിനാല്‍ കോഴിക്കോട്ടെ കോണ്‍ഗ്രസുകാര്‍ക്ക് ഇനി പഞ്ചപുച്ഛമടക്കി നില്‍ക്കുകയേ നിര്‍വാഹമുള്ളൂ.

സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ യുഡിഎഫില്‍ പരിഗണിക്കപ്പെടുന്നതിന് മുമ്പു തന്നെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ച് മുന്നണിയില്‍ തങ്ങളുടെ അപ്രമാദിത്വം ലീഗ് തെളിയിച്ചിരിക്കുകയാണെന്ന് തന്നെ വേണം കരുതാന്‍. ബാലുശേരി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലാ ഘടകം എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ബാലുശേരി യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ മാറ്റിവച്ചു എന്നതിന് അപ്പുറം ലീഗിന് സത്യത്തില്‍ ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി ഭരണത്തിന് കീഴില്‍ പരമാവധി കരുത്താര്‍ജ്ജിക്കുകയെന്ന തന്ത്രം തന്നെയാണ് ലീഗ് പയറ്റുന്നത്. ഉമ്മന്‍ചാണ്ടിയുടെ കടപ്പാടുകളും ബാധ്യതകളുമാണ് ലീഗ് ഈ ഭരണത്തിന്‍ കീഴില്‍ മുതലെടുത്ത് കൊണ്ടിരിക്കുന്നത്. 1985-ല്‍ കെ കരുണാകരന്റെ ഭരണം നിലനിര്‍ത്താന്‍ വേണ്ടി ലീഗുമായി സ്ഥാപിച്ച ബാന്ധവം ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ തിരിച്ചടിയാകുന്നുവെന്നുതന്നെ കരുതാന്‍. മുസ്ലിംലീഗ് പിളര്‍ന്നുണ്ടായ ഐഎന്‍എല്ലില്‍ ചേര്‍ന്ന യുഎ ബീരാന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടന്ന തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിലൂടെയാണ് എ കെ ആന്റണിയെ മുഖ്യമന്ത്രി കസേരയില്‍ ഉറപ്പിച്ച ആ നിമിഷത്തെ കച്ചവടം ചാണ്ടിക്കു മാത്രമല്ല കോണ്‍ഗ്രസിനും വലിയ ബുദ്ധിമുട്ടുകളാണ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വരുത്തി വച്ചത്. ഒട്ടകത്തിന് സ്ഥലം കൊടുത്തുവെന്ന് പറഞ്ഞ രീതിയില്‍ ഒടുവില്‍ അറബി പുറത്തും ഒട്ടകം അകത്തും എന്ന അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടി ഇതിനെ എങ്ങനെ കാണുന്നുവെന്ന് അറിയില്ല. ഒരിക്കല്‍ താന്‍ തന്നെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയ ആന്റണിയെ പുറത്താക്കാന്‍ തേടിയ ലളിത വാക്യങ്ങളിലൊന്ന് ലീഗിന്റെ പിന്തുണ തന്നെയായിരുന്നു. ഇനിയിപ്പോള്‍ എല്ലാം സഹിച്ച് മിണ്ടാതിരിക്കുക എന്നല്ലാതെ ചാണ്ടിക്കും നിവര്‍ത്തിയൊന്നുമുണ്ടാകില്ല.

അഞ്ചാം മന്ത്രിയിലോ തങ്ങളുടെ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നടത്തുന്ന നിയമനങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല ലീഗിന്റെ അപ്രമാദിത്വം. നരേന്ദ്രമോദിക്കും സംഘപരിവാറിനും എതിരെയുള്ള ഏക ആയുധം തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ വന്ന ഒരു നഷ്ടസ്വപ്‌നം കൂടി ലീഗിന് പരിഹരിക്കാനുണ്ടായിരുന്നു.

ഭൂമി കച്ചവടത്തിനുവേണ്ടി അവസാന സമയം മാറ്റിവച്ച സര്‍ക്കാര്‍ എന്തുകൊണ്ടോ അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന് നടത്തുന്ന മദ്രസകളുടെ കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാട്ടിയില്ലെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പരിവേദനം ലീഗിന്റെ യഥാര്‍ത്ഥ അജണ്ട എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.തങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്ന 24 സീറ്റില്‍ 20-ലേക്കും മുന്നണി തീരുമാനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന രീതിയിലായിരുന്നു മുസ്ലിംലീഗിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഇന്നലെ നടന്ന രണ്ടാംഘട്ട പ്രഖ്യാപനമാകട്ടെ ശരിക്കും കോണ്‍ഗ്രസിനെ ഇരുത്തിക്കളയുന്ന രൂപത്തിലുള്ളതായിരുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന ബാലുശേരി മണ്ഡലം ലീഗ് തങ്ങള്‍ മത്സരിച്ചിരുന്ന കുന്ദമംഗലം ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. ചര്‍ച്ച ചെയ്ത് തീരുമാനിക്കാതെയാണ് ലീഗിന്റെ ഏകപക്ഷീയമായ ഈ തീരുമാനം. സ്ഥിരമായി മത്സരിക്കുന്ന കുന്ദമംഗലത്ത് ഇക്കുറി ശക്തനായ ലീഗ് വിമതന്‍ രംഗത്തെത്തിയതോടെയാണ് കുന്ദമംഗലം ഒഴിച്ചിട്ട് കോണ്‍ഗ്രസിന്റെ തീരുമാനം കാക്കാതെ ബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലീഗ് കരുനാഗപ്പള്ളി കിട്ടുന്നില്ലെങ്കില്‍ മലബാറില്‍ തന്നെ മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദ്ദിഖ് അലിയാണ്. കുറ്റ്യാടിയില്‍ മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറയ്ക്കല്‍ അബ്ദുല്ലയുമാണ്. അബ്ദുല്ല ഗള്‍ഫ് കെഎംസിസി ഭാരവാഹി കൂടിയാണ്. സമസ്തയ്ക്കും പ്രിയങ്കരനാണ് അബ്ദുല്ലയെങ്കിലും സാദ്ദിഖ് അലിയുടെ കാര്യത്തില്‍ അത്ര തീര്‍ച്ച പോര. കന്നിയങ്കത്തിന് ഇറങ്ങുന്ന ഈ രണ്ടു പേര്‍ക്കും എതിരെ ഇന്നലെ നടന്ന യോഗത്തില്‍ എതിര്‍പ്പുകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വിദേശത്തു നിന്നും ഒഴുകിയെത്തേണ്ട പണം തന്നെയായിരുന്നു പ്രധാനമെന്ന് ചില ലീഗ് വിമതര്‍ പറഞ്ഞു നടക്കുന്നതില്‍ എത്ര കണ്ട് വാസ്തവമുണ്ടെന്ന് അറിയില്ല.

ഇനിയിപ്പോള്‍ തീരാത്ത തര്‍ക്കങ്ങളുടെ പട്ടികയുമായി സുധീരന്‍, ഉമ്മന്‍ചാണ്ടി, ചെന്നിത്തല ത്രയം ഹൈക്കമാന്‍ഡ് സമക്ഷത്തില്‍ നിന്നും തിരിച്ചു കൊണ്ടു വരുന്ന പട്ടികയില്‍ അറിയാതെ ആണെങ്കില്‍ കൂടി ഒരു മുസ്ലിംലീഗുകാരന്‍ കൂടി കയറിക്കൂടിയേക്കുമോയെന്ന ആശങ്ക മനംമടുത്ത ചില കോണ്‍ഗ്രസുകാരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories