TopTop
Begin typing your search above and press return to search.

ശ്യാമപ്രസാദിന്റെ ഇവിടെ; ഒഴിവാക്കേണ്ടിയിരുന്ന ജാതി ചിന്ത

ശ്യാമപ്രസാദിന്റെ ഇവിടെ; ഒഴിവാക്കേണ്ടിയിരുന്ന ജാതി ചിന്ത

എന്നും പ്രേക്ഷകർ ശ്രദ്ധിക്കുന്ന സംവിധായകനാണ് ശ്യാമ പ്രസാദ്‌. സംവിധാനം തുടങ്ങിയ കാലം തൊട്ടേ ആരാധകരും വിമർശകരും വിവാദങ്ങളും അദ്ദേഹത്തിനു ചുറ്റും ഉണ്ട്. അരികെ, അകലെ തുടങ്ങിയ മുന്നക്ഷര പടങ്ങളുടെ കൂട്ടത്തില്‍ മൂന്നാമത്തേതാണ് ഇവിടെ. ഹോളിവുഡ് സിനിമാ മാതൃകയിലുള്ള ട്രയിലർ പുറത്തിറങ്ങിയത് മുതൽ ഇവിടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പൊതുവെ അനുവർത്തനങ്ങളിൽ (adaptations) അതീവ തത്പരനായ ശ്യാമപ്രസാദ് ഒരു സ്വതന്ത്ര തിരക്കഥയെ അവലംബിച്ച് ചെയ്ത സിനിമ കൂടിയാണ് ഇവിടെ.

ഒരേ കടലിലും അരികെയിലും ഉള്ള ബംഗാളി അന്തരീക്ഷത്തെ ഒന്ന് മാറ്റിപ്പിടിച്ചു ഒരു ഹോളിവുഡ് ആംബിയൻസ് നൽകാനാണ് ഈ സിനിമയിൽ ശ്രമിച്ചത്. ഭൂരിഭാഗം വരുന്ന സാധാരണ പ്രേക്ഷകർക്ക്‌ അപരിചിതമായ അറ്റ്ലാന്റൻ വഴികളിലൂടെ എറിക് ഡിക്സന്റെ ക്യാമറ സൂക്ഷ്മമായി തന്നെ ചലിക്കുന്നുണ്ട്.

ഒരുപാടു വൈകാരിക തലങ്ങൾ ഉള്ള ഒരു ത്രില്ലർ ആണ് ഇവിടെ. ത്രില്ലർ ജനുസ്സിൽ ഉള്ള ആദ്യ ശ്യാമ പ്രസാദ്‌ സിനിമ കൂടിയാണിത്.നിലവിൽ ഉള്ള രീതികളിൽ നിന്ന് വ്യതസ്തമായി വളരെ ശാന്തമായാണ് സിനിമ വഴിത്തിരിവുകളിലേക്ക് എത്തുന്നത്. പ്രിഥ്വിരാജിന്റെ വരുണ്‍ ബ്ലേക്ക് അറ്റ്‌ലാന്റ പോലീസ് സേനയിൽ ഉദ്യോഗസ്ഥനാണ്. വരുണിന്റെ ശാരീരിക പീഡനങ്ങൾ സഹിക്കാതെ വിവാഹ മോചനം നേടിയ ഐ ടി ഉദ്യോഗസ്ഥ രോഷ്നി മാത്യൂസ്‌ ആയി ഭാവനയും അവരുടെ മേലുദ്യോഗസ്ഥൻ കൃഷ്‌ ഹെബ്ബാർ ആയി നിവിൻ പോളിയും എത്തുന്നു.

ഐ ടി മേഖലയിലെ ഔട്ട്സോഴ്സിംങ്ങും അനുബന്ധ പ്രശ്നങ്ങളും ആണ് കഥയെ നയിക്കുന്നത്. (ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ ത്രില്ലർ സ്വഭാവമുള്ള കഥാ ഗതി കൂടുതൽ വിശദീകരിക്കുന്നില്ല.)ശ്യാമപ്രസാദിന് എപ്പൊഴും കേൾക്കേണ്ടി വരുന്ന ആരോപണം ആണ് സവർണതയോടും ബ്രാഹ്മണ്യത്തോടും ഉള്ള ചായ് വ്. പലപ്പോഴും കഥ ആവശ്യപ്പെടുന്നത് എന്ന് പറഞ്ഞു സംവിധായകന്‍ ഈ ആരോപണത്തെ ഖണ്ഡിക്കാറുമുണ്ട്. പക്ഷെ ഇന്ത്യയിലെ ക്രോസ് ബെൽറ്റ്‌ ആയ പൂണുൽ ഇട്ടവന് വിദ്യാഭാസം കൊണ്ടേ രക്ഷ ഉള്ളു എന്ന ഡയലോഗിന് ഇവിടെ പോലൊരു സിനിമയിൽ യാതൊരു പ്രസക്തിയും ന്യായീകരണവും ഇല്ല. കൃഷ്‌ എന്ന ഐ ടി ഉദ്യോഗസ്ഥൻ ബ്രാഹ്മണൻ ആണോ അല്ലയോ എന്നത് കഥാഗതിയെ ഒരു തരത്തിലും ബാധിക്കുന്നില്ല, ഐ ടി കമ്പനികളിലെ തൊഴിൽ സുരക്ഷാ ഭീതി ഒരിക്കലും ജാതിയമായ ഒന്നല്ല. അവിടെ നടക്കുന്ന പല തരത്തിലുമുള്ള തൊഴിൽ ചൂഷണങ്ങൾക്ക് ജാതിയുമായോ 'ആനുകൂല്യങ്ങളിലെ അസമത്വവും' ആയോ വിദ്യാഭ്യാസവുമായൊ യാതൊരു ബന്ധവും ഇല്ല. അത് മാനവ വിഭവ ശേഷിയുമായി മാത്രം ബന്ധപ്പെട്ട ഒന്നാണ്. മാനവ വിഭവ ശേഷിയും യൌവനവും പിഴിഞ്ഞെടുക്കുന്ന ഐ ടി കമ്പനികളിൽ നടക്കുന്ന 'മക്കൾ രാഷ്ട്രീയവും' കർണൻ-അർജുനൻ ദ്വന്ദ്വത്തിലുള്ള നിവിൻ പോളിയുടെ നില്പ്പും ഒട്ടും വിശ്വസനീയം അല്ല. കരിയറിസ്റ്റ് ആയ ബ്രാഹ്മണൻ ആയതുകൊണ്ട് കൃഷിനു അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകൾ മറ്റു ശ്യാമ പ്രസാദ്‌ സിനിമകളിലെ പോലെ ഇവിടെയിലും ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. പ്രിഥ്വിരാജിന്റെ വരുണ്‍ ബ്ലേക്ക് ഒരുപാട് ആഴമുള്ള കഥാപാത്രമാണ്. ആറു വയസ്സ് വരെ ഉള്ള അനാഥാലയജീവിതം, ഇന്ത്യൻ തവിട്ടു നിറം കാരണം നേരിടേണ്ടി വന്ന അപമാനങ്ങൾ, സാഡിസം തുടങ്ങി പല തലങ്ങൾ ഉണ്ട് വരുണിനു സിനിമയിൽ . റുഡ്യാര്‍ഡ് കിപ്ലിങ്ങും കളിത്തോക്കും നിറച്ച വരുണിന്റെ പഴയ ട്രങ്ക് പെട്ടി സിനിമയിൽ നല്ല കാഴ്ച ആകുന്നു.

നിവിൻ പോളിയുടെ കൃഷ്‌ ഹെബ്ബാർ നന്മ തിന്മകളുടെ മിശ്രണമാണ്. ഉയർച്ചക്ക്‌ വേണ്ടി എന്തും ചെയ്യുമ്പോഴും സ്നേഹം അയാളെ ദുർബലനാക്കുന്നു. ഭാവനയുടെ രോഷ്നി മാത്യുസ് വ്യക്തിത്വം ഉള്ള കഥാപാത്രം ആണ്. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നില്ക്കുന്ന പൂർവകാല കുറ്റബോധങ്ങൾ വെട്ടയാടാത്ത ഒരു സ്ത്രീ കഥാപാത്രം എന്ന നിലയിൽ രോഷ്നി പ്രത്യേക പരാമർശം അർഹിക്കുന്നു.പ്രിഥ്വിരാജിന്റെ അഭിനയ സാധ്യതകളെ ഇത്രത്തോളം പുറത്തെടുത്ത സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്. ഇവിടെയിൽ ആദ്യാവസാനം നിറഞ്ഞു നില്ക്കുന്നത് പ്രിഥ്വിയുടെ വരുണ്‍ ബ്ലേക്ക് ആണ്. നിവിൻ പോളിയുടെ കൃഷ്‌ ഡയലോഗ് പ്രസന്റേഷൻ കാര്യത്തിൽ അപക്വത പുലർത്തി. ലോക ഐ ടി ഭീമൻ കമ്പനിയിലെ ബുദ്ധി രാക്ഷസനായ തൊഴിലാളി ആകാൻ നിവിൻ കഷ്ടപ്പെടും പോലെ തോന്നി. ഭാവന പൂർണമായും രോഷ്നി മത്യുസിനോട് നീതി പുലർത്തി.

മറ്റൊരു ദേശത്തു ചിത്രീകരിച്ചതിനാൽ ഇംഗ്ലീഷ് സംഭാഷണങ്ങൾ സിനിമക്ക് ആവശ്യമാണെങ്കിലും കൃത്രിമത്വം കലർന്ന സബ് റ്റൈട്ടിലുകൾ അരോചകമാണ്. 80 ശതമാനത്തിലേറെ ഇംഗ്ലീഷ് ഡയലോഗുകൾ ആണെന്നതിനാൽ ദൃശ്യത്തിലും സബ്ടൈറ്റിലുകളിലും മാറി മാറി നോക്കേണ്ടി വരുന്ന സാധാരണ പ്രേക്ഷകരുടെ അവസ്ഥയെ സംവിധായകൻ കാണാതെ പോയി.

വരുണിന്റെ വോയിസ്‌ ഓവറിൽ തുടങ്ങി കൃഷിന്റെ വോയിസ്‌ ഓവറിൽ അവസാനിക്കുന്ന അവതരണ ശൈലി പുതുമ ഉള്ളതാണ്. പക്ഷെ വിവരണങ്ങൾ അതി സാഹിത്യത്തിന്റെ അകമ്പടിയിൽ മുങ്ങിപ്പോയി. വേരുകളെ പറ്റിയൊക്കെ ഉള്ള നിവിൻ പോളിയുടെ അവസാനത്തെ വിവരണം വേഗത വ്യതാസങ്ങളിൽ പെട്ട് കഷ്ടപ്പെടും പോലെ അനുഭവപ്പെടുന്നു. പല രീതിയിലും പുതുമ ഉള്ളതെങ്കിലും സാധാരണ പ്രേക്ഷകരെ പൂർണ്ണമായും അവഗണിക്കുകയാണ് ഇവിടെയിൽ ശ്യാമപ്രസാദ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories