TopTop

ജയലളിതയ്ക്ക് ജാമ്യ കൈത്താങ്ങ്; ഇനി പരീക്ഷണ കാലം

ജയലളിതയ്ക്ക് ജാമ്യ കൈത്താങ്ങ്; ഇനി പരീക്ഷണ കാലം

ടീം അഴിമുഖം


എഐഡിഎംകെ പാര്‍ട്ടിയ്ക്കുള്ള ജന്മദിനസമ്മാനമായി ജയലളിതയ്ക്ക് ജാമ്യം. സുപ്രിം കോടതിയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാട ജയിലില്‍ കഴിയുന്ന ജയയ്ക്ക് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റീസ് ദത്തു അധ്യക്ഷനായ ബഞ്ചാണ് ബാംഗ്ലൂര്‍ കോടതിയുടെ ശിക്ഷാവിധിയില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേ സമയം കര്‍ണ്ണാടക ഹൈക്കോടതി ജയയെ കുറ്റക്കാരിയെന്നു കണ്ടെത്തിയ വിധിക്ക് സ്‌റ്റേ അനുവദിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. അതിനാല്‍ പുറത്തിറങ്ങിയാല്‍ മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്താന്‍ ജയലളിതയ്ക്ക് കഴിയില്ല. കുറ്റക്കാരിയല്ലെന്നു കോടതി വിധിച്ചാല്‍ മാത്രമെ മുഖ്യമന്ത്രി പദം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ജയലളിതയ്ക്ക് ചിന്തിക്കാന്‍ കഴിയൂ.


ജാമ്യവിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രിം കോടതി ജയയോട് കുറ്റക്കാരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഡിസംബര്‍ 18-നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകളും തെളിവുകളും ലഭിച്ചാല്‍ രണ്ടുമാസത്തിനുള്ളില്‍ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യത്തി ല്‍ തീരുമാനമെടുക്കാന്‍ കര്‍ണ്ണാടക ഹൈക്കോടതിയോടും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോടതി നിര്‍ദ്ദേശം അനുസസരിക്കാതെ ശിക്ഷാവിധി റദ്ദാക്കാനാവശ്യമായ തെളിവുകള്‍ നല്‍കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ കോടതി നിര്‍ബന്ധിതമാകുമെന്നും വിധിയില്‍ മുന്നറിയിപ്പുണ്ട്.ജയലളിതയ്ക്ക് വേണ്ടി ഫാലി എസ് നരിമാനാണ് കോടതിയില്‍ ഹാജരായത്. ശിക്ഷയനുഭവിച്ചു കഴിഞ്ഞശേഷം നിരപരാധിയാണെന്ന് തെളിയുമ്പോള്‍ നീതിന്യായ വ്യവസ്ഥ പൗരനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും സംഭവിക്കുക, അതിനാല്‍ ജയലളിതയ്ക്ക് ഇപ്പോള്‍ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്‍കണമെന്ന് ഫാലി എസ് നരിമാന്‍ വാദിച്ചു. ഈ വാദവും പ്രതിഭാഗം ചൂണ്ടിക്കാണിച്ച ജയലളിതയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ കര്‍ണ്ണാടക ഹൈക്കോടതിയില്‍ ജയലളിതയും കൂട്ടുപ്രതികളും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ജയയെ പുറത്തുവിടാന്‍ വിസമ്മതിക്കുകയായിരുന്നു. ജാമ്യം വേണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു കര്‍ണ്ണാടക കോടതി വ്യക്തമാക്കിയത്. അഴിമതി സാമ്പത്തിക ക്രമക്കേട് എന്നതിലുപരി ഗുരുതരമായ മനുഷ്യാവകാശം ലംഘനമാണ്. ജയലളിതയുടെ കാര്യത്തില്‍ ഇത് വ്യക്തമായിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ജാമ്യം നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ലെന്നും അഴിമതി കേസായി മാത്രം ഈ കേസിനെ പരിഗണിക്കാനാവില്ലെന്നും ജയയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതിയില്‍ ജയയുടെ ജാമ്യാപേക്ഷ വന്ന സമയത്തു ചെറിയ വിവാദം ഉണ്ടായിരുന്നു. വളരെ രാഷ്ട്രീയ സ്വാധീനമുള്ള ജയലളിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ആദ്യം കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചൂ. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. ജാമ്യം നല്‍കുന്നതില്‍ രണ്ടു നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജാമ്യം നല്‍കരുതെന്ന് രേഖാമൂലവും അനുവദിക്കാമെന്ന് വാക്കാലും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതാണ് ചില സംശയങ്ങള്‍ക്ക് വഴിവച്ചത്.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി ജയയും കൂട്ടാളികളും സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നാലുവര്‍ഷത്തെ തടവും 100 കോടി രൂപ പിഴയുമാണ് കര്‍ണ്ണാടക ഹൈക്കോടതി ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. ഇതൊടൊപ്പം തോഴി ശശികല, വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ക്ക് നാലു വര്‍ഷം തടവും 10 കോടി രൂപാവീതം പിഴയും വിധിച്ചിരുന്നു. ഇവര്‍ക്കും സുപ്രിം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി ഭരണമേറ്റ 1991-96 കാലയളവിലാണ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയത്. ഒരു രൂപ മാത്രം ശമ്പളം വാങ്ങൂ എന്ന അവകശവാദം ഉന്നയിച്ച് അധികാരത്തിലേറിയ ജയലളിതയ്‌ക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്ത് കോടികള്‍ സ്വന്തമാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. ഈ കാലയളവില്‍ 66.65 കോടി രൂപയാണ് ജയലളിത സ്വന്തമാക്കിയതായി ആരോപണമുള്ളത്. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഫാം ഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തോട്ടം, ഇവകൂടാതെ 28 കിലോഗ്രാം സ്വര്‍ണ്ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 91 വാച്ചുകള്‍ എന്നിവയും ജയലളിത ഇക്കാലയളവില്‍ അനധികൃതമായി സമ്പാദിച്ചതായാണ് കേസ്.മുഖ്യമന്ത്രി പദത്തിലേക്ക് തിരികെ എത്താന്‍ കഴിയില്ലെങ്കിലും ജയില്‍ മോചിതയാകുന്നത് തന്നെ ജയലളിതയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു വരുന്നത് വാര്‍ത്തയായിരുന്നു. ചില നേതാക്കള്‍ ധാര്‍മ്മികതയുടെ പേരു പറഞ്ഞ് ജയലളിത പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേ പോലെ അണികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും തന്റെ മേധാവിത്വം പാര്‍ട്ടിയിലും സ്ംസ്ഥാനത്തും ഉറപ്പിക്കുന്നതിനും പുറത്തുള്ള ജയയ്‌ക്കേ കഴിയുമായിരുന്നുള്ളു. അതാണ് ജാമ്യലബ്ധിയോടെ സാധ്യമായിരിക്കുന്നത്. തന്റെ വിശ്വസ്ഥന്‍ പനീര്‍ശെല്‍വത്തിന്റെ പക്കല്‍ നിന്ന് ഭീഷണിയൊന്നും ഉണ്ടാകില്ലെങ്കിലും അകത്തുകിടക്കുന്നിടത്തോളം കാലം ഭയക്കേണ്ടതുണ്ടായിരുന്നു. തന്റെ അസാന്നിധ്യത്തില്‍ എന്തും സംഭവിക്കാമെന്ന് തമിഴ് രാഷ്ട്രീയം നല്ലതുപോലെ അറിയാവുന്ന ജയയ്ക്ക് തിരിച്ചറിയാന്‍ കഴിയും.

ഇതേ സമയം ജയയുടെ ജാമ്യവാര്‍ത്ത ഡിഎംകെ ക്യാമ്പുകളില്‍ അസ്വസ്ഥത പടര്‍ത്തിക്കഴിഞ്ഞു. കിട്ടിയ അവസരം ഒരു ശതമാനംപോലും വിനിയോഗിക്കാന്‍ കഴിയാതെ പോയതിന്റെ നിരാശ ഡിഎംകെയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍പ്പോലും ശക്തമാണ്. ജയ ജയിലിലായ സമയത്ത് തന്നെ ഡിഎംകെയുടെ ഉന്നത നേതാക്കന്മാര്‍ക്കെതിരെ രാഷ്ട്രീയവൈരമെന്ന് ആരോപിക്കാവുന്ന തരത്തില്‍ ചില കേസുകള്‍ പൊങ്ങി വന്നിരുന്നു. ഇനി ശക്തമായ പ്രതികാര നടപടികള്‍ തങ്ങള്‍ക്കെതിരെ ഉണ്ടായേക്കുമെന്നും അവര്‍ ഭയപ്പെടുന്നുണ്ട്.


Next Story

Related Stories