UPDATES

ട്രെന്‍ഡിങ്ങ്

ജേക്കബ് തോമസിന് 50 ഏക്കര്‍ ബിനാമി സ്വത്തെന്ന് ആരോപണം; വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം തെറിക്കുമോ?

തമിഴ്‌നാട്ടില്‍ അമ്പത് ഏക്കറോളം ഭൂമി സ്വന്തമാക്കിയതായി വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായിരിക്കുന്നത്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിനാമി ഇടപാടിലൂടെ തമിഴ്‌നാട്ടില്‍ അമ്പത് ഏക്കറോളം ഭൂമി സ്വന്തമാക്കിയതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 2001ല്‍ വിദുരനഗര്‍ ജില്ലയില്‍ രാജപ്പാളയം താലൂക്കില്‍ സേതൂര്‍ വില്ലേജില്‍ 33 പേരില്‍ നിന്നായി ജേക്കബ് തോമസ് 50.33 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയെന്നാണ് ആരോപണം.

1905/2001, 1906/2001 എന്നീ രണ്ട് വില്‍പ്പനക്കരാറുകളിലായാണ് ഇടപാടുകള്‍ നടന്നതെന്നും രേഖകളില്‍ വ്യക്തമാണ്. സേതൂര്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ 2001 നവംബറിലാണ് ഇടപാടുകള്‍ നടന്നതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. കൊച്ചിയില്‍ ജിസിഡിഎ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ര അഗ്രോടെക് സിസ്റ്റം ഡയറക്ടര്‍ എന്ന അഡ്രസിലാണ് ഭൂമി ജേക്കബ് തോമസിന്റെ പേരില്‍ വിനിമയം ചെയ്തിരിക്കുന്നത്. അതേസമയം ഈ ഇടപാടുകള്‍ നടന്നിരിക്കുന്നത് കമ്പനിയുടെ പേരിലല്ലെന്നും വ്യക്തിയുടെ പേരിലാണെന്നും എക്‌സ്പ്രസിന് ലഭിച്ച രേഖകളില്‍ വ്യക്തമാണ്.

ഇസ്ര അഗ്രോടെക് സിസ്റ്റം ഭൂമി ഇടപാടുകള്‍ക്ക് വേണ്ടി രൂപീകരിച്ച കമ്പനിയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഇസ്രയുടെ രേഖകളില്‍ ജേക്കബ് തോമസ് ഡയറക്ടര്‍ അല്ല, പകരം ഒക്ടോബര്‍ മൂന്ന് 2000 മുതല്‍ മറ്റ് രണ്ട് പേരാണ് ഇതിന്റെ ഡയറക്ടര്‍മാരെന്നും രേഖകളില്‍ വ്യക്തമാണ്. അതേസമയം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള നീക്കങ്ങളും സര്‍ക്കാരില്‍ സജീവമായിട്ടുണ്ട്. സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതൃപ്തി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്. നിര്‍ഭാഗ്യവശാല്‍ പത്മവ്യൂഹം ഭേദിക്കാനാകാതെ അഭിമന്യു കീഴടങ്ങുന്നുവെന്നാണ് ജേക്കബ് തോമസ് തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലും ജേക്കബ് തോമസിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ സമര്‍പ്പിക്കേണ്ട സ്വത്ത് വിവര പട്ടികയില്‍ തമിഴ്‌നാട്ടിലെ സ്വത്ത് വിവരങ്ങള്‍ ഈവര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച റിട്ടേണ്‍സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഈ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 2001ല്‍ വാങ്ങിയ 50 ഏക്കര്‍ സ്ഥലത്തെക്കുറിച്ച് 2002ലും 2003ലും ജേക്കബ് തോമസ് സ്വത്ത് വിവര പട്ടികയില്‍ ജേക്കബ് തോമസ് ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് അത് ഒഴിവാക്കി. ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരിലുള്ള വസ്തുവായിട്ടാണ് ഇക്കാലത്ത് ഈ ഭൂമി റിട്ടേണ്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഖിലേന്ത്യ സര്‍വീസ് നിയമ പ്രകാരം സ്ഥാവര സ്വത്തുക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എല്ലാവര്‍ഷവും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇസ്രാ അഗ്രോ ടെക് ജേക്കബ് തോമസിന്റെ ബിനാമി കമ്പനിയാണെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ഇസ്ര കമ്പനിയുടെ രേഖകള്‍ പ്രകാരം ജേക്കബ് തോമസ് ഒരിക്കല്‍ പോലും ഈ കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്നില്ല.

വ്യാജവിലാസവും തെറ്റായ വിവരങ്ങളും നല്‍കിയാണ് സ്വത്ത് സമ്പാദനം നടത്തിയത്. വസ്തു വാങ്ങിയപ്പോള്‍ അഡ്രസായി ഇസ്രാ അഗ്രോ ടെകിന്റെ ഡയറക്ടര്‍ എന്ന് ആധാരത്തില്‍ വ്യക്തമാക്കിയെങ്കിലും ഇത് തെളിയിക്കുന്ന രേഖകളൊന്നും സബ് രജിസ്റ്റാര്‍ ഓഫീസില്‍ ഹാജരാക്കിയിട്ടില്ല. ഇത് ക്രിമിനല്‍ കുറ്റമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ഇപി ജയരാജന്‍ മന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ ബലി കൊടുക്കാന്‍ തോമസ് ജേക്കബും തയ്യാറല്ല. ഇതാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയൊരുക്കുന്നത്. തോമസ് ജേക്കബിനെ കൂടാതെ മറ്റ് ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ടാകും. ഇതില്‍ മൂന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടറാമും ഉള്‍പ്പെടുമെന്നാണ് അറിയുന്നത്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാന്‍ സബ്കളക്ടര്‍ നടത്തുന്ന നീക്കങ്ങളോട് സിപിഎമ്മിനും സിപിഐയ്ക്കും കടുത്ത എതിര്‍പ്പാണ് ഉള്ളത്. ഇരുകക്ഷികളുടെയും ജില്ലാ നേതൃത്വങ്ങളും മന്ത്രി എംഎം മണിയും സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍