Top

എവിടേയും നില്‍ക്കാതെ ജേക്കബ് തോമസ്; എവിടേയും നിര്‍ത്താതെ അധികാരികളും

എവിടേയും നില്‍ക്കാതെ ജേക്കബ് തോമസ്; എവിടേയും നിര്‍ത്താതെ അധികാരികളും

ഷിജു ആച്ചാണ്ടി

ഡല്‍ഹി കാര്‍ഷികഗവേഷണകേന്ദ്രത്തിലെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ വന്ന തൊഴിലവസരങ്ങളിലൊന്നു സ്വീകരിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ മുപ്പതു വര്‍ഷം കൊണ്ടുണ്ടാക്കിയ പണം ഒരു വര്‍ഷം കൊണ്ടു സമ്പാദിക്കാമായിരുന്നു ജേക്കബ് തോമസിന്. ജര്‍മനിയിലെ ഒരു ബഹുരാഷ്ട്രകമ്പനിയുടെ ഏഷ്യാ-പസഫിക് മേധാവിയായി ഹോങ്കോംഗില്‍ പ്രവര്‍ത്തിക്കാനായിരുന്നു ഓഫര്‍. അഗ്രോണമിയില്‍ ജേക്കബ് നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങളില്‍ കമ്പനിക്കുള്ള താത്പര്യമായിരുന്നു ആ വാഗ്ദാനത്തിനു നിദാനം. അതു സ്വീകരിച്ചില്ല.

അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്താമെന്നതായിരുന്നു മറ്റൊരു മാര്‍ഗം. കാലിഫോര്‍ണിയ, മിഷിഗണ്‍, കോര്‍ണല്‍ എന്നീ യുഎസ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഒരേ സമയം ക്ഷണമെത്തി; പക്ഷേ നിരസിച്ചു. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായതിനാല്‍ ഐസിഎആറില്‍ ശാസ്ത്രജ്ഞനായും ചേരാമായിരുന്നു. അതും ആകര്‍ഷകമായിരുന്നു. ഈ മൂന്ന് അവസരങ്ങളും വേണ്ടെന്നു വച്ച് ജേക്കബ് തോമസ്, ഐപിഎസ് തെരഞ്ഞെടുത്തു. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ സിവില്‍ സര്‍വീസിന്റെ പ്രവര്‍ത്തനരീതികളെ കുറിച്ച് ശരിക്കറിയില്ലാതിരുന്നതുകൊണ്ട് എന്നു പറയും അദ്ദേഹം. അറിയുമായിരുന്നെങ്കില്‍ ഈ തൊഴില്‍ തിരഞ്ഞെടുക്കുമായിരുന്നില്ല എന്നു തന്നെ അര്‍ത്ഥം.

സ്വന്തമായി തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകാന്‍ സാധാരണഗതിയില്‍ സാധിക്കാത്ത ഒരു പദവിയെ ഉന്നതപദവിയെന്നു വിശേഷിപ്പിക്കുന്നതിലുള്ള വൈരുധ്യത്തിലേക്കാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. വലിയ അധികാരകേന്ദ്രങ്ങളാണെങ്കിലും അധികാരം ഉപയോഗിച്ച് എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെല്ലാമെടുക്കുന്നത് രാഷ്ട്രീയ ഭരണാധികാരികളായിരിക്കുമല്ലോ. അതുകൊണ്ട് താനുദ്ദേശിച്ച കാര്യങ്ങള്‍ താനുദ്ദേശിച്ച പൂര്‍ണതയില്‍ ഒരു പദവിയിലും ചെയ്യാന്‍ കഴിയാതെ പോയ ഉദ്യോഗസ്ഥനാണ് ജേക്കബ് എന്നു പറയാം.

കൊച്ചിയില്‍ സിറ്റി പോലീസ് കമ്മീഷണറായിരിക്കെയാണ് ജേക്കബ് തോമസിന്റെ വാ നേരെ പോ നയം തങ്ങളുടെ നേരെയും വന്നു പോയെക്കാമെന്ന് പ്രമാണികള്‍ തിരിച്ചറിഞ്ഞത്. രാമവര്‍മ ക്ലബ്ബിലെ റെയ്ഡോടെയായിരുന്നു അത്. ഉദ്യോഗസ്ഥപ്രമുഖരും മറ്റും വെള്ളിയാഴ്ച വന്നു തമ്പടിച്ച് തിങ്കളാഴ്ച പുലര്‍ച്ച വരെ പണം വാരിയെറിഞ്ഞു നടത്തുന്ന ചൂതാട്ടം പിടിക്കപ്പെട്ടു. പക്ഷേ അതോടെ ജേക്കബിനെ ഇവര്‍ അപ്രഖ്യാപിത ശത്രുവാക്കി. അതിന്റെ പീഢനങ്ങള്‍ പിന്നീടൊന്നും അദ്ദേഹത്തെ വിട്ടൊഴിഞ്ഞതുമില്ല.

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ജോയിന്‍റ് കമ്മിഷണറായിരിക്കെ ഡ്രൈവിംഗ് ലൈസന്‍സ് വിതരണം സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും അഴിമതിമുക്തവുമാക്കാന്‍ പദ്ധതിയിട്ടു. ക്യാമറക്കണ്ണുകളില്‍ നിയതമായ ട്രാക്കുകളില്‍ നടത്തുന്ന ടെസ്റ്റുകള്‍ക്കൊടുവില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കപ്പെടും. ഏജന്റുമാര്‍ വഴി വരുന്നവര്‍ക്ക് എളുപ്പങ്ങളും നേരെ വരുന്നവര്‍ക്ക് ബുദ്ധിമുട്ടും ഇല്ല. പക്ഷേ അതു യാഥാര്‍ത്ഥ്യമാകുന്നതിനു മുമ്പ് ജേക്കബ് തോമസ് സ്ഥലംമാറ്റപ്പെട്ടു.

തുടര്‍ന്നു ശാസ്ത്രസാങ്കേതികവകുപ്പിലെത്തിയ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടത് അതിനു കീഴിലുള്ള ഗവേഷണസ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയാണ്. ഉദ്യോഗത്തിനും ഉദ്യോഗക്കയറ്റങ്ങള്‍ക്കും മാത്രമായുള്ള ഗവേഷണം. സര്‍ക്കാരിന്റെ പണം മുടക്കുന്നുണ്ടെങ്കിലും അതുകൊണ്ടു നാടിനു വലിയ പ്രയോജനമൊന്നുമില്ലാത്ത അവസ്ഥ. നടപടികളാരംഭിച്ചു.

താമസിയാതെ അടുത്ത സ്ഥലംമാറ്റം. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലേയ്ക്ക്. അഴിമതിയുടെ കൂത്തരങ്ങായിരുന്നു അവിടം. കോടിക്കണക്കിനു ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന കോടികള്‍ പത്തു കച്ചവടക്കാര്‍ ചേര്‍ന്ന് അടിച്ചു മാറ്റുന്ന സംവിധാനമായിരുന്നു ഫലത്തില്‍ സിവില്‍ സപ്ലൈസ്. അകൗണ്ടന്റ് ജനറല്‍ തന്നെ കണ്ടെത്തിയ കാര്യം. ജേക്കബ് ഇടപെട്ടു. ശക്തരായിരുന്നു എതിരാളികള്‍. വലിയ പോരാട്ടങ്ങള്‍ തന്നെ നടന്നു. ജനങ്ങളുടെ പണം തട്ടുന്ന കള്ളക്കച്ചവടക്കാരെ നിലയ്ക്കു നിറുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ വിരട്ടാന്‍ ബഹുമാന്യരായ ജനപ്രതിനിധികള്‍ നിയമസഭാതലം ഉപയോഗിക്കുന്ന ജുഗുപ്‌സാവഹമായ കാഴ്ചയ്ക്കും അന്നു കേരളം സാക്ഷിയായി. സപ്ലൈകോയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ച്, മറുപടികള്‍ എഴുതിച്ച്, കുഴപ്പിക്കുകയായിരുന്നു തന്ത്രം. കോടതിയലക്ഷ്യനടപടികളും കേസുകളും വരിവരിയായി വന്നു. പക്ഷേ ഇവിടെ ജേക്കബ് ഒരു ലക്ഷ്യം നേടി. ഇ-ടെന്‍ഡര്‍ നടപ്പാക്കി. അതിന്നും തുടരുന്നു. അഴിമതിക്കെതിരെ വലിയൊരു തടയണയായി അതിനെ ഉപയോഗപ്പെടുത്താനാവുന്നുണ്ട്.2007 ല്‍ അദ്ദേഹം കെഎസ്എഫ്ഡിസിയില്‍ എത്തി. സിനിമയില്‍ പോലീസുകാര്‍ക്കെന്തു കാര്യം എന്ന ചോദ്യമുയര്‍ന്നു. ഈ സ്ഥാപനത്തില്‍ കാര്യമായി ഒന്നും നടക്കാത്തതുകൊണ്ടു തന്നെ അഴിമതിയും കാര്യമായില്ല. പക്ഷേ ശമ്പളം വാങ്ങുന്ന ജോലിക്കാര്‍ കാര്യമായ പണിയില്ലാതിരിക്കുന്ന സാഹചര്യമുണ്ട്. അതിനു മാറ്റം വരുത്താനും ചിത്രാഞ്ജലി സ്റ്റുഡിയോയെ സജീവമാക്കാനും പദ്ധതികളുണ്ടായി. വൈകാതെ കെഡിഡിഎഫ്സിയിലേയ്ക്കു തെറിപ്പിച്ചു. ഫൈനാന്‍സ് ഏര്‍പ്പാടുകളായതിനാല്‍ തന്നെ അഴിമതികളുമുണ്ട്. അതെല്ലാം വിജിലന്‍സിനെ അറിയിക്കുകയാണ് ചെയ്തത്. വിജിലന്‍സിന്റെ സാദ്ധ്യതകള്‍ മനസ്സിലാക്കാനായി എന്നതായിരുന്നു അതിന്റെ പ്രധാന പ്രയോജനം.

തുറമുഖവകുപ്പായിരുന്നു അടുത്ത ലാവണം. അവിടെ ബോട്ടുകള്‍ക്കു ലൈസന്‍സ് നല്‍കുന്ന സമ്പ്രദായം അഴിമതിയുടെ പിടിയിലായിരുന്നു. അതു പരിഷ്‌കരിച്ചു. ഓഫീസില്‍ വന്ന് ഉദ്യോഗസ്ഥരെ കാണാതെ ബോട്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചു സ്ഥാപിച്ചു. ചെറുകിട തുറമുഖങ്ങള്‍ അഴിമുഖങ്ങളോടു ചേര്‍ന്നാണ് ഉള്ളത്. അഴിമുഖങ്ങളിലെല്ലാം വലിയ മണല്‍ ശേഖരമുണ്ടാകും. ഈ മണല്‍ ഖനനം വലിയ അഴിമതി നടത്താനുള്ള അവസരമായിരുന്നു പലര്‍ക്കും. അഴിമതിയോടൊപ്പം വന്‍തോതിലുള്ള പരിസ്ഥിതിനശീകരണവും. അതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു, വ്യവസ്ഥകളേര്‍പ്പെടുത്തി. മണല്‍ ലോബി എതിരായി.

വൈകാതെ ലോകായുക്തയിലേയ്ക്കു മാറ്റം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ലോകായുക്തയില്‍ നിയമിക്കുക പതിവില്ല. സ്വന്തമായി വാഹനമോ നല്ല ഓഫീസോ ഇല്ലാത്ത ഉദ്യോഗമാണത്. ജേക്കബിനെ ഒതുക്കിയതാണ്. പക്ഷേ ലോകായുക്തയിലെ സാധ്യതകള്‍ അന്വേഷിച്ചു കണ്ടെത്തിയ അദ്ദേഹം പണി തുടങ്ങി. പാറ്റൂര്‍ ഭൂമിത്തട്ടിപ്പു കേസും ബെവറേജസ് കോര്‍പറേഷനില്‍ മദ്യക്കുപ്പികള്‍ക്കു അനധികൃതമായി ഹോളോഗ്രാം നിര്‍മ്മിക്കുന്ന കേസും അന്വേഷണവിഷയമായി വരുന്നത് അപ്പോഴാണ്. ഹോളോഗ്രാം തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തയുടനെ ലോകായുക്തയില്‍ നിന്ന് വിജിലന്‍സിലേയ്ക്കു മാറ്റി.

അതുവരെ ഓരോ പദവിയിലുമിരിക്കുമ്പോള്‍ അതതു സ്ഥാപനങ്ങളിലെ അഴിമതി മാറ്റാനാണു ശ്രമിച്ചതെങ്കില്‍ സംസ്ഥാനത്തെയാകെ അഴിമതിക്കെതിരെ പോരാടാനുളള ദൗത്യമായാണ് വിജിലന്‍സ് മേധാവിസ്ഥാനത്തെ ജേക്കബ് കണ്ടത്. അതിനായി വിജിലന്റ് കേരള എന്ന പദ്ധതി രൂപപ്പെടുത്തി. ജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതിയുടെ ചങ്ങലക്കണ്ണികളെ തകര്‍ത്തു കളയുക എന്നതായിരുന്ന ലക്ഷ്യം. 44 പഞ്ചായത്തുകളെ അഴിമതിമുക്തമാക്കിക്കൊണ്ട് തുടക്കമിടുകയും ചെയ്തു. നല്ല ഫലങ്ങളാണ് ലഭിച്ചു തുടങ്ങിയത്. പക്ഷേ സംസ്ഥാനവ്യാപകമാക്കാന്‍ സമ്മതിച്ചില്ല.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് മേധാവിയായി മാറ്റം ലഭിച്ചു. അവിടെ കെട്ടിടനിര്‍മ്മാതാക്കളുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഉടമകളുടെ കൊള്ളലാഭത്തിനു വേണ്ടി നൂറു കണക്കിനു കുടുംബങ്ങളുടെ ജീവനാണു പന്താടുന്നതെന്നു ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടികള്‍. സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്നു ബഹുനിലമന്ദിരങ്ങള്‍ നിര്‍മ്മിച്ചുകൂട്ടിക്കൊണ്ടിരുന്നാല്‍ ഒരു ദുരന്തം വരുമ്പോഴായിരിക്കും സംസ്ഥാനം അതിനു വില കൊടുക്കേണ്ടി വരിക. പക്ഷേ ഭരണക്കാര്‍ക്ക് അതും അസൗകര്യമായി. പോലീസിനു കെട്ടിടങ്ങള്‍ പണിയുന്ന വിഭാഗത്തിലേയ്ക്കു മാറ്റിക്കൊണ്ട് വീണ്ടും തിരിച്ചടി കിട്ടി. അതോടെ ജേക്കബ് തോമസ് കുറച്ചു കാര്യങ്ങള്‍ പരസ്യമായി പറഞ്ഞു. എക്‌സല്‍ കേരളയെന്ന സന്നദ്ധസംഘടനയ്ക്കു രൂപം കൊടുത്തു. വാര്‍ത്തകള്‍ സൃഷ്ടിച്ചു, വാര്‍ത്തകളിലെ താരമായി. അപ്പോഴേയ്ക്കും പുതിയ ഗവണ്‍മെന്റ് വന്നു. വിജിലന്‍സിന്റെ തലപ്പത്ത് നിയോഗിതനായി.ജേക്കബ് സ്വപ്നം കണ്ടിരുന്നതുപോലെ, തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സ്വാതന്ത്ര്യമുള്ള നിലയിലാണ് നിയമനമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. അഴിമതി നടന്ന ശേഷം പിടിക്കുക എന്നതിനേക്കാള്‍ അഴിമതി നടക്കാത്ത സാഹചര്യമുണ്ടാക്കുക എന്നതു ലക്ഷ്യം വയ്ക്കുന്ന സര്‍ഗാത്മക വിജിലന്‍സ് എന്ന സങ്കല്‍പം പ്രഖ്യാപിച്ചുകൊണ്ടാണ് ജേക്കബ് തോമസ് വീണ്ടും വിജിലന്‍സിന്റെ തലപ്പത്തേയ്ക്കു വന്നത്.

മുന്‍മന്ത്രിമാരുടെ വീടുകളില്‍ സധൈര്യം പരിശോധനകള്‍ നടത്തിയും പ്രഥമവിവരറിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തും പതറാതെ പോകുന്നു എന്ന പ്രതീതി വിജിലന്‍സ് സൃഷ്ടിച്ചിട്ടുണ്ട്. വിജിലന്‍സിനെ പുതിയ സര്‍ക്കാര്‍ കുറുക്കി കെട്ടിയിട്ടില്ല എന്ന് ഏതായാലും വ്യക്തമാണ്. എന്നാല്‍ അല്‍പം നീട്ടിക്കെട്ടിയിരിക്കുന്നതാണോ? ഭരണാധികാരി ഉള്ളില്‍ കല്‍പിച്ചിരിക്കുന്ന അതിരു ലംഘിച്ചാല്‍ കെട്ടഴിച്ചു കുറുക്കി കെട്ടുമോ, മാറ്റി കെട്ടുമോ? ഇത്തരം ചോദ്യങ്ങള്‍ മലയാളി ചോദിക്കാതിരിക്കുന്നില്ല. ഉത്തരം വരുംദിനങ്ങളില്‍ കിട്ടും.

ഏതായാലും, ഏതെങ്കിലുമൊരു പദവിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ അവിടെ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുറ്റയാളാണു താനെന്ന് ജേക്കബ് തോമസ് തെളിയിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനു സാമ്പത്തികമായും നിരവധി സ്ഥാപനങ്ങള്‍ക്കു ബൗദ്ധികമായും നഷ്ടമാണ് അദ്ദേഹത്തിന്റെ പോലീസ് സര്‍വീസ് തിരഞ്ഞെടുപ്പ്. പക്ഷേ അതു രാജ്യത്തിനും ജനങ്ങള്‍ക്കും നേട്ടമാകുമായിരുന്നു, മതിയായ പ്രവര്‍ത്തനസ്വാതന്ത്ര്യം അദ്ദേഹത്തിന് അനുവദിച്ചിരുന്നുവെങ്കില്‍. ഏതാനും വര്‍ഷങ്ങള്‍ കൂടി അദ്ദേഹം സര്‍വീസിലുണ്ടാകും. ആ വര്‍ഷങ്ങളെങ്കിലും ജനങ്ങള്‍ക്കു നേട്ടമാക്കി മാറ്റാന്‍ അധികാരികള്‍ മനസ്സായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുക.


(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories