TopTop
Begin typing your search above and press return to search.

കൊമ്പു കോര്‍ക്കുന്ന ഉദ്യോഗസ്ഥ മുട്ടനാടുകളോട്, ചിലര്‍ ചോര കുടിക്കാന്‍ കാത്തിരിക്കുന്നുണ്ട്

കൊമ്പു കോര്‍ക്കുന്ന ഉദ്യോഗസ്ഥ മുട്ടനാടുകളോട്, ചിലര്‍ ചോര കുടിക്കാന്‍ കാത്തിരിക്കുന്നുണ്ട്

സാജു കൊമ്പന്‍

ഒരു കാലത്ത് സഹാറ പരിവാര്‍ ഇന്ത്യയിലെ സര്‍വ്വ ക്രിക്കറ്റ് പ്രേമികളുടെയും കുടുംബം പോലെയായിരുന്നു. സ്പോണ്‍സര്‍മാരില്ലാതെ വലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പൊക്കിയെടുത്തത് ഉത്തര്‍ പ്രദേശിലെ ഘോരഖ്പൂരില്‍ നിന്നുള്ള വ്യവസായിയായ സഹാറ മുതലാളി സുബ്രത റോയിയാണ്. 25 മാസത്തെ തീഹാര്‍ ജയില്‍ വാസത്തിന് ശേഷം ഇപ്പോള്‍ പരോളിലാണ് അയാള്‍. ആരെയെങ്കിലും കൊലപ്പെടുത്തിയ കേസിലല്ല അയാള്‍ ജയിലില്‍ കിടന്നത്. അത് 36,000 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാത്തതിനാലാണ്.

കഴിഞ്ഞ നാലു ദശകങ്ങള്‍ക്കൊണ്ട് സഹാറ സ്ഥാപകന്‍ സുബ്രതോ റോയ് തന്റെ ചെറുകിട നിക്ഷേപ പദ്ധതികളില്‍നിന്നുള്ള നിക്ഷേപം ഉപയോഗിച്ചാണ് സഹാറ സാമ്രാജ്യം കെട്ടിപ്പടുത്തത്. അത് നമ്മുടെ നാട്ടിലെ ചിട്ടിക്കമ്പനികളുടെ ഭീമന്‍ രൂപമായിരുന്നു. സഹാറയുടെ സാമ്രാജ്യത്തില്‍ ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍, ലണ്ടനിലെ ഗ്രോസ്‌വെനൊര്‍ ഹൗസ്, ടെലിവിഷന്‍ ചാനലുകള്‍, ഭൂമി ഇടപാടുകള്‍, ഫോര്‍മുല വണ്‍ റേസിങ് ടീമില്‍ പങ്കാളിത്തം എന്നിവയെല്ലാം പെടും.

2008 -11 കാലയളവിലേക്കുള്ള സഹാറയുടെ ഒരു ടേം ഡെപ്പോസിറ്റ് പദ്ധതി നിയമവിരുദ്ധമാണെന്നും ഇതിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കണമെന്നും 2014ലാണ് സുപ്രിം കോടതി വിധിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്‍ തോക്കുകളുമായും ഉദ്യോഗസ്ഥ പ്രമാണിമാരുമായും സിനിമ ക്രിക്കറ്റ് താരങ്ങളുമായും ഉറ്റ ചങ്ങാത്തമുണ്ടായിരുന്ന സുബ്രത റോയിയെ കുടുക്കിയത് സെബി (Securities and Exchange Board of India) കൊടുത്ത ഒരു കേസാണ്. അതിനു ചരട് വലിച്ചത് സെബിയിലെ മലയാളി ഉദ്യോഗസ്ഥന്‍ കെ എം എബ്രഹാമും.

പിന്നീട് കെ എം എബ്രഹാം കേരളത്തിലേക്ക് തിരിച്ചു വന്നു. സുബ്രത റോയിയുടെയും സംഘത്തിന്റെയും വലിയ ഭീക്ഷണി അയാള്‍ക്ക് മുംബയില്‍ നേരിടേണ്ടി വന്നിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ഒരു പലായനം എന്നു പറയുന്നതു അതിശയോക്തിയാകുമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അതും ഒരു കാരണമാണ്.അതേ കെ എം എബ്രഹാമിന്റെ ജഗതിയിലുള്ള മില്ലേനിയം അപ്പാര്‍ട്ട്മെന്റ്സിലെ ഫ്ളാറ്റിലാണ് ഇന്നലെ ജേക്കബ് തോമസ് ചുമതല വഹിക്കുന്ന വിജിലന്‍സ് റെയ്ഡ് നടത്തിയത്. റെയ്ഡ് അല്ല ഫ്ലാറ്റ് അളന്നു നോക്കലാണ് നടന്നത് എന്നു വിജിലന്‍സ് പറയുന്നു. അനധികൃത സ്വത്ത് സാമ്പാദന കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നേരിടുകയാണ് ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ എം എബ്രഹാമിപ്പോള്‍. അതിന്റെ ഭാഗമാണ് ഈ അളക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ താന്‍ വീട്ടിലില്ലാത്തപ്പോള്‍ നടത്തിയ ഈ പരിശോധന ഭീക്ഷണിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നു പറഞ്ഞുകൊണ്ട് കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുകൊടുത്തതോടെ ഐ എ എസ് ഐ പി എസ് തലപ്പത്തുള്ള സത്യസന്ധര്‍ എന്നു പേരുകേട്ട രണ്ടു ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് മറനീക്കി പുറത്തു വന്നിരിക്കുന്നു. വാറന്‍റില്ല, ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ, സംഘത്തില്‍ വനിതാ ഓഫീസര്‍ ഇല്ലായിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്. തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് നടത്തിയതായി പറയപ്പെടുന്ന ക്രമക്കേടുകള്‍ക്ക് ധനകാര്യ വകുപ്പ് നടപടിക്കു ശുപാര്‍ശ ചെയ്തതാണ് പെട്ടെന്നുള്ള ഈ പ്രകോപനത്തിന് കാരണം എന്നും എബ്രഹാം ആരോപിക്കുന്നു.

അതേസമയം ജേക്കബ് തോമസ് തന്റെ ചുവപ്പ് കാര്‍ഡ് കെ എം എബ്രഹാമിന് എതിരെ മാത്രമല്ല മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെതിരെയും കാണിക്കാന്‍ പോകുന്നു എന്ന സൂചനായാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുന്‍ എം ഡിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസിന്റെ ഏറണാകുളത്തും തിരുവനന്തപുരത്തുമുള്ള മൂന്നു വീടുകളിലാണ് റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നത്. നേരത്തെ ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്തതില്‍ പ്രമുഖനാണ് ഐ എ എസ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ ടോം ജോസ്.

വളരെ വിചിത്രമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലെ ഉദ്യോഗസ്ഥ ഭരണതലത്തിലും രാഷ്ട്രീയ തലത്തിലും സംജാതമായിരിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി രാഷ്ട്രീയ നേതാക്കളുടെ അഴിമതിയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്തിരുന്ന ഇടത്താണ് അഴിമതി സംബന്ധമായ ചര്‍ച്ചയില്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ ഇടം പിടിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്ത് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ടി ഓ സൂരജ് അഴിമതി കേസില്‍ കുടുങ്ങിയെങ്കിലും ആ കേസ് എവിടെയുമെത്തിയില്ല. കഴിഞ്ഞ ഭരണ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷന്‍ ടോം ജോസിനെതിരെ റിപ്പോര്‍ട്ട് കൊടുത്തെങ്കിലും അന്നത്തെ സര്‍ക്കാര്‍ അത് പരണത്തു വെക്കുകയായിരുന്നു. ആ ഒരു സാഹചര്യം മാറുകയും ഉദ്യോഗസ്ഥന്‍മാരുടെ അഴിമതി കൂടി അന്വേഷിക്കപ്പെടുകയാണ് പുതിയ സാഹചര്യത്തില്‍.വിജിലന്‍സ് നടത്തുന്ന ഈ നീക്കം ശരിയാണ് എന്നു തലകുലുക്കി സമ്മതിക്കുമ്പോള്‍ തന്നെ കെ എം എബ്രഹാമും ജേക്കബ് തോമസും തമ്മിലുള്ള പോരാണ് പലര്‍ക്കും ദഹിക്കാതെ കിടക്കുന്നത്. സത്യം നിരവധി വസ്തുതകള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുകയാണ്. അത് വളരെ കണിശവും കൃത്യവുമായ അന്വേഷണങ്ങളിലൂടെ പുറത്തു വരേണ്ടതാണ്. അതേസമയം മികച്ച അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഈ രണ്ടു ഉദ്യോഗസ്ഥന്‍മാര്‍ക്കിടയിലെ ഈഗോ ക്ലാഷ് കാട്ടുകള്ളന്‍മാര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കികൊടുക്കും എന്നാണ് പൊതുസമൂഹത്തിന്റെ പേടി.

പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥര്‍ അഴിമതിക്കാരായി മുദ്ര കുത്തപ്പെടുമ്പോള്‍ ദുര്‍ബലമാകുന്നത് ഒരു സംവിധാനം തന്നെയാണ്. അത് അടി മുതല്‍ മുടി വരെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെ വീണ്ടും ത്വരിതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. ‘അഴിമതിക്കാരായ’ ജേക്കബ് തോമസിനും കെ എം എബ്രഹാമിനും ഇനി എങ്ങനെയാണ് തങ്ങള്‍ക്ക് ചുറ്റുമുള്ള അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കുക. അത് പ്യൂണായാലും മന്ത്രി ആയാലും. ധാര്‍മ്മികമായി പ്രതിസന്ധിയില്‍ അകപ്പെടുന്ന ഈ ഉദ്യോഗസ്ഥര്‍ സ്വയം ഒഴിഞ്ഞു പോയ്ക്കൊളും എന്നതാണ് ചിലര്‍ കാണുന്ന സ്വപ്നം. ചാനലുകളില്‍ വന്നും അല്ലാതെയും ചില രാഷ്ട്രീയ നേതാക്കള്‍ ഇടുന്ന വായ്ത്താരി അതാണ് സൂചിപ്പിക്കുന്നത്. (യു ഡി എഫ് ഭരണത്തിലെ ഉന്നതരായ പല മന്ത്രി പുംഗവന്‍മാരും വിജിലന്‍സിന് മുന്‍പില്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണല്ലോ) ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു ഒഴിവാക്കണം എന്നു ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് കൊടുത്തതും കെ എം എബ്രഹാം രാജി വെക്കാന്‍ പോകുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വന്ന പത്ര വാര്‍ത്തകളും സൂചിപ്പിക്കുന്നത് അതാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്മാരെയും ആഹ്ളാദിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. അല്ലെങ്കില്‍ ഈ അന്തഃഛിദ്രം ഭരണത്തെ അടിമുടി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

പാറ്റൂര്‍ കേസില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം പ്രതിസ്ഥാനത്ത് നിര്‍ത്തിയത് അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷനെ ആയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കും ഭരത് ഭൂഷനെതിരെയും വ്യക്തമായ തെളിവുകളോടെ വാദിക്കാന്‍ വി എസിന് സാധിച്ചില്ല. കോടതി വി എസിന്റെ വാദം തള്ളുകയും ചെയ്തു. സത്യസന്ധന്‍ എന്ന പ്രതിച്ഛായയുള്ള ഭരത് ഭൂഷന്‍ എന്ന ഐ എ എസുകാരന്‍ ഉള്‍പ്പെട്ട ആ കേസ് എവിടെയെത്തി എന്നന്വേഷിക്കുന്നതും ഇത്തരുണത്തില്‍ ഉചിതമായിരിക്കും.

(അഴിമുഖം സീനിയര്‍ എഡിറ്റര്‍ ആണ് ലേഖകന്‍)


Next Story

Related Stories