TopTop
Begin typing your search above and press return to search.

ഭരിച്ചു മുടിക്കുമ്പോള്‍ ഇമ്മാതിരി ഉദ്യോഗസ്ഥരെയൊന്നും വച്ചോണ്ടിരിക്കരുത്

ഭരിച്ചു മുടിക്കുമ്പോള്‍ ഇമ്മാതിരി ഉദ്യോഗസ്ഥരെയൊന്നും വച്ചോണ്ടിരിക്കരുത്

ഒരഴിമതിയും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒത്താശയും അറിവും ഇല്ലാതെ നടക്കില്ല. ഒരു കേസും ഉന്നത ഐ.പി.എസുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയല്ലാതെ ഒതുക്കിത്തീര്‍ക്കാനും കഴിയില്ല. അഴിമതി നടത്തുന്നവര്‍ക്കും ക്രിമിനലുകള്‍ക്കും വേണ്ടി രാഷ്ട്രീയ നേതൃത്വവുമായി വിലപേശി കച്ചവടം ഉറപ്പിക്കുന്ന 'പിമ്പു'കളാണ് ഈ ഉദ്യോഗസ്ഥര്‍. അതെ, നമ്മള്‍ കൊട്ടിഘോഷിച്ച് എഴുന്നള്ളിക്കുന്ന ഈ ഉന്നത ഐ.എ.എസ്. - ഐ.പി.എസ്. ഉദ്യോഗസ്ഥര്‍. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് സത്യസന്ധമായ ഒരു അന്വേഷണം വന്നാല്‍ കേരളത്തിലെ ഐ.എ.എസ്. - ഐ.പി.എസ്. ഏമാന്‍മാരില്‍ 80 ശതമാനത്തിലേറെ പേര്‍ അഴിയെണ്ണേണ്ടിവരും. ഓര്‍ക്കുക, അവരുടെ ശതമാനം രാഷ്ട്രീയക്കാരുടേതിനേക്കാള്‍ കൂടുതലായിരിക്കും.

ഒരു ഗ്ലോറിഫൈഡ് ക്ലര്‍ക്ക് മാത്രമാണ് സംസ്ഥാന ചീഫ് സെക്രട്ടറി. ഒരു ഗ്ലോറിഫൈഡ് കോണ്‍സ്റ്റബിള്‍ മാത്രമാണ് സംസ്ഥാന ഡി.ജി.പി. ഇവരെല്ലാം പബ്ലിക് സെര്‍വന്‍റ് എന്ന ഒറ്റ കാറ്റഗറിയില്‍ വരും. പൊതുജനത്തെ സേവിക്കലാണ് ഇവരുടെ പണി. പൊതുജനമാണ് അവരുടെ യജമാനന്‍മാര്‍. രാഷ്ട്രീയ നേതൃത്വമല്ല. പൊതുജനത്തിന്റെ പണമാണ് ഇവരുടെ ശമ്പളവും അലവന്‍സും. കാരണം, രാഷ്ട്രീയ നേതൃത്വം മാറിമാറി വരും. അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും മാറിയേക്കാം. ഒരു കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാഴ്ചപ്പാടല്ല ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടേത്. (പക്ഷേ, നമ്മുടെ നാട്ടില്‍ രണ്ടും തമ്മില്‍ കൊടിയുടെ നിറത്തിലൊഴിച്ച് ബാക്കി കാര്യങ്ങളിലൊന്നും യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ടായിരിക്കാം, ഈ രാഷ്ട്രീയ നേതൃത്വം എന്ന പൊതുപ്രയോഗം എന്നാല്‍ ഗവണ്‍മെന്റ് എന്ന് നാം ധരിയ്ക്കുന്നതും നമ്മളെ ധരിപ്പിക്കുന്നതും.)

പാര്‍ലമെന്റും നിയമസഭകളും പാസ്സാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തമാണ് ഗവണ്‍മെന്റിനുള്ളത്. ആ നിയമവും നിയമം നടപ്പിലാക്കുന്നതും നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുത്തലാണ് ജുഡീഷ്യറിയുടേത്. ഇവിടെയെങ്ങും രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് പരാമര്‍ശമില്ല. നിയമമാണ് ഗവണ്‍മെന്റ് നടപ്പിലാക്കേണ്ടതെങ്കില്‍, ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന നടത്തിയവരെ ഗവണ്‍മെന്റ് ഏജന്‍സിയായ പോലീസുകാര്‍ കണ്ടെത്തുമായിരുന്നു; ബാര്‍ കോഴക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ മന്ത്രിമാരായി തുടരുമായിരുന്നില്ല; ലാവ്‌ലിന്‍ കേസിലെ പ്രതികള്‍ ഇതിനകം തന്നെ അഴിക്കുള്ളിലാകുമായിരുന്നു; ചക്കിട്ടപ്പാറ ഖനനാനുമതി നല്‍കിയതില്‍ കോഴവാങ്ങിയവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമായിരുന്നു; പാറ്റൂര്‍ ഭൂമിതട്ടിപ്പു കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുമായിരുന്നു. ഏറ്റവും കുറഞ്ഞപക്ഷം, നാട്ടിലെ ചവറുകള്‍ മാറ്റുമായിരുന്നു; തെരുവുനായ്ക്കള്‍ വഴിയാത്രക്കാരെ കടിച്ചു കീറുമ്പോള്‍, കൊച്ചുകുഞ്ഞുങ്ങളെ കടിച്ചുകൊല്ലുമ്പോള്‍ മഞ്ഞളാംകുഴി അലിമാരും സെന്‍കുമാര്‍മാരും വീണവായിക്കില്ലായിരുന്നു.

ഇതൊന്നും ഇവിടെ നടക്കാത്തതുകൊണ്ട് ഒരു കാര്യം പകല്‍ പോലെ വ്യക്തമാകുന്നു. ഗവണ്‍മെന്റ് നിയമമല്ല നടപ്പിലാക്കുന്നത്; ഐ.എ.എസ്. - ഐ.പി.എസ് മാമന്‍മാര്‍ പൊതുസേവനമല്ല നടത്തുന്നത്. ആരോടും നിയമപരമായി ഉത്തരവാദിത്തമില്ലാത്ത, എന്നാല്‍ എല്ലാത്തിന്റേയും ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് കൊള്ളനടത്തുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ ഏജന്റുമാരാണ് നമ്മുടെ മന്ത്രിമാര്‍; ആ കച്ചവടത്തിന് കൂട്ട് നില്‍ക്കുന്നവരാണ് നമ്മുടെ ഉദ്യോഗസ്ഥ നേതൃത്വം.

ഇവരുടെ ഒരു കൂട്ടായ്മയാണ് - അംഗസംഖ്യ 150 ന് താഴെ മാത്രമേ വരികയുള്ളു - കഴിഞ്ഞയാഴ്ച ഒത്തുകൂടി ജേക്കബ് തോമസ് എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ വിമര്‍ശിച്ചതും വിന്‍സണ്‍ എം.പോള്‍ എന്ന മറ്റൊരു ഐ.പി.എസ്. ഉദ്യോഗസ്ഥന് പ്രശസ്തിപത്രം നല്‍കിയതും. രണ്ടുപേരും ഡി.ജി.പി. മാരാണെന്നതാണ് ഇവര്‍ തമ്മിലുള്ള സമാനത. ഇടതു-വലതു മുന്നണികള്‍ക്ക് ഏറെ സ്വീകാര്യനായ ആളാണ് വിന്‍സണ്‍ പോളെന്നതും ഇരുമുന്നണികള്‍ക്കും ചതുര്‍ത്ഥിയാണ് ജേക്കബ് തോമസ് എന്നതുമാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം.ഇങ്ങനെ ഇടതു-വലതു മുന്നണികള്‍ക്ക് ഒരു പോലെ സ്വീകാര്യരായ ഉദ്യോഗസ്ഥരുമുണ്ട്. അവരൊക്കെ എന്നും നല്ല സ്ഥാനങ്ങള്‍ അലങ്കരിക്കും. (നല്ല സ്ഥാനങ്ങള്‍ എന്നാല്‍ കൊള്ള നടത്താന്‍ ധാരാളം സാധ്യതയുള്ള വകുപ്പുകള്‍ എന്നോ കൊള്ളകള്‍ മറച്ചുപിടിക്കാനും കേസുകള്‍ മായ്ച്ചുകളയാനും സാധിയ്ക്കുന്ന സ്ഥാനങ്ങള്‍ എന്നോ ആണര്‍ത്ഥം. ബ്രോക്കറേജ് കൃത്യമായി എത്തിച്ചുകൊടുത്തുകൊള്ളും.) ചില സാമ്പിളുകള്‍ തരാം. ഒന്ന്, ടി.എന്‍ ബാലകൃഷ്ണന്‍ - ഇടതു മുന്നണിക്കും വലതുമുന്നണിക്കും ആര്‍.ബാലകൃഷ്ണപിള്ള അത്ര സ്വീകാര്യനല്ല എങ്കിലും മരുമകന്‍ രണ്ടു വിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ്. റിട്ടയര്‍ ചെയ്ത ശേഷവും അദ്ദേഹത്തിന്റെ സേവനം പല തരത്തില്‍ രാഷ്ട്രീയ നേതൃത്വം ഉറപ്പുവരുത്തുന്നുണ്ട്. രണ്ട്, വിന്‍സണ്‍ എം.പോള്‍ - പിണറായി വിജയനു വേണ്ടി 'ട' കത്തി നിര്‍മ്മിക്കാനും മാണിക്കുവേണ്ടി ബാര്‍കോഴ ഒതുക്കാനും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി എളമരം കരീമിന് ക്ലീന്‍ ചിറ്റ് നല്‍കാനും സദാ റെഡി. മാണിയെ സംരക്ഷിക്കാന്‍ നിയമവിരുദ്ധമായി നിയമോപദേശം തേടാനും എളമരം കരീമിനെ രക്ഷിക്കാന്‍ വേണ്ടി നിയമോപദേശം കാറ്റില്‍പറത്താനും റെഡി.

അങ്ങനെ രണ്ടു മുന്നണിയിലുമുള്ള നേതാക്കന്‍മാര്‍ക്കും വേണ്ടി പണിയെടുക്കുന്ന വില്‍സണ്‍ എം.പോളിന് സര്‍ക്കാര്‍ സേവനം കഴിഞ്ഞാലും അടുത്ത പണി ഉറപ്പ്. വിദ്വാനെ സംസ്ഥാന വിവരാവകാശ കമ്മീഷണറാക്കി ഉടന്‍ തന്നെ നിയമിക്കുമെന്നാണറിവ്. ഇതേ ശമ്പളത്തില്‍ ഗവര്‍ണര്‍ നേരിട്ടു നടത്തുന്ന നിയമനമായി അടുത്ത നാലോ അഞ്ചോ വര്‍ഷം പണി ഉറപ്പ്. ഇതാണ് രാഷ്ട്രീയ നേതൃത്വം അവര്‍ക്കു വേണ്ടി നിയമത്തെ അട്ടിമറിയ്ക്കുന്നവര്‍ക്ക് കണ്ടുവച്ചിരിക്കുന്ന തൊഴിലുറപ്പ് പദ്ധതി.

വിവരാവകാശ കമ്മീഷന്‍ ഇത്തരം ഇഷ്ടതാരങ്ങള്‍ക്കുള്ള കൂടാരമാണ്. നിലവിലെ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസാണ് ഇങ്ങനെ ഇരുമുന്നണിക്കും വേണ്ടി പണിയെടുത്തിട്ടുള്ള മറ്റൊരു കേമന്‍ ഐ.പി.എസ്സുകാരന്‍. കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സകല നിയമങ്ങളേയും കാറ്റില്‍പ്പറത്തിയ മഹാനാണദ്ദേഹം. സിബി മാത്യൂസ് നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു പട്ടിക തന്നെയാണ് സി.ബി.ഐ. സംസ്ഥാന സര്‍ക്കാരിന് (നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്) അയച്ചുകൊടുത്തത്. രാജ്യത്തിന് വലിയ നഷ്ടം വരുത്തിവച്ച യഥാര്‍ത്ഥ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയ സിബി മാത്യൂസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടും ഇടതു-വലതു രാഷ്ട്രീയ നേതൃത്വം മാത്യൂസിനെ സംരക്ഷിക്കുകയായിരുന്നു. (NHRC Proceeding - March 14, 2001). സിബി മാത്യൂസിനെതിരെ നടപടിയെടുക്കാനുള്ള ഫയല്‍ 13 വര്‍ഷം (1997-2010) മാറിമാറിവന്ന ഇടതു-വലതു സര്‍ക്കാരുകള്‍ പൂഴ്ത്തിവച്ചു. 2010- ല്‍ ഫയലിന്റെ കോപ്പി കോടതിയില്‍ ഹാജരാക്കി അതിന്‍മേല്‍ നടപടി വേണമെന്ന് കാണിച്ച് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. (W.P. 4569/2010). സിബി മാത്യൂസിനെതിരെ കോടതി പരാമര്‍ശം ഉണ്ടാകുമോ എന്ന് ഭയന്നിട്ട് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അയാളെ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുകയും ഗവണ്‍മെന്റിന്റെ അധികാരപരിധിയ്ക്കു പുറത്ത് നിയമനമുള്ള വിവരാവകാശ കമ്മീഷണറാക്കാനുള്ള വാതിലുകള്‍ തുറന്നുകൊടുക്കുകയും ചെയ്തു.

എങ്കിലും കോടതി പരാമര്‍ശം ഒഴിവാക്കാനായി സിബി മാത്യൂസിനെതിരെ നടപടി വേണ്ട എന്ന് ഉമ്മന്‍ചാണ്ടി ഭരണം തുടങ്ങി രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുത്തു. (ചാണ്ടി അങ്ങനെയാണ്. അതിവേഗം. സുതാര്യം.) നടപടിയെടുക്കാതിരിക്കാന്‍ രണ്ടു കാരണങ്ങളാണ് ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടിയത്.

ഒന്ന്, സംഭവം നടന്നിട്ട് 15 വര്‍ഷത്തോളമായി. ഇനി അതിന്‍മേല്‍ നടപടിയെടുക്കാന്‍ കഴിയില്ല.

രണ്ട്, നടപടി വേണമെന്ന് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല.

ഇതില്‍ ആദ്യത്തേതിനു കാരണക്കാര്‍ സര്‍ക്കാര്‍ തന്നെയാണ്. ഫയല്‍ പൂഴ്ത്തിവച്ചത് സര്‍ക്കാരാണ്. നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന എന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം 15 കൊല്ലം കഴിഞ്ഞതിനാല്‍ നടപടി എടുക്കേണ്ടതില്ല എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്കിയത്. സിബി മാത്യൂസിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിയമ വിരുദ്ധവും ക്രിമിനല്‍ സ്വഭാവമുള്ളതുമാണ്. അതിന് കാലാവധിയില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ കോടതി ഉത്തരവല്ല എന്ന സാങ്കേതികത്വത്തില്‍ പിടിച്ചാണ് രണ്ടാമത്തെ മറുപടി. പിന്നെ, കോടതി വിധി നടപ്പിലാക്കാത്തതാണ് കാര്യമെങ്കില്‍ കോടതിയിലക്ഷ്യത്തിനല്ലേ ഞാന്‍ കേസുകൊടുക്കുമായിരുന്നത്?

കോടതിയേയും ജനത്തിനേയും പറ്റിക്കാനുള്ള ഈ നുണകള്‍ രണ്ടും കോടതിയില്‍ സത്യവാങ്മൂലമായി നല്കിയത് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ആയിരുന്നു. പിന്നീട് മലയാള ഭാഷയ്ക്ക് നല്കിയ സംഭാവനകളുടെ പേരില്‍ ജയകുമാര്‍ മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാവുകയും ചെയ്തു!ജേക്കബ് തോമസിന്റെ പ്രസ്താവനയെ 'അയാള്‍ എന്തോ പറയുന്നു' എന്നാണ് ഡി.ജി.പി. സെന്‍കുമാര്‍ വിശേഷിപ്പിച്ചത്. തന്നെപ്പോലെ ഡി.ജി.പി. റാങ്കിലുള്ള ഒരുദ്യോഗസ്ഥനെ 'അയാള്‍' എന്നു പറഞ്ഞ് സംബോധന ചെയ്യാതിരിക്കാനുള്ള മര്യാദയെങ്കിലും, രമേശ് ചെന്നിത്തല വന്നപ്പോള്‍ എഴുന്നേല്‍ക്കാത്ത ഋഷിരാജ് സിംഗിനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് കൊടുത്ത സെന്‍കുമാര്‍ കാണിക്കണമായിരുന്നു. (വെള്ളാപ്പള്ളിയോട് കാണിക്കുന്നത്ര ഭവ്യത വേണമെന്നല്ല അര്‍ത്ഥം. പിന്നെ, രമേശ് ചെന്നിത്തലയെക്കണ്ടാല്‍ ബഹുമാനം തോന്നി എഴുന്നേല്‍ക്കുന്ന ഏതെങ്കിലും മനുഷ്യര്‍ ഈ ഭൂമി മലയാളത്തിലുണ്ടോ ആവോ?)

ജേക്കബ് തോമസ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തി എന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞത്. ചീഫ് സെക്രട്ടറിയായ ഉടന്‍ തന്നെ ജിജി തോംസണ്‍ ചെയ്തതും അതു തന്നെയായിരുന്നില്ലേ? ദേശീയ ഗെയിംസിന്റെ കാര്യത്തില്‍? അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ പ്രശ്‌നം ഉന്നയിച്ചില്ലേ? ഉമ്മന്‍ചാണ്ടിയുടെ നോമിനിയായതു കൊണ്ടു മാത്രമല്ലേ ജിജി തോംസണ്‍ തടികേടാകാതെ രക്ഷപ്പെട്ടത്? പി.ജെ. തോമസിനെ സി.വി.സി. ആയി തുടരാന്‍ അനുവദിക്കാത്ത സുപ്രീംകോടതി വിധി അതേ പാംഓയില്‍ കേസിലെ കൂട്ടുപ്രതിയായ ജിജി തോംസണെയും ബാധിക്കുന്നതാണെന്നും രാഷ്ട്രീയ ധാര്‍മ്മികത തീരെ ഇല്ലാത്ത ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുകൊണ്ടാണ് ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായത് എന്നും അങ്ങു മറന്നുപോകരുതേ ജിജി.

ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ തനിക്കറിയാം എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സ്വന്തം ഓഫീസിലെ ജോപ്പനെ നിലയ്ക്കുനിര്‍ത്താന്‍ അറിയാത്ത ഉമ്മന്‍ചാണ്ടി; സ്വന്തം ഗണ്‍മാനെ നിലയ്ക്കുനിര്‍ത്താന്‍ അറിയാത്ത ഉമ്മന്‍ചാണ്ടി. വാസ്തവത്തില്‍ നിലയ്ക്ക് നിര്‍ത്തേണ്ടത് ഉമ്മന്‍ ചാണ്ടിയേയാണ്. അതിനു പക്ഷെ, കോണ്‍ഗ്രസില്‍ ആരും ഇല്ല. ഹൈക്കമാന്‍ഡ് എന്നേ ജലസമാധിയായി!

ജേക്കബ് തോമസിനോട് വിശദീകരണം ചോദിയ്ക്കുമ്പോഴും ടോമിന്‍ തച്ചങ്കരിയോട് വിശദീകരണം ചോദിക്കില്ല ഇടതും വലതും. ടി.പി.കേസിന്റെ ഗൂഢാലോചന എന്ന ഭാഗം അട്ടിമറിച്ച ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കില്ല. സ്വന്തം പാര്‍ട്ടിയിലെ തന്നെ ഒരു പ്രവര്‍ത്തകനെ കൊന്ന കേസ് അന്വേഷിച്ച് അന്വേഷിച്ച് തെളിവു മായ്ച്ചുകളയുന്ന ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിയ്ക്കില്ല. നീന്തല്‍ വിദഗ്ദ്ധനായ ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചു എന്ന ഹൈക്കോടതിയുടെ ചോദ്യം കേസ് അന്വേഷിച്ച ആറു സൂപ്രണ്ടന്‍മാരോടും ഒരു മന്ത്രിയും ചോദിച്ചിട്ടില്ല.

അതാണ് കേരളം. സുതാര്യകേരളം. സുന്ദര കേരളം. ഗോഡ്സ് ഓണ്‍ കണ്‍ട്രി.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories