Top

ജേക്കബ് തോമസ്; പിണറായി വീശിയ ഇരുതല മൂര്‍ച്ചയുള്ള വാള്‍

ജേക്കബ് തോമസ്; പിണറായി വീശിയ ഇരുതല മൂര്‍ച്ചയുള്ള വാള്‍

അഴിമുഖം പ്രതിനിധി

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയത്തെക്കാള്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള ജനവികാരം വിപുലപ്പെടുത്തിയത് ചില വ്യക്തിപരമായ ഇടപെടലുകള്‍ ആയിരുന്നു. അവരില്‍ പ്രധാനിയായിരുന്നു ഡിജിപി ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ നിലപാടുകളും വാക്കുകളും കഴിഞ്ഞ സര്‍ക്കാരിനെ ഒട്ടൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. സ്വഭാവികമായും ഭരണകൂടത്തെ ഒറ്റയ്‌ക്കെതിര്‍ത്തു നിന്ന ഉദ്യോഗസ്ഥന്‍ എന്നതിലൂടെ സാമാന്യജനങ്ങളുടെ മുന്നില്‍ ഹീറോയുമായി. അതേസമയം തന്നെ തങ്ങള്‍ക്കെതിരെ നില്‍ക്കുന്നൊരാള്‍ക്കെതിരെ ഏതൊരു സര്‍ക്കാരും കാണിക്കുന്ന പ്രതികാരനടപടികള്‍ക്ക് ആ ഐപിഎസ് ഉദ്യോഗസ്ഥനും വിധേയനായി. കഴിവുള്ളവനായിട്ടും അപ്രധാന തസ്തികയിലേക്ക് ഒതുക്കപ്പെട്ടു.

അവിടെയും തന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനല്ലാതെ കീഴടങ്ങാന്‍ തയ്യാറായില്ല എന്നത് ജേക്കബ് തോമസിനോടു ജനത്തിന് കൂടുതല്‍ വിശ്വാസം തോന്നിപ്പിച്ചു. അഴിമതിയ്‌ക്കെതിരെ സന്ധിയില്ല സമരമാണ് വേണ്ടതെന്ന് ഓരോ തവണയും സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തി അദ്ദേഹം വിളിച്ചുപറഞ്ഞു. എക്‌സല്‍ കേരള എന്ന സംഘടനയുണ്ടാക്കി പ്രത്യക്ഷത്തില്‍ തന്നെ താന്‍ വിശ്വസിക്കുന്ന നിലപാടുകള്‍ക്കായി വിവിധ ജനവിഭാഗത്തിന്റെ പിന്തുണയാര്‍ജിച്ച് പോരാട്ടത്തിനും ഇറങ്ങി. ഇതെല്ലാം കണ്ടും കേട്ടും നിന്ന ജനം അപ്പോഴെല്ലാം ജേക്കബ് തോമസിനോട് പറഞ്ഞിരുന്നത് ഇടതു മുന്നണിയുടെ പരസ്യവാചകം തന്നെയായിരുന്നു.

ഇന്നലെ രാത്രി മുഖ്യമന്ത്രി ഒപ്പുവച്ച ഫയലില്‍ ഒന്ന് പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സിഎംഡി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചുകൊണ്ടുള്ളതായിരുന്നു. സോഷ്യല്‍ മീഡിയയുടെ സ്വപ്‌നം എന്ന തരത്തില്‍ ഇത്തരമൊരു സ്ഥാനലബ്ധി ജേക്കബ് തോമസിനെ വട്ടമിട്ടു പറന്നിരുന്നെങ്കിലും പിണറായിയുടെ ഭാഗത്തു നിന്നും അങ്ങനെയൊരു നീക്കം ഉണ്ടാകുമോ എന്നു സംശയിച്ചവരെപ്പോലും സന്തോഷിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ രാത്രി.

ഇടതു സര്‍ക്കാര്‍ എന്തൊക്കെയോ മുന്നില്‍ കാണുന്നു. അതിന്റെ ആദ്യപടിയാണ് പൊലീസിന്റെ തലയഴിച്ചുള്ള പണി. ടി പി സെന്‍കുമാറിനു പകരം വന്ന ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ശങ്കര്‍ റെഡ്ഡിക്കു പകരം വന്ന വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബും ഇനിയും മാറാനിരിക്കുന്നവരും പകരം വരുന്നവരും പിണറായി മന്ത്രിസഭ കാണുന്ന ലക്ഷ്യങ്ങളിലേക്കുള്ള വഴികള്‍ തന്നെയായിരിക്കും.ഇവരില്‍ എടുത്തു പറയേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും ജേക്കബ് തോമസിനെ തന്നെയാണ്. ബാര്‍ കോഴയില്‍ തട്ടിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ജേക്കബ് തോമസും ഉടക്കു തുടങ്ങുന്നത് ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍ നിന്നും കോഴവാങ്ങിയെന്ന കേസില്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്ന നിലപാടിലേക്ക് വിജിലന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് എത്തിയതോടെയാണ് ആ ഉദ്യോഗസ്ഥനെതിരെ പടയൊരുക്കും മന്ത്രിസഭയ്ക്കുള്ളില്‍ നിന്നും ആരംഭിച്ചത്. ആദ്യം അദ്ദേഹത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിലേക്ക് മാറ്റിനിയമിച്ചെങ്കിലും അവിടെയും അദ്ദേഹത്തിന്റെ കര്‍ശന നിലപാടുകള്‍ തുടര്‍ന്ന് സര്‍ക്കാരിനെ വെട്ടിലാക്കി. വമ്പന്‍ ഫ്ലാറ്റുടമകളെ ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പിടികൂടാന്‍ തുടങ്ങിയതോടെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന് ഈ ഉദ്യോഗസ്ഥന്‍ തടസമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് കനത്ത സമ്മര്‍ദ്ദമുണ്ടാക്കി ജേക്കബ് തോമസിനെ പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സിഎംഡിയാക്കി. എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തിയാണ് അദ്ദേഹത്തെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്ക് മാറ്റിയത്. അതേസമയം എഡിജിപിയായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കുകയും ചെയ്തു. ഇതിനെതിരെ ബെഹ്‌റയും ജേക്കബ് തോമസും പരസ്യമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ ഉദ്യോഗസ്ഥരെ തന്നെ ഇപ്പോള്‍ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചതുവഴി പിണറായിയുടേത് ഒരു തരത്തിലുള്ള രാഷ്ട്രീയം തന്നെയായിരിക്കണം. അതുപക്ഷേ വ്യക്തിവൈരാഗ്യത്തോടെയുള്ളതല്ലായിരിക്കാം എന്ന് കരുതാം. മറിച്ച് മുന്‍ സര്‍ക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുക, കുറ്റക്കാരുണ്ടെങ്കില്‍ നടപടിയെടുക്കുക എന്നതായിരിക്കണം പിണറായി വിജയന്‍ ലക്ഷ്യം വച്ചിട്ടുള്ളതെന്ന് ജനം കരുതുന്നു. അങ്ങനെയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും മാണിയും ബാബുവും അനൂപ് ജേക്കബുമെല്ലാം ഭയക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്കെല്ലാമെതിരെ അഴിമതിയാരോപണങ്ങള്‍ അന്വേഷണാത്തിന്റെ ഘട്ടത്തിലാണ്. വിജിലന്‍സിന്റെ തലപ്പത്തേക്ക് തോമസ് ജേക്കബ് വരുന്നതിലൂടെ ഈ ഭയം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരുപക്ഷേ സീനിയോറിറ്റിയില്‍ മുന്നില്‍ നിന്നിട്ടും ജേക്കബ് തോമസിനു ക്രമസമാധാനപാല ചുമതലയുള്ള ഡിജിപി കസേര നല്‍കാതെ വിജിലന്‍സ് ഡിജിപിയാക്കിയതും അതായിരിക്കണം.ജേക്കബ് തോമസ് യജമാനഭക്തിയുള്ളൊരു ഉദ്യോഗസ്ഥനൊന്നുമല്ല. തൊഴിലിനോടാണ് കൂറ്. ആ കൂറ് അദ്ദേഹം തുടരുമെന്നകാര്യത്തില്‍ സംശയമില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഈ സ്വഭാവം തന്നെയാകാം പൊതുവില്‍ നോക്കുമ്പോള്‍ നല്ലനീക്കമെന്ന് തോന്നിക്കുന്നതെങ്കിലും ജേക്കബ് തോമസിനെ വിജിലിന്‍സില്‍ കൊണ്ടുചെന്നു അവരോധിച്ചതിനും കാരണം. 1985 ബാച്ചുകാരാണ് ടി പി സെന്‍കുമാറും ജേക്കബ് തോമസും. സ്വഭാവികമായും സെന്‍കുമാര്‍ അടുത്തവര്‍ഷം വിരമിക്കുമ്പോള്‍ ജേക്കബ് തോമസ് തന്നെയാണ് പകരം ആ സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ ജേക്കബ് തോമസിനെക്കാള്‍ ജൂനിയറായ ബെഹ്‌റയെയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ സൂക്ഷ്മമായുള്ള കരുനീക്കം ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ജേക്കബ് തോമസ് ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. അതെടുത്ത് ഉപയോഗിക്കുന്നതും അതിനെ നേരിടുന്നതും ഒരുപോലെ റിസ്‌ക് ആണ്. തന്റെ ശരിയാണ് അദ്ദേഹത്തെ നയിക്കുന്നത്. സ്വഭാവികമായും തെറ്റുകള്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായാലും പ്രതികരിക്കും. ലോക്‌നാഥ് ബെഹ്‌റ അങ്ങനെയുള്ള ആളല്ല. തന്റെ മുകളില്‍ ആരാണോ അവരോട് പൂര്‍ണവിധേയത്വം കാണിക്കുന്ന ഉദ്യോഗസ്ഥനാണ്. കെ കരുണാകരന്റെ പൊലീസ് വാഴ്ച്ച കാലത്ത് തന്നെ യജനമാനഭക്തി വ്യക്തമാക്കിയിട്ടുണ്ട് ബെഹ്‌റ. ഗുജറാത്തില്‍ നടന്ന ഇസ്രത് ജഹാംഗീര്‍ ഏറ്റുമുട്ടല്‍ കേസില്‍ നടന്നത് വ്യാജ ഏറ്റമുട്ടല്‍ അല്ലെന്നു സര്‍ട്ടിഫിക്കെറ്റ് നല്‍കിയതും ഇതേയാളു തന്നെയാണ്. കൂടെ നിര്‍ത്തിയാല്‍ കുഴപ്പങ്ങളൊന്നുമുണ്ടാക്കാതെ നിന്നോളും. മാത്രമല്ല, 2021 വരെ സര്‍വീസുണ്ട്. അതായത് ഈ സര്‍ക്കാരിന്റെ കാലവധി കഴിയുംവരെ ബെഹ്‌റയ്ക്കും തുടരാം. പൊലീസിന്റെ തലവനായി തങ്ങളുടെ ആള് തന്നെ ഉള്ളത് സര്‍ക്കാരിനും ആശ്വാസമാണ്. അതേസമയം ഈ സ്ഥാനത്തേക്ക് ജേക്കബ് തോമസ് ആണ് വരുന്നതെങ്കില്‍ സര്‍ക്കാരിന് അത്രകണ്ട് വിശ്വസിക്കാന്‍ കഴിയില്ല.

ഇപ്പോഴത്തെ നിയമനങ്ങള്‍ സര്‍ക്കാരിന് കുറച്ചുകാലത്തേക്കെങ്കിലും സുരക്ഷിതമാക്കും. ജേക്കബ് തോമസിന്റെ ഇരകള്‍ മറുപക്ഷത്താണ്. കരുതിവെച്ചിട്ടുള്ള തെളിവുകള്‍ മുറുക്കിയെടുത്താല്‍ പല വമ്പന്മാരുടെയും തലയില്‍ കുരുക്കാം. അതു തന്നെയാകാം ജനകീയ നടപടികള്‍ എന്ന പേരിലാണെങ്കിലും ഇപ്പോള്‍ നടത്തിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും.


Next Story

Related Stories