Top

ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്

ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്

എ. നാരായണന്‍

സര്‍വീസില്‍ കയറിയ കാലം മുതല്‍ക്ക് ജേക്കബ് തോമസ് ഐ പി എസിന് യൂണിഫോം ഇടുന്നത് ഇഷ്ടമല്ല. അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ കൂടുതല്‍ സമയവും യൂണിഫോം ആവശ്യമില്ലാത്ത പോലീസ് വിഭാഗങ്ങളിലാണ് ജോലി ചെയ്തിരുന്നത്. എല്ലാ തവണയും സ്ഥലം മാറ്റം വരുമ്പോള്‍ അദ്ദേഹം ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്തത്. അത്തരത്തില്‍ കണ്ണൂരില്‍ ജോലി ചെയ്യുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയെ ചെന്നുകണ്ടില്ലെന്ന തെറ്റിന് ജേക്കബ് തോമസിനെ ക്രമസമാധാനത്തിലേക്ക് സ്ഥലം മാറ്റി. നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസ് ഭരണം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയായിരുന്നുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. ശശിയാണ് ജേക്കബ് തോമസിനെ ക്രമസമാധാനത്തിലേക്ക് മാറ്റിയത്. പിന്നീട് ജേക്കബ് തോമസ് സിപിഎം നേതൃത്വത്തെ നേരിട്ട് കണ്ട് യൂണിഫോം ഇടേണ്ടാത്ത വിഭാഗത്തിലേക്ക് മാറിയെന്നത് സംഭവ കഥ. തലസ്ഥാനത്തെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നിരവധി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന വ്യക്തിയാണ് ഈ കഥ പറഞ്ഞത്.

ഇതിന്റെ അര്‍ത്ഥം ജേക്കബ് തോമസിന് സിപിഎമ്മുമായി അയിത്തമൊന്നുമില്ലെന്നതാണ്. അഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണം മാറുന്നത് കേരളത്തില്‍ ഒരു കീഴ്വഴക്കം പോലെ ആയിട്ടുണ്ട്. എന്നാല്‍ ചില വിജിലന്‍സ് കേസുകള്‍ വരുമെന്നല്ലാതെ മന്ത്രിമാരെയും മറ്റും അഴിമതി കേസുകളില്‍ പെടുത്തുന്ന പതിവ് കേരളത്തില്‍ ഇല്ലായിരുന്നു. ഒരു പരിധി വരെ ദേശീയ തലത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ.

പ്രമാദമായ ബോഫോഴ്‌സ് കേസില്‍ തന്നെ കാര്യമായ ഒരിടപെടലും വാജ്‌പേയി സര്‍ക്കാരിന് നടത്താനായിരുന്നില്ല. ഇടനിലക്കാരന്‍ ഒക്ടാവിയ ക്വത്‌റോച്ചിയുടെ ബാങ്ക് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാന്‍ സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഒത്താശ ചെയ്തപ്പോഴും അതിനെതിരെ കാര്യമായ പ്രതിഷേധം ബിജെപിയും നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസത്തിനകം തന്നെ മുന്‍ മന്ത്രിമാര്‍ക്കെതിരായ നടപടികള്‍ തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തീരുമാനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് സ്വാഭാവികമാണെങ്കിലും റെയിഡ് അടക്കമുള്ള പ്രത്യക്ഷ നടപടികള്‍ പതിവില്ലാത്തതാണ്.

കെ ബാബുവിനും കെ എം മാണിക്കുമെതിരായ വിജിലന്‍സ് നടപടികളില്‍ രാഷ്ട്രീയമുണ്ടെന്നും ഇല്ലെന്നും സമര്‍ത്ഥിക്കാന്‍ കാരണങ്ങളുണ്ട്. ഇരുവര്‍ക്കുമെതിരെ യുഡിഎഫ് സര്‍ക്കാര്‍ നിലവിലുള്ള കാലയളവില്‍ തന്നെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം നടന്നിരുന്നു. മാത്രമല്ല അന്ന് പുറത്താക്കിയ വിജിലന്‍സ് ഡയറക്ടര്‍ തന്നെയാണ് ഇപ്പോള്‍ ആ കസേരയില്‍ വീണ്ടുമെത്തിയിരിക്കുന്നത്. അന്ന് മന്ത്രിമാര്‍ക്കെതിരെ ഘോര ഘോരം സമരം ചെയ്ത പാര്‍ട്ടി ഭരണത്തിലും.പ്രഥമദൃഷ്ട്യാ കെ എം മാണിക്കും കെ ബാബുവിനുമെതിരെ കേസുണ്ടെന്നാണ് വിജിലന്‍സിന്റെ പക്ഷം. അത് ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കെ ബാബുവിന്റെയും വിവിധ ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയിഡ് നടത്തിത്. അനധികൃത സ്വത്ത് സമ്പാദനം കെ ബാബു നടത്തിയെന്നതിന് നിരവധി തെളിലുകളുണ്ടെന്ന് വിജിലന്‍സ് പറയുകയും ചെയ്യുന്നു. എന്നാല്‍ ഈ തെളിവുകളെല്ലാം ഗൗരവമാകുന്നത് കോടതികളിലാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ക്ക് കുറച്ചു നാളത്തേക്ക് രാഷ്ട്രീയ നേതാക്കളെ പ്രതിരോധത്തിലാക്കാം എന്നു മാത്രമേയുള്ളൂ. കേരളത്തിലെ എത്ര വിജിലന്‍സ് കേസുകള്‍ അതിന്റെ പൂര്‍ണതയിലെത്തിയിട്ടുണ്ടെന്നത് അന്വേഷിക്കേണ്ട വിഷയമാണ്. പഴുതുകള്‍ അടച്ചുള്ള അന്വേഷണം രാഷ്ട്രീയ സ്വാധീനം നിയന്ത്രിക്കുന്ന വിജിലന്‍സില്‍ നിന്ന് ഇതു വരെ ഉണ്ടായതായി കേട്ടിട്ടില്ല. ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് വിജിലന്‍സിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നാണ്.

പക്ഷെ എല്ലായ്‌പോഴും ഉയരുന്ന ചോദ്യം, ഈ ശുഷ്‌കാന്തി എല്ലാ രാഷ്ട്രീയക്കാര്‍ക്കെതിരെയും ഉണ്ടാകുമോയെന്നതാണ്. കഥകള്‍ മുഴുവന്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും മാറി മാറി ആരോപണങ്ങള്‍ പേറിയിട്ടുണ്ട്. ചക്കിട്ടപ്പാറ ഖനന കേസില്‍ എളമരം കരീമിനെതിരെയും ഇത്തരത്തില്‍ അന്വേഷണം നടത്താനുള്ള ആര്‍ജ്ജവം ജേക്കബ് തോമസിനുണ്ടാകുമോ? കേവലം ബാബുവിനെയോ കെ എം മാണിയെയോ വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുത്തിയത് അഴിമതി വിരുദ്ധതയുടെ മാനദണ്ഡമായി കണക്കാക്കുകയും വേണ്ട. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്‍ ഡി എഫ് നേതാക്കള്‍ ആരോപണ വിധേയരായി വിജിലന്‍സ് അന്വേഷിച്ചിരുന്ന ഏതെങ്കിലും കേസില്‍ തുടരന്വേഷണം നടത്തട്ടെ. അപ്പോള്‍ മാത്രമേ ജേക്കബ് തോമസ് ഘോര ഘോരം പ്രസംഗിക്കുന്ന അഴിമതിവിരുദ്ധതയുടെ യഥാര്‍ത്ഥ മുഖം വെളിവാകുകയുള്ളൂ.

മലബാര്‍ സിമന്‍റ്സ് കേസില്‍ പോലും അറസ്റ്റ് നടന്നത് കോടതി ഇടപെടല്‍ നിമിത്തമാണ്. അല്ലാതെ വിജിലന്‍സ് സ്വമേധയാ എടുത്ത നടപടിയല്ല. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ജേക്കബ് തോമസ് നടത്തിയ പ്രസ്താവന പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമായി തോന്നാം. രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നായിരുന്നു ആ പ്രസ്താവന. നല്ലതു തന്നെ. പക്ഷെ യഥാര്‍ത്ഥ കണക്കുകള്‍ ആരുടെ പക്കലാണുള്ളത്? അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നു തെളിയിക്കണമെങ്കില്‍ ആദായ നികുതി വകുപ്പിന്റെ സഹായമില്ലാതെ പറ്റുകയില്ല. ആദായ നികുതി വകുപ്പാകട്ടെ രേഖാമൂലമല്ലാതെ വിവരം കൈമാറില്ലെന്ന് പറഞ്ഞു കഴിഞ്ഞു. ആരുടെ വിവരമാണോ വേണ്ടത് അയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വിവരം നല്‍കാനാവൂ എന്നാണ് ആദായനികുതി വിഭാഗത്തിന്റെ ചട്ടം. സ്ഥിതി ഇതായിരിക്കെ ജേക്കബ് തോമസിന്റെ ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗികമായി തന്നെ ബുദ്ധിമുട്ടുകളുണ്ട്.ഈ സാഹചര്യത്തില്‍ കെ ബാബുവിനും കെ എം മാണിക്കുമെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നു സമര്‍ത്ഥിക്കാന്‍ വിജിലന്‍സ് ഡയറക്ടറും സര്‍ക്കാരും ഏറെ പാടുപെടേണ്ടി വരും. ആകെയുള്ള ആശ്വാസം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഈ വിഷയത്തില്‍ അവലംബിക്കുന്ന മൗനമാണ്. വിജിലന്‍സ് നടപടിയെ അദ്ദേഹം അനുകൂലിക്കുകയാണെന്ന ധ്വനി ഇതിനകം തന്നെ വന്നു കഴിഞ്ഞു. കെ ബാബുവിനെതിരെ വി എം സുധീരന്‍ തെരഞ്ഞെടുപ്പു കാലത്തെടുത്ത നിലപാടുകള്‍ പരസ്യമായിരുന്നു. അതിനാല്‍ തന്നെ വിജിലന്‍സ് അന്വേഷണം ന്യായമാണെന്ന് അനുമാനിക്കാം. രാഷ്ട്രീയക്കാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അന്വേഷണം വരണം, വിചാരണ നടത്തി ശിക്ഷയും വാങ്ങി നല്‍കണം. പക്ഷെ രാജ്യത്തെമ്പാടും അത് അപൂര്‍വമായ പ്രതിഭാസമായി അവശേഷിക്കുന്നു. ഓം പ്രകാശ് ചൗത്താല, ആര്‍ ബാലകൃഷ്ണപിള്ള, റെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ വിരലിലെണ്ണാവുന്ന അപവാദങ്ങള്‍ മാത്രമാണ്.

ഇതെല്ലാം പറയുമ്പോള്‍, രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ ഉന്നത ബന്ധം വച്ചു പുലര്‍ത്തുന്നതും തര്‍ക്ക വിഷയമായേക്കാം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും മക്കളുടെ സാമ്പത്തിക സ്രോതസ്സും നാളെ അന്വേഷണ വിധേയമാകാം. കെ ബാബുവിനെതിരെ ഇത്ര കടുത്ത നടപടി എടുത്തതിനാല്‍ അടുത്ത മന്ത്രിസഭ കോണ്‍ഗ്രസിന്റേതാണെങ്കില്‍ റെയിഡും ആരോപണവും പ്രതീക്ഷിക്കാവുന്നതാണ്. വിജിലന്‍സ് അന്വേഷണമെന്നത് കേവലം നാട്യമാകാതിരിക്കാനുള്ള കടമ അതത് ഉദ്യോഗസ്ഥര്‍ക്കാണ്. അവര്‍ക്ക് കടമ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കാത്തിടത്തോളം ഒരു പാര്‍ട്ടിക്കും സര്‍ക്കാരിനും അഴിമതി വിരുദ്ധരെന്ന് മേനി നടിക്കാനാവില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories