Top

ഉമ്മന്‍ ചാണ്ടി, ദിവാകരന്‍, ജേക്കബ് തോമസിനൊപ്പം നീന്തിയ സ്രാവുകള്‍ വേറെ ആരൊക്കെ?

ഉമ്മന്‍ ചാണ്ടി, ദിവാകരന്‍, ജേക്കബ് തോമസിനൊപ്പം നീന്തിയ സ്രാവുകള്‍ വേറെ ആരൊക്കെ?
ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യാനിരിക്കുകയാണ്. അഴിമതി വിരുദ്ധ നിലപാടുകളിലൂടെ കേരള ജനതയെ ഏറെ ആകര്‍ഷിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പല വമ്പന്‍ സ്രാവുകളുടെയും തനിനിറം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുസ്തകത്തിലെ ചില പരാമര്‍ശങ്ങളെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പുറത്തുവന്നു കഴിഞ്ഞു. പ്രതീക്ഷിച്ചതുപോലെ പല പ്രമുഖര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. സിവില്‍ സപ്ലൈസ് അഴിമതിക്കേസ് അട്ടിമറിക്കാന്‍ സിബിഐ ശ്രമിച്ചു, ഈ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് താന്‍ ശുപാര്‍ശ ചെയ്തതിനാല്‍ അന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന സി ദിവാകരന്‍ തന്നെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്തു നിന്നും നീക്കി തുടങ്ങിയ ആരോപണങ്ങളാണ് ജേക്കബ് തോമസ് ഉന്നയിച്ചിരിക്കുന്നത്. 30 വര്‍ഷത്തെ സേവനത്തിനിടയില്‍ 31 സ്ഥാനമാറ്റങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നത് പലരുടെയും അഴിമതി ചോദ്യം ചെയ്തതിനാലാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സപ്ലൈകോയിലെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ച തന്നെ സ്ഥലം മാറ്റുകയാണ് ദിവാകരന്‍ ചെയ്തതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇത് ദിവാകരന്റെ ഭാഗത്തു നിന്നുണ്ടായ വഞ്ചനാപരമായ നിലപാടാണ്. സപ്ലൈകോ അഴിമതിയില്‍ സിബിഐ ഉദ്യോഗസ്ഥരും ആരോപണ വിധേയരും ഒത്തുകളിക്കുകയായിരുന്നു.

എന്നാല്‍ ജേക്കബ് തോമസിന്റെത് പുസ്തകം വിറ്റുപോകാനുള്ള തന്ത്രമാണെന്ന ആരോപണവുമായി ദിവാകരനും രംഗത്തെത്തിയിട്ടുണ്ട്. തന്നെപ്പോലുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പുസ്തകം ആളുകള്‍ വായിക്കുമെന്നായിരിക്കും അദ്ദേഹം കരുതുന്നതെന്നും ദിവാകരന്‍ പ്രതികരിച്ചതോടെ ജേക്കബ് തോമസിന്റെ പുസ്തകം കോളിളക്കം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അദ്ദേഹം ഉന്നയിക്കുന്നത് കടുത്ത വിമര്‍ശനങ്ങളാണ്. പാറ്റൂര്‍ ഫ്‌ളാറ്റ് തട്ടിപ്പ്‌ കേസിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് ഉമ്മന്‍ ചാണ്ടി തന്നെ ഒതുക്കിയതെന്ന് അദ്ദേഹം പറയുന്നു. തന്നെ വികസന വിരുദ്ധനെന്നും ജനവിരുദ്ധനെന്നും ചിത്രീകരിക്കാന്‍ മാത്രം 45 മിനിറ്റ് പത്രസമ്മേളനം വിളിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. പാറ്റൂര്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് അതിന് കാരണം. പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ ഫയര്‍ഫോഴ്‌സ് മേധാവിയെന്ന നിലയില്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം വിട്ടുകൊടുക്കാത്ത ജനവിരുദ്ധനായാണ് ആ പത്രസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ ചിത്രീകരിച്ചത്.

പിഡിപി മഅദനിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിന് അറസ്റ്റ് ചെയ്യണമെന്ന് ചോദിച്ചതോടെയാണ് തന്റെ കഷ്ടകാലം ആരംഭിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. 1998ല്‍ കൊച്ചി പോലീസ് കമ്മിഷണറായിരിക്കെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിയെ അറസ്റ്റ് ചെയ്യണമെന്ന് അന്നത്തെ ഉത്തരമേഖല ഐജി ജേക്കബ് പുന്നൂസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തിനാണ് അറസ്റ്റെന്നും അതിന് തെളിവുകളുണ്ടോയെന്നുമാണ് ജേക്കബ് തോമസ് ചോദിച്ചത്. ഇതോടെ തന്റെ കഷ്ടകാലം തുടങ്ങിയെന്നാണ് അദ്ദേഹം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

അടുത്ത ദിവസം തന്നെ സിറ്റി പോലീസ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും ഒഴിയേണ്ടതായും വന്നു. മഅദനിയെ അറസ്റ്റ് ചെയ്യാതിരുന്നത് അത് മനുഷ്യാവകാശ പ്രശ്‌നമായി കണ്ടാണ്. എന്നാല്‍ അതിന് ശേഷം പോലീസ് യൂണിഫോം അണിയാനായിട്ടില്ല. താന്‍ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 1998 മാര്‍ച്ച് 31ന് കോഴിക്കോട് സിഐയായിരുന്ന എ വി ജോര്‍ജ്ജ് മഅദനിയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തു. ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മഅദനി പുറത്തുവന്നത് തെളിവുകളുടെ അഭാവത്തിലായിരുന്നു.അതേസമയം പോലീസിലെ തന്നെ ചില ഉന്നതര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് മഅദനിയെ അറസ്റ്റ് ചെയ്യാനുള്ള കേരള പോലീസിന്റെ തീരുമാനം ഒരു മത്സരബുദ്ധിയായിരുന്നുവെന്നാണ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിയെ അറസ്റ്റ് ചെയ്യാന്‍ തമിഴ്നാട് പോലീസ് നീക്കം ആരംഭിച്ചതോടെ അത് കേരള പോലീസിന് നാണക്കേടാകുമെന്ന് തിരിച്ചറിഞ്ഞാണ് തെളിവുകളില്ലെങ്കിലും മഅദനിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. മുതലക്കുളം പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തെളിവുകളില്ലാതിരുന്നതിനാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷം മഅദനി ജയില്‍ മോചിതനാകുകയും ചെയ്തു. അതിന് ശേഷമാണ് മഅദനിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തതും ഇപ്പോഴും ജയിലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നതും. ഈ വസ്തുത കണക്കിലെടുക്കുകയാണെങ്കില്‍ ജേക്കബ് തോമസിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളിലും വസ്തുതയുണ്ടാകുമെന്നാണ് മനസിലാക്കേണ്ടത്.

ഉന്നതങ്ങളിലുള്ളവരെ കരിവാരിത്തേക്കാനാണ് ജേക്കബ് തോമസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും പറയുന്നു. ജീവചരിത്ര സാഹിത്യശാഖയ്ക്ക് ഒരു പുസ്തകം കൂടി ലഭിച്ചുവെന്നും അദ്ദേഹം അധിക്ഷേപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്രാവുകള്‍ക്കൊപ്പമെന്ന പുസ്തകത്തിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അദ്ദേഹം വിശ്വസ്തനായ ജേക്കബ് തോമസിനെ ആയുധമാക്കുകയാണെന്നാണ് ആരോപണം. ഏതായാലും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം പലരെയും അലോസരപ്പെടുത്തുന്നുണ്ടെന്ന് തീര്‍ച്ച.

Next Story

Related Stories