TopTop
Begin typing your search above and press return to search.

ജാഗ്വര്‍ എക്‌സ്ഇയെ പിടിച്ചുകെട്ടാന്‍ ആരുണ്ട്‌

ജാഗ്വര്‍ എക്‌സ്ഇയെ പിടിച്ചുകെട്ടാന്‍ ആരുണ്ട്‌

ഇന്ത്യക്കാര്‍ ഏറ്റവുമധികം അഭിമാനിച്ച ഒരു നിമിഷമുണ്ട് ടാറ്റാ മോട്ടോഴ്‌സ് ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുത്ത നിമിഷം. ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ മേല്‍ ഇന്ത്യ നേടിയ രണ്ടാം വിജയമായി അതിനെ കണക്കാക്കാം. ഇന്ത്യയില്‍ അത്രയൊന്നും സുപരിചിതമല്ലായിരുന്ന ജാഗ്വറിന്റെ പിന്നീടുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ത്യയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വമ്പന്‍ ലക്ഷ്വറി ബ്രാന്റുകളോട് ജാഗ്വര്‍ ഏറ്റുമുട്ടി തന്റേതായ സ്ഥാനം ഉറപ്പിച്ചു. പക്ഷേ രണ്ട് സെഡാനുകളും ഒരു സ്‌പോര്‍ട്‌സ് കാറും മാത്രമാണ് മോഡലുകളായുള്ളത് എന്നത് ജാഗ്വറിന് തിരിച്ചടിയായി. മറ്റ് ബ്രാന്‍ഡുകള്‍ ഓരോ മാസവും പുതിയ മോഡലുകള്‍ രംഗത്തിറക്കുമ്പോള്‍ ജാഗ്വര്‍ മൂന്നു മോഡലുകളുമായി കഴിയുന്നത്ര പിടിച്ചു നിന്നു. ഇതിനിടെയാണ് എക്‌സ് ഇയുടെ വരവ്. എന്‍ട്രി ലെവല്‍ ലക്ഷ്വറി സെഗ്മന്റിലെ ഈ പോരാളി ജാഗ്വറിന്റെ വില്പന വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ്, ബെന്‍സ് 'സി'ക്ലാസ്, ഓഡി എ4 എന്നിവരായിരിക്കും എക്‌സ്ഇയുടെ എതിരാളികള്‍.എക്‌സ് ഇ

ജാഗ്വറിന്റെ ചരിത്രത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ സെഡാനാണ് എക്‌സ് ഇ. 2014-ലെ ജനീവ ഓട്ടോഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഫോര്‍ഡ് നല്‍കിയിരുന്ന പ്ലാറ്റ്‌ഫോമുകളിലാണ് ജാഗ്വറിന്റെ 'എക്‌സ്' ശ്രേണിയില്‍പെട്ട കാറുകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ എക്‌സ്ഇയുടെ പ്ലാറ്റ്‌ഫോം ജാഗ്വര്‍ തന്നെ നിര്‍മ്മിച്ചതാണ്. ഇയാന്‍കാലം ആണ് എക്‌സ്ഇയുടെ ഡിസൈനര്‍.

കാഴ്ച

എക്‌സ്‌ജെ, എക്‌സ് എഫ് എന്നീ വല്യേട്ടന്മാരുമായി സാമ്യമുള്ള രൂപമാണ് എക്‌സ്ഇയ്ക്കും. അര്‍ദ്ധവൃത്താകൃതിയില്‍ പരന്നുകിടക്കുന്ന വലിയ ബോണറ്റ്. അതിന്മേല്‍ പവര്‍ ബള്‍ജുകള്‍. 'ജെ' ബ്ലേഡ് സിഗ്‌നേച്ചര്‍. എല്‍.ഇ.ഡി. ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍. അതിസുന്ദരമാണ് ദീര്‍ഘചതുരാകൃതിയിലുള്ള മെഷ്ഗ്രില്ലും അതിന്മേലുള്ള ജാഗ്വര്‍ ലോഗോയും വാഹനപ്രേമികളെ ഹരം കൊള്ളിക്കും. മുന്‍ബമ്പറില്‍ താഴെയുള്ള ഭാഗം മുഴുവനും അപഹരിക്കുന്നത് എയര്‍ഡാമാണ്. വീതിയുള്ള ബോണറ്റുമൂലമാകാം, ഉള്ളതിലധികം വലിപ്പം തോന്നിക്കുന്ന മോഡലാണ് എക്‌സ്ഇ.17 ഇഞ്ച് അലോയ്‌വീലുകള്‍ മനോഹരമാണ്. ക്രോമിയം ഫിനിഷുള്ള എയര്‍സ്‌കൂപ്പുകള്‍ വശങ്ങളെ സ്‌പോര്‍ട്ടിയാക്കുന്നു. വിന്‍ഡോ ലൈനുകളിലുമുണ്ട് ക്രോമിയം വരകള്‍. ചെരിഞ്ഞിറങ്ങുന്ന റൂഫ് ലൈനും നീളം കുറഞ്ഞ പിന്‍ഭാഗവും സ്‌പോര്‍ട്ടിനെസ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. മുന്‍ഭാഗം പോലെ തന്നെ ഗംഭീരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട് പിന്‍ഭാഗവും. നീളന്‍ എല്‍ഇഡി ടെയ്ല്‍ലാമ്പുകളും തള്ളി നില്‍ക്കുന്ന ബൂട്ടിന്റെ അപ്പര്‍ലിപ്പും കറുത്ത ക്ലാഡിങ്ങിന്മേല്‍ തള്ളി നില്‍ക്കുന്ന രണ്ട് എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും പിന്‍ഭാഗത്തെ വൃത്തിയുള്ള ഡിസൈനിന് പിന്‍ബലമേകുന്നു. ജാഗ്വറിന്റെ ലോഗോയും വലുതായി കൊടുത്തിട്ടുണ്ട് ബൂട്ട് ലിഡില്‍.

കൃത്യമായ അഴകളവുകളും മസ്‌ക്കുലര്‍ ലുക്കും ഒന്നിക്കുന്നു, എക്‌സ് ഇയില്‍. ഈ സെഗ്‌മെന്റ്‌ലെ ഏറ്റവും സുന്ദരന്‍ ഇനി മുതല്‍ എക്‌സ്ഇയാണ്.

ഉള്ളില്‍

ജാഗ്വറിന്റെ മോഡലുകളില്‍ പതിവുള്ള ശൈലിയിലല്ല എക്‌സ്ഇയുടെ ഇന്റീരിയര്‍. എന്നാല്‍ എക്‌സ്‌ജെയുടെ നന്മകള്‍ ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്. ബ്ലാക്ക്, ബീജ്, ക്രോമിയം എന്നിവയുടെ മേളനമാണ് ഉള്‍ഭാഗത്ത്. ഡാഷ്‌ബോര്‍ഡിന്റെ പിന്‍ഭാഗത്ത് അര്‍ദ്ധവൃത്താകൃതിയില്‍ കാണുന്ന ട്രിമ്മിന്റെ ഭാഗം എക്‌സ്‌ജെയില്‍ കണ്ടിട്ടുള്ളതു തന്നെയാണല്ലോ. അത് അവസാനിക്കുന്നത് രണ്ട് ഫ്രണ്ട്‌ഡോറുകളുടെയും മേല്‍പാനലുകളിലാണ്.

ഡാഷ്‌ബോര്‍ഡിനു നടുവില്‍ സെന്റര്‍കണ്‍സോളിലേക്ക് ഇറങ്ങി നില്‍ക്കുന്ന വിധത്തിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീനും എന്നിവയുടെ കണ്‍ട്രോളും അതിനു താഴെ വുഡ്ഫിനിഷിനു നടുവില്‍ സ്വിച്ച് ഓണ്‍ ചെയ്തു കഴിയുമ്പോള്‍ ഉയര്‍ന്നുവരുന്ന ഗിയര്‍ സെലക്ടര്‍. സീറ്റുകളുടെ അപ്‌ഹോള്‍സ്റ്ററി ഒന്നാന്തരമാണ്. ഡാഷ്‌ബോര്‍ഡ് താഴ്ന്നതായതിനാല്‍ വിസിബിലിറ്റിയും മോശമല്ല. സ്റ്റിയറിങ് വീലില്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍. സ്‌പോര്‍ട്ടിയാണ് മീറ്റര്‍ ഡയലുകള്‍. അതിനു നടുവില്‍ ചെറിയ സ്‌ക്രീനുമുണ്ട്.

മുന്നിലും വശങ്ങളിലും പിന്നിലുമെല്ലാം ക്യാമറ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഏതു ചെറിയ വഴിയിലും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാം, റിസവേഴ്‌സ് എടുക്കാം.


പിന്‍ഭാഗത്ത് ഇഷ്ടംപോലെയാണ് ലെഗ്‌റൂമും ഹെഡ്‌റൂമും. പിന്‍ഡോറുകള്‍ വലുതായതിനാല്‍ കയറാനും ഇറങ്ങാനും എളുപ്പം. നല്ല തുട സപ്പോര്‍ട്ടുണ്ട് സീറ്റുകള്‍ക്ക്. വലിയ എസി വെന്റുണ്ട്. ലഗേജ് സ്‌പേസും ഈ സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ഇയ്ക്കാണ്.

എഞ്ചിന്‍

തുടക്കത്തില്‍ പെട്രോള്‍ എഞ്ചിന്‍ മോഡലുകള്‍ മാത്രമേ എക്‌സ്ഇയ്ക്കുള്ളു. 2 ലിറ്റര്‍ ഡീസല്‍. പെട്രോള്‍ എഞ്ചിന്‍ പിന്നാലെ വരും. ഇപ്പോള്‍ 20ടി പ്യൂവര്‍ ട്രിമ്മില്‍ 198 ബിഎച്ച്പിയും 25 പോര്‍ട്ട്‌ഫോളിയോ മോഡലില്‍ 238 ബിഎച്ച്പിയുമാണ് എഞ്ചിന്‍ പവര്‍. രണ്ടാമതു പറഞ്ഞ മോഡലാണ് 'സ്മാര്‍ട്ട് ഡ്രൈവ്' ടെസ്റ്റ് ഡ്രൈവ് ചെയ്തത്. ജാഗ്വറിന്റെ ആദ്യത്തെ അലൂമിനിയം മോണോ കോക്ക് പ്ലാറ്റ്‌ഫോമും ഇന്റഗ്രല്‍ ലിച്ച് സസ്‌പെന്‍ഷനും യാത്രാസുഖവും ഡ്രൈവബിലിറ്റിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. എക്‌സ് എഫിലും എക്‌സ്‌ജെയിലുമുള്ള 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഈ ഭാരം കുറഞ്ഞ വാഹനത്തില്‍ ഘടിപ്പിക്കുമ്പോള്‍ പെര്‍ഫോമന്‍സ് കിടയറ്റതായി. 34.67 കി.ഗ്രാം ടോര്‍ക്കും എട്ട് സ്പീഡ് സീഎഫ് ഗിയര്‍ബോക്‌സും ചേര്‍ന്ന് എക്‌സ്ഇയെ പറപറപ്പിക്കുന്നു. ടൗണിലും ഒട്ടും മടുപ്പനുഭവ പ്പെടാത്ത ഡ്രൈവാണ് എക്‌സ്ഇ നല്‍കുന്നത്.

പാഡില്‍ ഷിഫ്റ്റ് ചെയ്ത് ഓടിക്കുമ്പോള്‍ എക്‌സ്ഇ നല്‍കുന്ന ഹരമൊന്നു വേറെ തന്നെ. സ്‌പോര്‍ട്ട് മോഡിലേക്ക് ഡ്രൈവ് മോഡ് മാറുമ്പോള്‍ ഓവര്‍ടേക്കിംഗ് അനായാസമായി ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇക്കോ, നോര്‍മല്‍, ഡൈനാമിക്, വിന്റര്‍ എന്നീ നാല് മോഡുകള്‍ വേറെയുമുണ്ട്.

ഒന്നാന്തരം സസ്‌പെന്‍ഷന്‍ സെറ്റപ്പും ഇലക്ട്രിക് പവര്‍ സ്റ്റിയറിംങും വെല്‍ ബാലന്‍സ്ഡ് വെയ്റ്റ് ഡിസ്ട്രിബ്യൂഷനുമെല്ലാം ചേര്‍ന്ന് എക്‌സ്ഇയുടെ ഡ്രൈവ് പുതിയ തലത്തിലേക്കെത്തിക്കുന്നു. വലിയ ഗ്രില്ലും അതിന്മേലുള്ള ജാഗ്വര്‍ ലോഗോയും ഹൃദയഹാരിയായ നോട്ടത്തിനിരയാക്കുന്നുണ്ട് എക്‌സ്ഇയെ ആരും തിരിഞ്ഞുനോക്കുന്ന സുന്ദരരൂപം. തകര്‍പ്പന്‍ സസ്‌പെന്‍ഷന്‍. ഒന്നാന്തരം എഞ്ചിന്‍. ഇനി എന്‍ട്രിലെവല്‍ ലക്ഷ്വറി സെഗ്‌മെന്റില്‍ എക്‌സ്ഇയെ പിടിച്ചുകെട്ടാന്‍ എളുപ്പമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories