TopTop

ജയ്പൂര്‍ കലാ ഉച്ചകോടിയില്‍ ഹിന്ദുത്വസംഘടനയുടെ ആക്രമണം

ജയ്പൂര്‍ കലാ ഉച്ചകോടിയില്‍ ഹിന്ദുത്വസംഘടനയുടെ ആക്രമണം

അഴിമുഖം പ്രതിനിധി

ജയ്പൂര്‍ കലാ ഉച്ചകോടിയില്‍ തീവ്ര ഹിന്ദുത്വ വലതുപക്ഷ ഗ്രൂപ്പായ രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ചിന്‌റെ ആക്രമണം. പെയ്‌ന്‌റിംഗുകള്‍ നശിപ്പിച്ച അക്രമികള്‍ ഒരു ചിത്രകാരനെ മര്‍ദ്ദിക്കുകയും ചെയ്തു. ആര്‍ട്ട് സമ്മിറ്റില്‍
ഒരു അര്‍ദ്ധനഗ്ന ചിത്രമുണ്ടെന്ന് പറഞ്ഞാണ് അക്രമം നടത്തിയത്. ഒരു പെയ്‌ന്‌റിംഗ് എടുത്തുകൊണ്ടുപോവുകയും ചെയ്തു.

അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തി വരുകയാണ്. ലാല്‍ സേന എന്ന സംഘടനയുടെ പ്രസിഡന്‌റായ ഹേമലത ശര്‍മ അക്രമത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്നതും ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌റെ പേരില്‍ ഇതിനെ കലയെന്ന് വിളിക്കാന്‍ കഴിയുമോ എന്ന് ഹേമലത ചോദിക്കുന്നു. നേരത്തെ ആമിര്‍ ഖാന്‍ നായകനായ രാജ്കുമാര്‍ ഹിരാനി ചിത്രം പികെയ്‌ക്കെതിരെയും രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച് ആക്രമണവുമായി രംഗത്തെത്തിയിരുന്നു. നേരത്തെയും ആര്‍ട്ട് ഫെസ്റ്രിവലുകള്‍ക്കും എക്‌സിബിഷനുകള്‍ക്കും കലാകാരന്മാരുടെ വീടിന് നേരെയുമെല്ലാം ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണമുണ്ടായിട്ടുണ്ട്.

1996 ഒക്ടോബര്‍ 11ന് ഒരു സംഘം ബജ്രംഗ്ദളുകാര്‍ അഹമ്മദാബാദിലെ പ്രശസ്തമായ ഹുസൈന്‍ ദോഷി ഗുഫ ആര്‍ട്ട് കോംപ്ലക്‌സിലുള്ള ഹെര്‍വിറ്റ്‌സ് ഗാലറി ആക്രമിച്ചു. എംഎഫ് ഹുസൈന്‌റെ ഹനുമാന്‍ പരമ്പര, മാധുരി ദീക്ഷിത് ചിത്രങ്ങള്‍, അവസാനത്തെ അത്താഴത്തിന്‌റെ വ്യാഖ്യാനം തുടങ്ങിയവ അടക്കം 28ഓളം ചിത്രങ്ങളും 23ഓളം ചിത്രകമ്പളങ്ങളും നശിപ്പിച്ചു. ത്രിശൂലങ്ങളടക്കമുള്ളവയുമായാണ് ബജ്രംഗ്ദള്‍ തീവ്രവാദികളെത്തിയത്.

1998 മേയ് ഒന്നിന് വിഖ്യാത ചിത്രകാരന്‍ എംഎഫ് ഹുസൈന്‌റെ വീട്ടില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തി. ഹനുമാന്‌റെ വാലിലിരുന്ന് യാത്ര ചെയ്യുന്ന സീതയുടെ ചിത്രമാണ് ബജ്രംഗ്ദള്ളുകാരെ പ്രകോപിപ്പിച്ചത്. ഹനുമാനേയും സീതയേയും നഗ്നരാക്കി ചിത്രീകരിച്ചു എന്നാണ് അവരുടെ വ്യാഖ്യാനം. എന്നാല്‍ ചിത്രത്തിന് പ്രത്യേക വിശേഷണമോ അടിക്കുറിപ്പോ ഒന്നും ഹുസൈന്‍ നല്‍കിയിരുന്നില്ല.

2004 ജനുവരി 30ന് സൂറത്തിലെ ഗാര്‍ഡന്‍ സില്‍ക് മില്‍സിനകത്തുള്ള ഗാര്‍ഡന്‍ ഗാലറി ഓഫ് ആര്‍ട്‌സ് ബജ്രംഗ്ദള്‍, വിഎച്ച് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

2006ല്‍ ഭാരതമാതാവിനെ നഗ്നയാക്കി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ഹുസൈനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. ചെന്നൈയിലെ അപ്പാറാവു ഗാലറിയില്‍ ലേലത്തിന് വച്ചിരിക്കുകയായിരുന്നു ഹുസൈന്‌റെ പെയ്‌ന്‌റിംഗ്. ഹുസൈനോട് ആലോചിക്കാതെ, ലേലം സംഘടിപ്പിച്ചയാളാണ് ചിത്രത്തിന് നൂഡ് മദര്‍ ഇന്ത്യ എന്ന് പേര് നല്‍കിയത്. സംഭവത്തില്‍ ക്ഷമ ചോദിച്ച് ഹുസൈന്‍ രംഗത്തെത്തുകയും ആ ചിത്രം ലേലത്തില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

2007 ഡിസംബര്‍ 27ന് ശിവസേന പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ഇന്ത്യ ഇന്‌റര്‍നാഷണല്‍ സെന്‌ററില്‍ നടന്ന ലേലത്തില്‍ അക്രമം നടത്തി എംഎഫ് ഹുസൈന്‌റെ രണ്ട് ചിത്രങ്ങള്‍ നശിപ്പിച്ചു. ശിവസേനയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി സേനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഹിന്ദുദേവതകളെ നഗ്നരായും മോശമായും ചിത്രീകരിച്ചു എന്നായിരുന്നു ആരോപണം. രാജ്യത്തെവിടെയും ഹുസൈന്‌റെ പ്രദര്‍ശനം തടയുമെന്ന് സംഘടന ഭീഷണി മുഴക്കി.

2013 ഓഗസ്റ്റ് 16ന് അഹമ്മദാബാദിലെ അംദാവാദ് നി ഗുഫയിലുള്ള ആര്‍ട്ട് ഗാലറി വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ചിത്രങ്ങളും ഫര്‍ണീച്ചറുകളുമെല്ലാം നശിപ്പിച്ചു. എംഎഫ് ഹുസൈനും ആര്‍ക്കിടെക്ട് ബിവി ദോഷിയും ചേര്‍ന്ന് സ്ഥാപിച്ച ആര്‍ട്ട് ഗാലറിയാണിത്.

വീഡിയോ കാണാം:


Next Story

Related Stories