TopTop
Begin typing your search above and press return to search.

ആദിവാസികള്‍ക്ക് വീടൊരുക്കി ജെയ്‌സണ്‍; കേരളത്തിന് അനുകരിക്കാം ഈ കോടഞ്ചേരി മാതൃക

ആദിവാസികള്‍ക്ക് വീടൊരുക്കി ജെയ്‌സണ്‍; കേരളത്തിന് അനുകരിക്കാം ഈ കോടഞ്ചേരി മാതൃക

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ ആദിവാസി കോളനികളായ പൂണ്ടയിലേയും മേക്കോഞ്ഞിയിലേയും താമസക്കാര്‍ ജെയ്‌സണ്‍ എന്ന യുവാവിനെമനസുകൊണ്ടു വണങ്ങുകയാണ്. നനഞ്ഞൊലിക്കുന്ന കൂരകള്‍ക്കു പകരം അനുവദിച്ച വീടുകളുടെ പേരില്‍ ലക്ഷങ്ങള്‍ കൊയ്യാന്‍ വന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കുമൊക്കെ തടയിടാന്‍ കഴിഞ്ഞത് കോടഞ്ചേരി പഞ്ചായത്ത് മുന്‍ മെമ്പറും പൊതു പ്രവര്‍ത്തകനുമൊക്കെയായ ജെയ്‌സണ്‍ എന്ന യുവാവിന്റെ നല്ല മനസ്സുകൊണ്ടാണ്.

' ജെയ്‌സണ്‍ ഞങ്ങള്‍ക്കെല്ലാമാണ്. കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് ഒരു വീടെന്ന സ്വപ്‌നം എന്നും അന്യമായിരുന്നു. ജെയ്‌സണ്‍ വന്നതു കൊണ്ടാണ് ഇന്ന് ഞങ്ങള്‍ക്ക് ഒരു വീട് ലഭിച്ചത്.ചേട്ടന്‍ ഞങ്ങളെ വിട്ടു പോയപ്പോള്‍ ജീവിതത്തിന്റെ പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടതാണ്. ആദ്യം ഉണ്ടായിരുന്ന വീട്ടിലെ അവസ്ഥ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. പാവപ്പെട്ടവരായ ഞങ്ങളെ എല്ലാരും പറ്റിക്കും. പക്ഷേ ജയ്‌സണ്‍ വന്ന് വീടു തരുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ജെയ്‌സണ്‍ ആ വാക്കു പാലിച്ചു. ഈശ്വരന്‍ ജെയ്‌സണെ അനുഗ്രഹിക്കും.' പൂണ്ട കോളനിയിലെ വെള്ളത്തിയും മകള്‍ സിന്ധുവിന്റെയും വാക്കുകള്‍.

17 കൊല്ലം മുന്‍പാണു വെള്ളിയുടെ ഭര്‍ത്താവ് ബേത്ത മരിച്ചത്. ' ചേട്ടന്‍ ഒരു നല്ല വീടിനായി ഒരുപാട് കൊതിച്ചതാണ്. അന്ന് ജെയ്‌സണ്‍ വന്നിരുന്നെങ്കില്‍ ചേട്ടന്റ ആഗ്രഹവും സാധിച്ചേനെ' എന്നും വെള്ളത്തി ബേത്തയുടെ ആഗ്രഹങ്ങള്‍ എല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

പൂണ്ട കോളനിയില്‍ തന്നെ വര്‍ഷങ്ങളായി താമസിച്ചു വരുന്ന ബൈജു അനില ദമ്പതികള്‍ക്കും സമാന അനുഭവം പങ്കു വെക്കാന്‍ ഉണ്ട്. 'ആദ്യം താമസിച്ചിരുന്ന വീട് അമ്മയുടെ പേരിലാണ് കിട്ടിയത്. അതില്‍ താമസിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഉയരം തീരെ കുറഞ്ഞ വീടാണ് അന്ന് പണിത് തന്നത്. അതിലും നല്ലത് ഞങ്ങളുടെ പഴയ കൂരയായിരുന്നു. എന്നാല്‍ ഇന്ന് ജെയ്‌സണ്‍ ഞങ്ങള്‍ക്ക് നല്ല വീടു വെച്ചു തന്നു. ഒത്തിരി സന്തോഷമായി. സൗകര്യങ്ങള്‍ എല്ലാമായി. ഈ കോളനിയിലെ ഏറ്റവും നല്ല വീട് ഇപ്പോള്‍ ഞങ്ങളുടേതാണ്.' എന്ന് ദമ്പതികള്‍ പറയുന്നുണ്ട്. ഈ അടുത്ത ദിവസം വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടത്തുന്നതിനായി ഏവരെയും ക്ഷണിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇവര്‍.

കോടഞ്ചേരി പൂണ്ട മേക്കോഞ്ഞി കോളനിക്കാര്‍ക്ക് ജെയ്‌സണ്‍ പ്രീയപ്പെട്ടവനായി മാറിയതും ഇതുകൊണ്ടൊക്കെയാണ്. ആദിവാസികളുടെ ആശയറ്റ ജീവിതത്തിലേക്ക് കടന്നു വന്ന് പുത്തന്‍ പ്രതീക്ഷയുടെ പേരാണ് ജെയ്‌സണ്‍ എന്ന് കോളനിയിലെ യുവാക്കള്‍ പോലും വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ മറ്റ് ഏതൊരു ആദിവാസി കോളനികളില്‍ നിന്നും വ്യത്യസ്തമായി മികച്ച നിലവാരത്തിലുള്ള മനോഹരമായ വീടുകളാണ് ജെയ്‌സണ്‍ കോടഞ്ചേരിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ' ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരുമെല്ലാം ഈ പാവങ്ങളെ വഞ്ചിച്ചു. പണം തട്ടിയെടുത്ത് പണി പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയാണു പതിവാണ്. ഇതു കണ്ട് സഹിച്ചു നില്‍ക്കാവില്ല. അതുകൊണ്ട് തന്നെയാണ് നഷ്ടം സഹിച്ചാണേലും അവര്‍ക്കൊരു നല്ല വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്.' ജെയ്‌സണ്‍ മനസ്സു തുറക്കുന്നു.

കോടഞ്ചേരി പഞ്ചായത്തിലെ ഭരണ സമിതിയും ഉദ്യോഗസ്ഥരും അടക്കം ആദിവാസി വിഭാഗത്തെ ചൂഷണം ചെയ്യൂന്നുവെന്ന് ആരോപണം ഉയരുമ്പോഴാണ്, ജെയ്‌സണും സുഹൃത്തുക്കളും വലിയ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ അതു നേടുക തന്നെ ചെയ്തു. കോടഞ്ചേരി പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പര്‍ കൂടിയായ ജെയ്‌സണ്‍ പല തവണ പഞ്ചായത്തിന്റ ആദിവാസി ഭവനങ്ങള്‍ പണിയുന്നതിന് അനുമതി കിട്ടേണ്ടതിന് കയറിയിറങ്ങിയെങ്കിലും പഞ്ചായത്ത് നിഷേധ നിലപാടാണ് സ്വീകരിച്ചത്്. എന്നാല്‍ ജീവിതത്തില്‍ എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതിജീവിക്കുകയും ചെയ്തു കൊണ്ടിരുന്ന ജെയ്‌സണും കൂട്ടരും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നേരിട്ട് അപേക്ഷ നല്‍കിയാണ് വീടുകള്‍ പണിയുന്നതിനുള്ള അനുമതി നേടിയെടുത്തത്.

എ.ടി.എസ്.പി ഹഡ്‌കോ തുടങ്ങിയവയില്‍ നിന്ന് വായ്പയെടുത്താണ് പഞ്ചായത്ത് വീടുനിര്‍മ്മാണം നടത്തിയത്. കരാറുകാര്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് പഞ്ചായത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ ഒന്നും പാലിച്ചിരുന്നില്ല. വായു സഞ്ചാരമില്ലാത്ത മുറികള്‍, രണ്ട് ജനല്‍ പാളികള്‍ സ്ഥാപിക്കേണ്ടയിടത്ത് ഒന്ന്, വീടുകള്‍ക്ക് എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ച ഉയരമില്ലാതെയും അടുക്കളയില്‍ പുക പുറത്തേക്ക് പോകാന്‍ സൗകര്യമില്ലാത്തിതിനാല്‍ പുകയെല്ലാം വീടിനകത്ത് കെട്ടി നില്‍ക്കുന്ന അവസ്ഥ ഇങ്ങനെയെല്ലാം ഉള്ള പാര്‍പ്പിട യോഗ്യമല്ലാത്ത വീടുകളാണ് മറ്റു കരാറുകാര്‍ കോളനിക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയത്.

' അടിത്തറ മുതല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ഞങ്ങള്‍ പണി തുടങ്ങുക.ആദ്യമായി ഒരു വീടു പണി ഏറ്റെടുത്തപ്പോള്‍ തറയക്ക് മാത്രം 3 ലക്ഷം രൂപ ചിലവ് വന്നിരുന്നു.രാവിലെ 7 മുതല്‍ വൈകിട്ട് അഞ്ചു വരെ ഞാനും എന്റ സഹപ്രവര്‍ത്തകരും വിശ്രമമില്ലാതെ പണിയെടുക്കാറുണ്ട്.ഒരു വീട് മികച്ച രീതിയില്‍ നിര്‍മ്മിക്കാന്‍ പരമാവധി 45 ദിവസം മതി.വെയിലായാലും മഴയായാലും ഏറ്റെടുത്ത പണി സമയാസമയങ്ങളില്‍ തീര്‍ക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്.എ.ടി.എസ്.എഫ് ഫണ്ട് 3.5 ലക്ഷം രൂപയാണ്.പലപ്പോഴും അത് തികയാറില്ല.നഷ്ടം നമുക്ക് തന്നെയാണ് എങ്കിലും ഈ ആദിവാസി കുടുബങ്ങളുടെ സന്തോഷം കാണുമ്പോള്‍ അതൊരു നഷ്ടമായി എനിക്കൊരിക്കലും തോന്നാറില്ല.' എന്ന് ജെയ്‌സണ്‍ പറയുന്നു.പൂണ്ട കോളനിയില്‍ പത്തും മേക്കോഞ്ഞി കോളനിയില്‍ പതിനൊന്നും വീടുകളാണ് ജെയ്‌സണ്‍ ഇതുവരെ പൂര്‍ത്തീകരിച്ചത്.

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷമീര്‍ എയും ജെയ്‌സണെ വളരെയധികം സഹായിച്ചിരുന്നു.ഷമീറിന്റ ഇടപെടല്‍ കൊണ്ട് 45 ദിവസം കൊണ്ട് തന്നെ ആദ്യ 4 ഗഡുക്കള്‍ ഫണ്ടും പാസ്സാക്കി നല്‍കിയുരുന്നു എന്നുള്ള കാര്യവും ജയ്‌സണ്‍ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ജെയ്‌സണ്‍. പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയ്ക്ക് വീട് നിര്‍മ്മിക്കാന്‍ 45 ദിവസം മാത്രമാണ് എടുത്തത്.ഈ ഒരു കാര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ജെയ്‌സണും പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുന്നത് എന്ന് ജെയ്‌സണ്‍ പറയുന്നു.ഒരു വീടിന്റ പണി ഏറ്റെടുത്താല്‍ അത് തീര്‍ത്ത് താക്കോല്‍ വീട്ടുടമക്ക് കൈമാറും വരെ ജയ്‌സണും കൂട്ടര്‍ക്കും ഉറക്കമില്ലെന്ന് നാട്ടുകാരും പറയുന്നു.

പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റവും വലിയ പഞ്ചായത്ത്,കുടിയേറ്റ മേഖല എന്നീ നിലകളില്‍ എല്ലാം പഞ്ചായത്ത് പേരു കേട്ടതാണ് കോടഞ്ചേരി പഞ്ചായത്ത്. വര്‍ഷങ്ങളായി വലതു പക്ഷ മുന്നണി ഭരിക്കുന്ന പഞ്ചായത്ത് ആണ്. പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരത്തില്‍ വന്നപ്പോള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ അനുവദിച്ച തുക കൃത്യമായി അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ എത്തിയില്ല എന്ന് ജെയ്‌സണ്‍ ആദ്യമെ മനസ്സിലാക്കിരുന്നു. അപ്പോഴാണ് വീടുകള്‍ക്ക് കോടഞ്ചേരി മാതൃക എന്ന ആശയം ജെയ്‌സന്റെ മനസ്സില്‍ ഉടലെടുത്തതും.

കരാറുകാരെ പണി ഏല്‍പ്പിക്കാറില്ല ജെയ്‌സണും കൂട്ടരും. ഓരോ വീടിനും വേണ്ട കൃത്യമായ പണി സാധനങ്ങള്‍ ഇറക്കിയതിന് ശേഷം പണി ആരംഭിക്കുകയാണ് പതിവ്. പണി ആരംഭിച്ചാല്‍ സമയം നഷ്ടപ്പെടുത്താന്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ഒരു കോടഞ്ചരി മാതൃക പഞ്ചായത്തിന് പുറമെ ഉള്ള ഉദ്യോഗസ്ഥര്‍ പോലും വന്നു കണ്ട് നൂറു മാര്‍ക്കും നല്‍കാറുണ്ട്. കേരളത്തില്‍ എമ്പാടും ആദിവാസി വീടുകള്‍ക്ക് ജെയ്‌സണ്‍ ചെയ്യുന്ന ഈ വീടുകളുടെ മാതൃക പിന്‍തുടരേണ്ടതുണ്ട് എന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷമീര്‍ പറയുന്നു.

'ഇത്തരത്തിലുള്ള പൊതു പ്രവര്‍ത്തനമാണ് ഈ നാടിന് ആവശ്യം. ലാഭം പ്രതീക്ഷിക്കാതെ ചെയ്യുന്ന ജെയ്‌സന്റ ഈ പ്രവര്‍ത്തനങ്ങള്‍ ഏറെ ആദരണീയമാണ്. കോടഞ്ചേരി പഞ്ചായത്തിലെ കൊച്ചു കുട്ടികള്‍ പോലും ഇത്തരം നല്ല മനോഭാവം കണ്ടു പഠിക്കേണ്ടതുണ്ട്.' കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍ സി.ഐ പറയുന്നു. മേക്കോഞ്ഞി കോളനിയിലെ പണി മുടങ്ങി കിടന്ന ഒരു ആദിവാസി ഭവനം ജെയ്‌സണും എസ്.ഐ ചിത്തരഞ്ജനും സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ആ വീടിന്റ പണി തീര്‍ത്തു നല്‍കിയിരുന്നു.

കോളനിയിലെ വീടിന്റ പണി മാത്രമല്ല. ജെയ്‌സണ്‍ പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന സമയത്ത് തന്റ 18ാം വാര്‍ഡില്‍ 5 വര്‍ഷം കൊണ്ട് 25 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇന്നും കോടഞ്ചേരി പ്രദേശത്തെ ഏറ്റവും നിലവാരമുള്ള റോഡുകള്‍ ജെയ്‌സന്റ വാര്‍ഡിലാണ് ഉള്ളത്. കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതിവത്ക്കരണം നടന്നപ്പോള്‍ വൈദ്യുതി എത്താതിരുന്ന വീടുകളില്‍ ആദ്യം വൈദ്യുതി എത്തിച്ച് പണി പൂര്‍ത്തീകരിച്ചതും ജെയ്‌സണ്‍ തന്നെയാണ്. ജെയ്‌സണ്‍ ഈ നല്ല മനസ്സിന് കോടഞ്ചേരിക്കാരുടെ മുഴുവന്‍ പിന്‍തുണയും പ്രോത്സാഹനവും ഒപ്പമുണ്ട്.അതുകൊണ്ട് തന്നെ ഇനിയും വെല്ലുവിളികള്‍ ഏറ്റെടുക്കാനും ജനങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെ പോകാനും തയാറാണെന്ന് ജെയ്‌സണ്‍ അഴിമുഖത്തോടു പറഞ്ഞു.നിലവില്‍ കേരളത്തില്‍ പലയിടങ്ങളില്‍ നിന്നും ആദിവാസി വീടുകള്‍ നിര്‍മ്മിക്കാന്‍ പല ആവശ്യക്കാര്‍ വരുന്നുണ്ട്. കോടഞ്ചേരി മാതൃക കേരളത്തില്‍ പലയിങ്ങളിലുമായി 200 വീടുകള്‍ എങ്കിലും ചെയ്തു തീര്‍ക്കണമെന്നാണ് ജെയ്‌സന്റ ആഗ്രഹം.


Next Story

Related Stories