TopTop
Begin typing your search above and press return to search.

ബജറ്റ്: ജയ്‌റ്റ്ലിക്ക് മുന്നില്‍ വലിയ വെല്ലുവിളികള്‍

ബജറ്റ്: ജയ്‌റ്റ്ലിക്ക് മുന്നില്‍ വലിയ വെല്ലുവിളികള്‍
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള രാജ്യത്തിന്റെ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. നോട്ട്് നിരോധനം സൃഷ്ടിച്ച കോട്ടങ്ങളില്‍ നിന്നും സാമ്പദ്ഘടനയെ രക്ഷിക്കുന്നതിനായി കൂടുതല്‍ നികുതിയ ഇളവുകള്‍ പ്രഖ്യാപിക്കാനും മൂലധന, ക്ഷമ ചിലഴിക്കലുകള്‍ കൂട്ടാനും അദ്ദേഹത്തിന്റെ മുകളില്‍ സമ്മര്‍ദമുണ്ട്.

നോട്ട്് നിരോധനം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ അത്തരം ജനപ്രിയ നയങ്ങള്‍ ആവശ്യമാണെന്ന് ഭരണകക്ഷി കരുതുന്നു. പക്ഷെ നവംബര്‍ എട്ടിന്റെ പ്രഖ്യാപനം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ നിന്നുകൊണ്ട് അടുത്ത ധനവര്‍ഷത്തെ വരുമാനം കണക്കാക്കുക ബുദ്ധിമുട്ടാകും. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പരോക്ഷ നികുതി വരുമാനം 14.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സൂചനയുണ്ടെങ്കിലും ഉപഭോക്തൃ ചിലവഴിക്കല്‍ ഇടിഞ്ഞതും സേവനമേഖലയിലും ഉല്‍പാദനരംഗത്തും ഉണ്ടായിരിക്കുന്ന മാന്ദ്യവും കേന്ദ്ര ധനമന്ത്രിയുടെ ഉറക്കം കെടുത്തും. അതുകൊണ്ടു തന്നെ പുതിയ ചരക്കു-സേവന നികുതി നടപ്പിലാക്കുന്നത് വൈകിക്കാനാണ് സാധ്യത. മുന്‍കാലങ്ങളിലൊന്നും നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാകും ഇത്തവണത്തെ ബജറ്റ് തയ്യാറാക്കല്‍ എന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതീവപ്രാധാന്യമുള്ളതായിരിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പുതുവര്‍ഷ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്കും മോദി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ഇതേ പാത പിന്തുടര്‍ന്ന് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള സമ്മര്‍ദം ജയ്റ്റ്‌ലി നേരിടുന്നുണ്ട്. വരുമാന നികുതിയിലും കോര്‍പ്പറേറ്റ് നികുതിയിലും ചെറിയ ഇളവുകള്‍ വരുത്താനുള്ള സാധ്യതയുമുണ്ട്. അങ്ങനെ സംഭവിക്കുന്ന പക്ഷം ധനകമ്മി നിലവിലുള്ള 3.5 ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി കുറയ്ക്കുമെന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം ജെയ്റ്റ്‌ലിക്ക് വിഴുങ്ങേണ്ടി വരും.

കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ ഇപ്പോഴും മന്ദഗതിയില്‍ തുടരുന്ന സാഹചര്യത്തില്‍ പൊതു മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ജയ്റ്റ്‌ലി നിര്‍ബന്ധിതമാവും. ഉപഭോക്തൃ വിനിമയം മെച്ചപ്പെടുമെന്ന് ഇപ്പോഴും ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു. പക്ഷെ അത് സമ്പദ്ഘടനയിലേക്ക് എത്രത്തോളം പണം മടങ്ങിയെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിലവിലുള്ള സാഹചര്യത്തില്‍ എപ്പോള്‍ നവംബര്‍ എട്ടിന് മുമ്പുള്ള സ്ഥിതി പ്രാപിക്കാനാവുമെന്ന് വ്യക്തമല്ല. പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പറഞ്ഞത് ഉടന്‍ എല്ലാം ശരിയാവും എന്നാണ്. എന്നാല്‍ കൃത്യമായ ഒരു തീയതി പറയാന്‍ അദ്ദേഹത്തിനും സാധിക്കുന്നില്ല. വരുമാനത്തെ കുറിച്ച് കൃത്യലഭിക്കാതെ വന്‍മൂലധന നിക്ഷേപങ്ങളെ കുറിച്ച് സര്‍ക്കാരിന് ആലോചിക്കാനാവില്ലെന്ന് ധനമന്ത്രാലയത്തിലെ തന്നെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ധനവിനിയോഗ ജാഗ്രതയുടെ പേരില്‍ അറിയപ്പെട്ടിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് വലിയ വെല്ലുവിളിയാകും പുതിയ ബജറ്റെന്ന് ചുരുക്കം.

Next Story

Related Stories