TopTop
Begin typing your search above and press return to search.

പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന

പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന

ഈ ആഴ്ചയിലെ പുസ്തകം
ജലച്ഛായ (നോവല്‍)
എം.കെ.ഹരികുമാര്‍
വില: 210.00 രൂപ
ഗ്രീന്‍ ബുക്‌സ്


വായനയുടെ വിസ്മയകരമായ തലച്ചോറും കാഴ്ചയുടെ കാണാക്കണ്ണുകളും ആവശ്യപ്പെടുന്ന നോവലാണ് എം.കെ.ഹരികുമാറിന്റെ 'ജലച്ഛായ'. നോവലിന്റെ പരമ്പരാഗത മാതൃകകളെ അടിമുടി കടിച്ചുകുടഞ്ഞ് പുറത്തേക്കിടുകയാണ് നോവലിസ്റ്റ്. വികാരങ്ങളുടെ മോഹിപ്പിക്കുന്ന തലങ്ങളെ വിചാരങ്ങളുടെ ദഹിപ്പിക്കുന്ന സാന്നിദ്ധ്യം കൊണ്ട് തീക്ഷ്ണമാക്കുകയാണ് നോവലിലുടനീളം. സ്ഥലകാലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും നിയതമായ രൂപമോ ഭാവമോ കല്‍പ്പിക്കുന്നില്ല നോവലിസ്റ്റ്. മലയാള നോവല്‍ ശാഖയിലേക്ക് നവാദ്വൈതത്തിന്റെ ജലസംഭരണിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കിരീടധാരിയായ ഒറ്റയാള്‍ പട്ടാളമായി കടന്നുവരികയാണ് ജലഛായ.

ജര്‍മ്മന്‍ തത്ത്വചിന്തകനായ ഹൈഡഗ്ഗറാണ് കാലബോധത്തെ ദാര്‍ശനികമാക്കിയത്. മനുഷ്യാസ്തിത്വത്തിന്റെ ഉജ്ജ്വലമായ പ്രത്യേകതകളിലൊന്ന് കാലബോധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാലത്തിലൂടെ മാത്രം നിലനില്‍ക്കുന്ന സത്തയാണ് മനുഷ്യന്‍. സ്വന്തം സത്തയെ കാലത്തിലൂടെ പ്രസരിപ്പിക്കുന്നു. ഈ സ്വഭാവം ജലഛായയുടെ ആന്തരിക പ്രത്യക്ഷമായി അനുഭവപ്പെടുന്നത് നോവലിന്റെ ദാര്‍ശനിക മാനത്തെ വികസ്വരമാക്കാന്‍ സഹായിക്കുന്നു. എല്ലാ കാലങ്ങളും കൂടിക്കുഴഞ്ഞ് കാലസങ്കല്‍പം മാറിമറിയുന്ന ചിത്രമാണ് ജലഛായയെ വ്യത്യസ്തമാക്കുന്നത്.

ഇരുപത്തഞ്ച് അധ്യായങ്ങളുണ്ട് നോവലിന്. ഓരോ അദ്ധ്യായവും ഓരോ അനുഭവവും അനുഭൂതിയും പകരുന്നതോടൊപ്പം ഭ്രമാത്മകതയുടെ പുതിയ ഉള്‍ക്കാഴ്ചയും നല്‍കുന്നു. വായനയിലൂടെ നോവലിസ്റ്റ് ആര്‍ജ്ജിച്ചെടുത്ത ഉത്തരാധുനികതയുടെ നിലപാടുകളും നവാദ്വൈതത്തിന്റെ നിരീക്ഷണങ്ങളും നോവലിന്റെ ആത്മാവിന് ശക്തിപകരുന്നു.

'ജലച്ചായം' എന്ന നോവലെഴുതിയ ലൂക്ക് ജോര്‍ജ് എന്ന നോവലിസ്റ്റിനെ ജോര്‍ദ്ദന്‍ എന്ന പെണ്‍കുട്ടി ഇന്റര്‍വ്യൂ ചെയ്യുന്നതിലൂടെയാണ് 'ജലഛായ' വളര്‍ന്ന് വികസിക്കുന്നത്. സുവിശേഷ പ്രസംഗം നടത്തി കഴിഞ്ഞിരുന്ന ലൂക്ക്‌ ജോര്‍ജ് പക്ഷെ ദൈവവിശ്വാസിയല്ല. ലൂക്ക് ജോര്‍ജ് സഭയില്‍ നിന്ന് പുറത്തായവനാണ്. സാഹിത്യമെഴുതിയതിനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുമാണ് അയാള്‍ ബഹിഷ്‌കൃതനായത്. ലൂക്ക് ജോര്‍ജിലൂടെ ഹരികുമാര്‍ മലയാള നോവലിലെ നായകസങ്കല്‍പ്പം പൊളിച്ചെഴുതിയിരിക്കുകയാണ്. ലൂക്ക് ജോര്‍ജ്, ജോര്‍ദ്ദാന്‍ എന്നിവരിലൂടെ 'ജലഛായ' മുന്നോട്ട് നീങ്ങുമ്പോള്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളും സംഭവവിവരങ്ങളും എല്ലാം കൂടിച്ചേര്‍ന്ന് ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഒരു ഏകാന്തസൗന്ദര്യത്തിന്റെ തുരുത്തിലേക്കാണ് വായനക്കാര്‍ എത്തിച്ചേരുന്നത്. ഇമേജുകളിലൂടെയും പ്രതിബിംബങ്ങളിലൂടെയും ഹരികുമാര്‍ സൃഷ്ടിക്കുന്ന രചനാകൗശലം ഭാഷയുടെ നാളത്തെ വെല്ലുവിളിയായി
ശേഷിക്കുന്നു.മുലകളുടെ ഉത്സവം
കേരള ചരിത്രത്തിലെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്കും കിരാതപര്‍വ്വത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന അദ്ധ്യായമാണ് 'മുലകളുടെ ഉത്സവം'. കീഴാളരുടെ സങ്കടങ്ങളും സന്നിഗ്ദ്ധതകളും സര്‍വ്വോപരി ക്രൂരമായ അടിച്ചമര്‍ത്തലുകളും ചരിത്രത്തിന്റെ തിരുശേഷിപ്പുകളാണ്. അതിലേക്ക് ആഴ്ന്നിറങ്ങി തന്റെ ആത്മരോഷവും പ്രതിരോധശക്തിയും വിളംബരം ചെയ്യുകയാണ് ഹരികുമാര്‍. ജീവിതത്തെ നോക്കിക്കാണുന്ന, അടിസ്ഥാന വര്‍ഗ്ഗത്തെ സ്‌നേഹിക്കുന്ന ഒരെഴുത്തുകാരന് കാരുണ്യപൂര്‍വ്വം ഇങ്ങനെയേ പ്രതികരിക്കാനാവൂ. മാറുമറയ്ക്കല്‍ സമരവും കല്ലുമാലസമരവും ജന്മിക്കട്ടില്‍ സമരവും ചേര്‍ത്തലയിലെ നങ്ങേലിയുടെ തിരുവിതാംകൂര്‍ മുലക്കരം അവസാനിപ്പിച്ച ബലിയും എല്ലാം ചരിത്രസാക്ഷ്യങ്ങളാണ്. മൃഗസമാനമായ ലൈംഗികദാസ്യവൃത്തികള്‍ക്ക് വഴങ്ങേണ്ടിവന്ന അവര്‍ണ്ണരുടെ അഗാധമായ ദുഃഖവും, അടിച്ചമര്‍ത്തിയും അടക്കിവാണും ധാര്‍ഷ്ട്യം കാണിച്ച സവര്‍ണ ഫാസിസവും ഇന്നും നമ്മുടെ ഓര്‍മ്മകളില്‍ തീമുറിവുകളാണ്. തമ്പുരാന്‍മാര്‍ക്ക് കശക്കാനും കടിച്ചുവലിക്കാനും അവര്‍ണ്ണപ്പെണ്ണുങ്ങളുടെ മുല വേണം. എങ്കില്‍ അവര്‍ക്ക് മനസ്സമാധാനമുള്ളു. ഈ മനസ്സമാധാനത്തെയാണ് ശക്തമായി എതിര്‍ക്കപ്പെടേണ്ടത്. കീഴാള പെണ്ണുങ്ങളുടെ ജൈവാധികാരത്തെയും ശരീരത്തെയും സവര്‍ണ്ണ സംസ്‌കാരം എങ്ങനെയൊക്കെ തച്ചുടച്ച് അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു എന്നതിന്റെ ചിന്തയും ചിത്രവമാണ് ഈ അദ്ധ്യായത്തെ ഭാവദീപ്തമാക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

നചികേതസിനെ തുറക്കാന്‍ പലതരം താക്കോലുകള്‍ - കവിതാ വായന
അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം
വഴി തെറ്റിയ യാത്രാ വര്‍ത്തമാനങ്ങള്‍; മാസിഡോണിയ , അമേരിക്ക, പോളണ്ട്
വായിക്കാം, മറ്റൊരു ദുര്യോധനനെ
കമ്പോളം സ്ത്രീയെ വില്‍ക്കുന്ന വിധം- നോവല്‍ വായന

'ഉറുമ്പുകളുടെ സുവിശേഷം' എന്ന അധ്യായത്തില്‍ കറുത്തുറുമ്പും ചുവന്നുറുമ്പും പുലര്‍ത്തുന്ന ജൈവപരമായ സവിശേഷത നോവലിസ്റ്റിന്റെ സൂക്ഷ്മദര്‍ശനത്തെ വ്യക്തമാക്കുന്നു. അതേസമയം 'ഒരു നായ അഭിനയിക്കുന്നു' എന്ന അദ്ധ്യായത്തില്‍ ദയാനന്ദന്‍ എന്ന ദളിത് യുവാവിന്റെ സ്വത്വമാണ് അനാവരണം ചെയ്യുന്നത്. പ്രണയിനിയായ ജെസിയോടൊപ്പം താമസിക്കാന്‍ ആഗ്രഹിച്ച ദയാനന്ദന് അവളോടു പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ അകലാന്‍ ഒരുങ്ങുന്നു. പ്രണയഭംഗത്തിനന്റെ അന്തരീക്ഷം മനസ്സിലാക്കി അവര്‍ പരസ്പരം പിരിയാനൊരുങ്ങുന്ന രംഗം പകര്‍ത്തുമ്പോള്‍ ഒരു നായയായി ലൂക്ക് ജോര്‍ജ് സമീപത്തെത്തുന്നു. കാഫ്കയുടെ 'മെറ്റമോര്‍ഫോസിസി'ലെ ഗ്രെഗര്‍സാംസയെപ്പോലെ രൂപാന്തരം പ്രാപിക്കുന്ന ലൂക്ക് മനുഷ്യാവസ്ഥയുടെ മറ്റൊരു മുഖമായി മാറുന്ന മാന്ത്രികസ്പര്‍ശം ഹരികുമാര്‍ ദാര്‍ശനികമായ മാനത്തിലേക്ക് എടുത്തുയര്‍ത്തുകയാണിവിടെ.നിരൂപകമനസിലെ നോവല്‍
എം.കെ.ഹരികുമാര്‍ സാഹിത്യനിരൂപകനാണ്. സിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും പഠിച്ചുറപ്പിച്ച ഒരു മനസ്സില്‍ സര്‍ഗ്ഗാത്മകമായ ഒരു സൃഷ്ടി രൂപം കൊള്ളുമ്പോള്‍ തീര്‍ച്ചയായും അതിന് വ്യത്യസ്തമാനങ്ങളുള്ള നിക്ഷേപം ഉണ്ടായിരിക്കും. ഈ നിക്ഷേപസഞ്ചയത്തില്‍ നിന്നാകും പൂര്‍വ്വമാതൃകകളെ ഉടച്ചുവാര്‍ക്കാനുള്ള അഭിവാഞ്ഛ ഉണ്ടാകുന്നത്. നിരൂപകമനസ്സും സര്‍ഗ്ഗാത്മകമനസ്സും കൂടിച്ചേരുമ്പോഴുണ്ടാകുന്ന വിസ്‌ഫോടനത്തിന്റെ ജീവകണങ്ങളാണ് ഒരു കലാസൃഷ്ടിക്ക് കരുത്തും കാന്തിയും നല്‍കുന്നത്. ഇത്തരമൊരു അധികാരത്തിന്റെ അടിത്തട്ടില്‍ നിന്നാണ് 'ജലഛായ' ജലപര്‍വ്വം പോലെ വിസ്തൃതമാകുന്നത്. പുതുമയെ പുല്‍കുന്ന ആറാമിന്ദ്രിയം ഈ നോവലിന്റെ ജീവസ്പന്ദനമായി വര്‍ത്തിക്കുന്നു.

അടിച്ചമര്‍ത്തലും, അധികാരപ്രമത്തതയും കീഴാള ദുരിതങ്ങളും പ്രണയവും രതിയും എന്നുവേണ്ട മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളെ ഹരികുമാര്‍ 'ജലഛായ'യില്‍ കൊണ്ടുവരുന്നു. അതിലൂടെ നവീനമായ കാഴ്ചപ്പാടാണ് നോവലിസ്റ്റ് സ്വീകരിക്കുന്നത്. നവകാല്‍പ്പനികതയുടെ പേശീബലവും ദാര്‍ശനിക സമസ്യകളുടെ അന്വേഷണത്വരതയും നോവലിന് പുതിയൊരു വിതാനം സമ്മാനിക്കുന്നു. പരീക്ഷണമെന്നോ ഉടച്ചുവാര്‍ക്കലെന്നോ ഒക്കെ സൗകര്യപൂര്‍വ്വം വായനക്കാര്‍ക്ക് ഈ നോവലിനെ വിളിക്കാമെങ്കിലും ആത്യന്തികമായി 'ജലഛായ' മനുഷ്യജീവിതാവസ്ഥയുടെ അടിമുതല്‍ മുടിയോളം അന്വേഷിച്ചലയുന്ന സിംഫണിയാണ്.

വര്‍ത്തമാനകാലജീവിതത്തിന് സംഭവിച്ച വ്യതിയാനങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കി അതിനനുസൃതമായി ജീവിതത്തിന്റെ കഠിനവേദനകളെയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയും ഇഴപിരിച്ച് പരിശോധിക്കാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരനെ ഈ നോവല്‍ വ്യക്തമാക്കിത്തരുന്നു. ഒപ്പം വരുംകാലത്തിലേക്ക് കണ്ണുകള്‍ പായിച്ച് വെല്ലുവിളികളുടെ മറ്റൊരു ഭൂഖണ്ഡത്തിലേക്കാണ് ജലഛായ നീങ്ങുന്നതെന്ന സത്യവും ആന്തരികപ്രത്യക്ഷം പോലെ വായനക്കാരനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.


Next Story

Related Stories