TopTop
Begin typing your search above and press return to search.

കേരളത്തില്‍ ഇനി ബി ജെ പിയുടെ 'ജലയുദ്ധം'

കേരളത്തില്‍ ഇനി ബി ജെ പിയുടെ ജലയുദ്ധം

കേരളത്തില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമല്ല ജലസ്വരാജ് പദ്ധതിയെന്ന് ബിജെപി നേതൃത്വം. ജലസമൃദ്ധമായ കേരളം അതിരൂക്ഷമായ വരള്‍ച്ചയെയായിരിക്കും ഈ വേനല്‍ കാലത്ത് നേരിടാന്‍ പോവുന്നത്. അതിനാല്‍ കേരള ജനതയെ കൊടുംവരള്‍ച്ചയില്‍ നിന്ന് രക്ഷിക്കേണ്ട ജോലിയാണ് ബിജെപി നേതൃത്വത്തില്‍ നടപ്പാക്കുവാന്‍ പോകുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു. ജലസ്വരാജ് പദ്ധതിക്കായി കവി സുഗതകുമാരി 'ജലഗീതം' എന്ന പേരില്‍ കവിത തയ്യാറാക്കിയിരുന്നു. ഈ കവിത കാവാലം ശ്രീകുമാര്‍ സംഗീത സംവിധാനം ചെയ്ത് ഗാനമാകുകയും ചെയ്തു. ജലസ്വരാജ് പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ശാസ്താംകോട്ടയില്‍, മാഗ്സസെ അവാര്‍ഡ് ജേതാവും ഇന്ത്യയുടെ ജലമനുഷ്യനുമായ(വാട്ടര്‍മാന്‍) ബി. രാജേന്ദ്ര സിങ്ങായിരുന്നു നിര്‍വഹിച്ചത്.ഹിലാല്‍, വിളയോടി വേണുഗോപാല്‍, കുമ്മനം രാജശേഖരന്‍, കാനായി കുഞ്ഞിരാമന്‍, ഷാജി എന്‍ കരുണ്‍, കൊല്ലം തുളസി, പി കെ കൃഷ്ണദാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. ജലസംരക്ഷത്തെപ്പറ്റിയും ജലസ്വരാജ് പദ്ധതിയെപ്പറ്റിയും എഎന്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.

'സംഘാടക സമിതി ചെയര്‍മാനായി ശില്പ്പി കാനായി കുഞ്ഞിരാമനെയും ജനറല്‍ കണ്‍വീനറായി സംവിധായകനായ രാജസേനനെയും ഉള്‍പ്പെടുത്തി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് ജലസ്വരാജ്. കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇവിടെ ജലസംരക്ഷണത്തിന്റെ ആവിശ്യകതയെപ്പറ്റി മറന്നിരിക്കുകയാണ്. ഇതുവരെ ഭരിച്ചിരുന്ന ഒരു വിഭാഗവും ജലസംരക്ഷണത്തിനായി ഒരു ഫലപ്രദമായ നടപടിയും എടുത്തിട്ടില്ല. കേരളത്തില്‍ ഈ വേനല്‍കാലത്ത് അതിരൂക്ഷമായി വരള്‍ച്ചയായിരിക്കും ഉണ്ടായിരിക്കുകയെന്ന് മുന്നറിയിപ്പ് സര്‍ക്കാരിന് പല പാരിസ്ഥിതിക സംഘടനകളും നല്‍കി കഴിഞ്ഞു. രാജ്യം നേരിടുവാന്‍ പോകുന്നത് 100 വര്‍ഷത്തെ ഏറ്റവും കഠിനമായ വരള്‍ച്ചയായിരിക്കും ഈ വര്‍ഷത്തേതെന്ന് റിപ്പോര്‍ട്ടുകളും വന്നു. എന്നിട്ടും ഇവിടുത്തെ ഭരണാധികാരികളോ വേണ്ടപ്പെട്ട അധികാരികളോ നടപടികള്‍ എടുക്കാന്‍ മുതിരാത്തതുകൊണ്ടാണ് കൊടും വരള്‍ച്ചയെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ജനകീയ കൂട്ടായ്മയോടുകൂടി നടപ്പിലാക്കാന്‍ ബിജെപി സംസ്ഥാന സമിതി തീരുമാനമെടുത്തത്.

ഇവിടുത്തെ സര്‍ക്കാരിന്റെ അറിവില്ലായ്മയും ദൂരക്കാഴ്ചയില്ലായ്മയും മറികടക്കാന്‍ ബിജെപിയുടെ ജലസ്വരാജ് കര്‍മപദ്ധതിയിലൂടെ പ്രധാനമായും 15 കാര്യങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

എഎന്‍ രാധാകൃഷ്ണന്‍, സുഗതകുമാരി എഎന്‍ രാധാകൃഷ്ണന്‍, സുഗതകുമാരി

ജനങ്ങളെ ജലസാക്ഷരരാക്കുക, വരള്‍ച്ചയെ നേരിടാന്‍ ജല കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുക, വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളില്‍ ഏറ്റെടുക്കുക, മഴവെള്ള സംഭരണം, കൃത്രിമ ഭൂജല പരിപോഷണം, നീര്‍ത്തട പദ്ധതികള്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വ്യാപകമാക്കുകയും ചെയ്യുക, ജലസ്രോതസ്സുക വീണ്ടെടുക്കുകയും ജലസമൃദ്ധി സംരക്ഷിക്കുകയും ചെയ്യുക, ജലജാഗ്രത സമിതികള്‍ രൂപം നല്‍കി പ്രവര്‍ത്തിക്കുക, ജല പഠനങ്ങള്‍, സര്‍വേകള്‍ എന്നിവ നടത്തുക, ഒരു ലക്ഷത്തോളം ജല മിത്രങ്ങളെ പ്രവര്‍ത്തന സജ്ജരാക്കുക (ജലസംരക്ഷണത്തിനുള്ള ആളുകള്‍), 25 ലക്ഷം മഴക്കുഴികള്‍ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ ഏറ്റെടുത്ത് നടത്തുക, 100 കുളങ്ങള്‍ 1000 പഞ്ചായത്തുകളില്‍ വൃത്തിയാക്കി സ്ഥിരസംരക്ഷണം നടത്തുക, മഴവെള്ളം സംഭരിക്കാന്‍ തടയിണ നിര്‍മിക്കുക. 10 ലക്ഷം ഫലവൃക്ഷതൈ നടുക്കുകയും അവയെ സുരക്ഷിതമായ വളരാനുള്ള സാഹചര്യം ഒരുക്കയും പരിപാലിക്കുകയും ചെയ്യുക, ജനകീയ ജല കണ്‍വെന്‍ഷനുകളും ജല സാംസ്‌കാരികോത്സവവും നടത്തുക, സൗജന്യമായി ജല സംരക്ഷണ സാങ്കേതികവിദ്യകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ലോക ജല ദിനമായ മാര്‍ച്ച് 22, ജനകീയ പരിപാടികളോടുകൂടി ആഘോഷിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക.

കേരളം ജല റേഷനിംഗിലേക്ക്…

രാജ്യത്ത് ലഭിക്കുന്ന മുഴുവന്‍ മഴയുടെ ശരാശരിയേക്കാള്‍ കണക്കാക്കുകയാണെങ്കില്‍ അതിന്റെ മൂന്നിരിട്ടി മഴ (ഏകദേശം 1100 മി.മീറ്റര്‍) കേരളത്തിന് ലഭിക്കുന്നുണ്ട്. 38,555 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കേരളത്തില്‍ ഒരു വര്‍ഷം 11650 കോടി ഘനമീറ്റര്‍ മഴയായിരുന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടിവെള്ളത്തിനായി ഇവിടെ ഉപയോഗിക്കുന്നത് 88.3 കോടി ഘനമീറ്റര്‍ വെള്ളമാണ്. അതായത് ആകെ മഴയുടെ 0.75% മഴവെള്ളം കരുതിയാല്‍ നമ്മുക്കുള്ള കുടിവെള്ളം സമൃദ്ധിയായി ലഭിക്കും. കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ 2004, 2006, 2009, 2013-ലും കഠിനമായ വരള്‍ച്ചയുണ്ടായിട്ടും നമ്മുടെ അധികാരികള്‍ വരള്‍ച്ചയെ നേരിടാന്‍ വേണ്ട കരുതലുകള്‍ എടുത്തിട്ടില്ല. 115 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയായിരിക്കും കേരളം നേരിടേണ്ടി വരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തുലാവര്‍ഷ മഴയില്‍ 61 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കാലവര്‍ഷത്തില്‍ 34 ശതമാനമായിരുന്നു കുറവ്. ഇതു തന്നെ ഒരു മുന്നറിയിപ്പാണ് വരുന്ന വേനല്‍ക്കാലം വറുതിയുടെയും രൂക്ഷമായ ജലക്ഷാമത്തിന്റെയും നാളുകളാണെന്ന്. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലുള്‍പ്പെട്ട കേരളത്തിലെ മഴയിലെ കുറവ് പഠനവിധേയമാക്കാത്ത നമ്മുടെ ഭരണ നേതൃത്വങ്ങളും അധികാരികളും സംസ്ഥാനം ഒരു വരള്‍ച്ച ദുരന്ത പ്രദേശമായതിന് ശേഷം നടപടികള്‍ എടുക്കാന്‍ കാത്തിരിക്കുകയാണോ?

ഭീതിജനകമായ രീതിയിലാണ് കേരളത്തില്‍ ഭൂഗര്‍ഭജലം ഇല്ലാതായികൊണ്ടിരിക്കുന്നത്. ഇതിന് പ്രതിവിധി നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെപ്പോലെ ഭൂഗര്‍ഭജലത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക, കിണര്‍ റീചാര്‍ജിംഗ് നടത്തുക, മഴക്കുഴി നിര്‍മ്മാണം തുടങ്ങിയവയാണ്. 1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു സ്ഥലത്ത് 3000 മി.മീറ്റര്‍ ശരാശരി മഴ കണക്കില്‍ 3 ലക്ഷം ലിറ്റര്‍ മഴ പെയ്യും. ഒരു ഹെക്ടര്‍ മണ്ണില്‍ ഒരു കോടി ഇരുപതു ലക്ഷം ലിറ്റര്‍ മഴയും. ഈ മഴവെള്ളത്തെ നമുക്ക് സംരക്ഷിക്കാം. കേരളത്തില്‍ ഒരു കോടിയിലധികം വീടുകളിലും കെട്ടിടങ്ങളിലും മഴവെള്ളം സംരക്ഷിക്കാനോ (കിണറുകളിലോ,മഴക്കുഴികളിലോ) മറ്റോ കഴിഞ്ഞാല്‍ ഭൂഗര്‍ഭജലത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാനും കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമാകും.

കേരളത്തിലെ വരള്‍ച്ചയ്ക്ക് സമഗ്രവും ശാസ്ത്രീയവുമായ ജലസംരക്ഷണ പരിപാടികള്‍ വേണം. കേരളത്തില്‍ പെയ്യുന്ന മഴയുടെ നല്ലൊരു പങ്കും കടലില്‍ ചേരുകയാണ് മണ്ണിലിറങ്ങുന്നില്ല. അതുകൊണ്ട് തന്നെ ഭൂഗര്‍ഭജലം ഇല്ലാതാകുന്നു. കേരളത്തിലെ വനങ്ങളും മലകളും നശിപ്പിക്കുന്നതും ഭൂഗര്‍ഭ ജലം ഇല്ലാതാവാന്‍ കാരണമാകുന്നുണ്ട്. ഒരു ഹെക്ടര്‍ വനം 30,000 ഘന കിലോ മീറ്ററും, ഒരു ഹെക്ടര്‍ വയല്‍ 3 ലക്ഷം ലിറ്ററും മഴയെ ഉള്‍ക്കൊള്ളും. ഇപ്പോള്‍ കേരളത്തില്‍ വനങ്ങളും വയലുകളും ഇല്ലാതായികൊണ്ടിരിക്കുന്നതിനാല്‍ നമുക്ക് ലഭിക്കുന്ന മഴവെള്ളം കടലില്‍ ചേരുകയാണ്.

ഇതിനായിട്ടാണ് ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ 18000 ബൂത്തുകളിലായി ഒരു ലക്ഷത്തോളം ജലമിത്രങ്ങളെ പരിശീലിപ്പിക്കുന്നതും, അവരുടെ നേതൃത്വത്തില്‍ ജലജാഗ്രതാ സമിതികളുടെ രൂപീകരണം, ജലസംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള ഗൃഹയാത്ര, ജലസംരക്ഷണ സന്ദേശ പരിപാടികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും. കൂടാതെ സംസ്ഥാനത്ത് 1000-ഓളം ഫാക്കല്‍റ്റികളെയും 10,000-ഓളം സാങ്കേതിക പരിശീലനം ലഭിച്ചവരേയും ജലസ്വരാജ് പദ്ധതികളുടെ ചുമതലകള്‍ക്കായി നിയോഗിക്കുകയും ചെയ്യും.'

കവി സുഗതകുമാരി ജലസ്വരാജ് പദ്ധതിക്കായി തയ്യാറാക്കിയ ജലഗീതം

ആഴിമകള്‍, മലമകള്‍,

പൂമകളീയഴകേലും

കേളികേട്ട കേരളമാണെന്റെ പെറ്റമ്മ

അമ്മതന്‍ തൃക്കണ്ണിലയ്യോ! കണ്ണുനീരല്ലോ

കണ്ണുനീരൊപ്പുവാന്‍ ലക്ഷം

കൈകള്‍ നീളട്ടേ

അമ്മതന്‍ പൂങ്കാവനങ്ങള്‍ മുടിഞ്ഞുവെന്നോ!

പൊന്‍വിളയും വയലൊക്കെ നികന്നുവെന്നോ!

നിറവേലും പുഴയെല്ലാം വരണ്ടുവെന്നോ!

കുടിവെള്ളം വിഷം തീണ്ടിക്കറുത്തുവെ ന്നോ!

കടംകേറി കരള്‍ ചുട്ടോര്‍ അരുമ മക്കള്‍

കയര്‍ത്തുമ്പില്‍ ജീവിതങ്ങള്‍

കുരുക്കുന്നെന്നോ!

മറന്നുപോയ് ഗാന്ധിനാമം തളര്‍ന്നു ധര്‍മ്മം!

പറന്നുപോയ് ശാന്തിതന്‍

വെണ്‍പിറാവു ദൂരെ!

ഒരു പുത്തന്‍ പുലരിതന്‍ ഉദയം

കാണ്‍മാന്‍

കൊതി പൂണ്ടോര്‍ വാടിടാത്തോര്‍

ഉള്‍ക്കരുത്തുള്ളോര്‍

കണ്ണുനീരൊപ്പുവാനിതാ

ഞങ്ങളുണ്ടമ്മേ

ജന്മനാടിന്നുണര്‍വേകാന്‍

ഞങ്ങളുണ്ടമ്മേ

വിളിച്ചുണര്‍ത്തുവാനിതാ

ഞങ്ങളെത്തുന്നു

വെളിച്ചത്തിന്‍ ദൈവമല്ലോ

ഞങ്ങള്‍തന്‍ ദൈവം

ജലഗീതം-എഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ


Next Story

Related Stories