TopTop

മൗദൂദി, മാധ്യമം, മീഡിയ വണ്‍... ജമാഅത്തിന്റെ ധര്‍മസങ്കടങ്ങള്‍

മൗദൂദി, മാധ്യമം, മീഡിയ വണ്‍... ജമാഅത്തിന്റെ ധര്‍മസങ്കടങ്ങള്‍
കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ജമാഅത്തുകാരുടെ കണക്കെടുത്താല്‍ രണ്ടോ മൂന്നോ ശതമാനത്തിലധികം വരുമെന്ന് അവര്‍ പോലും അവകാശപ്പെടാറില്ല. സാമ്പത്തിക ശേഷിയും സ്ഥാപനങ്ങളും എടുത്താലും വളരെ തുച്ഛം. പക്ഷേ ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് മാധ്യമം പത്രം തുടങ്ങുന്നത്. അത്ഭുതകരമായ വളര്‍ച്ചയായിരുന്നു ആദ്യ കാലങ്ങളില്‍ തന്നെ മാധ്യമം കൈവരിച്ചത്. മാധ്യമത്തിന്റെ സ്വാധീനം സമുദായത്തിന് പുറത്ത് കടന്നു. സ്വാഭാവികമായും ഇതര മുസ്ലിം സംഘടനകള്‍ കടുത്ത അസഹിഷ്ണുതയോടെ നേരിട്ടു. പലരും പുതിയ പത്രങ്ങള്‍ തുടങ്ങിയോ നിലവിലുള്ളവ പുനരുജ്ജീവിപ്പിച്ചോ നേരിടാന്‍ ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെട്ടു (കൊണ്ടിരിക്കുന്നു). എന്തുകൊണ്ടാണ് മാധ്യമത്തിന് വിജയിക്കാന്‍ പറ്റിയതും മറ്റുള്ളവര്‍ക്ക് അതിന് സാധിക്കാതെ പോയതും? നിരവധി കാരണങ്ങള്‍ കാണാമെങ്കിലും രണ്ട് കാര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്.

ഒന്ന്, അതുവരെ മുഖ്യധാര ക്രൂരമായി അവഗണിച്ചിരുന്ന മുസ്ലിം, ദളിത്, ബദല്‍ ചിന്തകള്‍ക്കും വാര്‍ത്തകള്‍ക്കും ഇടം നല്‍കാനായി. മുസ്ലിം സ്വത്വരാഷ്ട്രീയത്തോടൊപ്പം തന്നെ ഇടത് രാഷ്ട്രീയത്തിന്റെ പ്രസക്തി മുന്നോട്ട് വെക്കുകയും ചെയ്തു. രണ്ട്, ഈ വാര്‍ത്തകളിലൂടെയും ചിന്തകളിലൂടെയും പൊതുമണ്ഡലങ്ങളിലെ മുസ്ലിം ഇടപെടലുകള്‍ കൂടുതല്‍ സജീവമാക്കാനായി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ താരതമ്യേന ഏറ്റവും വിഭവശേഷി കുറഞ്ഞ ഒരു ഈര്‍ക്കില്‍ സംഘടന ബീജം നല്‍കിയ ഒരു മാധ്യമത്തിന് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു ഘടകമാവാന്‍ സാധിച്ചത് കൃത്യമായി ഒഴിഞ്ഞു കിടന്നിരുന്ന ഒരു സ്‌പേസ് ഉപയോഗിച്ചിരുന്നത് കൊണ്ടാണ്.

ജമാഅത്തിനെ സംബന്ധിച്ചിടത്തോളം അറു പിന്തിരിപ്പനും കാലഹരണപ്പെട്ടതുമായ മൗദൂദിയന്‍ അച്ചില്‍ നിന്നും പുറത്ത് കടക്കാനുള്ള ആദ്യത്തെ ഗൗരവമാര്‍ന്ന ശ്രമമായിരുന്നു മാധ്യമം എന്നു കാണാം. സര്‍ക്കാര്‍ ജോലിയും പാര്‍ലിമെന്ററി ജനാധിപത്യവുമെല്ലാം അശ്ലീലപദങ്ങളായി കണ്ട ഒരു വിഭാഗത്തില്‍ നിന്ന് മാധ്യമം പോലുള്ള ഒരു പത്രം വിപ്ലവകരമായിരുന്നു. പാര്‍ട്ടിയേക്കാള്‍ വലുതായി പത്രം വളര്‍ന്നു. ജമാഅത്തിനോട് ആശയപരമായി വിയോജിപ്പുള്ളപ്പോഴും മാധ്യമം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് ചായ്വ് പുലര്‍ത്തുന്ന ഒരു വിഭാഗം സമുദായത്തില്‍ വളര്‍ന്നു വന്നു. പക്ഷേ ജമാഅത്തിന്റെ ഈ മാറ്റം പ്രശ്‌നങ്ങളില്ലാത്തതായിരുന്നില്ല. ആശയപരമായി മൗദൂദിയന്‍ കാഴ്ചപ്പാടില്‍ ഇപ്പോഴും വിശ്വസിച്ച് പോരുന്ന ദേശീയ നേതൃത്വം സാങ്കേതികപരമായെങ്കിലും ഏത് രീതിയിലുള്ള മാറ്റത്തിനും തടസ്സം നിന്നു.കേരളത്തിലാണെങ്കില്‍ മൗദൂദിയുടെ മത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടിയുടെ അടിസ്ഥാനം ഖുര്‍ആനും പ്രവാചകരീതിയുമാണെന്ന അഴകൊഴമ്പന്‍ വാദമായിരുന്നു നേതൃത്വം എപ്പോഴും മൗദൂദിയന്‍ വിമര്‍ശനങ്ങളെ നേരിടാനായി മുന്നോട്ട് വെച്ചിരുന്നത്. പക്ഷേ ഈ വീക്ഷണങ്ങളായിരുന്നു പാര്‍ട്ടിയുടെ സൈദ്ധാന്തിക ചട്ടക്കൂടായി മാറിയതെന്ന യാഥാര്‍ത്ഥ്യം നേതൃത്വം സൗകര്യപൂര്‍വം അവഗണിച്ചു. കാലികമായി മൗദൂദിയന്‍ വീക്ഷണങ്ങളെ പുനര്‍വായിക്കാനുള്ള ഗൗരവ ശ്രമങ്ങള്‍ ഒരിക്കലും പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറില്ല. മൗദൂദിക്ക് തന്നെയും തന്റെ അവസാന കാലഘട്ടത്തില്‍ ഉണ്ടായ മാറ്റങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ പരിചയപ്പെടുത്താന്‍ നേതൃത്വം ശ്രമിച്ചില്ല.

ഇസ്ലാമിക പ്രമാണങ്ങളെ കാലികമായി വ്യാഖ്യാനിക്കാനും കാലത്തിന്റേതായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കാനോ പറ്റിയ ആര്‍ജവമുള്ള ബൗദ്ധിക നേതൃത്വം ജമാഅത്തിനുണ്ടായില്ല. സംഘടനക്കകത്തുള്ള ഒറ്റപ്പെട്ട ശബ്ദങ്ങളും ശ്രമങ്ങളും അകത്തും പുറത്തും നിന്നുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ പത്തി മടക്കേണ്ടി വന്നതായി കാണാം. ഇടക്ക് മൗദൂദിയുടെ ആശയങ്ങളുടെ കാലികപ്രസക്തിയെ ചോദ്യം ചെയ്ത അമീര്‍ ആരിഫലിക്ക് രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിയേണ്ടി വരികയായിരുന്നു. പല വിഷയങ്ങളിലും തികഞ്ഞ ഇരട്ടത്താപ്പും പുലര്‍ത്തിപ്പോരുന്നു; പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ (മാധ്യമത്തില്‍ ആദ്യത്തെ രണ്ട് പതിറ്റാണ്ടിലധികം ഒറ്റ സ്ത്രീയും ജോലി ചെയ്തിരുന്നില്ല!)

80-കള്‍ക്ക് ശേഷം ഗള്‍ഫ് കുടിയേറ്റത്തിന്റെയും ആഗോള രാഷ്ട്രീയത്തിന്റെയും പ്രതിഫലനങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഗള്‍ഫ് കുടിയേറ്റവും ഇന്റര്‍നെറ്റും വഴി സൗദി വഹാബിസ്റ്റ് ആശയധാര ഇറക്കുമതി ചെയ്യപ്പെടുകയും മുസ്ലിം യുവാക്കള്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യത നേടുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ച്ചയും ഇസ്ലാമോഫോബിയയും സൃഷ്ടിച്ച അരക്ഷിതാവസ്ഥ തീവ്ര, പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കൂടുതല്‍ വളമായി. വഹാബിസവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടായിരുന്ന മുജാഹിദ് പ്രസ്ഥാനമാണ് ഏറ്റവും വലിയ നാശം നേരിട്ടതെങ്കിലും ബാക്കിയുള്ള സംഘടനകള്‍ക്കും വഹാബിവത്ക്കരണത്തില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെടാന്‍ സാധിച്ചില്ല.

ജമാഅത്തിനകത്തും ഈ ആശയങ്ങള്‍ പ്രകടമായി തുടങ്ങി. സാകിര്‍ നായിക്കിനേയും എംഎം അക്ബറിനേയും കൂടുതലായി പിന്തുടരുകയും ചെയ്യുന്ന ജമാഅത്ത് അണികളുടെ എണ്ണം കൂടി വന്നു. മാധ്യമത്തിലൂടെ തുടങ്ങിയ മാറ്റം മുന്നോട്ട് പോവുന്നതില്‍ വലിയ തടസ്സം നേരിട്ടു. മീഡിയാ വണ്ണിന്റെ തുടക്കത്തില്‍ ഇത് രൂക്ഷമായി. മുസ്ലിം സമുദായം ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും അതിനെ നേരിടാന്‍ സാധിക്കുന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നില്ല. പകരം സംഘടനയ്ക്കകത്തും പുറത്തുമുള്ള വഹാബിസ്റ്റ് ആശയക്കാര്‍ സംഘടിതമായി ചര്‍ച്ച ചെയ്തത് M80 മൂസയും പാത്തുവിന്റെ വസ്ത്രവുമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രചാരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ തെരുവിലിറങ്ങിയപ്പോള്‍ വന്‍ വിമര്‍ശനമായിരുന്നു നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ വളരെ നീചമായ ഭാഷയിലായിരുന്നു വിവിധ മുസ്ലിം സംഘടനയില്‍പ്പെട്ടവരുടെ വകയായുള്ള ആക്രമണം. ഈയടുത്ത് എംഎസ്എഫ് പെണ്‍കുട്ടികള്‍ പ്രകടനത്തിനിറങ്ങിയ ഫോട്ടോ വന്നപ്പോള്‍ പക്ഷേ അങ്ങനെയുള്ള വിമര്‍ശനങ്ങളൊന്നുമുണ്ടായില്ല. നേരത്തേ വെല്‍ഫെയര്‍ പെണ്‍കുട്ടികളെ വിമര്‍ശിച്ചവരൊക്കെ മൗനത്തിലുമായിരുന്നു. മറുവശത്ത് സോളിഡാരിറ്റി, വെല്‍ഫെയര്‍ ശ്രമങ്ങള്‍ ഇതേ പ്രശ്‌നങ്ങള്‍ കാരണം വേണ്ട രീതിയില്‍ ക്ലച്ച് പിടിക്കാതെ പോയി. കാലികമായി പ്രമാണങ്ങളെ പുനര്‍വായിച്ചും വ്യാഖ്യാനിച്ചും മത, സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് പകരം പ്രായോഗിക നിലപാടുകള്‍ മാത്രമായി ഇവ ഒതുങ്ങി എന്നതായിരുന്നു പ്രശ്‌നം. അതുകൊണ്ട് തന്നെ, മതവീക്ഷണത്തെ രാഷ്ട്രീയ, സാമൂഹിക നിലപാടുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കാതെ പോയി. അണികളില്‍ ഇത് കൂടുതല്‍ അവ്യക്തത ഉണ്ടാക്കിയെന്ന് മാത്രമല്ല, മറ്റ് (തീവ്ര) ആശയങ്ങള്‍ക്ക് പാകപ്പെടുന്ന മനസ്സും ഉണ്ടാക്കി.

മൗദൂദിസത്തിന്റെ പേരില്‍ പൊതുസമൂഹവും, മാറ്റങ്ങളുടെ പേരില്‍ സംഘടനയ്ക്കകത്തും പുറത്തുമുള്ള വഹാബിസ്റ്റുകളും നിരന്തരമായി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. ഇത് വലിയ തോതില്‍ മാറ്റങ്ങളെ പുറകോട്ടടിപ്പിച്ചു. മാറ്റങ്ങള്‍ തീര്‍ത്തും ഉപരിപ്ലവവും ജൈവികത തൊട്ടു തീണ്ടാത്തതുമായി. ഇതിലവസാനത്തേതാണ് മീഡിയാ വണ്‍ ചാനലുമായി ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍. പ്രൊഫഷണലിസത്തിന്റെ അഭാവവും സൈദ്ധാന്തിക പിടിവാശിയും ചാനലിനെ പ്രതിസന്ധിയിലാക്കുകയാണ്. മറ്റുള്ള ചാനലുകളും പത്രങ്ങളും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഓണ്‍ലൈന്‍ എഡിഷന്‍, മീഡിയാ വണ്ണിലെത്തുമ്പോള്‍ നിര്‍ജീവമാണ്. വെറും അഞ്ചും പത്തും ആളുകളെ വെച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടാക്കുന്നത്ര പോലും ഹിറ്റും വരുമാനവും ഉണ്ടാക്കാന്‍ പറ്റാത്തത് ഈ പ്രൊഫഷണലിസത്തിന്റെ അഭാവത്തിന് ഒരുദാഹരണം. അവസാനം ഇപ്പോള്‍ പ്രോഗ്രാം ചാനല്‍ തന്നെ പൂട്ടേണ്ട അവസ്ഥയിലെത്തി. ഇതില്‍ തിരുത്തല്‍ ശക്തിയാവേണ്ട പാര്‍ട്ടിയിലെ യുവ വിഭാഗവും ചാനലില്‍ പ്രൊഫഷണലിസം കൊണ്ടു വരുന്നതില്‍ പരാജയമാണ്.

തുടക്കത്തില്‍ മാധ്യമം വിജയിപ്പിച്ച ടീമില്‍ കൂടുതലും ജമാഅത്തുകാരോ മുസ്ലിങ്ങളോ തന്നെ അല്ലാത്തവരായിരുന്നു. മീഡിയാ വണില്‍ എത്തുമ്പോള്‍ ഈ യുവ വിഭാഗം കൂടുതല്‍ സ്വാധീനമുറപ്പിച്ചെങ്കിലും അത് ചാനലിനെ വളര്‍ത്താനല്ല, തളര്‍ത്താനാണ് സഹായിച്ചത്. പതിവ് പോലെ വിമര്‍ശനങ്ങള്‍ നിര്‍ദാക്ഷിണ്യവും തീവ്രവുമാണ്. മിക്ക ചാനലുകളിലും ആനുകൂല്യങ്ങളില്ലാതെ പിരിച്ചു വിടലും ശമ്പളം നിഷേധിക്കലും വ്യാപകമാണ്. ഇവിടെ മീഡിയാ വണ്ണില്‍ ഒരു ചാനല്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തുന്ന അവസരത്തിലാണ് പിരിച്ചു വിടുന്നത്. അതും മൂന്നു മാസത്തെ ശമ്പളവും മുന്നറിയിപ്പും നല്‍കിയ ശേഷം. പക്ഷേ 'കൊടിയ മനുഷ്യാവകാശലംഘന'മാണ് ആരോപിക്കപ്പെടുന്നത്! മൂല കാരണമായി പറയുന്നത് മൗദൂദിയുടേയും ജമാഅത്തിന്റെയും തൊഴിലാളി വിരുദ്ധതയും (ഏറ്റവും വലിയ ജമാഅത്ത് - മൗദൂദി വിമര്‍ശകനായ മുനീര്‍ ഇപ്പോഴും ശമ്പളം നല്‍കിയിട്ടില്ല എന്നത് കൂട്ടത്തില്‍ ഓര്‍ക്കാം). പ്രവര്‍ത്തന സ്വാതന്ത്രമാണെങ്കില്‍ താരതമ്യേന വലിയ മോശമില്ലാത്തതാണെന്ന് ജമാഅത്തിനോട് കടുത്ത വിയോജിപ്പുള്ളവര്‍ പോലും അവിടെ ചേരുന്നതില്‍ നിന്ന് തന്നെ വ്യക്തവുമാണ്.അങ്ങേയറ്റം പ്രതികൂലമായ ഈയൊരു സാഹചര്യവും ചുറ്റുപാടും മനസ്സിലാക്കാത്തത് ജമാഅത്തിന്റെ വലിയൊരു പ്രശ്‌നമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മാറാന്‍ സാധിച്ചാലേ മാധ്യമം /മീഡിയാ വണ്ണിനും അതിന് പിന്നിലുള്ള പ്രസ്ഥാനത്തിനും ഭാവിയുള്ളൂവെന്ന് തോന്നുന്നു. ഒരു കാലത്ത് കേരളത്തിലെ ബദല്‍/പുതു ശബ്ദങ്ങള്‍ കേള്‍പ്പിച്ചാണ് മാധ്യമം വളര്‍ന്നത്. ഇന്ന് മുസ്ലിം ലോകത്ത് നിന്നും ശ്രദ്ധേയമായ ബദല്‍ വായനകളും വീക്ഷണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അതില്‍ ഇസ്ലാമിന്റെ സ്ത്രീപക്ഷ വായനകളും പരിസ്ഥിതി വായനകളും; ഒരുപാട് വായനകള്‍ വേറെയും വരും. അതൊന്നും ഇസ്ലാമിനെ തള്ളിക്കളയലല്ല, കൂടുതല്‍ ആത്മവിശ്വാസത്തോടെ സ്വീകരിക്കലാണ്.

ഇന്ത്യയില്‍ ദളിത് രാഷ്ട്രീയവും അംബേദ്കറിസവും ജാതിയോടുള്ള അഴകൊഴമ്പന്‍ മുഖ്യധാരാ സമീപനത്തെ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനെല്ലാം ശബ്ദമാവാന്‍ മാധ്യമത്തിനും മീഡിയാ വണ്ണിനും സാധിക്കേണ്ടതുണ്ട്. അതിലുപരിയായി മുഖ്യധാരാ മാധ്യമങ്ങളുടെ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയ ഇവിടെ വളര്‍ന്നു വരുന്നു. ഇതിനെ സമന്വയിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ ചാനലും പത്രവും മാറുമോ? പണ്ട് തുച്ഛമായ ശമ്പളത്തില്‍ നിന്ന് മുണ്ടു മുറുക്കിയുടുത്ത് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കുന്ന ജമാഅത്തുകാരായിരുന്നു കൂടുതലെങ്കില്‍ ഇന്ന് അതിസമ്പന്നരും വ്യവസായികളും തങ്ങളുടെ താല്‍പര്യസംരക്ഷണം ലക്ഷ്യമിട്ട് മാത്രം നല്‍കുന്ന സംഭാവനകള്‍ കൂടി മാധ്യമത്തിന്റെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ട്. അതായത്, 'ഗള്‍ഫ് മാധ്യമം' വരുമാനം കൂട്ടാന്‍ മാത്രമല്ല, നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ കൂടി നിമിത്തമാവുന്നുണ്ട്.

മാറ്റം ഒട്ടും എളുപ്പമല്ലെങ്കിലും അസാധ്യമല്ല, സമുദായത്തേയും സമൂഹത്തേയും സംബന്ധിച്ചിടത്തോളം അനിവാര്യവുമാണ്. പരമ്പരാഗത സങ്കല്‍പത്തിലുള്ള ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞ് മാറാന്‍ തയ്യാറായ ടുണീഷ്യയിലെ അന്നഹ്ദയെയും ഗനൂഷിയെയും ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. പ്രബോധനവും ഐപിഎച്ച് പുസ്തകങ്ങളും നോക്കിയാല്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ കാണുന്ന പേരാണല്ലോ അന്നഹ്ദയും ഗനൂഷിയും?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories