TopTop
Begin typing your search above and press return to search.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് കെജ്രിവാള്‍ കയ്യടിക്കുമ്ബോള്‍ സ്റ്റാലിന്‍ അത് ചെയ്യാത്തതെന്തുകൊണ്ട്?

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് കെജ്രിവാള്‍ കയ്യടിക്കുമ്ബോള്‍ സ്റ്റാലിന്‍ അത് ചെയ്യാത്തതെന്തുകൊണ്ട്?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ കാശ്മീരിന് പുറത്ത് ഏറ്റവും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.

നരസിംഹ ഗോപാലസ്വാമി അയ്യങ്കാര്‍ എന്ന തമിഴ് നാട്ടുകാരന്‍ 1937 മുതല്‍ 1943 വരെ ജമ്മു കാശ്മീരിന്റെ പ്രധാനമന്ത്രിയായിരുന്നു. 1953ല്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വരുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അയ്യങ്കാരാണ്. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യക്ക് വേണ്ടി ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നിയോഗിച്ചതും എന്‍ ഗോപാലസ്വാമി അയ്യങ്കാരെയാണ്. നെഹ്രു മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടങ്ങിയ സമയത്ത് കാശ്മീരിന്റെ ചുമതല നല്‍കിയത് ഗോപാലസ്വാമി അയ്യങ്കാര്‍ക്കായിരുന്നു. 13 അംഗ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ അംഗം. 1952-53 കാലത്ത്, കുറച്ചുകാലം പ്രതിരോധ മന്ത്രിയുമായിരുന്നു ഗോപാലസ്വാമി അയ്യങ്കാര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ കാശ്മീരിന് പുറത്ത് ഏറ്റവും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നതും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.

ന്യൂഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് ഡിഎംകെയാണ്. കാശ്മീരിലെ മുഖ്യാധാരാ രാഷ്ട്രീയ കക്ഷി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഓഗസ്റ്റ് നാല് മുതല്‍ തടങ്കലിലാണ് ഈ നേതാക്കള്‍. കാശ്മീര്‍ നേതാക്കളെ തടങ്കലില്‍ നിന്ന് വിട്ടയ്ക്കണം എന്ന് ആവശ്യം മറ്റ് പ്രാദേശിക പ്രതിപക്ഷ കക്ഷികളൊന്നും ഉന്നയിച്ചിട്ടില്ല. ഡിഎംകെയ്ക്ക് പുറമെ കോണ്‍ഗ്രസും സിപിഎമ്മും ആര്‍ജെഡിയും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. കാശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കണമെന്നും ഫോണ്‍ സര്‍വീസുകള്‍ ലഭ്യമാക്കണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ഒരാഴ്ച മുമ്ബാണ് ഡല്‍ഹിയിലെ പ്രതിഷേധ പരിപാടിയുടെ കാര്യം പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചത്. കേന്ദ്രം ജമ്മു കാശ്മീരിന് മേല്‍ കര്‍ഫ്യൂവും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിച്ച്‌ ഒറ്റപ്പെടുത്തുകയാണ് എന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ആശയവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കി കാശ്മീരികളെ ബന്ദികളാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് എന്ന് സ്റ്റാലിന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കിയത് അപായ സൂചനയായാണ് സ്റ്റാലിനും ഡിഎംകെയും കാണുന്നത്. രാജ്യം വലിയ സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്ബോള്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കളയുന്നതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ എന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു.

കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷന്‍ ഒപ്പുവയ്ക്കുന്നതില്‍ പ്രത്യേക പദവിയെന്ന ആവശ്യത്തോടുള്ള പരിഗണന നിര്‍ണായകമായിരുന്നു. ഇതുകൊണ്ടാണ് ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷനില്‍ പ്രതിരോധം, വിദേശകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ മാത്രം കാശ്മീര്‍, ഇന്ത്യാ ഗവണ്‍മെന്റിന് അധികാരം നല്‍കിയത്. ജനഹിത പരിശോധന നടത്താമെന്നും വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് പാക് അധീന കാശ്മീരില്‍ ഹിതപരിശോധന നടത്താന്‍ പാകിസ്താന്‍ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടി ഇന്ത്യയും ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.

ജമ്മു കാശ്മീരിന്റെ സ്വയംനിര്‍ണയാവകാശത്തേയും പിന്നീട് പ്രത്യേക പദവിയേയുമെല്ലാം മറ്റൊരു തമിഴന്‍ പിന്തുണച്ചിരുന്നു - പെരിയാര്‍ ഇ വി രാമസ്വാമി. ഹിന്ദി ഭരണവര്‍ഗത്തിന്റെ മേധാവിത്തത്തില്‍ തമിഴ്‌നാടിനോ ദക്ഷിണേന്ത്യക്കോ കഴിയാനാകില്ല എന്ന് പെരിയാര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ദ്രാവിഡ നാട് എന്ന രാജ്യം അദ്ദേഹം മുന്നോട്ടുവച്ചത്. നടന്‍ വിജയ് സേതുപതി, ജമ്മു കാശ്മീരിന്റ പ്രത്യേക പദവി പിന്‍വലിച്ചതിനെപ്പറ്റി പറഞ്ഞത്, പെരിയാര്‍ പറഞ്ഞത് തന്നെയാണ് തനിക്ക് പറയാനുള്ളത് എന്നാണ് - ജമ്മു കാശ്മീരിന്റെ കാര്യം കാശ്മീരികളാണ് തീരുമാനിക്കേണ്ടത് എന്ന്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും പറഞ്ഞത് ഇത് തന്നെ. പെരിയാറുമായി രാഷ്ട്രീയമായി 1948ല്‍ വേര്‍പിരിഞ്ഞിട്ടും, പെരിയാറിന്റെ 'ദ്രാവിഡ നാടി'നെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് ഡിഎംകെ ഒഴിവാക്കിയത് തന്നെ 1962ലെ ഇന്ത്യ - ചൈന യുദ്ധകാലത്താണ്.

ഇപ്പോള്‍ പ്രത്യേക പദവിയും അവകാശങ്ങളും നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 370, 35 എ എന്നിവ റദ്ദാക്കുകയും സംസ്ഥാന പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാശ്മീരിന് പുറത്ത് ഏറ്റവും ശക്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നതും തമിഴ് നാട്ടില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷവും ദക്ഷിണേന്ത്യന്‍ ഐക്യമെന്ന നിലയില്‍ ദ്രാവിഡ നാടിന്റെ സാധ്യതകളെപ്പറ്റി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഫെഡറലിസത്തില്‍ വെള്ളം ചേര്‍ക്കുന്നു, സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നു എന്ന പരാതി ദ്രാവിഡ മുന്നേട്ര കഴഗം (ഡിഎംകെ) മോദി സര്‍ക്കാരിനെതിരെ നിരന്തരം ഉന്നയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ ഒരേയൊരു പ്രാദേശിക പാര്‍ട്ടി ഡിഎംകെയാണ് എന്നത് ശ്രദ്ധേയമാണ്. പിന്നെ കുറച്ചെങ്കിലും വിമര്‍ശനമുന്നയിച്ച മറ്റൊരു പാര്‍ട്ടി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ്.

പ്രാദേശിക വികാരം ഇളക്കിവിട്ട് മാത്രം വിജയം കൊയ്ത തെലങ്കാന രാഷ്ട്ര സമിതിയോ (ടിആര്‍എസ്), ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഒന്നാം മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന നിലവിലെ ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസോ, ആന്ധ്രയെ വഞ്ചിച്ചുവെന്ന് ആരോപിച്ച്‌ മോദി മന്ത്രിസഭയും എന്‍ഡിഎയും വിട്ട് പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പോരാട്ടാത്തില്‍ മുന്നില്‍ നിന്ന തെലുങ്ക് ദേശം പാര്‍ട്ടിയോ (ടിഡിപി) കാര്യമായ പ്രതിഷേധങ്ങളൊന്നും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞതിനെതിരെ ഉയര്‍ത്തിയിട്ടില്ല.

മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളായിരുന്ന ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ കാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്ത് കളഞ്ഞതിനെ അനുകൂലിക്കുകയാണുണ്ടായത്. പാര്‍ലമെന്റില്‍ കാശ്മീര്‍ പുനസംഘടനാ ബില്ലിനെ അനുകൂലിച്ച്‌ എഎപി വോട്ട് ചെയ്തു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന് പറഞ്ഞും ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തി ഭരണ നടപടികളെ സ്തംഭിപ്പിക്കുന്നതിനും എതിരെ പ്രസംഗിച്ചും ലെഫ്.ഗവര്‍ണറുടെ വീട്ടില്‍ രാത്രി കിടന്നുറങ്ങിയും ധര്‍ണയിരുന്നുമെല്ലാം പ്രതിഷേധിച്ചയാളാണ് കെജ്രിവാള്‍ എന്നതാണ് വൈരുദ്ധ്യം.

ബിജെപിയോട് സഖ്യമുണ്ടാക്കുകയും സഹകരിക്കുകയുമെല്ലാം ചെയ്ത ചരിത്രം ഡിഎംകെയ്ക്കുണ്ട്. വിവാദ ബില്ലുകളായ യുഎപിഎ ഭേദഗതി ബില്ലും വിവരാവകാശ ഭേദഗതി ബില്ലുമെല്ലാം പാസാക്കാന്‍ മോദി സര്‍ക്കാരിനെ ഡിഎംകെ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഹിന്ദുഭൂരിപക്ഷ മേധാവിത്വത്തിന്റെ തീവ്രദേശീയ പോപ്പുലിസ്റ്റ് രാഷ്ട്രീയം വിജയകരമായി മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുന്ന മോദി - അമിത് ഷാ സഖ്യത്തിന് പിന്തുണ നല്‍കാതിരിക്കാനോ ബദല്‍ അന്വേഷണിക്കാനോ ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാവായ കെജ്രിവാള്‍ പരാജയപ്പെടുമ്ബോള്‍, സ്റ്റാലിന് ഇത്തരം ബാധ്യതകള്‍ ആ രാഷ്ട്രീയത്തോടില്ല എന്നാണ് കാണേണ്ടത്.

പേരില്‍ ദ്രാവിഡമുള്ള ബിജെപിയുടെ സഖ്യകക്ഷിയും തമിഴ്‌നാട്ടിലെ ഭരണകക്ഷിയുമായ എഐഎഡിഎംകെയും പിന്നെ രാഷ്ട്രീയപ്രവേശന മോഹം സജീവമാക്കി നിര്‍ത്തിയിരിക്കുന്ന നടന്‍ രജനീകാന്തും മാത്രമാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പ്രശംസിച്ചത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ 1984ല്‍ രാജ്യസഭ എംപിയായിരുന്ന ജയലളിത, സഭയില്‍ പ്രസംഗിച്ചത് ചൂണ്ടിക്കാട്ടുന്ന എഐഎഡിഎംകെ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല എന്നാണ് വാദിക്കുന്നത്. അതേസമയം മോദിയും അമിത് ഷായും കൃഷ്ണനേയും അര്‍ജ്ജുനനേയും പോലെയാണ് എന്ന് അഭിപ്രായപ്പെട്ട രജനീകാന്തിന് കോണ്‍ഗ്രസ് നല്‍കിയ ഉപദേശം മഹാഭാരതം വായിക്കൂ എന്നായിരുന്നു.

കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച്‌ ഭിന്നത ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും പി ചിദംബരവും അടക്കമുള്ള നേതാക്കള്‍ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ജനാര്‍ദ്ദന്‍ ദ്വിവേദി തുടങ്ങിയവര്‍ സര്‍ക്കാരിന്റെ നടപടിയെ ശക്തമായി പിന്തുണച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ചിദംബരം കാശ്മീരില്‍ നടപടിയില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണുണ്ടായത്. നാളെ തമിഴ്‌നാടിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ഇവര്‍ ശ്രമിക്കില്ലേ എന്ന് ചിദംബരം ചോദിച്ചു. മുസ്ലീം ഭൂരിപക്ഷപ്രദേശമായതുകൊണ്ടല്ലേ ജമ്മു കാശ്മീരിനോട് കേന്ദ്ര സര്‍ക്കാരിന് ഈ സമീപനം എന്ന് ചിദംബരം ചോദിച്ചിരുന്നു.

മറ്റേത് സംസ്ഥാനത്തേയും സര്‍ക്കാരുകളെ പിരിച്ചുവിട്ട് അവയെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനും ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ക്കാനും മോദി സര്‍ക്കാര്‍ തുടര്‍ന്ന് ശ്രമിക്കാമെന്ന മുന്നറിയിപ്പ് വിമര്‍ശകര്‍ നല്‍കുന്നുണ്ട്. വിടുതലൈ ചിരുതൈ കക്ഷിയുടെ ലോക്‌സഭ എംപി ഡി രവികുമാര്‍ അടക്കമുള്ളവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഈ ബില്‍ വലിച്ചെറിയണമെന്നാണ് എംഡിഎംകെ അധ്യക്ഷനായ വൈകോ രാജ്യസഭയില്‍ പറഞ്ഞത്. ഇത് ലജ്ജാകരമായ ജനാധിപത്യ കശാപ്പിന്റെ ദിനമാണ് എന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് വൈക്കോ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ആണ് ഇതില്‍ പ്രധാന കുറ്റവാളി എന്നും വൈകോ പറഞ്ഞിരുന്നു.

അതേസമയം ജമ്മു കാശ്മീരിനെ വിഭജിക്കുകയും അതിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത നടപടിയെ ശക്തമായി ന്യായീകരിച്ച്‌ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പ്രസംഗിക്കുമ്ബോള്‍ നാഗാലാന്‍ഡില്‍ പ്രാദേശിക സംഘടനകള്‍ ത്രിവര്‍ണ പതാകയ്ക്ക് പകരം ഉയര്‍ത്തിയത് നാഗാ ദേശീയ പതാകയാണ്.

സബ് എഡിറ്റര്‍, അഴിമുഖം


Next Story

Related Stories