Top

യഥാര്‍ത്ഥ കര്‍ഷക കോണ്‍ഗ്രസാകാന്‍ കഴിഞ്ഞാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് രക്ഷപ്പെടും

യഥാര്‍ത്ഥ കര്‍ഷക കോണ്‍ഗ്രസാകാന്‍ കഴിഞ്ഞാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് രക്ഷപ്പെടും

സന്ദീപ് വെള്ളാരംകുന്ന്

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആഹ്ളാദിക്കാനുള്ള സമയമാണ്. ബാര്‍ കോഴക്കേസില്‍ തന്നെ രാജിവയ്പ്പിച്ചു വീട്ടിലിരുത്തിയ കോണ്‍ഗ്രസും ഒപ്പം ആരോപിതനായ കെ ബാബുവും തകര്‍ന്നടിഞ്ഞിരിക്കുന്നു. ഒപ്പം തെരഞ്ഞെടുപ്പിനോടടുപ്പിച്ചു പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നിലംപരിശാകുകയും ചെയ്തിരിക്കുന്നു. ചെറു പാര്‍ട്ടികള്‍ അപ്രസക്തമാകുമ്പോള്‍ യഥാര്‍ഥ കര്‍ഷക സംരക്ഷണ പാര്‍ട്ടിയാണു തങ്ങളെന്ന് അവകാശപ്പെട്ടു രംഗത്തിറങ്ങിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ എല്ലാവരെയും ജനം തിരസ്‌കരിച്ചതോടെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു പാര്‍ട്ടിയുണ്ടാക്കുന്നവരെ ജയിപ്പിക്കാന്‍ തക്കവിധം ബുദ്ധിയില്ലാത്തവരല്ലായെന്നു ജനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ് ഈ വോട്ടെടുപ്പു നല്‍കുന്ന പാഠം. പാര്‍ട്ടി പിളര്‍ത്തുന്നതുവരെ കേരള കോണ്‍ഗ്രസിലേയും യുഡിഎഫിലേയും അഴിമതികളെ ന്യായീകരിച്ചിരുന്നവര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മറുകണ്ടം ചാടിയെത്തുകയും ചെയ്തത് ജനം ക്ഷമിക്കുമെന്ന് കരുതിയതും മണ്ടത്തരമായി.

മാണി വിഭാഗത്തില്‍ നിന്നു പുറത്തുവന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ നിന്നു മത്സരിച്ച കെ ഫ്രാന്‍സിസ് ജോര്‍ജ് (ഇടുക്കി), ആന്റണി രാജു (തിരുവനന്തപുരം), ഡോ.കെസി ജോസഫ്(ചങ്ങനാശേരി), പി സി ജോസഫ് (പൂഞ്ഞാര്‍) എന്നിവരാണ് പരാജയപ്പെട്ടത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളെല്ലാം തന്നെ സിറ്റിംഗ് എംഎല്‍എമാര്‍ കുത്തകയാക്കി വച്ചിരിക്കുകയായിരുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിയാനാവാതെ പോയതാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പതനത്തിന് ആക്കം കൂട്ടിയത്. ഇടുക്കിയില്‍ മത്സരിച്ച സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വക്താവെന്ന പേരില്‍ അറിയപ്പെടുന്ന ഫ്രാന്‍സിസ് ജോര്‍ജ് കസ്തൂരി രംഗന്‍, പട്ടയ വിഷയങ്ങള്‍ ഉയര്‍ത്തിയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുയോടെയും എളുപ്പം ജയിച്ചു കയറാമെന്നായിരുന്നു മോഹമെങ്കിലും റോഷി അഗസ്റ്റിന്‍ ഒരു പതിറ്റാണ്ടിലധികമായി ഇടുക്കിയിലുണ്ടാക്കിയ ജനപിന്തുണയെ മറികടക്കാനായില്ലെന്നതാണു യാഥാര്‍ഥ്യം. ചങ്ങനാശേരിയില്‍ കേരളാ കോണ്‍ഗ്രസിലെ അറിയപ്പെടുന്ന നേതാവായ സിഎഫ് തോമസിനെയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ഡോ. കെസി ജോസഫ് നേരിട്ടത്. തിരുവന്തപുരത്താകട്ടെ മന്ത്രി വിഎസ് ശിവകുമാറും ബിജെപിയുടെ താരസ്ഥാനാര്‍ഥിയുമായ ശ്രീശാന്തിനെയുമാണ് ആന്റണി രാജു നേരിട്ടത്. പൂഞ്ഞാറില്‍ എല്ലാ മുന്നണികളെയും നിഷ്പ്രഭരാക്കി വിജയം സ്വന്തമാക്കിയ പി സി ജോര്‍ജിനെ നേരിടാനെത്തിയത് ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ പി സി ജോസഫായിരുന്നു. ഫലത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഏറ്റുമുട്ടേണ്ടി വന്നതു കരുത്തന്‍മാരുമായാണ്.ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇപ്പോഴത്തെ തോല്‍വി ഇരന്നു വാങ്ങിയതാണെന്ന അടക്കംപറച്ചില്‍ ഇപ്പോള്‍തന്നെ ഇടുക്കിയിലെ മലനിരകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അവസാനം വരെ പറഞ്ഞു കേട്ടിരുന്ന പേരു ഫ്രാന്‍സിസ് ജോര്‍ജിന്റേതായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ഫ്രാന്‍സിസ് ജോര്‍ജ് ഏറെ പ്രിയപ്പെട്ടവനായിരുന്നു. കസ്തൂരി രംഗന്‍ സമരത്തീച്ചൂളയിലായ ഹൈറേഞ്ച് മേഖലയില്‍ അക്കാലത്തു സമര വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. എന്നാല്‍ അന്നു മാണി ഗ്രൂപ്പിലായിരുന്ന ഫ്രാന്‍സിസ് ജോര്‍ജു മുന്നണിവിട്ടു പുറത്തുവരാന്‍ വൈമനസ്യം പ്രകടിപ്പിച്ചതോടെ ഹൈറേഞ്ച് സംരക്ഷണ സമിതി ലീഗല്‍ അഡ്വൈസറായിരുന്ന ജോയ്‌സ് ജോര്‍ജിനു നറുക്കു വീഴുകയായിരുന്നു. ജോയ്‌സ് ജോര്‍ജാകട്ടെ അനായാസം ജയിച്ചു കയറുകയും ചെയ്തു. ഏതാനും മാസം മുമ്പു മാത്രം മുന്നണി വിടാനെടുത്ത തീരുമാനം രണ്ടു വര്‍ഷം മുമ്പായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് എടുക്കേണ്ടിയിരുന്നതെന്നാണ് ഇപ്പോള്‍ ഇടുക്കിയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചര്‍ച്ചകളിലൊന്ന്.

ആദ്യ പരീക്ഷണം തന്നെ പാളിപ്പോയതിനാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇനി എന്തെങ്കിലും വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സഹായം കൂടിയേ തീരുകയുള്ളുവെന്ന സ്ഥിതിയാണു താനും. അതേ സമയം ജോസഫ് ഗ്രൂപ്പിന്റെ ഭാഗമാണെങ്കില്‍ മാണി ഗ്രൂപ്പില്‍ നിന്നു പുറത്തു ചാടാന്‍ തയാറാകാതിരുന്ന പി ജെ ജോസഫും മോന്‍സ് ജോസഫും മികച്ച നിലയില്‍ വിജയിച്ചു കയറുകയും ടിയു കുരുവിള പരാജയം രുചിക്കുകയും ചെയ്തു.

അതേസമയം ജനാധിപത്യ കേരളാ കോണ്‍ഗ്രസും ഫ്രാന്‍സിസ് ജോര്‍ജും ഇടുക്കിയില്‍ ഉയര്‍ത്തിയ വിഷയങ്ങളുടെ പ്രസക്തി തോല്‍വിയിലൂടെ ഇല്ലാതാകുന്നില്ലായെന്നതാണു മറ്റൊരു യാഥാര്‍ഥ്യം. കസ്തൂരി രംഗന്‍ ഇഎസ്എ വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാകാത്തതും ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇന്നും പട്ടയത്തിനായി കാത്തിരിക്കുന്നതും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളെ സംബന്ധിച്ചിടത്തോളം നീറുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories