TopTop
Begin typing your search above and press return to search.

ഹല്ലാ ബോല്‍: സഫ്ദര്‍ ഹാഷ്മിയും ഉറക്കെ പറയുന്ന 'ജന'വും

ഹല്ലാ ബോല്‍: സഫ്ദര്‍ ഹാഷ്മിയും ഉറക്കെ പറയുന്ന ജനവും

ഏതൊരു ഒഴിഞ്ഞ സ്ഥലത്തേയും എനിക്ക് സ്റ്റേജെന്ന് വിളിക്കാനാവും. ഈ ഒഴിഞ്ഞ സ്ഥലത്ത് കൂടി ഒരാള്‍ നടക്കുകയും മറ്റൊരാള്‍ അത് കണ്ട് നില്‍ക്കുകയും ചെയ്താല്‍ അത് നാടകമായി - പീറ്റര്‍ ബ്രൂക്കിന്‌റെ പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. എന്നാല്‍ തെരുവ് നാടകത്തെ സംബ്ന്ധിച്ച് ഒഴിഞ്ഞ ഇടം എന്നൊന്നില്ല. മറ്റെല്ലായിടത്തും ഇടമില്ലാത്തവരുടെ ഇടമാണ് അവിടെയുള്ളത്.

ജനം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജനനാട്യ മഞ്ച് ഇന്ത്യയിലെ ഏറ്റവുമധികം അറിയപ്പെടുന്ന തെരുവ് നാടക ഗ്രൂപ്പാണ്. സ്ഫ്ദര്‍ ഹാഷ്മി അടക്കം ഒരു സംഘം യുവാക്കള്‍ 1973ല്‍ ഇതിന് രൂപം നല്‍കി. 1978ല്‍ ആദ്യത്തെ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ജനത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച പോലെ ആയിരുന്നു. അടിയന്തരാവസ്ഥ തന്നെ കാരണം അടിയന്തരാവസ്ഥ കാലത്ത് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുകയോ ഒളിവില്‍ പോവുകയോ ചെയ്യേണ്ടി വന്നു. ജനനാട്യമഞ്ചിന്‌റെ നാടകങ്ങള്‍ക്ക് പലപ്പോഴും വേദിയായിരുന്ന സിഐടിയുവിന്‌റേയും കിസാന്‍സഭയുടേയും സാമ്പത്തിക ദൗര്‍ബല്യങ്ങള്‍ ജന നാട്യമഞ്ചിനേയും ബാധിച്ചിരുന്നു. ഒരു സ്റ്റേജ് നാടകത്തിന് 5,000 രൂപയാണ് അക്കാലത്ത് ചെലവ് വന്നിരുന്നത്. സ്റ്റേജ് ഉണ്ടാക്കുക, ലൈറ്റുകള്‍ വാടകയ്ക്ക് എടുക്കുക, സൗണ്ട് ടെക്‌നീഷ്യന്മാരുടെ സേവനം തുടങ്ങിയവയ്ക്കായി. ഞങ്ങളുടെ നാടകങ്ങള്‍ സംഘടനകള്‍ക്ക് വേണമായിരുന്നു. എന്നാല്‍ ചിലവ് ഒരു പ്രശ്‌നമായി മാറി. അപ്പോള്‍ വലിയ നാടകങ്ങള്‍ക്ക് പകരം ചെറിയ നാടകങ്ങളെ പറ്റി സഫ്ദര്‍ ആലോചിച്ച് തുടങ്ങി.

ഇങ്ങനെയാണ് ജനത്തിന്‌റെ പ്രശസ്തമായ നാടകം മെഷിന്‍ വരുന്നത്. സഫ്ദര്‍ ഹാഷ്മിയും രാകേഷ് സക്‌സേനയും ചേര്‍ന്നാണ് മെഷീന്‍ എഴുതിയത്. ഗാസിയാബാദിലെ ഹെറിഗ് ഇന്ത്യ ഫാക്ടറിയില്‍ നടന്ന തൊഴിലാളി സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഈ നാടകം എഴുതിയത്. ആറ് തൊഴിലാളികള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു. മെഷിന്‍ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായി രൂപപ്പെട്ടതാണ് ആള്‍ക്കൂട്ടത്തിന്‌റെ അല്ലെങ്കില്‍ പ്രേക്ഷകരുടെ വൃത്തത്തിനുള്ളില്‍ നിന്ന് നാടകം അവതരിപ്പിക്കുന്ന രീതി. തെരുവ് നാടകം ജനനാട്യ മഞ്ച് ഉണ്ടാക്കിയ ഒന്നല്ല. നൂറ്റാണ്ടുകളായി നിലവിലുള്ളതാണ് അത്. എന്നാല്‍ തെരുവ് നാടകത്തിന്‌റെ പുതുമയുള്ള അവതരണ രീതി കൊണ്ടുവന്നത് ജനമായിരുന്നു. കര്‍ണാടകയിലെ സമുദായ എന്ന തീയറ്റര്‍ ഗ്രൂപ്പും ഏതാണ്ട് അതേ സമയത്ത് തന്നെ സമാനമായ രീതികള്‍ ഉപയോഗിച്ച് നാടകം കളിച്ചിരുന്നു എന്നത് കാണാതിരിക്കാനാവില്ല. ബേല്‍ച്ചി പോലുള്ള നാടകങ്ങള്‍ ഉദാഹരണം. ജനനാട്യ മഞ്ചും സമുദായയും പരസ്പരം അത്ര അറിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥയോടുള്ള പ്രതികരണമായാണ് കൂടുതലും പുതിയ തെരുവ് നാടകങ്ങള്‍ രൂപപ്പെട്ടത്.

സഫ്ദറിന്‌റെ ഭാര്യ മൊളൊയശ്രീ ഹാഷ്മി മാത്രമായിരുന്നു ആദ്യം ഗ്രൂപ്പിലെ വനിതാ അംഗം. ഓറത് (സ്ത്രീ) എന്ന നാടകത്തില്‍ മൂന്ന് സ്ത്രീ വേഷങ്ങളിലാണ് മൊളോയശ്രീ എത്തിയത്. സ്‌കൂളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടി, ഒരു കോളേജ് വിദ്യാര്‍ത്ഥിനി, പ്രായമായ ഒരു ഫാക്ടറി തൊഴിലാളി എന്നിങ്ങനെ. ആറ് പുരുഷ കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇറാനിയന്‍ വിപ്ലവകാരിയും അദ്ധ്യാപികയുമായിരുന്ന മാര്‍സി ഒസ്‌ക്വീയുടെ അയാം എ വുമണ്‍ എന്ന കവിത സഫ്ദര്‍ വായിച്ചിരുന്നു. ഈ കവിതയാണ് ഓറത്തിന് പ്രചോദനമായത്.

ഒരു സ്ത്രീയുടെ ജീവിതത്തിന്‌റെ ഒരേസമയം യാഥാര്‍ത്ഥ്യബോധത്തോടെയും കാവ്യാത്മകതയോടെയും ഉള്ള അവതരണം എന്നാണ പ്രശസ്ത നാടകൃത്ത് ഹബീബ് തന്‍വീര്‍ ഓറത്തിനെ വിശേഷിപ്പിച്ചത്. മെഷീന്‍ പോലെ ഓറത്തും സഫ്ദറും രാകേഷും ചേര്‍ന്നാണ് എഴുതിയത്. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലുമെല്ലാമായി വിവിധ ഭാഷകളില്‍ നാടകം മൊഴിമാറ്റം ചെയ്യപ്പെട്ടു. ജ്യോതി മാപ്‌സെകറിന്‌റെ മറാത്തി നാടകം മുള്‍ഗി സാലി ഹോയും, തീയറ്റര്‍ യൂണിയന്‌റെ ഓം സ്വാഹ എന്ന ഹിന്ദി നാടകവും പോലെ 1970കളിലേയും 80കളിലേയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ജനത്തിന്‌റെ ഓറത്ത് ശബ്ദം നല്‍കി. അക്കാലത്ത് 500ഓളം വേദികളില്‍ മൊളോയ ശ്രീ ഹാഷ്മി ഓറത്ത് അവതരിപ്പിച്ചു. ഇതുവരെ രണ്ടായിരത്തോളം തവണയെങ്കിലും മൊളോയശ്രീ ഓറത്തില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിന് ശേഷം ഓറത്തിന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്ന തരത്തിലുള്ള പുനരാവിഷ്‌കാരമുണ്ടായി.

എണ്‍പതുകളില്‍ ജ്യോതിറാവു ഫൂലെയേയും ഫൂലെയുടെ സത്യശോധക് സമാജിനേയും കുറിച്ചുള്ള സത്യശോധക് എന്ന നാടകം ജനനാട്യ മഞ്ച് അവതരിപ്പിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ ഫൂലെയെ കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. ബി എസ് പി അന്ന് ഒരു ദുര്‍ബല പാര്‍ട്ടി മാത്രം. അക്കാഡമിക് രംഗത്ത് ദളിത് പഠനങ്ങള്‍ സജീവമാവാന്‍ പിന്നെയും രണ്ട് പതിറ്റാണ്ടുകള്‍ വേണ്ടി വന്നു.

1989 ജനുവരി ഒന്ന് ഷാഹിബാബാദിലെ ജണ്ടാപ്പൂരില്‍ ഹല്ലാ ബോല്‍ എന്ന തെരുവ്‌നാടകം അവതരിപ്പിക്കുന്നതിന് ഇടെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ള ഗുണ്ടാസംഘം ഇരുമ്പ് വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി ആക്രമണം നടത്തിയത്. സഫ്ദര്‍ ഹാഷ്മിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവിടെയുണ്ടായിരുന്ന നേപ്പാളി കുടിയേറ്റ തൊഴിലാളി രാം ബഹദൂര്‍ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. സഫ്ദറിനെ ആദ്യം ഗാസിയാബാദിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സഫ്ദര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായിരുന്നു. സഫ്ദര്‍ ആക്രമിക്കപ്പെട്ട വിവരം കാട്ടുതീ പോലെ പടര്‍ന്നു. ജനുവരി മൂന്നിന് സഫ്ദറിന്‌റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് 15,000 പേരാണ്.

ജനുവരി നാലിന്, അതായത് സഫ്ദര്‍ മരിച്ച് രണ്ട് ദിവസത്തിനകം ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ തെരുവ് നാടക പ്രകടനം അരങ്ങേറി. ഹല്ലാ ബോല്‍. ഹല്ലാ ബോല്‍ കാണാന്‍ ആയിരങ്ങള്‍ തടിച്ച് കൂടി. കൂടുതലും തൊഴിലാളികള്‍. രണ് ദിവസത്തെ മരണത്തിന് ശേഷം മൊളോയശ്രീ ഹാഷ്മിയുടെ നേതൃത്വത്തില്‍ ജനനാട്യ മഞ്ചിന്‌റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. സഫ്ദറിന്‌റെ ചിതയില്‍ നിന്ന് മൊളോയ ഉയര്‍ത്തെഴുന്നേറ്റതായി ചില മാദ്ധ്യമങ്ങളെഴുതി. തളരാത്ത പോരാട്ടത്തിന്‌റേും പ്രതിബദ്ധതയുടേയും പ്രതീകമായി മാറി ആ അവതരണം.

സമകാലീന സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിച്ചും സംവദിച്ചു ജനനാട്യ മഞ്ച് പിന്നെയും അതിജീവിക്കുകയും പോരാടുകയും ചെയ്തു. 2002ല്‍ ഗുജറാത്തിലുണ്ടായ മുസ്ലീം വംശഹത്യ 1984ലെ സിഖ് വംശഹത്യ ഒഴിച്ച് നിര്‍ത്തിയാല്‍ സമാനതകളില്ലാത്തതായിരുന്നു. വര്‍ഗീയകലാപമായിരുന്നില്ല അത്. അത് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ തകര്‍ത്ത് സ്വേച്ഛാധികാര ഹിന്ദു രാ്ഷ്ടം രൂപീകരിക്കാനുള്ള ലക്ഷ്യത്തിലെ ഒരു ചുവട് വയ്പായിരുന്നു.

മൂന്ന് തരത്തിലുള്ള അവതരണത്തിലൂടെയാണ് ഈ പൈശാചികതയെ ജനനാട്യ മഞ്ച് സമീപിച്ചത്. ആദ്യത്തേത് പൂര്‍ണ നിശബ്ദതയിലായിരുന്നു. പിന്നീട് കൂട്ടക്കൊലയുടെ ഭീകരത വ്യക്തമാക്കിക്കൊണ്ടുള്ള പ്ലക്കാഡുകള്‍ പിടിച്ചു കൊണ്ട് അഭിനേതാക്കള്‍ നിന്നു. മൂന്നാമത്തേത് രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്‌റെ സ്വഭാവത്തിലുള്ളതായിരുന്നു. എന്നാല്‍ അന്ന് കായികമായ ആക്രമണം ആള്‍ക്കൂട്ടത്തില്‍ നിന്നുണ്ടായില്ല. ഇന്ന് ഗോ രക്ഷകരെ പരിഹസിച്ച് ഉത്തരേന്ത്യയില്‍ ഇത്തരമൊരു തെരുവ് നാടകം പോലും സാദ്ധ്യമാകുമോ എന്ന ആശങ്ക ജനനാട്യ മഞ്ച് പ്രവര്‍ത്തകര്‍ക്കുണ്ട്. ഫാസിസം പടിവാതിലില്‍ എ്ത്തി നില്‍ക്കുന്ന പ്രതീതിയുണ്ടാക്കുന്ന അസഹിഷ്ണുതയുടെ പുതിയ കാലത്ത് തെരുവ് നാടകങ്ങള്‍ക്ക് ചെറുതല്ലാത്ത സംവേദന സാദ്ധ്യതകളുണ്ട്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ആചാരമെന്നതിലുപരി ജനാധിപത്യത്തിന് വിലയുണ്ടെന്നതിന് ബോദ്ധ്യപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കാന്‍ അതിന് കഴിയും.

വായനയ്ക്ക്: https://goo.gl/clNvMv

Next Story

Related Stories