TopTop
Begin typing your search above and press return to search.

വെല്ലുവിളി മോദിയിസമാണ്; വേണ്ടത് സോഷ്യലിസ്റ്റ് മുന്നേറ്റവും- ജോ ആന്റണി സംസാരിക്കുന്നു

വെല്ലുവിളി മോദിയിസമാണ്; വേണ്ടത് സോഷ്യലിസ്റ്റ് മുന്നേറ്റവും- ജോ ആന്റണി സംസാരിക്കുന്നു

രാജ്യം ഇന്നു നേരിടുന്ന വലിയ വെല്ലുവിളി മോദിയിസമാണ്. സംഘപരിവാര്‍ അജണ്ടയിലധിഷ്ഠിതമായ ഈ ഇസത്തിലേക്ക് രാജ്യം ബലപ്രയോഗത്തിലൂടെയെന്നപോലെ വലിച്ചിഴയ്ക്കപ്പെടുകയാണ്. അതാത് കാലത്തെ ഭരണകൂടത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രതിപക്ഷം (ശക്തമായതെന്നു പറയാന്‍ കഴിയില്ലെങ്കിലും) ഉണ്ടായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കനിഞ്ഞു കിട്ടിയിരിക്കുന്ന ഭാഗ്യം തങ്ങളോട് എതിര്‍ത്തു നില്‍ക്കാന്‍ അങ്ങനെയൊരു വിഭാഗം ഇല്ലെന്നതു തന്നെയാണ്. പ്രതിപക്ഷ വിഭാഗത്തിന് നേതൃത്വം കൊടുക്കേണ്ട കോണ്‍ഗ്രസ് ഒന്നിനും ത്രാണിയില്ലാതെ നിശബ്ദമായിരിക്കുന്നു, ഇടതുപക്ഷമാകട്ടെ ശിഥിലമാക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വിഘടിച്ചു നിന്നിരുന്ന സോഷ്യലിസ്റ്റ് ശക്തികള്‍ ഒരുമിച്ചുകൂടാനും ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ പൊതുസ്വഭാവമായ സോഷ്യലിസം സംരക്ഷിക്കാനും തീരുമാനിക്കുന്നത്. പഴയ ജനതാദളില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ പാര്‍ട്ടികളെല്ലാം ഒന്നിക്കാനുണ്ടായ ഈ സാഹചര്യം ശക്തമായൊരു രാഷ്ട്രീയമാറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. സമാജ്‌വാദി പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗവും മലയാളിയുമായ ജോ ആന്റണി കേരളത്തിലെയും ഇന്ത്യയിലേയും രാഷ്ട്രീയസാഹചര്യങ്ങളെ സോഷ്യലിസ്റ്റ് രാഷ്ട്രീയം എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവയുടെ പ്രസക്തി എത്രത്തോളമാണെന്നും നിരീക്ഷിക്കുന്നു.

കേരളം
സോഷ്യലിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം. ഇന്ത്യയില്‍ ആദ്യമായി ഒരു സമാജ്‌വാദി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത് കേരളത്തിലാണ്. തിരു-കൊച്ചി സംസ്ഥാനത്ത് പട്ടണം താണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പിഎസ്പി( പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി) സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടി)യില്‍ നിന്ന് പിളര്‍ന്ന് രൂപം കൊണ്ടതാണ്. ഈ രണ്ടുപാര്‍ട്ടികളും ലയിച്ച് പിന്നീട് എസ്എസ് പി യായി മാറി. ഈ ചരിത്രം കേരളത്തിന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയുടെതുകൂടിയാണ്. ഈ നാട് അതിന്റെ സ്ഥിതിസമത്വസ്വഭാവം ആദ്യകാലംതൊട്ട് കൈക്കൊള്ളുന്നുണ്ടെന്ന് വ്യക്തമാണ്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കാര്യത്തില്‍ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ട്. സമ്പൂര്‍ണ്ണമെന്ന് പറയാന്‍ കഴിയില്ലെങ്കിലും നമ്മുടെ നാട്ടില്‍ സോഷ്യലിസം വ്യക്തമായ പ്രഭാവം കൈവരിച്ചിട്ടുണ്ട്.

കേരളത്തെ മൂന്നായി തിരിക്കുക, തെക്ക്, മധ്യം, വടക്ക്- ഈ മൂന്നുഭാഗങ്ങളും തമ്മില്‍ വലിയൊരു അന്തരം കാണാനാകില്ല . വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും സാമ്പത്തികാവസ്ഥയില്‍ ആയാലുമെല്ലാം ഏതാണ്ട് തുല്യത നിലനില്‍ക്കുന്നത് കാണാം. പൊതുവെ ഇത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഉണ്ടാകുമോയെന്ന് സംശയമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെടുക്കു, അവിടെ സമ്പന്നന്‍ അതിസമ്പന്നും ദരിദ്രന്‍ അതിദരിദ്രനുമായിരിക്കും. കേരളത്തെ പ്രശ്‌നങ്ങളെല്ലാമൊഴിഞ്ഞൊരു ദ്വീപായി കരുതിയല്ല, ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം ചെറുതാണെന്നുമാത്രമാണ് ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് ഇത്തരമൊരുനേട്ടത്തിന് അര്‍ഹതയുണ്ടായി എന്നു ചിന്തിക്കുന്നിടത്താണ് സോഷ്യലിസ്റ്റ് രാഷ്ട്രീയം പ്രസക്തമായി വരുന്നത്. തോമസ് മൂര്‍ എഴുതിയ ഉട്ടോപ്യ എന്ന പുസ്തകത്തില്‍ ആവിഷ്‌കരിക്കുന്ന സമൂഹം അതുപേലെ തന്നെയല്ലെങ്കിലും അതിന്റെ വ്യക്തമായ ആത്മാംശം സ്വീകരിച്ചുകൊണ്ട് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഉട്ടോപ്യന്‍ ചിന്താഗതി എന്ന പ്രയോഗം ഇപ്പോള്‍ അസംഭവ്യതയോട് ചേര്‍ത്താണ് നമ്മള്‍ ഉപയോഗിക്കുന്നതെങ്കിലും സോഷ്യലിസത്തിന്റെ മാര്‍ഗദര്‍ശനങ്ങളാണ് അവയെന്നതാണ് ശരി. അസംഭവ്യമായതല്ല, ശ്രമിച്ചാല്‍ സംഭവ്യമാക്കാവുന്നത് തന്നെയാണ് ആ ചിന്താഗതി. കേരളം, അത്തരമൊരു ആശയം വിളയാന്‍ വളക്കൂറുള്ള മണ്ണാണെന്നതിന് തെളിവാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച ചരിത്രം പറഞ്ഞുതരുന്നത്.ഇത്തരമൊരു സ്ഥിതിവിശേഷം നിലനിന്നിട്ടും സമാജ്‌വാദി പാര്‍ട്ടി പോലൊരു സോഷ്യലസിറ്റ് ആശയഗതികള്‍ പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തില്‍ സ്‌പേസ് ഉണ്ടാകുന്നില്ലെന്നതാണ് മറുചോദ്യം. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ക്ലിയറാണ്, മറ്റിടങ്ങളിലെപ്പോലെ ഫ്ലൂയിഡ് അല്ല. പക്വതയാര്‍ന്ന മുന്നണി സംവിധാനങ്ങളാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് ആര്‍എസ്എസ് പോലൊരു വലിയ ഓര്‍ഗനൈസേഷന്റെ പിന്തുണയുണ്ടായിട്ടുപോലും ബിജെപിക്ക് കേരളത്തില്‍ ഒന്നും ചെയ്യാനാകാതെ പോകുന്നത്. മോദി തരംഗം ഇന്ത്യയില്‍ മറ്റേത് സംസ്ഥാനത്ത് ഉണ്ടായെന്നു പറഞ്ഞാലും കേരളത്തില്‍ ഒരു തരത്തിലുള്ള തരംഗവും ഉണ്ടാക്കിയിട്ടില്ലെന്നത് വ്യക്തമാണ്. തിരുവനന്തപുരത്ത് രാജഗോപാലിന് വോട്ട് കൂടിയതിന്റെ കാരണമായാണ് ഇത് പറയുന്നതെങ്കില്‍ , അതില്‍ ഒട്ടും വാസ്തവം ഇല്ല, രാജേട്ടന് ഇതിനു മുമ്പും വോട്ട് കൂടുതല്‍ കിട്ടിയിട്ടുണ്ട്. പാറശാലമുതല്‍ ഹോസ്ദുര്‍ഗ് വരെ ഫ്ലക്‌സ് ബോര്‍ഡ് വച്ചാല്‍ മോദി തരംഗമാകുമോ? കേരളത്തിന്റെ രാഷ്ട്രീയബൗദ്ധീകത ശക്തമായ തടസ്സം സൃഷ്ടിക്കുന്നുണ്ട് സംഘ്പരിവാര്‍ അജണ്ടയ്ക്ക്.

ബെസ്റ്റ് ഓഫ് അഴിമുഖം

മുസാഫര്‍നഗര്‍ 2013: കലാപത്തിന്റെ മറുപുറങ്ങള്‍
അത്രയൊക്കെ മതി, ശവക്കുഴീന്ന് ഇവറ്റയൊന്നും എഴുന്നേറ്റുവരാന്‍ പോണില്ല!
ആരുടേതുമല്ലാത്ത വാരാണസി
ബീഹാര്‍ വീണ്ടും ജാതിയുടെ വഴിയില്‍
ലാലു യാദവ് സോഷ്യലിസ്റ്റുകളെ സംഘികളാക്കുന്ന വിധം

കേരളത്തിലെ രണ്ടു മുന്നണികള്‍ക്കിടയില്‍ മുന്നാമതൊരു ശക്തിക്ക് ഉയര്‍ന്നു വരിക എന്നത് ഏറെക്കുറെ അസാധ്യം തന്നെയാണ്. ചില ചരിത്രങ്ങള്‍ നമുക്ക് പരിശോധിക്കാം. കെപിആര്‍ ഗോപാലന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ അംഗീകരിക്കുന്നതില്‍ രണ്ടഭിപ്രായം ഇവിടുണ്ടെന്ന് തോന്നുന്നില്ല. കേരളംകണ്ട ഏറ്റവും മികച്ചനേതാവ്. കമ്യൂണിസ്റ്റ് പാര്‍ട്ടിവിട്ട് പുറത്തുവന്നിട്ട് എന്തുകൊണ്ട് പിന്നീടദ്ദേഹത്തിനൊരു രാഷ്ട്രീയഭാവി ഉണ്ടായില്ല? കെ ആര്‍ ഗൗരിയമ്മയ്ക്കും എം വി രാഘവനും കിട്ടിയ സ്‌പേസ് കെപിആറിന് കിട്ടിയില്ല. എംവിആറും ഗൗരിയമ്മയും വലതുപക്ഷ മുന്നണിയുടെ ഭാഗമാകാന്‍ തയ്യാറായി എന്നതാണ് കാരണം. കെപിആര്‍ അതിനു തയ്യാറാകാതിരുന്നതുകൊണ്ട് അദ്ദേഹം ഇന്നത്തെ തലമുറയ്ക്ക് അന്യമായൊരു ഓര്‍മ്മയായി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കേരള രാഷ്ട്രീയത്തിന്റെയും എതിരാളിയില്ലാത്ത നേതാവ് കെ കരുണാകരന്റെ സ്ഥിതി എന്തായിരുന്നു, കോണ്‍ഗ്രസ് വിട്ട് ഡി ഐ സി എന്നൊരു പാര്‍ട്ടി ഉണ്ടാക്കിയിട്ട് എന്തു സംഭവിച്ചു? വേറെ ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരണത്തിലേറിയേനെ. കേരളത്തിലായിരുന്നതുകൊണ്ട് ആ പാര്‍ട്ടിക്ക് അകാലമൃത്യു വരിക്കാനായിരുന്നു വിധി. ഇതിനെല്ലാം കാരണം ഇവിടുത്തെ ശക്തമായ മുന്നണി സംവിധാനങ്ങള്‍ തന്നെ. ആ മുന്നണികളെ മാറ്റിനിര്‍ത്തിക്കൊണ്ട് വേറൊരു പാര്‍ട്ടിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഒറ്റയ്ക്ക് നിലനില്‍പ്പ് അസാധ്യമാണ്. അല്ലെങ്കില്‍ ആ മുന്നണികളുടെ ഭാഗമായി നിലനില്‍ക്കണം. അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ 22 വര്‍ഷമായി കേരളത്തില്‍ സമാജ് വാദി പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ കഴിയുന്നുവെന്നത് ഞങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകളാണ് വ്യക്തമാക്കുന്നത്.

ദേശീയം
കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ് ദേശീയരാഷ്ട്രീയം. മോദി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ എവിടെ എതിര്‍ക്കണമെന്നുപോലും മുഖ്യപ്രതിപക്ഷത്തിന് അറിയില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ് സ്ഥാനം നിഷേധിച്ചിട്ടും എന്തുകൊണ്ട് തങ്ങള്‍ക്കത് അനുവദിക്കുന്നില്ലെന്ന് ആര്‍ജ്ജവത്തോടെ ചോദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പറയുന്ന ന്യായങ്ങളൊന്നും പ്രതിപക്ഷനേതൃത്വപദവി കോണ്‍ഗ്രസിന് നല്‍കാതിരിക്കുന്നതിന് മതിയാകില്ല. എന്നിട്ടും കോണ്‍ഗ്രസിന് ശക്തമായൊരു പ്രതിഷേധം നടത്താന്‍പോലും കഴിഞ്ഞിട്ടില്ല. സംഘ്പരിവാര്‍ അജണ്ടകളെ തടയേണ്ടുന്നൊരു പ്രസ്ഥാനമാണെന്നോര്‍ക്കണം, അതിനു കഴിവില്ലാതെ മാറിനില്‍ക്കുന്ന കോണ്‍ഗ്രസ്. ഇടതുപക്ഷത്തിനും കാര്യമായ റോള്‍ ഈ അവസരത്തില്‍ നിര്‍വഹിക്കാനുണ്ടായിരുന്നതാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, അവര്‍ സ്വയം തകര്‍ച്ച നേരിടുകയാണ്. ഇവിടെയാണ് സമാനചിന്താഗതിക്കാരും ഒരുഘട്ടത്തില്‍ ഒരുമിച്ചുണ്ടായിരുന്നവരുമായ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒത്തുചേരാന്‍ തീരുമാനിക്കുന്നത്.ആര്‍എസ്എസും സംഘ്പരിവാറും നിശ്ചയിക്കുന്ന ബിജെപി രാഷ്ട്രീയം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കിക്കൊണ്ടുള്ള പൊളിറ്റിക്കല്‍ ഹണ്ടാണ് നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ അവരതിനാണ് ശ്രമിച്ചത്. മുസാഫര്‍ കലാപം തന്നെ ഈ രാഷ്ട്രീയവേട്ടയുടെ മികച്ചൊരു ഉദ്ദാഹരണമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി ഫാബ്രിക്കേറ്റ് ചെയ്തതാണ് ഈ കലാപമെന്നു വ്യക്തമായിരുന്നു. അതറഞ്ഞിട്ടും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കാതെ തങ്ങള്‍ക്കിട്ടുന്ന ലാഭം നേടിയെടുക്കാനാണ് ശ്രമിച്ചത്. ഹിന്ദുസമുദായത്തെ ധ്രുവീകരിച്ച് തങ്ങളുടെ വോട്ടുബാങ്ക് ശക്തിപ്പെടുത്തലായിരുന്നു ബിജെപിയുടെ ലക്ഷ്യം; അതിലവര്‍ ഒരുപരിധിവരെ വിജയിച്ചെന്നും പറയാം. ഉത്തര്‍ പ്രദേശിലെ 80 ലോക്‌സഭ സീറ്റുകളില്‍ 72 ഉം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ നേട്ടം ബിജെപിയില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കി. ഉത്തര്‍പ്രദേശിന്റെ ഭരണം അവരുടെ പ്രധാനലക്ഷ്യമാണ്. നിലവിലെ സ്വാധീനംവെച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ സംസ്ഥാനഭരണം എളുപ്പത്തില്‍ സ്വന്തമാക്കാമെന്നാണ് ബിജെപി കണക്കു കൂട്ടിയത്. അതിനവര്‍ ചെയ്തത് സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ യുപിയുടെ ക്രമസമാധാനനില തകര്‍ന്ന് തരിപ്പണമായി എന്ന പ്രചരണം അഴിച്ചുവിടുകയായിരുന്നു. മുസാഫര്‍ കലാപത്തിനുശേഷം ബുദയൂണ്‍ ജില്ലയില്‍ ഇരട്ടകളായ സഹോദരിമാര്‍ ബലാത്സംഗത്തിനിരയാവുകയും അതിനുശേഷം തൂക്കി കൊന്നുവെന്നുമുള്ള വാര്‍ത്തകള്‍ ബിജെപിയും ദേശീയമാധ്യമങ്ങളും എത്രകണ്ടായിരുന്നു ആഘോഷിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ പിടിപ്പുകേടായിട്ടായിരുന്നു എല്ലാവരും പറഞ്ഞത്. ഒടുവില്‍ സിബിഐ വന്നു, മൃതദേഹങ്ങള്‍ റി-പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആ കുട്ടികള്‍ ബലാത്സംഗത്തിന് വിധേയരായിട്ടില്ലെന്ന് തെളിഞ്ഞു. സ്വന്തം അച്ഛന്‍ തന്നെയാണ് ആ കുട്ടികളെ കൊന്നതെന്നും പിന്നാലെ, തെളിഞ്ഞു. ഇതുപോലെ എത്രയോ .കെട്ടി ചമച്ച കഥകളുടെ സത്യം പുറത്തുവന്നു. എല്ലാത്തിനും പിന്നില്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളായിരുന്നു.കുറച്ചുകാലമായി ബിജെപി യുപി യി സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നില്ല. അതെന്തുകൊണ്ടാണ്? ബിജെപിയുടെ ആത്മവിശ്വാസം തകര്‍ന്നിരിക്കുന്നു. സംസ്ഥാനത്ത് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പാണ് അതിനു കാരണം. 11 ല്‍ 8 സീറ്റും എസ് പിയാണ് നേടിയത്. അതില്‍ തന്നെ എസ് പിക്ക് യാതൊരുവിധ സ്വാധീനവുമില്ലെന്ന് ഞങ്ങള്‍ കരുതിയിരുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ വിജയം നേടി .ബിജെപി എംഎല്‍മാര്‍ രാജിവച്ച് പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് ഒഴിവുന്ന സീറ്റുകളാണ് എസി പി നേടിയതെന്നും ഓര്‍ക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോകസഭ മണ്ഡലമായ വാരണാസിയില്‍ ഉള്‍പ്പെട്ട രോഹിണീയ അസംബ്ലി സീറ്റിലും എസ് പിക്ക് വിജയിക്കാന്‍ സാധിച്ചു. അവിടുത്തെ സിറ്റിംഗ് എം എല്‍എ പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മുസാഫര്‍നഗറിലെ ഖൈറാന അസംബ്ലി സീറ്റിലും വിജയം എസ് പിക്കായിരുന്നു. ജാട്ടുകളെയും മുസ്ലീങ്ങളെയും അവിടെ ബിജെപി ധ്രൂവീകരിച്ചിരുന്നെങ്കില്‍പ്പോലും എസ് പിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. ഈ സീറ്റിലെ സിറ്റിംഗ് എം എല്‍എ മുസാഫര്‍ കലാപത്തിന് ആഹ്വാനം ചെയ്ത് സിഡി വിതരണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഹുക്കൂം സിംഗായിരുന്നു. തെരഞ്ഞെടുപ്പില്‍ എസ് പിക്കുണ്ടായ ഈ വിജയം നമ്മുടെ മാധ്യമങ്ങളൊന്നും വലിയകാര്യമാക്കിയില്ലെങ്കിലും അതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞവരുണ്ട്, വേറാരുമല്ല, ആര്‍എസ്എസിലെ ബൗദ്ധികകേന്ദ്രങ്ങള്‍ തന്നെ. അവര്‍ക്ക് മനസ്സിലായി ഇപ്പോള്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലുള്ളതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരം തിരിച്ചുപിടിക്കുമെന്ന്. ഈ തിരിച്ചറിവാണ് ബിജെപിയുടെ പെട്ടെന്നുള്ള മൗനത്തിന് കാരണവും.

ഉത്തര്‍പ്രദേശ്‌പോലൊരു സംസ്ഥാനത്ത്, വര്‍ഗീയതയുടെയും അക്രമത്തിന്റെയും ഇരുള്‍ പടര്‍ത്തി ബിജെപി നടത്തിയ വേട്ടയെ തകര്‍ക്കാന്‍ എസി പിക്കു കഴിഞ്ഞെങ്കില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ സഖ്യത്തിലൂടെ ബിജെപിയെ രാജ്യവ്യാപകമായി തന്നെ എതിര്‍ത്തുനില്‍ക്കാമെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിഹാറിലും അതിന്റെ ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞു. ഇനി കൂടുല്‍ മുന്നേറ്റമാണ് ആവശ്യം.

(ജോ ആന്റണി- സമാജ് വാദി ജനതാപാര്‍ട്ടിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍. ആദ്യം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗം, തുടര്‍ന്നു ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയുടെ ഉന്നതാധികാര സമതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗം. എറണാകുളത്ത് താമസം)


Next Story

Related Stories