TopTop
Begin typing your search above and press return to search.

'ഭൂമിയെക്കുറിച്ച് ഇനി അന്വേഷണമില്ലെന്ന് പറയുന്ന മഹാരഥന്മാര്‍ ചരിത്രം പഠിക്കണം'; പിണറായിക്കെതിരെ സി പി ഐ ഒരുങ്ങിത്തന്നെ

ഭൂമിയെക്കുറിച്ച് ഇനി അന്വേഷണമില്ലെന്ന് പറയുന്ന മഹാരഥന്മാര്‍ ചരിത്രം പഠിക്കണം; പിണറായിക്കെതിരെ സി പി ഐ ഒരുങ്ങിത്തന്നെ

ലോ അക്കാദമി ഭൂമി സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വി പി ഉണ്ണികൃഷ്ണന്റെയും ദേവിക എന്ന തൂലികാ നാമത്തിന്റെയും പേരില്‍ എഴുതിയിരിക്കുന്ന ലേഖനങ്ങളിലാണ് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

'ഏതോ ഒരു പിള്ളയല്ല പി എസ് നടരാജ പിള്ള' എന്ന തലക്കെട്ടില്‍ വി പി ഉണ്ണികൃഷ്ണന്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ ദേവിക എഴുതിയിരിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് 'സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍..' എന്നാണ്. ഈ ലേഖനത്തിലും മുഖ്യമന്ത്രിയെ ആണ് ലക്ഷ്യം വച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിനെതിരെ ദേവിക നേരത്തെയും തന്റെ ലേഖനങ്ങളിലൂടെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഭൂമി നല്‍കിയത് സര്‍ക്കാരിന് അധികാരമുള്ള ട്രസ്റ്റിന് ഇന്ന് കുടുംബത്തിന്റെ കാല്‍ക്കീഴില്‍. ഇതിനെ പിന്തുണയ്ക്കുന്നത് പൊതുസമൂഹത്തോടുള്ള പാതകം എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കുമെന്നാണ് വി പി ഉണ്ണികൃഷ്ണന്റെ ലേഖനത്തിന്റെ തുടക്കം. ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി അന്വേഷണമില്ലെന്ന് പറയുന്ന മഹാരഥന്മാര്‍ ചരിത്ര പാഠം അറിയേണ്ടതാണ്.

ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയമമന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ രക്ഷാധികാരികളും നിയമസെക്രട്ടറിയും വിദ്യാഭ്യാസ സെക്രട്ടറിയും അംഗങ്ങളും ജഡ്ജിമാരും നിയമവിദഗ്ധരും ഉള്‍പ്പെട്ട ട്രസ്റ്റിനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. അത് ഒരു കുടുംബക്കാരുടേതായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയില്ലേ? ഗവര്‍ണറും, മുഖ്യമന്ത്രിയും മന്ത്രിമാരുമില്ലാത്ത ട്രസ്റ്റ് രൂപീകരിച്ചതിന് പിന്നിലെ കറുത്തകൈകള്‍ ഏതെന്ന് സമൂഹത്തിന് അറിയാന്‍ അര്‍ഹതയില്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് ലേഖനത്തില്‍ ഉന്നയിക്കപ്പെടുന്നത്.

ഏതോ ഒരു പിള്ളയുടെ ഭൂമി സര്‍ സിപിയാണ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും അതില്‍ പങ്കില്ലെന്നുമാണ് പിണറായി പറഞ്ഞതെന്ന് വ്യക്തമാക്കിയാണ് ദേവികയുടെ കോളം തുടങ്ങുന്നത്. നടരാജ പിള്ളയുടെ ബംഗ്ലാവും ഏക്കറ് കണക്കിന് സ്ഥലവും സര്‍ സിപി കണ്ടുകെട്ടിയത് അദ്ദേഹം വിജയ് മല്യയെപ്പോലെ നടത്തിയതിന്റെ പേരിലല്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്തു നിന്നും മത്സരിച്ച് ലോക്‌സഭാംഗമായ വ്യക്തിയാണ് അദ്ദേഹമെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമി തിരിച്ചുപിടിക്കാത്തതിലൂടെ സര്‍ സിപി ചെയ്തതെല്ലാം ശരിയാണെന്ന് അംഗീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും ഈ ലേഖനത്തില്‍ പറയുന്നു. ഇത് പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിക്കലാണെന്നാണ് ആരോപിക്കുന്നത്. നിയമ കലാലയം സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്താന്‍ നല്‍കിയ ഭൂമി തറവാട്ട് സ്വത്താക്കുക, അതിന്റെ ഒരരുകില്‍ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയില്‍ തറവാടുഭവനങ്ങള്‍ പണിയുക, പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാര്‍വത്യാര്‍ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചക സര്‍വകലാശാല, കൈരളി ബ്യൂട്ടിപാര്‍ലര്‍ ആന്‍ഡ് തിരുമ്മല്‍ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാന്‍ കേരളമെന്താ ബനാന റിപ്പബ്ലിക് ആണോ? എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

ചരിത്രത്തിന്റെ പാഠം ഉള്‍ക്കൊള്ളാത്തവര്‍ക്ക് വേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുതെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്. ജനയുഗത്തിലെ ലേഖനങ്ങള്‍ക്കെതിരെ സിപിഎമ്മില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.


Next Story

Related Stories