TopTop
Begin typing your search above and press return to search.

സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും; പിണറായിക്കെതിരെ ഒളിയമ്പുകളുമായി ജനയുഗം

സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും; പിണറായിക്കെതിരെ ഒളിയമ്പുകളുമായി ജനയുഗം

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ഷിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍. കയ്യേറ്റമൊഴിപ്പിക്കാന്‍ എല്‍ഡിഎഫ് ആരംഭിച്ച നടപടികള്‍ കേരള ജനത പരക്കെ സ്വാഗതം ചെയ്തതാണെന്ന് പറഞ്ഞാണ് 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗം ആരംഭിക്കുന്നത്.

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരികമായ പ്രതികരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ക്രിസ്തുസഭകള്‍ തന്നെ സര്‍ക്കാര്‍ നടപടിയെ ശ്ലാഘിക്കുകയായിരുന്നു. മതപ്രതീകങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത രീതിയെ അവര്‍ ആരുംതന്നെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ലെന്ന് മാത്രമല്ല ഒഴിപ്പിക്കല്‍ നടപടി തുടരാനുള്ള ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മത-സാമുദായിക കേന്ദ്രങ്ങളില്‍ നിന്നും ഒരു സര്‍ക്കാര്‍ നടപടിക്ക് പരക്കെ അംഗീകാരവും പിന്തുണയും ലഭിക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.

മൂന്നാര്‍ അടക്കമുള്ള മലയോര മേഖലകളിലെ വന്‍കിട കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പതിറ്റാണ്ടുകളായി നടന്നു വന്നിരുന്ന ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചെന്ന് പറഞ്ഞ് പ്രശംസിച്ചതിന് ശേഷമാണ് മുഖപ്രസംഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴെല്ലാം കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാര്‍ അതിനെയെല്ലാം പ്രതിരോധിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരുകള്‍ ആ ശ്രമങ്ങളെ ഓരോ തവണയും അട്ടിമറിക്കുകയും ചെയ്തു. ഫലത്തില്‍ ഭൂ-റിസോര്‍ട്ട് മാഫിയകളുടെ കയ്യാളുകളായാണ് അവര്‍ എക്കാലത്തും പ്രവര്‍ത്തിച്ചത്. ഭൂരഹിതരായ കുടിയേറ്റക്കാരെ കവചമാക്കിയാണ് അവര്‍ എല്ലായ്‌പ്പോഴും സംസാരിച്ചിരുന്നത്. എന്നാല്‍ ഭൂരഹിത കുടിയേറ്റക്കാര്‍ ഇന്ദിര ആവാസ് യോജനയടക്കമുള്ള പദ്ധതികളനുസരിച്ച് വീട് വയ്ക്കാന്‍ ഇതിനകം നല്‍കിയ 129 അപേക്ഷകളില്‍ 125ലും ജില്ലാ ഭരണകൂടം അനുകൂല തീരുമാനമെടുത്ത് അനുമതി നല്‍കിയിട്ടുണ്ട്. ഇനിയും ഭൂരഹിത, ഭവന രഹിത കുടിയേറ്റക്കാരുടെ പേരില്‍ കയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

ഭൂമി കയ്യേറ്റ മാഫിയകള്‍ കുരിശടക്കമുള്ള മതപ്രതീകങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയല്ല. ഇതിന് പിന്നില്‍ ഭക്തിവാണിഭക്കാരായ ഒരു ചെറുസംഘം മാത്രമാണ് ഉള്ളത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കച്ചവടച്ചരക്കാക്കിയിട്ടുള്ളവരാണ് അവരില്‍ ഏറിയ പങ്കും. പാപ്പാത്തിച്ചോലയിലും സ്ഥിതി മറിച്ചല്ലെന്ന് ഇതിനകം പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കുരിശിന്റെയും മതപ്രതീകങ്ങളുടെയും പേരില്‍ ഇത്തരം മാഫിയസംഘങ്ങള്‍ നടത്തുന്ന ക്രിമിനല്‍ നടപടികള്‍ ഒരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കില്ലെന്ന വസ്തുതയാണ് കയ്യേറ്റം ഒഴിപ്പിക്കലിനോട് കേരള സമൂഹത്തില്‍ നിന്നും ഉയര്‍ന്ന മഹാഭൂരിപക്ഷം പ്രതികരണങ്ങളും വ്യക്തമാക്കുന്നത്.

മതപ്രതീകത്തെ ഭൂമാഫിയകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അത് പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ക്രിസ്തുവചനം മതനിരപേക്ഷതയുടെയും മതരാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂര്‍ത്തീകരണമാണ്. രാഷ്ട്രസമ്പത്തിന്മേല്‍ മതത്തിന്റെ പേരിലുള്ള കയ്യേറ്റത്തെയാണ് പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാന്‍ മതമേലധ്യക്ഷന്മാര്‍ മടികൂടാതെ രംഗത്ത് വന്നുവെന്നത് മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും.

പൊതുസമ്പത്ത് കയ്യാളാന്‍ നടത്തുന്ന ഏത് ശ്രമത്തെയും ചെറുക്കാന്‍ മതനിരപേക്ഷ രാഷ്ട്രത്തിനും ഭരണകൂടത്തിനും നല്‍കുന്ന വിപുലമായ ജനപിന്തുണയാണ് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് കേരളത്തിലെ പൊതുസമൂഹം പാപ്പാത്തിച്ചോല കുടിയൊഴിപ്പിക്കല്‍ പ്രശ്‌നത്തിലൂടെ പ്രകടിപ്പിച്ചത്. ഭക്തിയുടെയും മതപ്രതീകത്തിന്റെയും വിനോദസഞ്ചാര വ്യവസായത്തിന്റെയും മറ്റെന്തിന്റെയും പേരിലാണെങ്കിലും പൊതുമുതല്‍ കയ്യേറാന്‍ ആരെയും ആരും അനുവദിക്കരുതെന്ന ശക്തമായ ജനകീയ താക്കീതാണ് കേരള ജനത സര്‍ക്കാരിന് നല്‍കുന്നത്. ആ ധാര്‍മ്മികമായ കരുത്ത് പതിറ്റാണ്ടായി ഭൂമിക്കും പരിസ്ഥിതിക്കും ജനങ്ങളുടെ നിലനില്‍പ്പിന് തന്നെയും ഭീഷണിയായി തുടര്‍ന്നുവരുന്ന ഭൂമാഫിയ വാഴ്ചയ്ക്കും കയ്യേറ്റത്തിനുമെതിരെ കാര്‍ക്കശ്യത്തോടെ നീങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തുപകരണം.

അര്‍ഹമായ മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും ഭൂമിയുടെ മേലുള്ള അവകാശം നിയമാനുസൃതം ഉറപ്പുനല്‍കിക്കൊണ്ടുള്ള അത്തരമൊരു നീക്കം കേരള ജനത സഹര്‍ഷം സ്വാഗതം ചെയ്യും.


Next Story

Related Stories