Top

അമ്മ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത ഒരേയൊരു വികാരം

അമ്മ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത ഒരേയൊരു വികാരം

അഴിമുഖം പ്രതിനിധി

സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയലളിത എംജി രാമചന്ദ്രന്റെ വിശ്വസ്ത എന്ന നിലയിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്. 1984ല്‍ രാജ്യസഭാംഗമായി. 1989ല്‍ ആദ്യമായി തമിഴ്നാട് നിയമസഭാംഗമാവുകയും പ്രതിപക്ഷ നേതാവാവുകയും ചെയ്തു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന 1991ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച് മുഖ്യമന്ത്രിയായി. ബ്രാഹ്മണിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് വളര്‍ന്നു വന്ന ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഒരു ഭാഗം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയന്ത്രിച്ചത് ബ്രാഹ്മണ സമുദായാംഗമായ ജയലളിതയാണ് എന്ന വൈരുദ്ധ്യമുണ്ട്. നിശ്ചയദാര്‍ഢ്യവും എം ജി ആര്‍ എന്ന കള്‍ട്ട് ഫിഗറുമായുള്ള അടുപ്പവും രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശവും ആണ് ജയലളിതയെ തമിഴ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ സഹായിച്ചതെങ്കിലും സമാനതകളില്ലാത്ത വ്യക്തിത്വം തന്നെയാണ് ജയലളിതയെ മുന്നോട്ട് കൊണ്ടുപോയത്.

1948 ഫെബ്രുവരി 24ന് മൈസൂരിലെ മാണ്ഡ്യ ജില്ലയിലെ മെലുകോട്ടെയില്‍ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ അഭിഭാഷകനായ ജയറാമിന്റേയും വേദവല്ലിയുടേയും മകളായി ജനനം. സഹോദരന്‍ ജയകുമാര്‍. ജയറാമിന്റെ അച്ഛന്‍ നരസിംഹന്‍ രംഗാചാരി മൈസൂര്‍ രാജാവ് കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു. ജയറാം അഭിഭാഷകനായിരുന്നു. ജയലളിതയ്ക്ക് രണ്ട് വയസുള്ളപ്പോള്‍ മരിച്ചു. 1952ല്‍ വേദവല്ലി മദ്രാസിലെത്തി. സഹോദരി അംബുജവല്ലി എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുകയായിരുന്നു. ഒപ്പം മദ്രാസില്‍ ചെറിയ നാടകങ്ങളിലും സിനിമകളിലും വിദ്യാവതി എന്ന പേരില്‍ അഭിനയിച്ചിരുന്നു. വേദവല്ലിയും സന്ധ്യ എന്ന പേരില്‍ അഭിനയരംഗത്തെത്തി. ജയലളിത 1958 വരെ അമ്മയുടെ മാതാപിതാക്കളോടൊപ്പം ബാംഗ്ലൂരില്‍ കഴിഞ്ഞു. ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.1958 ചെന്നൈയിലെത്തിയ ജയലളിത അമ്മയോടൊപ്പം താമസിക്കാന്‍ തുടങ്ങി. ചര്‍ച്ച് പാര്‍ക്കിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റ് സ്‌കൂളില്‍ പഠനം തുടര്‍ന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ജയലളിതയ്ക്ക് 10ാം ക്ലാസിലെ ഒന്നാം സ്ഥാനക്കാരിക്കുള്ള മദ്രാസ് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. സ്റ്റെല്ല മേരീസ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പ്രവേശനം ലഭിച്ചെങ്കിലും പഠനം തുടര്‍ന്നില്ല. എന്നാല്‍ ഇംഗ്ലീഷ് പ്രാവീണ്യം മികച്ചതായിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളെല്ലാം കൈകാര്യം ചെയ്യാന്‍ ജയലളിത പഠിച്ചു. കര്‍ണാടക സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കഥക്, മണിപ്പുരി തുടങ്ങിയവയെല്ലാം ജയലളിത പഠിച്ചു. 1960ല്‍ ചെന്നൈ മൈലാപ്പൂരില്‍ ജയലളിതയുടെ നൃത്തം കണ്ട് നടന്‍ ശിവാജി ഗണേശന്‍, ജയലളിത ഭാവിയിലെ സിനിമാ താരമാവട്ടെ എന്ന് ആശംസിച്ചു.

1961ല്‍ 13-ആം വയസില്‍ ബാലതാരമായി ജയലളിത സ്‌ക്രീനിലെത്തി. ശ്രീ ശൈല മഹാത്മേ എന്ന കന്നഡ ചിത്രമായിരുന്നു ആദ്യത്തേത്. കന്നഡ സൂപ്പര്‍ താരം രാജ്കുമാറും കൃഷ്ണകുമാരിയുമായിരുന്നു പ്രധാന വേഷങ്ങളില്‍. 1962ല്‍ ഹിന്ദി ചിത്രമായ മാന്‍മൗജിയില്‍ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള നൃത്തരംഗത്ത് ജയലളിത കൃഷ്ണനായി അഭിനയിച്ചു. ഇതിനിടയില്‍ തമിഴ്, ഇംഗ്ലീഷ് നാടകങ്ങളിലും ജയലളിത അഭിനയിച്ചു. പലതിലും അമ്മയോടും അമ്മയുടെ സഹോദരിയോടും ഒപ്പം. 1964ല്‍ ചിന്നഡ ഗോംബെ എന്ന കന്നഡ ചിത്രത്തില്‍ ആദ്യമായി മുതിര്‍ന്ന വേഷത്തിലെത്തി. മറ്റ് ചില കന്നഡ ചിത്രങ്ങളില്‍ നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 1965ല്‍ പുറത്തിറങ്ങിയ വെണ്ണിരാ ആടൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. ഇതിനിടെ തെലുങ്കിലും ജയലളിത അരങ്ങേറി. 1968ല്‍ ധര്‍മ്മേന്ദ്രയോടൊപ്പം ഹിന്ദി ചിത്രം ഇസാത്തില്‍ അഭിനയിച്ചു. മലയാളത്തില്‍ ജീസസ് (1973), എ വിന്‍സെന്റ് സംവിധാനം ചെയ്ത തിരുമാംഗല്യം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.1965ല്‍ ബിആര്‍ പന്തലുവിന്റെ ആയിരത്തില്‍ ഒരുവനില്‍ എംജി രാമചന്ദ്രന്റെ നായിക ആയതോടെ ജയലളിതയുടെ സിനിമാ കരിയറിലും ജീവിതത്തിലും വഴിത്തിരിവായി. 65ലെ ആയിരത്തില്‍ ഒരുവന്‍ മുതല്‍ 1973ലെ പട്ടിക്കാട്ട് പൊന്നയ്യ വരെ 28 ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു. കാവല്‍ക്കാരന്‍, അടിമൈപെണ്‍, എങ്കള്‍ തങ്കം, കുടിയിരുന്ത കോയില്‍, നം നാട്, രഗസ്യ പൊലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ എംജിആര്‍ ജയലളിത താരജോടി പ്രേക്ഷകരെ ആഹ്ലാദിപ്പിച്ചു. ഇരുവരും ചേര്‍ന്നുള്ള സിനിമകള്‍ വലിയ വാണിജ്യ വിജയം നേടുകയും പുരട്ചി തലൈവന്‌റെ പ്രിയനായിക പുരട്ചി തലൈവി (വിപ്ലവനായിക) ആവുകയും ചെയ്തു. സിനിമയും രാഷ്ട്രീയവും ഇഴപിരിക്കാനാവാതെ കിടക്കുന്ന തമിഴ്‌നാട്ടില്‍ അത് സ്വാഭാവികമായിരുന്നു. ആദ്യം അണ്ണന്റെ ഇദയക്കനിയും പിന്നീട് അക്കയും പുരട്ചി തലൈവിയും അവസാനം അമ്മയുമായുള്ള ജയലളിതയുടെ പരിവര്‍ത്തനം ശ്രദ്ധേയമാണ്.

1965 - 80 കാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റിയിരുന്ന നടി ജയലളിതയായിരുന്നു. 1971 മുതല്‍ 76 വരെയുള്ള വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് തുടര്‍ച്ചയായി നേടി. 1972ല്‍ കലൈമാമണി പുരസ്‌കാരം നേടി. 1980ല്‍ എ നാഗേശ്വര റാവുവിനൊപ്പം നായകുഡു വിനായകുഡു എന്ന തെലുങ്ക് ചിത്രത്തിലാണ് ജയലളിത അവസാനമായി അഭിനയിച്ചത്.1972ല്‍ കരുണാനിധിയുമായി തെറ്റിയ എംജിആര്‍ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഡിഎംകെ) രൂപീകരിച്ചു. ഇത് പിന്നീട് ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ) എന്ന് പേര് മാറ്റി. എംജിആറിന്റെ ആവശ്യപ്രകാരം ജയലളിത അണ്ണാ ഡിഎംകെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1977ല്‍ എംജിആര്‍ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷമാണ് ജയലളിത രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1982ല്‍ അവര്‍ പാര്‍ട്ടി അംഗമായി. 1983ല്‍ അണ്ണാ ഡിഎംകെയുടെ പ്രൊപ്പഗാണ്ട സെക്രട്ടറിയായ ജയലളിതയെ തിരുഞ്ചന്തൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്തിരുന്ന ജയലളിതയെ രാജ്യസഭാംഗമാക്കാനാണ് എംജിആര്‍ താല്‍പര്യപ്പെട്ടത്. 1984 മുതല്‍ 89 വരെ രാജ്യസഭാംഗമായി തുടര്‍ന്നു. അതേസമയം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ജയലളിത നേതൃത്വത്തില്‍ ഉയര്‍ന്നു വരുന്നത് പല മുതിര്‍ന്ന നേതാക്കളേയും അലോസരപ്പെടുത്തിയിരുന്നു. 1984ലെ നിയമസഭാ തിരഞ്ഞെടുപ്പ് എംജിആറിന്റെ അഭാവത്തിലാണ് നടന്നത്. അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നാണ് എംജിആര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അണ്ണാ ഡിഎംകെയ്ക്ക് വേണ്ടി തമിഴ്നാട്ടില്‍ പ്രചാരണത്തില്‍ മുന്നില്‍ നിന്നത് ജയലളിതയും. ജയലളിതയെ നിലയ്ക്ക് നിര്‍ത്തണമെന്ന്് എംജിആറിനെ നേതാക്കള്‍ ഉപദേശിച്ചെങ്കിലും എംജിആര്‍ അത് കാര്യമാക്കിയിരുന്നില്ല. അതേസമയം ഈ ഘട്ടത്തില്‍ ജയലളിതയും എംജിആറും തമ്മില്‍ അകല്‍ച്ചയും ശക്തമായ ഭിന്നതയും ഉണ്ടായിരുന്നതായി പലരും പറഞ്ഞിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വന്‍ വിജയം നേടി അധികാരത്തിലെത്തി. എംജിആര്‍ വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയ എംജിആര്‍ 1987ല്‍ അന്തരിച്ചു. എംജിആറിന്റെ നിര്യാണത്തോടെ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. എംജിആറിന്റെ ഭാര്യ ജാനകിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ജയലളിതയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ജാനകി രാമചന്ദ്രന്‍ തമിഴ്നാട് മുഖ്യമന്ത്രിയാവുകയും വിശ്വാസവോട്ട് നേടുകയും ചെയ്തെങ്കിലും കേന്ദ്രസര്‍ക്കാര് സംസ്ഥാന മന്ത്രിസഭയെ പുറത്താക്കി.

1989ലെ തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ ഡിഎംകെ ജയിച്ചു. അപ്പോഴേക്കും ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയും അവരുടെ പാര്‍ട്ടി ജയലളിതയുടെ പാര്‍ട്ടിയുമായി ലയിക്കുകയും ചെയ്തു. ബോഡിനായ്ക്കന്നൂരില്‍ നിന്ന് ജയിച്ച ജയലളിത പ്രതിപക്ഷ നേതാവായി. 1991ല്‍ കരുണാനിധി മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. 1984ലേത് പോലെ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു അണ്ണാ ഡിഎംകെ. രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന് ശേഷമാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. എഐഎഡിഎംകെ സഖ്യം വന്‍വിജയം നേടി. 1991 ജൂണ്‍ 24ന് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായി. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ജനക്ഷേമ പരിപാടികള്‍ ധാരാളമായി അവതരിപ്പിക്കുന്ന എംജിആര്‍ ശൈലി ജയലളിതയും തുടര്‍ന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസും ബന്ധുക്കള്‍ക്ക് വേണ്ടി നടത്തിയ വഴിവിട്ട നടപടികളും ജയലളിതയ്ക്കെതിരെ വിമര്‍ശനവും നിയമനടപടികളും ശക്തമാക്കി.

ഭരണവിരുദ്ധ വികാരം ശക്തമായി. ജയലളിതയ്ക്ക് തന്നെ അടിതെറ്റി. 1996ല്‍ ബാര്‍ഗൂരില്‍ നിന്ന് ജനവിധി തേടിയ ജയലളിത ഡിഎംകെയിലെ ഇജി സുഗാവനത്തോട് തോറ്റു. 168 സീറ്റില്‍ മത്സരിച്ച എഐഎഡിഎംകെ വെറും നാല് സീറ്റില്‍ മാത്രമാണ് ജയിച്ചത്. 1995ല്‍ നടന്ന വളര്‍ത്തുമകന്‍ സുധാകരന്റെ ആഡംബര വിവാഹവുമായി ബന്ധപ്പെട്ടാണ് ജയലളിതയ്ക്കെതിരെ പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നത്. ആറ് കോടി രൂപ ചിലവിട്ടായിരുന്നു വിവാഹം. കരുണാനിധി സര്‍ക്കാരിന്റെ കാലത്ത് ജയലളിതയ്ക്കെതിരെ നിരവധി അഴിമതി കേസുകള്‍ വന്നു. 1996 ഡിസംബര്‍ ഏഴിന് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട ജയലളിതയെ റിമാന്‍ഡ് ചെയ്തു. 10.13 കോടി രൂപയുടെ കളര്‍ ടിവി അഴിമതിയിലായിരുന്നു അറസ്റ്റ്. സുഹൃത്ത് ശശികലയും കേസില്‍ പ്രതിയായി. 2000ല്‍ ഈ കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കി. താന്‍സി ഭൂമി ഇടപാട് കേസ് വലിയ വിവാദമായി. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ജയലളിത വിലക്കപ്പെട്ടു. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്. എന്നാല്‍ ജയലളിത ജാമ്യം നേടി.തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ തമിഴ്നാട് മുഖ്യമന്ത്രിയായി വീണ്ടും ജയലളിത അധികാരമേറ്റു. നേരത്തെ പ്ലസന്റ് സ്റ്റേ ഹോട്ടല്‍ അഴിമതിയിലും ജയലളിതയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. പ്ലസന്റ് സ്റ്റേ കേസിലും താന്‍സി കേസിലും ജയലളിതയെ പിന്നീട് സുപ്രീംകോടതി വെറുതെ വിട്ടു. ക്രിമിനല്‍ കേസുള്ളതിനാല്‍ ജയലളിതയ്ക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ലെന്ന് സുപ്രീംകോടതി 2001 സെപ്റ്റംബറില്‍ വിധിച്ചു. ഇതോടെ രാജി വച്ച് ജയലളിത അടുത്ത അനുയായിയും മന്ത്രിയുമായ ഒ പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കി. പനീര്‍സെല്‍വത്തെ മുന്നില്‍ നിര്‍ത്തി ഭരണം നയിച്ചത് ജയലളിത തന്നെ. 2003 മാര്‍ച്ചില്‍ മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.

2006ലെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പരാജയപ്പെട്ടെങ്കിലും ജയലളിത ആണ്ടിപ്പട്ടിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. 2011ല്‍ വീണ്ടും എഐഎഡിഎംകെയെ അധികാരത്തിലേയ്ക്ക് നയിച്ച് മുഖ്യമന്ത്രിയായി. എന്നാല്‍ 1996ലെ അനധികൃത സ്വത്ത് സമ്പാദന കേസ് ജയലളിതയുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. 2014 സെപ്റ്റംബര്‍ 27ന് ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമിട്ടു. അന്ന് ജനതാപാര്‍ട്ടി നേതാവായിരുന്ന ഇപ്പോഴത്തെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യയാക്കപ്പെടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി ജയലളിത മാറി. വീണ്ടും പനീര്‍സെല്‍വം തന്നെ മുഖ്യമന്ത്രി. 2014 ഒക്ടോബര്‍ 17ന് ജയലളിതയ്ക്ക് രണ്ട് മാസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ശിക്ഷ മരവിപ്പിച്ചു. 2015 മേയ് 11ന് കര്‍ണാടക ഹൈക്കോടതി, കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കി. ഇതോടെ 2015 മേയ് 23ന് ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. ചെന്നൈ ആര്‍കെ നഗറില്‍ നിന്ന ഉപതിരഞ്ഞെടുപ്പില്‍ 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയലളിത ജയിച്ചു.

ജയലളിതയുടെ ജീവിതം ഇങ്ങനെ
1948 ഫെബ്രുവരി 24 - മൈസൂരില്‍ ജയറാമിന്റേയും വേദവല്ലിയുടേയും മകളായി ജനനം. ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടന്‍ ഗേള്‍സ് സ്‌കൂളിലും ചെന്നൈയിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‌ററ് സ്‌കൂളിലുമായി വിദ്യാഭ്യാസം

1961 - കന്നഡ ചിത്രം ശ്രീശൈല മഹാത്മേയിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം

1964 - കന്നഡ ചിത്രം ചിന്നഡ ഗോംബെയില്‍ നായിക

1965 - ആദ്യ തമിഴ് ചിത്രം വെണ്ണിലാ ആടൈ, എംജിആറിനൊപ്പം ആദ്യ ചിത്രം ആയിരത്തില്‍ ഒരുവന്‍1972 - കലൈമാമണി പുരസ്‌കാരം നേടി

1980 - അവസാന ചിത്രം തെലുങ്കില്‍ - നാഗേശ്വര റാവുവിനൊപ്പം നായകുഡു വിനായകുഡു

1982 - അണ്ണാ എഡിഎംകെയില്‍ അംഗത്വം, സജീവരാഷ്ട്രീയത്തിലേയ്ക്ക്

1983 - അണ്ണാ ഡിഎംകെയുടെ പ്രൊപ്പഗാണ്ട സെക്രട്ടറി

1984 - രാജ്യസഭാംഗം. അമേരിക്കയില്‍ ചികിത്സയിലുള്ള എംജിആറിന്റെ അഭാവത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയില്‍

1987 - എംജിആര്‍ അന്തരിക്കുന്നു. എംജിആറിന്റെ ഭാര്യ ജാനകിയുടേയും ജയലളിതയുടേയും നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങളായി എഐഎഡിഎംകെ പിളര്‍ന്നു1989 - നിയസഭാ തിരഞ്ഞെടുപ്പില്‍ ബോഡിനായ്കന്നൂരില്‍ നിന്ന് ജയിച്ച് പ്രതിപക്ഷ നേതാവായി

1991 - നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യത്തെ വിജയത്തിലേയ്ക്ക് നയിച്ചു. ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി

1996 - അനധികൃത സ്വത്ത് സമ്പാദന കേസ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയും പാര്‍ട്ടിയും തോറ്റു. ഡിഎംകെയിലെ ആര്‍കെ സുഗാവനത്തോട് തോറ്റു. കളര്‍ ടിവി അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടു.

2001 - ക്രിമിനല്‍ കേസുള്ളതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. എന്നാല്‍ എഐഎഡിഎംകെ ജയിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഫാ്ത്തിമാബീവി ജയലളിതയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഇത് വിവാദമായി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒ പനീര്‍സെല്‍വം മുഖ്യമന്ത്രി.

2003 - മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. ആണ്ടിപ്പട്ടിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചു.

2006 - എഐഎഡിഎംകെ തിരഞ്ഞെടുപ്പില്‍ തോറ്റു. ജയലളിത ആണ്ടിപ്പട്ടിയില്‍ നിന്ന് വീണ്ടും ജയിച്ചു.

2011 - നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീരംഗത്ത് നിന്ന് വിജയം. വീണ്ടും മുഖ്യന്ത്രിയായി.2014 - 96ലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമിട്ടു. വിധി വന്നത് സെപ്റ്റംബര്‍ 27ന്. നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യയാക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍. ഒക്ടോബര്‍ 17ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ സ്റ്റേ.

2015 - മേയ് 11ന് അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി. മേയ് 23ന് വീണ്ടും മുഖ്യമന്ത്രി. ചെന്നൈ ആര്‍കെ നഗറില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ 1.6 ലക്ഷം വോട്ടിന് ജയിച്ചു.

2016 - നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം. എംജിആറിന് ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ തമിഴ്നാട് മുഖ്യമന്ത്രി. സെപ്റ്റംബര്‍ 22ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍. പനിയും നിര്‍ജ്ജലീകരണവുമെന്ന് ആദ്യ വിശദീകരണം. ശ്വാസകോശ അണുബാധയടക്കം ഗുരുതര പ്രശ്നങ്ങളെന്ന് പിന്നീട് ആശുപത്രി വൃത്തങ്ങള്‍. ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളും സംശയങ്ങളും ശക്തമാവുന്നു. ജയലളിത സുഖം പ്രാപിക്കുന്നതായി ആശുപത്രിയില്‍ നിന്നും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും പിന്നീട് നിരന്തരം അറിയിപ്പുകള്‍ വന്നിരുന്നു.

2016 ഡിസംബര്‍ അഞ്ച്: ജയലളിത (68) അന്തരിച്ചു.


Next Story

Related Stories