TopTop
Begin typing your search above and press return to search.

എല്ലാ കാലങ്ങളുടെയും ജയകാന്തൻ

എല്ലാ കാലങ്ങളുടെയും ജയകാന്തൻ

എസ് തമിഴ് സെല്‍വൻ

അന്തരിച്ച പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയകാന്തനെ തമിഴ്നാട് പുരോഗമന സാഹിത്യ സംഘം പ്രസിഡന്റും സാഹിത്യകാരനുമായ തമിഴ് ശെൽവൻ ഓര്‍ക്കുന്നു.

ജയകാന്തൻ ഇന്ന് നമ്മോടൊപ്പമില്ല എന്നാലോചിക്കുമ്പോൾ മനസ്സ് നോവുന്നുണ്ട്. അദ്ദേഹം എഴുത്തു നിര്‍ത്തി കുറേക്കാലം കഴിഞ്ഞെങ്കിലും, സാഹിത്യപര്യടനത്തിൽ ഇന്നും അദ്ദേഹം നമ്മോടൊപ്പമുണ്ട് എന്ന തോന്നലുളവാക്കുന്നു. ഈ വേദന എഴുത്തുകാര്‍ക്ക് മാത്രമല്ല വായനക്കാര്‍ക്കും ഉണ്ട്. അദ്ദേഹത്തിന്റെ സാഹിത്യനിലപാടുകളോട് പല എതിര്‍പ്പുകളുണ്ടായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാലും ഈ വേര്‍പാടിന്റെ വേദനയ്ക്ക് ഏറ്റവും പ്രധാന കാരണം അദ്ദേഹത്തിന്റെ എഴുത്തുതന്നെയാണ്.

ഒരു എഴുത്തുകാരന് എഴുത്തിനെ മാത്രം (വേറെ ഒരു ജോലിയും ചെയ്യാതെ) ആശ്രയിച്ച് ജീവിക്കാൻ കഴിയും എന്നു ആദ്യമായി തമിഴിൽ തെളിയിച്ചത് ജയകാന്തനാണ്. പണത്തിനുവേണ്ടി എഴുതുന്നവരെപ്പറ്റിയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയോടും സാമൂഹ്യകടമയോടും കൂടി എഴുതുന്ന എഴുത്തുകാരനേ നിലനില്‍ക്കാൻ കഴിയൂ എന്ന് അദ്ദേഹം തെളിയിച്ചു. പത്രാധിപർ അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ കാത്തുനിന്നിട്ടുണ്ട്. അത്രത്തോളം തിരക്കുള്ള എഴുത്തുകാരനായിരുന്നു ജയകാന്തൻ.

ജയകാന്തന്റെ ‘കോകില എന്ന സെയ്തുവിട്ടാൾ’ (കോകില എന്താണ് ചെയ്തത്) എന്ന ചെറുനോവലാണ് ആദ്യമായി ഞാൻ വായിച്ചത്. വേര്‍പിരിയാന്‍വേണ്ടി ആലോചിച്ച്, പിരിയാൻ തുടങ്ങുന്ന വേളയിൽ മനം മാറി വീണ്ടും ഒന്നുചേരുന്ന ദമ്പതികളുടെ കഥയാണിത്. മനസ്സിനുള്ളിലും പുറത്തും അവര്‍ക്കിടയിലുള്ള തീരാത്ത പ്രശ്നങ്ങളാണ് കഥയുടെ പ്രധാന അംശം. ‘കോകില എന്ന സെയ്തുവിട്ടാൾ’എന്ന കഥയിൽ, ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയോടോപ്പം ഓടിവരുന്ന കോകിലയെ അവളുടെ ഭര്‍ത്താവ് വാരിയെടുത്തു തീവണ്ടി ക്കുള്ളിലാക്കുന്ന ചിത്രം പിന്നീട് നിരവധി സിനിമാഷോട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്.

കഥയ്ക്കുള്ളിൽ അദ്ദേഹം ഇടവിടാതെ പ്രയോഗിക്കുന്ന തത്വവിചാരവും വാദങ്ങളുമാണ് ജയകാന്തന്റെ സവിശേഷത. ‘പാരീസിലേയ്ക്കു പോ’എന്ന നോവലിൽ കലയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നടത്തുന്ന അന്വേഷണം ആഴത്തിലുള്ളതും മനം കവരുന്നതുമാണ്. അന്നത്തെക്കാലത്തും ഇത്ര ഊര്‍ജ്ജസ്വലതയോടുകൂടി തത്വചിന്തകളെ നോവലിനുള്ളില്‍ആവിഷ്കരിച്ചത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ.

സമൂഹം എന്തുവിചാരിക്കും (‘സമൂഹം എന്നത് നാലുപേരാണ്’എന്നൊരു ചെറുനോവലും അദ്ദേഹത്തിന്റെതായുണ്ട്) എന്നതിനെപ്പറ്റി വേവലാതിപ്പെടാതെ തനിക്കു ശരിയെന്നു തോന്നുന്ന സംഗതികളെ വ്യക്തമായി ചിത്രീകരിക്കുന്നത് അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. മാത്രമല്ല മറ്റുള്ളവർ തന്നെ അത്രതന്നെ ഉള്‍ക്കൊണ്ടിട്ടില്ല എന്നും അദ്ദേഹം മനസിലാക്കിയിരുന്നു.ജയകാന്തന്‍റെ കഥകളിൽ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടത്‌ ‘അഗ്നിപ്രവേശ’ത്തെക്കുറിച്ചാണ്. 1968-ൽ ആനന്ദവികടനിൽ വന്ന ഈ കഥ വളരെ കോളിളക്കം സൃഷ്ടിച്ചു. പണക്കാരച്ചെറുക്കനിൽ നിന്ന് പീഡനത്തിനിരയായ തന്‍റെ മകളുടെ തലയിലൂടെ വെള്ളമൊഴിച്ച് എല്ലാം മാറി, നടന്നതെല്ലാം മറന്നുകളയൂ എന്നു പറയുന്ന അമ്മയുടെ കഥയാണിത്. അതിന്‍റെ തുടര്‍ച്ചയായി 1970-ൽ അദ്ദേഹം ‘ചില നേരങ്ങളിൽ ചില മനുഷ്യർ’എന്ന ഒരു നോവല്‍കൂടി രചിക്കുകയുണ്ടായി. ഇതിലെ കഥാപാത്രങ്ങളായ ഗംഗയും പ്രഭുവും എല്ലാവരുടെ മനസ്സിലും ചിരപ്രതിഷ്ഠനേടി. വീണ്ടും പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഈ നോവലിന്റെ തന്നെ തുടര്‍ച്ചയായി ‘ഗംഗേ നീ എവിടെപ്പോകുന്നു’എന്ന ഒരു നോവലും രചിച്ചു. സ്വന്തം കഥാപാത്രങ്ങളോട് ഇത്രയും ഇഴുകിച്ചേര്‍ന്ന ബന്ധവും ഇനിയും കുറച്ചുകാലം കൂടി ആ കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കണം എന്ന നവീനചിന്തയും അതിനുവേണ്ടി എഴുതുകയും വേണം എന്ന അഭിലാഷവും ആധുനികതമിഴിൽ ജയകാന്തനിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്.

ദളിതരുടെ ജീവിതത്തെ തമിഴ്കഥാലോകത്ത് ആദ്യമായി അവതരിപ്പിക്കുന്നത്‌ ജയകാന്തനാണ്. ‘സിനിമയ്ക്ക് പോയ സിത്താൾ’ (സിത്താൾ- കെട്ടുപണികളിലെ സ്ത്രീ ജോലിക്കാരി) എന്ന കഥയിൽ കൂടുതലും അവരുടെ ജീവിതത്തെപ്പറ്റിയാണ് പറയുന്നത്. സിനിമയുടെ വിമര്‍ശനമായും നായകബിംബത്തെ ഉടച്ചുവാര്‍ത്ത ഒന്നായും ഇതു മാറി. ജയകാന്തന്‍റെ എഴുത്തിലൂടെയാണ് തമിഴിൽ ആദ്യമായി സ്ത്രീകളെ ശക്തമായ കഥാപാത്രങ്ങളായും പുരുഷന്മാർ ഇവരുടെ ചാപല്യങ്ങളിൽ എളുപ്പം വീഴുന്നവരായും ചിത്രീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കഥകളെല്ലാം സിനിമയ്ക്ക് വഴിമാറിയപ്പോൾ, സിനിമാചരിത്രത്തിൽ ബുദ്ധിയുടെ ബ്രഹ്മരൂപമായി അറിയപ്പെട്ട അക്കാലത്തെ നായിക ലക്ഷ്മിയാണ്‌ യോജിച്ച കഥാപാത്രമെന്ന നിലയിൽ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

സത്യജിത് റേ എന്ന സംവിധായകന്‍റെ ചിത്രങ്ങള്‍പോലെ മണ്ണിലെ ജീവിതത്തെപ്പറ്റി പറയുന്ന ഒരു തമിഴ് സിനിമ തനിക്കും എടുക്കാൻ പറ്റും എന്ന അകൈതവമായ വിശ്വാസത്തോടുകൂടിയാണ് അദ്ദേഹം ‘ഉന്നൈപോൽ ഒരുവൻ’എന്ന സിനിമ നിര്‍മ്മിച്ചത്. സിനിമയെക്കുറിച്ച് അദേഹത്തിന് ആഴത്തിലുള്ള അറിവും മറ്റും ഉണ്ടായിരുന്നു. “നല്ല സിനിമ എന്നത് നല്ല പുസ്തകം പോലെയാണ്. നല്ല പുസ്തകങ്ങൾ വായിച്ചാണ് നല്ല സിനിമയെക്കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയത്. പുസ്തകങ്ങൾ മാത്രം വായിച്ചല്ല ഞാൻ അറിവൂട്ടിയത്. എന്‍റെ കുട്ടിക്കാലം സിനിമയുടെ യുഗമായിരുന്നു. എന്നാൽ തമിഴ് സിനിമ അന്നും ഇന്നും ഒരേ നിലയിലാണ് ഉള്ളതെന്ന് ഞാൻ മനസ്സിലാക്കുന്നു. നമ്മുടെ ചരിത്രത്തിന്‍റെ കീര്‍ത്തിയെക്കുറിച്ചോ, നമ്മുടെ മണ്ണിന്റെ സാംസ്കാരികപെരുമയെക്കുറിച്ചോ സിനിമകൾ ഇന്ന് ചര്‍ച്ച ചെയ്യുന്നില്ല. ഇനി അതിനെപ്പറ്റി തമിഴ് സിനിമ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് വെറും പ്രകടനം മാത്രമായിരുന്നു." ഇതാണ് അദ്ദേ ഹത്തിന്റെ നിലപാട്.

ഉന്നൈപ്പോൽ ഒരുവൻ, യാറുക്കാക അഴുതാൻ, പുതുചെരുപ്പ് കടിക്കും എന്നീ ചിത്രങ്ങൾ അദ്ദേഹം നിര്‍മ്മിച്ചവയാണ്‌. എന്നാൽ സിനിമയിൽ അദ്ദേഹത്തിന് വിജയം കൈവരിക്കാനായില്ല. എങ്കിലും അദ്ദേഹത്തിന്റെ പ്രയത്നം സിനിമയിൽ ചില മാറ്റങ്ങൾ സൃഷ്ടിച്ചു. സാഹിത്യവാസനയും ചിന്തയുമുള്ള പലരെയും സിനിമയിലെയ്ക്കെടുക്കുക എന്ന ചിന്താസരണിക്ക് വഴിതെളിയിച്ചത് ജയകാന്തനാണ്. തന്‍റെ സിനിമാപ്രയത്നത്തെപ്പറ്റി അദ്ദേഹം തന്നെ പറയുന്നത് ഇപ്രകാരമാണ്. ‘’ഈ സമുദ്രത്തിലൂടെയുള്ള തോണിയാത്ര, നമ്മളെ വീണ്ടും കരയിലേയ്ക്കെത്തിക്കുന്നത് ആ യാത്രയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്”എന്നാണ്.

ചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ വളര്‍ന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറുകയുണ്ടായി. ‘ജനശക്തി’എന്ന മാഗസിനിലൂടെ എഴുത്താരംഭിച്ച അദ്ദേഹം ‘നവശക്തി’മാഗസിനിലൂടെയാണ് വളര്‍ന്നത്‌. സോവിയറ്റ് നാടിനെ തന്‍റെ രണ്ടാം രാജ്യമായി കണ്ട കമ്മ്യൂണിസ്റ്റായിരുന്നു ജയകാന്തൻ. എന്നാൽ അദ്ദേഹം തന്നെ ‘ജയ ജയ ശങ്കര’എന്നൊരു നോവലും കൂടി എഴുതിയിട്ടുണ്ട് എന്നതോര്‍ക്കുമ്പോൾ അദ്ദേഹത്തിന്റെ എഴുത്തും പ്രവര്‍ത്തിയും രണ്ടുവിരുദ്ധ ധ്രുവങ്ങളിലാണ് എന്നു സ്പഷ്ടമാകുന്നുണ്ട്. ഇതെല്ലാം മാറ്റിവെച്ചാൽ ജയകാന്തൻ എന്ന എഴുത്തുകാരനെ നാം അംഗീകരിക്കാൻ തയ്യാറാകുന്നത് ബ്രഹ്മരാക്ഷസരൂപമായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ എഴുത്തു കൊണ്ടുതന്നെയാണ്. അദ്ദേഹത്തിന്റെ അടുത്തുപോയി സംസാരിക്കാൻ പറ്റുമോ എന്നൊരു തോന്നൽ പലര്‍ക്കുമെന്നപോലെ എനിക്കുമുണ്ടായിരുന്നു. എന്നാൽ ഒരുപ്രാവശ്യം അടുത്തുപോയി സംസാരിച്ചാൽ കുട്ടികളോട് കാണിക്കുന്ന സ്നേഹത്തോടെ അദ്ദേഹം നമ്മുടെ മനം കവരും, അത്രയ്ക്ക് നിര്‍മലമായ വ്യക്തിത്വത്തിനുടമ.

തമിഴ് സമൂഹത്തെ ഒന്നാകെ ഒരുകൂട്ടിൽ കെട്ടിയിട്ട എഴുത്തുകാരനായിരുന്നു ജയകാന്തൻ. ഇത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സവിശേഷതയായി ഞങ്ങൾ ലോകത്തിനു മുന്നിൽ നിരത്തും. മരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് “മഹാന്മാരുടെ മരണത്തിൽ സര്‍ക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടാറുണ്ട്. അവര്‍ക്കുവേണ്ടി പ്രാര്‍ഥനകളും നടക്കും. എന്നാൽ എന്തിനെക്കുറിച്ചുമോര്‍ത്തു ആരും തന്നെ കൂട്ടത്തോടെ അലമുറയിടരുത്. ആകാശവാണിയോ മറ്റോ അതിന്റെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യരുത്”എന്നാണ്.

അതുകൊണ്ട് അദ്ദേഹത്തിന്റെ എഴുത്തിലൂടെ നിറഞ്ഞ ഈ മണ്ണിന്റെ മക്കളുടെ ആത്മാവിലൂടെ നമുക്ക് അദ്ദേഹത്തെ ദര്‍ശിക്കാം, അദ്ദേഹത്തിന്റെ എഴുത്തിലൂന്നി നിന്നു നമ്മുടെ കലാസാഹിത്യത്തെ വളര്‍ത്താം.

മൊഴിമാറ്റം: ബിജു പി വി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

https://www.youtube.com/c/AzhimukhamMalayalam


Next Story

Related Stories