TopTop
Begin typing your search above and press return to search.

ഒറ്റയ്ക്ക് ഒരുവള്‍ എഴുതിയ തമിഴ് വരലാര്

ഒറ്റയ്ക്ക് ഒരുവള്‍ എഴുതിയ തമിഴ് വരലാര്

നിഷേധിച്ചും സ്ഥിരീകരിച്ചും അവസാനം ആ മരണവാര്‍ത്ത പാതിരാത്രിക്ക് തമിഴ് മക്കളുടെ നെഞ്ചിലേക്ക് വീണു. അമ്മയാണ് ഇല്ലാതാവുന്നത്. അത് എളുപ്പം മക്കളോട് പറയാന്‍ ആവുമായിരുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ഇത്തരം ഒരു ലൈവ് ഹെല്‍ത് ബുള്ളറ്റിന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കാനായി പ്രൈംടൈം മാറ്റി വെച്ചത് ഒരുപക്ഷേ ആദ്യമായിട്ടാവും.

ഏതെങ്കിലും ഒരു തമിഴ് വഴിയോരത്ത് നിന്നിട്ടുണ്ടെങ്കില്‍ കണ്ടറിയാവുന്നതാണ് 'അമ്മ മുഖ'മുള്ള മിക്‌സിയോ ടേബിള്‍ ഫാനോ ഒക്കെ തോളില്‍ വെച്ച് കൊണ്ട് പോകുന്ന ഒരു തമിഴ് മകന്‍. പൂവോ കുങ്കുമമോ പാതയോരത്തിരുന്നു വില്‍ക്കുന്ന തമിഴ് പെണ്ണിന്റെ കഴുത്തില്‍ കാണാം നരച്ചുപോയ മഞ്ഞത്താലി ചരടിനൊപ്പം കോര്‍ത്തിട്ട ഒരു 'അമ്മ ലോക്കറ്റ്. ആള്‍ ദൈവമല്ല. കൃത്യമായ രാഷ്ട്രീയമുള്ള നേതാവാണ്. എന്നാല്‍ ഒരു ജനതയുടെ കണ്‍കണ്ട ദൈവം. ആറ് തവണ മുഖ്യമന്ത്രിയായ നേതാവിനെയാണ് അവരിങ്ങനെ പൊള്ളയല്ലാതെ നെഞ്ചില്‍ ചേര്‍ക്കുന്നത്. ആ നെഞ്ചകം പൊട്ടുന്ന നിലവിളിയാണ് നമ്മള്‍ കാണുന്നതും. ഒരു രാത്രി മുഴുവന്‍ തമിഴ് നാട് മാത്രമല്ല അമ്മ തിരിച്ചു വന്നേക്കുമോ എന്ന ആശയില്‍ ഉറങ്ങാതെ കൂട്ടിരുന്നത്.

മീന്‍ കണ്ണിളക്കങ്ങള്‍

പഴയ മീന്‍മുള്ള്‍ ആന്റിന തിരിച്ച് തിരിച്ച് കൊടൈക്കനാല്‍ സ്റ്റേഷന്‍ പിടിക്കുമ്പോള്‍ പുള്ളിക്കുത്ത് വീണ സ്‌ക്രീനില്‍ മുറിഞ്ഞു മുറിഞ്ഞു കാണുന്ന 'ഒളിയും ഒലിയും' പാട്ടു പരിപാടിയില്‍ കണ്ട 'തങ്കപ്പതക്കത്തിന്‍ മേലെ ഒരു മുത്ത് പതിത്തത് പോലെ'യോ 'എന്ററും പതിനാറ്... വയത് പതിനാറ്' എന്നൊക്കെയുള്ള പാട്ടുകളിലൂടെ പിടയ്ക്കുന്ന മീന്‍ കണ്ണിളക്കങ്ങള്‍ ആവാം ഓര്‍മ്മയുടെ അരിക്. പിന്നീട് തമിഴ് വാര്‍ത്തകളുടെ ഭാഷാഭംഗിയില്‍ പലവട്ടം 'പുരൈട്ച്ചി തലൈവി ശെല്‍വി ജയലളിത' മീന്‍ കണ്ണിളക്കങ്ങള്‍ കൊണ്ട് ഹൃദയം കവര്‍ന്ന അതേ തമിഴകത്തെ, അധികാരത്തിന്റെ അകമ്പടിയുള്ള മുന കൂര്‍ത്ത നോട്ടത്തിലേക്ക് മാറ്റിക്കെട്ടി.

തമിഴ് സിനിമയുടെ മഹാരാശിപ്പട്ടത്തില്‍ നിന്നാണ് തമിഴക അരശിയലില്‍ എതിരാളികളെ തീര്‍ത്തും ഒതുക്കിയ 'അമ്മറാണി' ആയത്. വിശക്കുന്നവര്‍ക്ക് മുന്നില്‍ അന്നമായി പ്രത്യക്ഷപ്പെട്ടതിനാല്‍ ആവണം അവര്‍ അമ്മയായത്, തലൈവി ആയത്. തലൈവി എന്ന വാക്ക് തന്നെ ഇനിയൊരാള്‍ക്ക് ചേരാത്ത വിധം അവര്‍ അടയാളപ്പെടുത്തി. അധികാരത്തിന്റെയും ഗര്‍വ്വിന്റെയും ബുള്ളറ്റ് പ്രൂഫ് മുഖം മൂടി സൂക്ഷിക്കുമ്പോളും ഉള്ളിലെവിടെയോ ഒരു കാതല്‍ക്കരുത്ത് ഉള്ളതായി തോന്നാറുണ്ട്. ഒരു പ്രണയക്കരുത്തിന്റെ കുതിപ്പെന്ന് തോന്നാറുണ്ട്. അധികാരം വ്യക്തികേന്ദ്രീകൃതമാക്കി നിലനിര്‍ത്താന്‍ അവര്‍ സദാ ശ്രദ്ധ ചെലുത്തിയിരുന്നതിനാല്‍ എഐഎഡിഎംകെ തീരുകയായിരിക്കാം. ഇനിയൊരു ജയലളിത തമിഴകത്തിന് ഉണ്ടാവുകയും ഇല്ലായിരിക്കാം. ഡല്‍ഹി രാഷ്ട്രീയത്തിന്റെ കസേരകള്‍ ദ്രാവിഡ രാഷ്ട്രീയത്തിന് ചുറ്റും കറങ്ങുന്നതിന് എത്രയോ വട്ടം ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

'അമ്മത്തൊട്ടില്‍' മുതല്‍ 'മകളിര്‍ കാവല്‍ തുറൈ' വരെ

എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് കണ്ണീരില്‍ കുതിര്‍ന്ന് ഇറങ്ങിപ്പോയ ജയലളിതയുടെ, മുഖ്യമന്ത്രി കസേരയലേക്കുള്ള യാത്രയില്‍ ഹൃദയ കാഠിന്യം ഏറെ ഉണ്ടായിരുന്നു. ജയലളിതയുടെ രാഷ്ട്രീയം പക മാത്രം ആയിരുന്നെന്നു തോന്നാറുണ്ട്. പിന്നീട് കണ്ടത് ഒട്ടും പതര്‍പ്പില്ലാത്ത ചിരി പോലും സൂക്ഷിച്ച് വിടരുന്ന കരുത്തിന്റെ ആള്‍ രൂപമായിട്ടാണ്.

പയസ് ഗാര്‍ഡനും അഴിമതിയും തോഴി ശശികലയും അമ്മയുടെ ചെരിപ്പുകളുടെ എണ്ണം വരെ പിന്നെ മാധ്യമങ്ങളില്‍ നിറഞ്ഞു കൊണ്ടേ ഇരുന്നു. അഴിമതി മുഖം മിനുക്കാതെ കൂടെയുണ്ടായിട്ടുണ്ടാവാം. പക്ഷെ ഏഴൈ മക്കള്‍ക്ക് ഇനിയൊരമ്മ ഉണ്ടാവില്ല. തമിഴ്‌നാടിന്റെ ഇദയക്കനിക്ക് ആദ്യ വനിതാ മുഖ്യമന്ത്രിക്ക്, ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് 'അമ്മത്തൊട്ടില്‍' മുതല്‍ പെണ്‍പോലീസുകാര്‍ മാത്രമുള്ള മകളിര്‍ കാവല്‍ തുറൈ വരെ ഉണ്ടാക്കിയ പുരൈട്ച്ചി തലൈവിക്ക് വിട. എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും അപ്പുറം ജയലളിത ജയിച്ചു കൊണ്ടേയിരുന്നു. അങ്ങനെ തമിഴ് മക്കളുടെ ഹൃദയം തന്നെ ജയിച്ച് ജയലളിത ജയറാം എന്ന ചരിത്രം തീരുകയാണ്.

തമിഴന്റെ കണ്ണീര് കളവല്ല. ഉറക്കെയുറക്കെ വര്‍ത്തമാനം പറയുന്ന, സ്‌നേഹിച്ചാല്‍ കോവില്‍ തന്നെ കെട്ടിപ്പൊക്കുന്ന സ്‌നേഹപാശം ആണത്. ജയലളിത എന്നാല്‍ 'തമിഴക അരശിയല്‍' മാത്രമല്ല... ഉഗ്രമാന കാതല്‍ വാഴ്വ് കൂടിയാണ്. ആ പെണ്മയിന്‍ ഉയിര്‍പ്പ് ഇനി മറീന ബീച്ചില്‍ ഒരു കെടാവിളക്കായി എരിയും.

എളുപ്പത്തില്‍ 'അമ്മ'യായവളല്ല ജയലളിത. അമ്മയാവുക എളുപ്പവും അല്ല. കാമുകിയായിത്തന്നെ ജീവിക്കലും എളുപ്പമല്ല. ഒരു വീഴ്ചയില്‍ നിന്നുയര്‍ന്നത് മുഖ്യമന്ത്രി ആയിട്ടാണ്. ഒറ്റയ്ക്ക് ഒരുവള്‍ എഴുതിയ "തമിഴ് വരലാര് (ചരിത്രം)", അതാണ്‌ തമിഴക മുതല്‍ അമൈച്ചര്‍ (മുഖ്യമന്ത്രി) ആയി മരിച്ച പുരൈട്ച്ചി തലൈവി ശെല്‍വി ജയലളിത. അതെ 'തലൈവി തന്നെ!


Next Story

Related Stories