TopTop
Begin typing your search above and press return to search.

'കടവുളൈ നിനൈച്ചാല്‍' മനം മാറാത്ത ഏതു ജഡ്ജിയാണ് ഇന്ത ഉലകത്തില്‍!

തമിഴ് മക്കള്‍ കണ്ണിലെണ്ണയൊഴിച്ച് ഉറ്റുനോക്കുന്ന ഒരു വ്യക്തിയുണ്ട് ബെംഗളൂരുവില്‍- ജസ്റ്റിസ് സി ആര്‍ കുമാരസ്വാമി. സാക്ഷാല്‍ പുരട്ച്ചിത്തലൈവി ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിചാരണ നടക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയാണദ്ദേഹം. അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയെടുക്കാനുള്ള തത്രപ്പാടിലാണ് 'അമ്മ'യുടെ പുന്നാര മക്കള്‍. തമിഴകത്തെ സര്‍വക്ഷേത്രങ്ങളിലും അവര്‍ വമ്പന്‍ പൂജകളാണ് സംഘടിപ്പിക്കുന്നത്. 'കടവുളൈ നിനൈച്ചാല്‍' മനം മാറാത്ത ഏതു ജഡ്ജിയാണ് ഇന്ത ഉലകത്തില്‍! ദൈവത്തിനു മുന്നില്‍ നിവേദ്യങ്ങള്‍ അര്‍പ്പിച്ച് ചങ്കിലടിച്ച് കരയുമ്പോള്‍ പുരട്ശ്ചിത്തലൈവി ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ബെംഗളൂരു കോടതിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരുമെന്നുതന്നെയാണ് അവരുടെ വിശ്വാസം. വിശ്വാസം രക്ഷിക്കട്ടെ!

ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയുടെ പ്രത്യേക കോടതിയില്‍ ഇന്നലെ വാദം അവസാനിക്കുമ്പോള്‍ ചെന്നൈയിലെ പൊയസ് ഗാര്‍ഡനില്‍ മൗനവ്രതത്തലിരിക്കുന്ന ജയലളിതയും തോഴി ശശികലയും കടവുളിനും ജഡ്ജിക്കുമിടയില്‍ വിശ്വാസത്തിന്റെ ഒരു ഇരുമ്പുപാലം തീര്‍ക്കുന്നതിന്റെ ബദ്ധപ്പാടിലാണ്. 2016 ല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ മെട്രോ ട്രെയിന്‍ ഇരച്ചുവരുന്നതിനു മുമ്പ് കേസില്‍ നിന്ന് തലയൂരിയില്ലെങ്കില്‍ ഗോപാലപുരത്തെ വീല്‍ച്ചെയറില്‍ ഇരിക്കുന്ന മുത്തുവേല്‍ കരുണാനിധി ചില കോപ്രായങ്ങള്‍ കാണിച്ചെന്നിരിക്കും. അതു കാണാനുള്ള ശേഷി ഉണ്ടാകരുതേ എന്നാണ് പഴനി മുരുകന്റെ പേരില്‍ നേര്‍ച്ചകള്‍ നേര്‍ന്ന് തലൈവി പ്രാര്‍ത്ഥിക്കുന്നത്. മാത്രമല്ല, പാദുകാഭിഷേകം നടത്തി മുഖ്യമന്ത്രിക്കസേരയുടെ ചുവട്ടിലിരുന്നു താല്‍ക്കാലിക ഭരണം നടത്തുന്ന പനീര്‍ശെല്‍വത്തേയും സര്‍വ മന്ത്രിപുങ്കവന്മാരെയും തമിഴകത്തെ ക്ഷേത്രങ്ങളിലെല്ലാം കയറിയിറങ്ങി പ്രാര്‍ത്ഥിച്ച് ജഡ്ജിയുടെ മനസ്സുമാറ്റാന്‍ പറഞ്ഞുവിട്ടിരിക്കുകയാണ് അമ്മ. ശക്തിസ്വരൂപിണിമാരാണ് തമിഴകത്തെ അമ്പലങ്ങളില്‍ കുടികൊള്ളുന്നത്. (നിരീശ്വരവാദിയായ തന്തപ്പെരിയാര്‍ ഈ വി രാമസ്വാമി നായ്ക്കരുടെ പിന്‍മുറക്കാരായ ദ്രാവിഡമക്കള്‍ അമ്മക്ക് വേണ്ടി ഏതു ചെകുത്താനേയും വിശ്വസിക്കാന്‍ തയ്യാറാണ്. മുങ്ങിച്ചാവാന്‍ പോകുന്നവനു വൈക്കോലും പിടിവള്ളി. കടവുളൈ കാപ്പാത്തണേ!)

ആദ്യതവണ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ 66. 65 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് ജയാമ്മക്കെതിരെ ഉള്ള കേസ്. ഒരു രൂപ ശമ്പളം വാങ്ങുന്ന കാലത്താണ് തലൈവി കോടികള്‍ വാരിക്കൂട്ടിയെന്നാണ് ആദ്യം മീഡിയക്കു മുന്നിലും പിന്നീട് കോടതിക്കു മുന്നിലും സുബ്രഹ്മണ്യംസ്വാമി വിളിച്ചു പറഞ്ഞത്. ജയാമ്മക്ക് ഒപ്പം നിന്ന തോഴി ശശികലയേയും സംഘത്തേയും കൂടി സ്വാമി കേസില്‍ കുരുക്കി താഴെയിട്ടു. അമ്മക്ക് നാലു വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും ബെംഗളൂരു പരപ്പന അഗ്രഹാര പ്രത്യേക കോടതി വിധിച്ചു. കൂട്ടു പ്രതികളായ ശശികല, സുധാകരന്‍, ഇളവരശന്‍ എന്നിവര്‍ക്ക് പത്തുകോടി രൂപ പിഴയും നാലുവര്‍ഷത്തെ തടവുമാണ് വിധിച്ചത്. 2014 സെപ്തംബര്‍ 27 നു ഇവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.ഇതിനിടയില്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് സ്വാഭാവികമായി താഴെ വീണ ജയാമ്മ വിശ്വസ്തനായ പനീര്‍ശെല്‍വത്തെ തന്റെ കസേരയില്‍ ഇരുത്തി. 22 ദിവസം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ അവര്‍ ജാമ്യാപേക്ഷയുമായി ചെന്നപ്പോള്‍ അതും നിര്‍ദ്ദയം തള്ളി. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെ സമീപിക്കുന്നത്. ഒക്‌ടോബര്‍ 17 ജാമ്യം ലഭിച്ച അവര്‍ നേരെ പൊയസ് ഗാര്‍ഡനിലേക്കാണ് വണ്ടി കയറുന്നത്.

മൂന്നു മാസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കിക്കൊള്ളണമെന്നും സുപ്രീംകോടതി ചട്ടംകെട്ടിയിരുന്നു. അങ്ങനെയാണ് ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ പ്രത്യേക കോടതി രൂപീകൃതമാകുന്നത്. മാര്‍ച്ച് 18 നു വരെയാണ് കേസ് തീര്‍പ്പാക്കാന്‍ സുപ്രീംകോടതി സമയം നല്‍കിയിരിക്കുന്നത്.

എന്തായാലും മാര്‍ച്ച് അന്ത്യത്തോടെ അല്ലെങ്കില്‍ ഏപ്രില്‍ ആദ്യത്തോടെ കേസ് തീര്‍പ്പു കല്‍പ്പിക്കും. വിധി എന്തുതന്നെ ആയാലും അത് തമിഴകത്തിന്റെ രാഷ്ട്രീയഭാവിയെ സാരമായി ബാധിക്കുമന്നുറപ്പാണ്. ആസന്നമായ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ജയലളിത നയിക്കുന്ന ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) തുറുപ്പു ചീട്ട്. അഴിമതിക്കേസില്‍ സര്‍വതും നഷ്ടപ്പെട്ട് പെരുച്ചാഴിയെപ്പോലെ കുത്തിയിരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) അവസ്ഥ ദയനീയമാണ്. ജയലളിത ശിക്ഷിക്കപ്പെട്ട് വീണ്ടും ജയിലില്‍ പോയാലും കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയുടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാണ്. ശ്രീരംഗം ഉപതെരഞ്ഞെടുപ്പു ഫലം പോലും ജയാമ്മയെ ആവേശം കൊള്ളിക്കുന്നതായിരുന്നു. 2 ജി സ്‌പെക്ട്രം, അനധികൃത ടെലഫോണ്‍ എക്‌ചേഞ്ച്, കലൈഞ്ജര്‍ ടിവി അഴിമതി തുടങ്ങിയ കേസ്സുകള്‍, ഡിഎംകെയെ ശൂന്യതയിലേക്ക് കൊത്തിക്കൊണ്ടു പോകാന്‍ കഴുകനെപ്പോലെ നോക്കിയിരിക്കുകയാണ്. (ടെലഫോണ്‍ എക്‌ചേഞ്ച് കേസ്സില്‍ കലാനിധിമാരനും ദയാനിധിമാരനും താമസിയാതെ അഴികള്‍ക്കുള്ളില്‍ പോകുമെന്നാണ് തമിഴകത്തെ രാഷ്ട്രീയ നിരീക്ഷകത്തൊഴിലാളികള്‍ രഹസ്യം പറയുന്നത്).വിധിയുടെ കാര്യത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്ന തോന്നലുണ്ടാക്കാന്‍ ജയാമ്മ കഠിനമായി പരിശ്രമിക്കുന്നുണ്ട്. കാരണം ഡിഎംകെയുടെ അവസ്ഥതന്നെയാണ് മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയാല്‍ കെട്ടിവച്ച പണം കിട്ടുമെന്നുറപ്പുള്ള ആരുംതന്നെ ഇല്ല. സംസ്ഥാനഭരണം തകര്‍ച്ചയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപ്രക്ഷം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അതില്‍ സത്യമുണ്ടെങ്കിലും ജയാമ്മക്ക് നേരേ തല്‍ക്കാലം ചൂണ്ടുവിരല്‍ അനക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. മാത്രമല്ല, ഫാരി നരിമാനെപ്പോലുള്ള വക്കീലന്മാരെയാണ് ജയാമ്മ തനിക്ക് വേണ്ടി വാദിക്കാന്‍ കോടതിയിലേക്ക് തള്ളിക്കയറ്റിയിരിക്കുന്നത്. എതിര്‍ഭാഗത്തുള്ള സുബ്രഹ്മണ്യന്‍ സ്വാമിയേയും ഡിഎംകെ നേതാവ് അമ്പഴകനെയുമൊക്കെ അമ്പരപ്പിക്കുന്ന തരത്തിലാണ് അവരുടെ ചാട്ടുളിപ്രയോഗങ്ങള്‍ എന്ന് കോടതി വളപ്പിലെ പ്രകൃതിപോലും വിശ്വസിക്കുന്നു.

ഏതു വിധിയും വിജയമാക്കി മാറ്റാന്‍ മനസ്സ് പകപ്പെടുത്തിത്തരണമേ എന്ന് പൊയസ് ഗാര്‍ഡനിലിരുന്നു ജയാമ്മയും ഇഷ്ടതോഴി ശശികലയും മനസ്സുരുകി പ്രാര്‍ത്ഥിക്കുയാണെന്ന് തല്‍പ്പരകക്ഷികള്‍ അടക്കം പറയുന്നു. വിധിയെ ആര്‍ക്കാണ് പഴിക്കാനാകുക?


Next Story

Related Stories