TopTop
Begin typing your search above and press return to search.

മോഹവലയങ്ങളില്‍ ഒരു നായിക

മോഹവലയങ്ങളില്‍ ഒരു നായിക

സിനിമയുടെ മോഹവലയങ്ങളില്‍ മുങ്ങിത്താഴാന്‍ താല്‍പര്യമില്ലാത്ത ഒരു ബാലികയായിരുന്നു ജയ. തമിഴ്‌നാട്ടിലെ ശ്രീരംഗത്ത് കുടുംബ വേരുകളുള്ള വേദയുടെ മകള്‍ ജയലളിത ജനിച്ചത് മൈസൂറിലായിരുന്നു- 1948 ഫെബ്രുവരി 24. ജയക്ക് രണ്ടര വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുന്നു. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും അവര്‍ക്ക് അവകാശപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഉപജീവനാര്‍ത്ഥം മദ്രാസിലേക്ക് വണ്ടി കയറുന്നു. ജീവിക്കാന്‍ സിനിമയെ കൂട്ടുപിടിക്കാന്‍ തന്നെ അയ്യങ്കാര്‍ കുടുംബത്തിലില്‍ ജനിച്ച വേദ തീരുമാനിക്കുമ്പോള്‍ അതേപ്പറ്റി മകള്‍ക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. വേദ, സന്ധ്യയെന്ന പേരില്‍ സിനിമയിലേക്ക് തിരിഞ്ഞു. മകള്‍ ജയ മൗണ്ട് റോഡിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളില്‍ പഠനം ആരംഭിച്ചു. പക്ഷേ ജയയുടെ കുഞ്ഞുമനസ്സില്‍ സിനിമയെന്ന അത്ഭുതപ്രപഞ്ചമൊന്നും കടന്നു കൂടിയിരുന്നില്ല. ബാല്യത്തില്‍ അവള്‍ക്ക് ലക്ഷ്യങ്ങള്‍ മറ്റ് ചിലതായിരുന്നു. ഡോക്ടറാകുക. അല്ലെങ്കില്‍ വക്കീലാകുക. പക്ഷേ മകളെ തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയാക്കുക എന്നതായിരുന്നു സന്ധ്യ രഹസ്യമായ സൂക്ഷിച്ച ആഗ്രഹം.

എന്നാല്‍ മദ്രാസിലെ ജീവിതം മറ്റൊരു വഴിക്കാണ് ജയലളിതയെന്ന ബാലികയെ നയിച്ചത്. മുന്‍ പ്രസിഡന്റ് വിവി ഗിരിയുടെ മകന്‍ ശങ്കര്‍ഗിരി നിര്‍മ്മിച്ച എപിസ്റ്റല്‍ എന്ന ഇംഗ്ലീഷ് പരീക്ഷണ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നു. അന്ന് വയസ്സ് 12. തുടര്‍ന്നാണ് നിമിത്തമെന്നോണം ദേശീയധാരയിലെത്താന്‍ ജയ എന്ന ബാലികക്ക് കഴിഞ്ഞത്. അണ്ണാദുരൈയുടെ ഹോംറൂള്‍ ജേര്‍ണലിനു വേണ്ടി ഫണ്ട് ശേഖരിക്കുന്ന ചടങ്ങില്‍ കാവേരി തന്ത കലൈശെല്‍വി എന്ന നൃത്തപരിപാടി അവതരിപ്പിക്കാന്‍ ജയക്ക് കഴിഞ്ഞു. 1963-ല്‍ ഒരു ഇംഗ്ലീഷ് നാടകത്തിലും അഭിനയിച്ചു. ആയിടക്കാണ് അമ്മ സന്ധ്യ അഭിനയിച്ച കര്‍ണന്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ വച്ച് സംവിധായകന്‍ ബിആര്‍ പന്തലു ജയയെ കാണുന്നത്. അങ്ങനെ ആദ്യമായി ചിന്നഡ ഗോംബെ എന്ന ഫീച്ചര്‍ ഫിലിമില്‍ ജയക്ക് അഭിനയിക്കാന്‍ അവസരം കിട്ടുന്നത്.

നടിയെന്ന നിലയില്‍ ജയലളിത അറിയപ്പെട്ടു തുടങ്ങിയെങ്കിലും പഠനത്തോടായിരുന്നു കമ്പം. പക്ഷേ 1965-ല്‍ കിട്ടിയ മറ്റൊരു സന്ദര്‍ഭം അവര്‍ക്ക് വേണ്ടെന്നു വയ്ക്കാനായില്ല. അങ്ങനെ പതിനാറാമത്തെ വയസ്സില്‍ കെ ശങ്കറിന്റെ വെണ്ണിറൈ ആടൈ എന്ന ചിത്രത്തില്‍ ആദ്യമായി നായികയായി എത്തുന്നു. ജയലളിത എന്ന നടിയുടെ ഉദയം അവിടെ നിന്നായിരുന്നു. ഈ ചിത്രത്തിന്റെ റഷസ് കണ്ട ശേഷമാണ് എംജിആര്‍ തന്റെ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലേക്ക് ജയലളിതയെ ക്ഷണിക്കുന്നത്. അന്ന് ജയലളിതയും എംജിആറും തമ്മില്‍ 31 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. ആയിരത്തില്‍ ഒരുവന്‍ ജയളിതയുടെ മനസ്സില്‍ പല മാറ്റങ്ങള്‍ക്കും കാരണമായി. രാഷ്ട്രീയത്തിന്റെ വിത്തുകള്‍ ജയയുടെ മനസ്സിലേക്ക് വീഴുന്നതും അവിടെ നിന്നായിരുന്നു എന്നുവേണം അനുമാനിക്കാന്‍. 1965 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ ജയലളിതയും എംജിആറും ജോഡികളായി 27 ചിത്രങ്ങളില്‍ അഭിനയിച്ചു. ആയിരത്തില്‍ ഒരുവന്‍, കാവല്‍ക്കാരന്‍, അടിമപ്പെണ്‍, എങ്കല്‍ത്തങ്കം കുടിയിരുന്ത കോവില്‍, രഹസ്യപ്പോലീസ്, നംനാട്. എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ. 1973-ല്‍ പുറത്തുവന്ന പട്ടിക്കാട്ട് പൊന്നയ്യയായിരുന്നു ഈ ജോഡികളുടെ അവസാന ചിത്രം. 1973 ല്‍ എ വിന്‍സന്റെ സംവിധാനം ചെയ്ത ജീസസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും ജയ അഭിനയിച്ചു. 85 തമിഴ് ചിത്രങ്ങളും 28 തെലുങ്ക് ചിത്രങ്ങളും ഉള്‍പ്പെടെ നൂറ്റിനാല്‍പ്പതിലധികം ചിത്രങ്ങളില്‍ ജയ വേഷമിട്ടു.

1966 ല്‍ ശിവാജി ഗണേശനോടൊപ്പം മോട്ടോര്‍ സുന്ദരം പിള്ളൈയില്‍ തുടങ്ങിയ ജയലളിത 14 ചിത്രങ്ങളില്‍ ജോഡികളായി. 1969 ല്‍ ശിവാജിയുമായി അഭിനയിച്ച ദൈവമകന്‍ ഓസ്‌ക്കാറില്‍ വിദേശ വിഭാഗത്തില്‍ സമര്‍പ്പിച്ചിരുന്നു. 1960- 70 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ നടിയെന്ന പദവിയും ജയയ്ക്ക് ലഭിച്ചിരുന്നു. അവരുടെ നൂറാമത്തെ ചിത്രമായിരുന്നു മുത്തുരാമനും ശിവകുമാറിനും ഒപ്പം അഭിനയിച്ച തിരുമംഗല്യം. 1970-ല്‍ എംജിആര്‍, ജയലളിതയില്‍ നിന്നും മാറിസഞ്ചരിക്കാന്‍ തുടങ്ങി. പത്തു വര്‍ഷത്തോളം അവര്‍ തമ്മില്‍ അകന്നു നിന്നു. ഇതിനിടയില്‍ അവര്‍ തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായി അടുപ്പത്തിലായി. ആ ബന്ധവും അവര്‍ താമസിയാതെ അവസാനിപ്പിച്ചു. 1977-ല്‍ അഭിനയിച്ച നീതിയെ തേടി വന്ത കാതല്‍ ആയിരുന്നു അവസാന ചിത്രം. 1971 മുതല്‍ 1976 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജയലളിതക്കായിരുന്നു. 1982 ല്‍ പാര്‍ട്ടി അംഗമാകാന്‍ എംജിആര്‍ അവരോട് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ളത് ജയയുടെ പ്രകടമായ രാഷ്ട്രീയ ജീവിതരേഖകള്‍.

ഗായിക എന്ന നിലയിലും ജയലളിത പ്രസിദ്ധയായിരുന്നു. 1969 ല്‍ അടിമപ്പെണ്‍ എന്ന ചിത്രത്തില്‍ കെ വി മഹാദേവന്‍ സംഗീതം നല്‍കിയ അമ്മ എന്ട്രാല്‍ അന്‍പ് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അവര്‍ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. സൂര്യകാന്തിയില്‍ (1973) രണ്ട് ഗാനങ്ങള്‍ അവര്‍ പാടിയിരുന്നു. വന്താള്‍ മഹാരാശി, (1973) വൈരം, (1974) അന്‍പൈ തേടി, തിരുമാംഗല്യം,(1974) (മൂന്നു പാട്ടുകള്‍), ഉന്നൈ സുറ്റും ഉലകം (1977) തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് അവര്‍ പിന്നണി പാടി. കൂടാതെ ഏറെ ഭക്തിഗാന ആല്‍ബങ്ങള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്.

സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സംസ്‌കാരത്തില്‍ നിന്നും ഉയിര്‍കൊണ്ട ജയലളിത എന്ന വ്യക്തിയുടെ ജീവിതം എന്നും അത്ഭുതങ്ങളുടെ വിളനിലമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരംപൊരുള്‍ ഉറഞ്ഞുകൂടുന്ന ഈ വിളനിലത്തില്‍ മാത്രമേ അത്തരം ഒരു പ്രതിഭാസം നമുക്ക് കണ്ടെത്താനാവൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories